പൂക്കളുടെ വസന്തം ഒരുക്കിയ ഗുണ്ടൽപേട്ടിലേയ്ക്ക്

sunflowers-bloom-at-gundlupet
SHARE

മണ്ണിലും മനസ്സിലും പൂക്കളുടെ പൊൻവസന്തമൊരുക്കിക്കഴിഞ്ഞു ഇത്തവണയും വയനാടൻ അതിർത്തി ഗ്രാമമായ ഗുണ്ടൽപേട്ട. മ‍ഞ്ഞയും ഓറഞ്ചും വയലറ്റുമൊക്കെയായി നിറങ്ങൾ കൊണ്ട് കളങ്ങൾ തീർത്ത പാടങ്ങൾ കണ്ണെത്താ ദൂരത്തോളം കാഴ്ചയുടെ ഉത്സവലഹരിയാണൊരുക്കുന്നത്.  ചെണ്ടുമല്ലി തന്നെയാണ് ഇത്തവണയും പൂപ്പാടങ്ങളിലെ താരം. മഞ്ഞ, ഓറഞ്ച് നിറങ്ങളിൽ നൂറു കണക്കിന് ഏക്കർ സ്ഥലത്താണ് ചെണ്ടുമല്ലി പൂത്തു നിൽക്കുന്നത്. ഒപ്പം സൂര്യകാന്തിയും ജമന്തിയുമൊക്കെയുണ്ട്.



ദേശീയപാത 766 ൽ വയനാട് അതിർത്തി കഴിഞ്ഞ് 16 കിലോമീറ്റർ ബന്ദിപ്പൂർ വനമേഖലയും പിന്നിട്ടാൽ മദൂർ മുതൽ പൂക്കൾ വിരിഞ്ഞു നിറ‍ഞ്ഞ കൃഷിയിടങ്ങളായി. വീണ്ടും 18 കിലോമീറ്ററോളം ഗുണ്ടൽപേട്ട വരെ റോഡിനിരുവശവും വിളവെടുപ്പിന് പാകമായ പൂന്തോട്ടങ്ങൾ കാണാം. കക്കൽ തൊണ്ടി, ഭീമൻപേട് എന്നിവിടങ്ങളിൽ നിന്നൊക്കെ ഗുണ്ടൽപേട്ടിലെ ഉൾഗ്രാമങ്ങളിലേക്കുള്ള വഴികളുടെ ഇരുവശവും പൂക്കളുടെ നിറക്കാഴ്ച തന്നെയാണുള്ളത്.



ദേശീയപാതയോരത്ത് പലയിടത്തും പൂപ്പാടങ്ങളിലേക്ക് സഞ്ചാരികളെ ക്ഷണിച്ചു കൊണ്ടു നിൽക്കുന്ന കർണാടകയിലെ സാധാരണ കർഷകരെയും ഇത്തവണ കണ്ടു. പൂക്കൾക്കിടയിൽ നിന്ന് ചിത്രം പകർത്തണമെങ്കിൽ ഒരു കുടുംബത്തിന് കുറഞ്ഞത് 50 രൂപ നൽകണമെന്ന് മാത്രം. മദൂർ മേഖലയിലാണ് പണം വാങ്ങി പൂപ്പാടത്തേയ്ക്ക് കടത്തി വിടുന്നത് കണ്ടത്. എന്നാൽ ഗുണ്ടൽപേട്ടിലെ ഉൾപ്രദേശങ്ങളിലേക്കുള്ള പൂപ്പാടങ്ങളിൽ ഇത്തരത്തിൽ പണം വാങ്ങുന്ന ഏർപ്പാടില്ല.

flowers-bloom-at-gundlupet



എല്ലാ വർഷവും മേയ് മൂതൽ ഓഗസ്റ്റ്–സെപ്റ്റംബർ വരെയാണ് ഗുണ്ടൽപേട്ടിലെ പൂക്കൃഷി. പെയിന്റു നിർമാണ കമ്പനികളിലേക്കാണ് ചെണ്ടുമല്ലി അധികവും കയറ്റി അയക്കുന്നത്. വിത്തും വളവുമെല്ലാം കമ്പനികൾ തന്നെയാണ് കർഷകർക്ക് വിതരണം ചെയ്യുന്നത്. ഓണക്കാലത്ത് കേരളത്തിൽ പൂക്കളമൊരുക്കാനും ഗുണ്ടൽപേട്ടിലെ ചെണ്ടുമല്ലി എത്താറുണ്ട്. എന്നാൽ സിംഹഭാഗവും പെയിന്റു കമ്പനികളിലേക്ക് തന്നെയാണ് കയറ്റി അയക്കുന്നത്.

മലയാളി കർഷകരും ഇവിടെ പൂക്കൃഷി നടത്തുന്നുണ്ട്. മൂന്നു മാസം കൊണ്ട് കൃഷി പൂർത്തിയാക്കാമെന്നതാണ് പൂക്കൃഷിയുടെ മേൻമ. സൂര്യകാന്തിയും മൂന്നു മാസം കൊണ്ടാണ് പാകമാകുന്നത്. പൂവിന്റെ അരി ഉണക്കി ശേഖരിച്ചാണ് സൂര്യകാന്തി എണ്ണ ഉൽപാദിപ്പിക്കുന്ന കമ്പനികളിലേക്ക് കയറ്റി അയക്കുന്നത്.ഗുണ്ടൽപേട്ടിലെ പൂപ്പാടങ്ങൾ സഞ്ചാരികൾക്കാണ് ഏറ്റവും വലിയ കാഴ്ചയൊരുക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM TOURISM
SHOW MORE
FROM ONMANORAMA