കരിമീൻ പിടിക്കാം, കാഴ്ചകൾ കാണാം, ഉൗണും കഴിക്കാം; 300 രൂപയ്ക്ക്

aqua-tourism10
SHARE

പ്രകൃതിയുടെ മനോഹാരിതയും സൗന്ദര്യവും ആസ്വദിച്ച് ഒരു ദിവസം ചിലവഴിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. വീശിയടിക്കുന്ന കുളിർമയുള്ള കാറ്റിനൊപ്പം അപ്പപ്പോൾ പിടിച്ചെടുക്കുന്ന മീനും കൂട്ടിയുള്ള ഉൗണും കൂടി ആയാലോ സംഗതി ജോറായി. വിനോദത്തിനും വിഞ്‍ജാനത്തിനുമുതകുന്ന പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മായാലോകത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്കും വർദ്ധിച്ചു.

aqua-tourism5

ഇതെല്ലാം നേരിട്ടനുഭവിക്കണമെന്നുള്ളവർക്കു ഫാം ടൂറിസം രംഗത്തു വേറിട്ട മാതൃകയായ വൈക്കം തേട്ടകത്തെ ഫിഷ് വേൾഡ് അക്വാ ടൂറിസം സെന്ററിലേക്ക് വരാം. മൂവാറ്റുപുഴയുടെ കൈവഴിയായി ഒഴുകുന്ന കാരിയാർ തീരത്ത് നിലകൊള്ളുന്ന സുന്ദരഭൂമിയിലേക്ക് വിദേശീയരും സ്വദശീയരുമടക്കം നിരവധിപേരാണ് എത്തുന്നത്. മുളയുടെ അലങ്കാര ഭംഗിയിൽ പണിതുയർത്തിയ ഫിഷ് വേൾഡ് അക്വാ ടൂറിസം സെന്ററിന് വിശേഷങ്ങൾ ഒരുപാടുണ്ട് പറയാന്‍...

aqua-tourism2

വിനോദത്തിലൂടെ അറിവ് നേടാം, പ്രകൃതിയെ പഠിക്കാം എന്ന ലക്ഷ്യത്തേടെ 2014ൽ പരീക്ഷണാടിസ്ഥാനത്തിൽ ദമ്പതികളായ വിപിനും അനിലയും തുടങ്ങിയ ഫാം ടൂറിസം പദ്ധതി ചുരുങ്ങിയ നാളുകൾ കൊണ്ട് ജനശ്രദ്ധയാകർഷിച്ചു. പ്രളയത്തിന്റെ പ്രതിസന്ധികളെല്ലാം അതിജീവിച്ച് മുന്നേറുകയാണ്. ലോകത്തിലെ ആദ്യത്തെ ഫ്ളോട്ടിങ് സൈക്കിൾ ട്രാക്കാണ് ഫിഷ് വേൾഡ് അക്വാ ടൂറിസം വില്ലേജിന്റെ മുഖ്യാകർഷണം.

aqua-tourism6

കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ആസ്വദിക്കാവുന്ന നിരവധി കാഴ്ചകളും വിനോദങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മല്‍സ്യകൃഷിയുടെയും വിനോദസഞ്ചാരത്തിന്റെ സാധ്യതയും ഒരുപോലെ പ്രയേജനപ്പെടുത്തുന്ന ജില്ലയിലെ ചുരുക്കം ചിലസ്ഥലങ്ങളിലൊന്നാണ് വൈക്കത്തെ ഫിഷ് വേൾഡ് അക്വാ ടൂറിസം വില്ലേജ്.

aqua-tourism9

കുട്ടികളെയാണ് ഫാമിലേക്ക് ഏറെ ആകർഷിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നും നൂറുകണക്കിനു കുട്ടികളാണ് വിനോദത്തിനും വിഞ്ജാനത്തിനുമായി ഇവിടെ എത്തിച്ചേരുന്നത്. കോട്ടയം കുമരകത്തു നിന്നും ഇരുപത്തിയഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം.

കാഴ്ചകളുടെ ലോകം

നൂതനസാങ്കേതിക മികവിൽ നിർമിച്ച ഫ്ളോട്ടിങ് സൈക്കിളാണ് ഫാമിലെ പ്രധാന ആകർഷണം. സാഹസികവിനോദങ്ങളിൽ ഏർപ്പെടുന്നവർക്ക് ഫ്ളോട്ടിങ് സൈക്കിള്‍ പുതുമ നിറഞ്ഞ അനുഭവമാണ് സമ്മാനിക്കുക. കാൽ കിലോമീറ്റർ ചുറ്റളവിൽ വെള്ളത്തിൽ പൊങ്ങികിടക്കുന്ന രീതിയിലാണ് ഇതിന്റെ നിർമാണം. കേരളത്തിലെ തന്നെ ഏറ്റവും വലിയ ശുദ്ധജല അക്വറിയവും ശംഖ്, കക്ക തുടങ്ങിയവയുടെ മ്യൂസിയവും ജലസസ്യങ്ങളുടെ പാർക്കുമാണ് മറ്റൊരു ആകർഷണം.

aqua-tourism7

സ്വദേശീയ വിദേശീയ ഇനത്തൽപ്പെട്ട വർണമല്‍സ്യങ്ങളുടെ ശേഖരണം കുട്ടികളെയും മുതിർന്നവരെയും ആകർഷണവലയത്തിലാക്കുന്നു. മൽസ്യകൂട്ട് കൃഷി, അക്വാപോണിക്സ് പ്രാവ്, എന്നിവയുടെ പ്രദർശന യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. അമ്പെയ്ത്തിന്റെ ആവേശമറിയാനായ് ആർച്ചറിയും കുട്ടികൾക്കായുള്ള പാർക്കും വാട്ടർ സ്ലൈ‍ഡും റെയിൻ ബാത്തും ഫിഷ് വേൾഡ് അക്വാ ടൂറിസം വില്ലേജിനെ വ്യത്യസ്തമാക്കുന്നു. കാഴ്ചകൾ ആസ്വദിക്കുന്നതിനൊപ്പം കാര്യങ്ങൾ പറഞ്ഞു കെടുക്കുവാൻ ഗൈ‍ഡും സജ്ജമാണ്.

aqua-tourism8

ചൂണ്ടയിടാം

പുഴയോരത്തെ നനുത്ത കാറ്റേറ്റ് വിശ്രമിക്കുവാനും ചൂണ്ടയിടുവാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ജലസവാരിക്കായി കുട്ടവഞ്ചിയും നാടന്‍ വഞ്ചിയും കനോയിങും റെ‍ഡിയാണ്. ഫിഷ് വേൾഡ് അക്വാ ടൂറിസം വില്ലേജിനകത്ത് വളർത്തുന്ന കരിമീനിനെ ചൂണ്ടയിട്ടു പിടിക്കാം. കിലോയ്ക്ക് അഞ്ഞൂറ് രൂപ നിരക്കിൽ ഇതു വാങ്ങാവുന്നതുമാണ്. ടൂറിസം വില്ലേജിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന പുഴയിൽ നിന്നും ചൂണ്ടയിട്ട് പിടിക്കുന്ന മീനുകളെ ഫ്രീയായും കൊണ്ടുപോകാം.

aqua-tourism3

മീൻകറി കൂട്ടിയുള്ള നാടൻ ഉൗണാണ് ഹൈലൈറ്റ്

ആവശ്യാനുസരണം തത്സമയം പാകം ചെയ്തുകെടുക്കുന്ന വിഭവങ്ങളും കായൽ രുചിയും നാടൻരുചിയും ചേർന്ന ചോറും കറികളുമെക്കെയാണ് കാഴ്ചകൾ കഴിഞ്ഞാൽ ഫിഷ് വേൾഡ് അക്വാ ടൂറിസം വില്ലേജിലെ മറ്റൊരു ആകർഷണം.

aqua-tourism

കൈപുണ്യം നിറഞ്ഞ വിഭവങ്ങൾ സ്വദേശീയരടക്കം വിദേശീയർക്കും പ്രിയമാണ്.  ഫോൺ മുഖേനെ ബുക്കിങ് ഉള്ളതിനാൽ തിരക്കില്ലാത്ത ദിവസങ്ങൾ തെരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്.

aqua-tourism2

അറിയാം

സന്ദർശകർക്കായി രണ്ടുതരത്തിലുള്ള പാക്കേജുകളാണുള്ളത്. ഫാമിനുള്ളിലെ കാഴ്ചകളും ചൂണ്ടയിടലും വിനോദങ്ങളും ഉൗണും ഉൾപ്പടെ ഒരാൾക്ക് 300 രൂപയുള്ള പാക്കേജും വെൽ‌ക്കം ഡ്രിഗ്, ഉൗണ്, വൈകുന്നേരത്തെ സ്നാക്സ്, വിനോദങ്ങൾ റെയ്ൻ ബാത്ത് തുടങ്ങിയവ ഉൾപ്പെടുത്തി ഒരാൾക്ക് 450 രൂപ ഈടാക്കുന്ന മറ്റൊരു പാക്കേജും നിലവിലുണ്ട്.

പ്രകൃതിസൗഹൃദ ഫിഷ് വേൾഡ് അക്വാ ടൂറിസം വില്ലേജിലേക്ക് വിട്ടോളൂ, അറിവും സ്വന്തമാക്കാം കാഴ്ചകളും ആസ്വദിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM TOURISM
SHOW MORE
FROM ONMANORAMA