ADVERTISEMENT

തിരക്കുകളില്‍ നിന്നും മാറി പ്രകൃതിയുടെ അലിവു നിറഞ്ഞ കരുതല്‍ത്തണലില്‍ അല്‍പ്പസമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനാണ്  ഫാമുകൾ. തികച്ചും കേരളീയമായ രീതിയിലുള്ള അന്തരീക്ഷത്തില്‍ തെങ്ങോലകളുടെയും പറമ്പു നിറഞ്ഞുകിടക്കുന്ന നാനാജാതി വിളകളുടെയും മര്‍മ്മരങ്ങള്‍ ശ്രവിച്ച് രുചിയൂറുന്ന നാടന്‍ ഭക്ഷണം ആസ്വദിച്ച്, വീടിന്‍റെ ഉമ്മറത്ത് ഒരു രാജാവിനെപ്പോലെ വേമ്പനാട്ടു കായല്‍ നോക്കിക്കിടക്കാൻ പറ്റിയയിടങ്ങൾ നിരവധിയുണ്ട്. മനസ്സിനും കണ്ണിനും കുളിരേകുന്ന മികച്ച അനുഭവവുമായി  സഞ്ചാരികളെ കാത്തിരിക്കുകയാണ് കോട്ടയത്തെ വെച്ചൂരുള്ള ഫിലിപ്പ്കുട്ടീസ് ഫാം.

Philipkutty-s-Farm6
Image From philipkutty's farm official Site

വേമ്പനാട്ടു കായലില്‍ നിന്നൊഴുകി വരുന്ന മന്ദമാരുതന്‍റെ തലോടലേറ്റ്, പറമ്പില്‍ സമൃദ്ധിയോടെ വിളയുന്ന തെങ്ങും വാഴയുമെല്ലാം കണ്ട്, മുന്നില്‍ വിളമ്പി വയ്ക്കുന്ന അതീവരുചികരമായ ഭക്ഷണവിഭവങ്ങള്‍ രുചിച്ച് രാജകീയമായി കുറച്ചു ദിനങ്ങള്‍ ചെലവഴിക്കണോ? വീടിന്‍റെ കരുതലും സ്നേഹവും ഒരുക്കിവച്ച ഫിലിപ്പ്കുട്ടീസ് ഫാമിലേക്ക് പോകാം.

Philipkutty-s-Farm5
Image From philipkutty's farm official Site

ഏകദേശം 750 ഏക്കര്‍ മാത്രം വിസ്തൃതിയുള്ള ഒരു കൊച്ചുദ്വീപ്. അതില്‍ 35 ഏക്കറോളം വരുന്ന ഫാം. സുസ്ഥിരകൃഷി രീതി അവലംബിച്ചിരിക്കുന്ന തോട്ടങ്ങളില്‍ വാഴയും തെങ്ങും ജാതിക്കയും എല്ലാം വിളയുന്നു. ഉമ്മറത്തിരുന്നാല്‍ കായല്‍ കാണാം. അധികം സാഹസികതകള്‍ ഒന്നും പ്രതീക്ഷിക്കാതെ പോയാല്‍ അല്‍പം വിശാലമായിത്തന്നെ റിലാക്സ് ചെയ്ത് ഒഴിവുദിനം ചെലവിടാം.

Philipkutty-s-Farm4
Image From philipkutty's farm official Site

ആതിഥേയരായ വീട്ടുകാര്‍ മനസ്സുനിറഞ്ഞു വിളമ്പിത്തരുന്ന സ്വാദിഷ്ടമായ ഭക്ഷണമാണ് മറ്റൊരു പ്രത്യേകത. നാടന്‍ രീതിയില്‍ പാചകം ചെയ്ത നല്ല ഫ്രഷ്‌ മീനും സ്പെഷല്‍ വിഭവങ്ങളുമെല്ലാം വയറുനിറയെ ആസ്വദിക്കാം. അതിഥികള്‍ക്ക് സിറിയന്‍ ക്രിസ്ത്യന്‍ രീതിയിലുള്ള പാചകം പഠിക്കാനുള്ള അവസരവും ഇവിടെയുണ്ട്.

Philipkutty-s-Farm1
Image From philipkutty's farm official Site

സഞ്ചാരികള്‍ക്ക് താമസിക്കാന്‍ വാട്ടര്‍ഫ്രണ്ട് വില്ലകള്‍ ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സ്വകാര്യത ഉറപ്പുവരുത്താന്‍ പ്രത്യേകം നിര്‍മിച്ചവയാണ്‌ ഓരോന്നും. സ്വിസ് ആര്‍ക്കിടെക്ടായ കാള്‍ ഡാംസ്കെന്‍ ആണ് പരമ്പരാഗത രീതിയില്‍ ആദ്യത്തെ വില്ല ഡിസൈന്‍ ചെയ്തത്.

Philipkutty-s-Farm3
Image From philipkutty's farm official Site

ഇവിടെ രണ്ടുപേര്‍ക്ക് താമസിക്കാം. വേണമെങ്കില്‍ അധികം ഒരാളെക്കൂടി കൂട്ടാം. തോമസ് ഡൊമിനിക് ഡിസൈന്‍ ചെയ്ത മറ്റു വില്ലകളില്‍ ബെഡ്റൂമുകള്‍ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നു. ലിവിങ് റൂം, വേമ്പനാട്ടു കായലിനു അഭിമുഖമായ പൂമുഖം എന്നിവയും ഇവയിലുണ്ട്. എല്ലാ വില്ലകളിലും ചൂടുവെള്ളം, ടിവി, വൈഫൈ മുതലായ സൗകര്യങ്ങളും ഉണ്ട്. 

അസ്തമയ സൂര്യന്‍റെ കാഴ്ചകള്‍ ആസ്വദിച്ച് കായലിലൂടെ വള്ളത്തില്‍ യാത്ര ചെയ്യാനും വിവിധ തരം പക്ഷികളെ നിരീക്ഷിക്കാനുമെല്ലാം സന്ദര്‍ശകര്‍ക്ക് അവസരമുണ്ട്. സീസണ്‍ സമയത്ത് ചൂണ്ടയിട്ടു മീന്‍ പിടിക്കാനും പറ്റും. ഇത്രയും മനോഹരമായ അന്തരീക്ഷത്തിലും മനസ്സ് ശാന്തമായില്ലെങ്കില്‍, യോഗ ക്ലാസും ഉണ്ട്. ആവശ്യമുള്ളവര്‍ക്ക് സമീപത്തുള്ള ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുകയുമാവാം. 

Philipkutty-s-Farm9
Image From philipkutty's farm official Site

എത്തിച്ചേരാനും വളരെ എളുപ്പമാണ് എന്നതാണ് ആകര്‍ഷകമായ മറ്റൊരു കാര്യം. കൊച്ചി, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളില്‍ നിന്നും യഥാക്രമം 65 കിലോമീറ്റർ 27 കിലോമീറ്റർ, 20 കിലോമീറ്റർ എന്നിങ്ങനെയാണ് ഇവിടേക്കുള്ള ദൂരം. അടുത്തുള്ള എയര്‍പോര്‍ട്ട് ആയ കൊച്ചിയില്‍ നിന്നും വെറും 75 കിലോമീറ്റർ മാത്രമേയുള്ളൂ. 

പ്രകൃതിയുടെ മടിത്തട്ടിലുറങ്ങുന്ന ഈ വീട്ടിൽ താമസിക്കാന്‍ വിദേശസഞ്ചാരികളടക്കം സ്വദേശീയരും എത്തിച്ചേരാറുണ്ട്. പഴമയും പുതുമയും കോർത്തിണക്കിയ ഈ സ്നേഹവീട്ടിലേക്ക് ഒരിക്കൽ സന്ദർശിക്കുന്നവർ വീണ്ടും തിരികെ എത്താറുണ്ട്.

English Summary: philipkutty's farm vechoor  kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com