ദേവരഥസംഗമത്തിനൊരുങ്ങി കൽപാത്തി അഗ്രഹാരങ്ങൾ

kalpathi-trip
SHARE

വേനലിന്റെ വിളംബരമായി വരണ്ട കാറ്റ്  ചുരം കടന്നെത്തിത്തുടങ്ങി.നെല്ലറയുടെ നാട്ടിന്  ഇനി ഉത്സവ കാലം. വേല പൂരങ്ങളുടെ ആരവങ്ങൾക്കു നാന്ദിയായി  കൽപാത്തി അഗ്രഹാര വീഥികളിൽ രഥോത്സവത്തിനു കൊടി ഉയർന്നിരിക്കുന്നു . ഈ മാസം 16നാണു പ്രസിദ്ധമായ ദേവരഥ സംഗമം. 

തേരുരുളുന്ന കൽപാത്തി തെരുവു വീഥികളിൽ ജനപ്രവാഹമാണ്.  രാപകൽ ഭേദമില്ലാതെ ഭക്തിയും ആഘോഷവും ഇവിടെ സംഗമിക്കുന്നു. ഇവരിൽ ജാതി മത വർണ വർഗ ഭേദങ്ങളില്ല.ലോകത്തിന്റെ ഓരോ കോണിലുമുള്ള മലയാളികളുടെ  മനസ്സ് ഇവിടെയുണ്ട്. പാലക്കാടുകാരുടെ പ്രത്യേകിച്ചും. നാട്ടിലേക്കു വരാനാകുന്നവരൊക്കെ എത്തിത്തുടങ്ങി.  അവരെ വരവേൽക്കാൻ വീടുകളും തെരുവു വീഥികളും വഴിവാണിഭക്കാരും സജീവമാണ്. കൽച്ചട്ടി, ഭരണികൾ, കാർത്തികവിളക്കുകൾ, പണി ആയുധങ്ങൾ,കളിക്കോപ്പുകൾ തുടങ്ങിയ  വലിയൊരു വിപണിയാണ് ഒരുങ്ങിയിരിക്കുന്നത് . രുചിഭേദങ്ങളുടെ ഗന്ധങ്ങൾ പൂക്കളുടെയും കർപ്പൂരത്തിന്റെയും സുഗന്ധത്തോടൊപ്പം കാറ്റിൽ നിറയുന്നു. പകൽ  വേദമന്ത്രങ്ങൾ , സന്ധ്യകളിൽ സംഗീത സന്ധ്യകളുടെ രാഗ ഭേദങ്ങൾ... കൽപാത്തി അഗ്രഹാരത്തിന്റെയും രഥോത്സവത്തിന്റെയം പൈതൃകത്തിൽ അലിഞ്ഞാണ് ഇത്തവണത്തെ ഹെറിട്ടേജ് വാക്ക്. 

kalpathi-trip5

പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്നു നാല് കിലോമീറ്റർ ദൂരമുണ്ടു കൽപാത്തിയിലേക്ക്. ട്രെയിനിറങ്ങിയാൽ ഒലവക്കോടു റെയിൽവേസ്റ്റേഷനിൽ നിന്ന് ഒന്നര കിലോമീറ്റർ. പൈതൃക ഗ്രാമമെന്ന ബോർഡു കടന്നാൽ അഗ്രഹാരങ്ങൾ തുടങ്ങുകയായി. വഴി എത്തി നിൽക്കുന്നതു വിശാലമായ ഒരു തെരുവിലാണ്. പുതിയ കൽപാത്തി അഗ്രഹാരമണത്. കരിങ്കൽപ്പടവുകൾ ഇറങ്ങിയാൽ വിശാലാക്ഷി സമേത വിശ്വനാഥ ക്ഷേത്രമായി. കൊടിമരം കഴിഞ്ഞു നന്ദികേശ്വര പ്രതിഷ്ഠ.അനുവാദം തേടി അകത്തേക്കു കയറുന്നതിനു മുമ്പ് ഈ  കരിങ്കൽ സ്തൂപം കാണാതിരിക്കാനാകില്ല. ക്ഷേത്ര ചരിത്രം  കോലെഴുത്തിൽ കൊത്തിവച്ചിരിക്കുകയാണ്. അത്  ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മലയാളത്തിൽ വിവർത്തനം ചെയ്തു സംരക്ഷിച്ചിരിക്കുന്നു. അതിൽപ്പറയുന്നത് ഇപ്രകാരമാണ്: 

‘1425–26 കാലത്ത് അഗ്രഹാരത്തിലെ ലക്ഷ്മി അമ്മാൾ എന്ന സ്ത്രീ കാശി യാത്ര കഴിഞ്ഞു കൊണ്ടുവന്ന ബാണലിംഗമെന്ന സവിശേഷ ശിവലിംഗമാണിവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത്.  വിഗ്രഹത്തെ ഇവിടെ പ്രതിഷ്ഠിക്കാൻ ആഗ്രഹിക്കുന്ന കാര്യം അക്കാലത്തെ പാലക്കാടു രാജാവായ ശേഖരീവർമനെ അവർ അറിയിച്ചു.

kalpathi-trip6

ഈശ്വര വിശ്വാസിയും സൽസ്വഭാവിയുമായിരുന്ന പാലക്കാട് രാജാവ് ആയതിനു സമ്മതം മൂളുകയും  തന്റെ ഏറ്റവും വലിയ വിശ്വസ്ഥനായ അകത്തേത്തറ വലിയ കോണിക്കലിടത്തിലെ കാരണവരായിരുന്ന ശ്രീമാൻ ഇട്ടിക്കോമ്പിയച്ചൻ അവർകളെ ക്ഷേത്രം പണിതു പ്രസ്തുത ബാണലിംഗം നിശ്ചിത സ്ഥലത്തു പ്രതിഷ്ഠ  ചെയ്യുവാൻ ഉത്തരവു നൽകുകയും കാരണവർ ക്ഷേത്രം പണിതു പ്രതിഷ്ഠനടത്തുകയും ചെയ്തു.

സന്തുഷ്ടനായ രാജാവ്, ശ്രീ ഇട്ടിക്കോമ്പിയച്ചൻ അവർകളെ ക്ഷേത്രത്തിന്റെ ട്രസ്റ്റിയായി നിയമിച്ചു. ആയതുകൊണ്ടു മാത്രം തൃപ്തിയാകാതെ സന്മനസ്സുള്ള രാജാവ് ക്ഷേത്രത്തിന്റെ പേരിൽ നിളാ നദിയുടെ തെക്കുവശത്തുനിന്നു ശംഖുവാരത്തോടു വരെയുള്ള വസ്തുവഹകൾ എഴുതിവയ്ക്കുകയും ആയതിനു ഭക്തിപുരസ്സരം ചൊക്കനാഥപുരം സുന്ദരേശ്വര പെരുമാളിനെയും കല്ലേക്കുളങ്ങരശ്രീ ഏമൂർ ഭഗവതിയെയും സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ’

ഗംഗ, നർമദാ നദികളിൽ മാത്രം കാണുന്നതാണു ബാണലിംഗമെന്ന ശില. അതിന് ഒരുമീറ്റർ ഉയരമേയുള്ളൂ. അതിന്റെ പകുതി ഭാഗം പീഠത്തിനകത്താണ്.ബാക്കിമാത്രമാണു പുറത്തു കാണുന്നത്. 

kalpathi-trip2

 പത്നീ സമേതരായ നവഗ്രഹ മൂർത്തികൾ, ദക്ഷിണാമൂർത്തി, വിനായകൻ, വള്ളിദേവയാനീ സമേത സുബ്രഹ്മണ്യ സ്വാമി, ‌ചണ്ഡികേശ്വരൻ, നാഗങ്ങൾ എന്നീ ഉപ പ്രതിഷ്ഠകളുണ്ട്. ക്ഷേത്രത്തിനു പുറകിലൂടെ പുഴ ഒഴുകുന്നു. മുക്കൈ പുഴയും കോരയാറും സംഗമിച്ചു കരിങ്കൽപ്പാറകൾക്കു നടുവിലൂടെ ഒഴുകുന്നതിനാലാണത്രേ കൽപാത്തിപ്പുഴയെന്ന പേരുവന്നത്. ഇതു പതിനൊന്നു കിലോമീറ്റർ അകലെയുള്ള പറളിയിൽ വച്ചു ചിറ്റൂരിൽ നിന്നെത്തുന്ന ശോകനാശിനിപ്പുഴയുമായി സംഗമിച്ചു ഭാരതപ്പുഴയായി പടിഞ്ഞാറോട്ട് ഒഴുകിത്തുടങ്ങുന്നു. 

ക്ഷേത്ര ദർശനം കഴിഞ്ഞു. കൽപടവുകൾ കയറി മുന്നോട്ടു നടന്നാൽ വിശാലമായ അഗ്രഹാര വീഥി. നാടൻ പലഹാരങ്ങൾ കിട്ടുന്ന ഒന്നു രണ്ടു കടകളുണ്ട്. കടുമാങ്ങ, അച്ചാറുകൾ, കൊണ്ടാട്ടങ്ങൾ, വേപ്പിലക്കട്ടി, തുടങ്ങിയ സവിശേഷമായ തമിഴ് വിഭവങ്ങൾ നമുക്കിവിടെ വാങ്ങാനും രുചിക്കാനുമാകും. ചില വീടുകളിലും ഇവ വിൽക്കുന്നുണ്ട്. പുരാണ ഗ്രന്ഥങ്ങൾ കിട്ടുന്ന വൈദ്യാർ ആൻഡ് സൺസ് പുസ്തക ശാല. സമീപത്തായി പുതിയ കൽപാത്തി മന്തക്കര മഹാഗണപ‌‌തി ക്ഷേത്രം. വിശ്വനാഥ സ്വാമിയുടെ തൃക്കൺ ദൃഷ്ടിയിലാണു മകൻ മഹാഗണപതി. ക്ഷേത്രപരിസരത്തു വേദപാരായണം നടത്തുന്ന ബ്രഹ്മചാരികൾ. ഗണപതിയുടെ വിവിധ ഭാവങ്ങളിലുള്ള മാർബിൾ ശിൽപങ്ങൾ.  തടിയിൽ  നിർമിച്ച കൂറ്റൻ തേരുകൾ അവസാനവട്ട മിനുക്കു പണികളിലാണ്. ഈ വീഥിയിൽ ദേവരഥ സംഗമത്തിനു ദിവസങ്ങൾ മാത്രം.

രഥ സംഗമം

പുതിയ കൽപാത്തിയിലെ വിശാലാക്ഷി  സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്നു വിശാലാക്ഷി സമേത വിശ്വനാഥൻ, വള്ളി ദേവയാനി സമേത സുബ്രഹ്മണ്യൻ, ഗണപതി, മന്തക്കര ഗണപതി, ചാത്തപുരം പ്രസന്ന മഹാ ഗണപതി, പഴയ കൽപാത്തിയിലെ ലക്ഷ്മി നാരായണ പെരുമാൾ എന്നീ ദേവതകൾ വ്യത്യസ്ത രഥങ്ങളിൽ അഗ്രഹാരവീഥികളിലൂടെ പ്രയാണം നടത്തും. ഈ തേരുകളിൽ ദേവതമാർ ഒന്നിച്ചെത്തി ഉപചാരം ചൊല്ലുന്ന അപൂർവ ധന്യ നിമിഷമാണു രഥ സംഗമം. വർഷത്തിലൊരിക്കൽ മാത്രമാണിതു നടക്കുന്നത്.

മൂന്നു ദിവസങ്ങളായി കൽപാത്തിയിലെ അഗ്രഹാരങ്ങളിലൂടെ പ്രയാണം ചെയ്ത ശേഷമാണിവ സംഗമിക്കുക.  ശിവ ക്ഷേത്രത്തിൽനിന്നുള്ള മൂന്നു രഥങ്ങൾ  മൂന്നു ദിവസങ്ങൾ കൊണ്ട് അഗ്രഹാരങ്ങളിൽ പ്രദക്ഷിണം പൂർത്തിയാക്കും. മന്തക്കര മഹാഗണപതി രണ്ടു ദിവസവും ചാത്തപുരം പ്രസന്ന ഗണപതിയും  പഴയ കൽപാത്തിയിലെ ലക്ഷ്മി നാരായണപ്പെരുമാളും ഓരോ ദിവസവും  പ്രയാണം നടത്തും.  അവസാന ദിവസം ഈ ദേവരഥങ്ങൾ പ്രയാണങ്ങൾ പൂർത്തിയാക്കി വൈകിട്ടോടെ വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുന്നിലെ തേരുമുട്ടിയിൽ സംഗമിക്കും. അപൂർവത്തിൽ അപൂർവമായ ഈ ദേവ സംഗമത്തിന് ആരവം മുഴക്കിയെത്തുന്ന പുരുഷാരത്തോടൊപ്പം കരിങ്കൽപ്പാളികളിൽ  താളം പിടിച്ചു കൽപാത്തിപ്പുഴയും സിന്ദൂര ശോഭ ചൊരിഞ്ഞ് അസ്തമയ സൂര്യനും സാക്ഷിയാകും..

കൽപാത്തിയുടെ പൈതൃകം

കാവേരി നദീ തീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദിക വൃത്തി നടത്തിയിരുന്ന പണ്ഡിതന്മാരാണു കൽപാത്തി അഗ്രഹാരങ്ങളിലെ പൂർവികർ.  നിളാ തീരത്തേക്ക് ഇവരുടെ   കുടിയേറ്റം തുടങ്ങിയത് 10–ാം നൂറ്റാണ്ടു മുതലാണെന്നാണു കരുതുന്നത്.  12–ാം നൂറ്റാണ്ടോടെ അതു തീവ്രമായി. കാർഷിക പ്രതിസന്ധിയും വിജയനഗര സാമ്രാജ്യത്തിന്റെ തകർച്ചയുമാണത്രേ അതിന്  ആക്കം കൂട്ടിയത്. നിളയുടെ കിഴക്കൻ തീരത്തെത്തിയ അവർ 

kalpathi-trip1

പാലക്കാട്ടുശ്ശേരി രാജാവിനെ മുഖം കാണിച്ച് ഇവിടെ താമസിക്കാൻ അനുവാദം ചോദിച്ചു. മലയാള ബ്രാഹ്മണരിൽ നിന്നു ചില പ്രത്യേക സാഹചര്യത്തിൽ തമസ്കരണം നേരിടുകയായിരുന്ന രാജാവിനെ  അതു സന്തോഷിപ്പിച്ചു. അദ്ദേഹം അവരെ ഹാർദമായി സ്വാഗതം ചെയ്തു.   താമസിക്കാൻ സ്ഥലം അനുവദിച്ചു. കൂടുതൽപ്പേരെ കൊണ്ടുവരാൻ പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണു കൽപാത്തി ഗ്രാമമെന്ന സംസ്കൃതിക്കു തുടക്കമാകുന്നത്. കാവേരിക്കു സമാനമായ അന്തരീക്ഷമാണവരെ ഇവിടെ പിടിച്ചു നിർത്തിയത്. ക്രമേണ അഗ്രഹാരത്തിന്റെ സംസ്കാരത്തിൽ വൈദിക പൈതൃകവും സംസ്കൃതിയും  വേരുറച്ചു.  പഴയകൽപാത്തി, പുതിയ കൽപാത്തി, ഗോവിന്ദരാജപുരം, ചൊക്കനാഥപുരം, ചാത്തപുരം, വൈദ്യനാഥപുരം എന്നീ ആറ് അഗ്രഹാരങ്ങളടങ്ങിയതാണു കൽപാത്തി ഗ്രാമം. തമിഴ് ബ്രാഹ്മണരുടെ ഒരു പരിഛേദമിവിടെ കാണാം. 

തമിഴ്നാട്ടിലെ കുംഭകോണം, മായവരം എന്നിവിടെ നിന്നുള്ളവരാണു പുതിയ കൽപാത്തിയിലും പഴയ കൽപാത്തിയിലും  താമസം ഉറപ്പിച്ചത്.  പിൽക്കാലത്തു വിശാലാക്ഷീ സമേത വിശ്വനാഥ സ്വാമിയെ പുതിയ കൽപാത്തിയിൽ പ്രതിഷ്ഠിച്ചു. തമിഴ്നാട്ടിലെ തഞ്ചാവൂർ– ചിദംബരം പാതയിലുള്ള നാഗപട്ടണത്തെ മൈലാടുതുറയിലെ ( പഴയ മായവരം) കാവേരി തീരത്തെ മയൂരനാഥ ക്ഷേത്ര മാതൃകയിൽ ആഗമ ശാസ്ത്ര പ്രകാരം നിർമിച്ചതാണ് ഈ ക്ഷേത്രം. പരമശിവൻ പാർവതിക്ക് ഉപദേശിച്ചു കൊടുത്ത താന്ത്രിക ശാസ്ത്രമാണ് ആഗമമെന്ന പേരിൽ അറിയപ്പെടുന്നത്. ‍അക്കാലത്തു മന്തക്കര ഗണപതി ക്ഷേത്രം ഇവിടെ ഉണ്ടായിരുന്നില്ല. അതു പുൽമേടായിരുന്നു. അവിടെ തീപിടിത്തം പതിവായിരുന്നത്രേ. തുടർന്നു നടത്തിയ ദേവ പ്രശ്നത്തിൽ ഗണപതി പ്രതിഷ്ഠ നടത്തണമെന്നു തെളിഞ്ഞതെത്തുടർന്നാണു മന്തക്കര ഗണപതി ക്ഷേത്രം നിർമിച്ചത്. 

കാഞ്ചീപുരത്തുനിന്നു വന്നവരാണു ഗോവിന്ദരാജപുരത്തു താമസമാക്കിയത്.. അവരവിടെ വരദരാജപ്പെരുമാളെ (മഹാവിഷ്ണു)  പ്രതിഷ്ഠിച്ചു. 

മായപുരത്തിനു സമീപമുള്ള വൈത്തീശ്വരത്തുള്ളവർ താമസിക്കാനെത്തിയ സ്ഥലം  വൈദ്യനാഥ പുരമായി.  വൈത്തീശ്വര ക്ഷേത്രമാണവിടത്തെ പ്രധാന ക്ഷേത്രം. പരമശിവനെ വൈദ്യനാഥ സ്വാമിയായിട്ടാണിവിടെ ആരാധിക്കുന്നത്. സർവരോഗഹരനായ വൈദ്യ നാഥനെ അവർ ഇവിടെയും പ്രതിഷ്ഠിച്ചു. മധുരയിലെ പാണ്ഡ്യ ദേശത്തുനിന്നുള്ളവർ ചൊക്കനാഥപുരം അഗ്രഹാരം സ്ഥാപിച്ചു.    മീനാക്ഷീ സുന്ദരേശനെ ചൊക്കനാഥരായി  പ്രതിഷ്ഠിച്ച് ആരാധിച്ചു തുടങ്ങി.  മായാവരത്തുനിന്നുള്ളവരാണു പഴയകൽപാത്തിയിൽ ലക്ഷ്മി നാരായണപ്പെരുമാളിനെ അവർ ഉപാസിക്കുന്നു.  

തമിഴ്നാടിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നു വീണ്ടും വൈദിക ബ്രാഹ്മണർ പാലക്കാട്ടേക്ക് എത്തിക്കൊണ്ടിരുന്നു. അവർ വിവിധ ഭാഗങ്ങളിൽ അഗ്രഹാരങ്ങൾ സ്ഥാപിച്ചു. ഇങ്ങനെ 96 അഗ്രഹാരങ്ങൾ വിവിധ ഭാഗങ്ങളിൽ രൂപം കൊണ്ടു. വിവിധ ആവശ്യങ്ങൾക്കു സഹായിക്കാൻ ഓരോ സമുദായങ്ങളെയും അഗ്രഹാരങ്ങൾക്കടുത്തു താമസമാക്കി. അവരുടെയൊക്കെ പേരിൽ  രൂപപ്പെട്ട തെരുവുകൾ പാലക്കാട് നഗരത്തിലുടനീളമുണ്ട്. പൂക്കാരത്തെരുവ്, ഹരിക്കാരത്തെരുവ് എന്നിവ ചില ഉദാഹരണങ്ങളാണ്.ലോകത്തിന്റെ എല്ലാഭാഗങ്ങളിലും കൽപാത്തിക്കാരുടെ സാന്നിധ്യമുണ്ട്. അവരിൽപ്പലരും സ്കൂൾ കോളജ് വിദ്യാഭ്യാസത്തിനു ശേഷം ഭാഗ്യാന്വേഷികളായി മുംബൈ, ബംഗളൂരി, കൊൽക്കത്ത, ഡൽഹി നഗരങ്ങളിൽ ചേക്കേറിയവരാണ്. ടൈപ്പ് റൈറ്റർമാരും സ്റ്റെനോഗ്രഫർമാരുമായി ഉദ്യോഗത്തിൽ പ്രവേശിച്ച് ഉന്നതങ്ങളിലെത്തിയവർ. തേരുത്സവം അവർക്കു ഗൃഹാതുരതയുടെ വിരുന്നു കാലമാണ്.    

kalpathi-trip7

രഥോത്സവങ്ങൾ 

വൈദിക ബ്രാഹ്മണരുടെ ആഘോഷങ്ങളിൽ പ്രധാനമാണു രഥോത്സവങ്ങൾ. അതിനെ പരമ പാവനമായിട്ടാണു വിശ്വാസികൾ കാണുന്നത്. ഉത്സവകാലങ്ങളിൽ ദേവന്മാരെ എഴുന്നള്ളിക്കുന്നതു തടികൊണ്ടു നിർമിക്കുന്ന കൊത്തുപണികളോടുകൂടിയ രഥങ്ങളിലാണ്. തമിഴ്നാട്ടിലെ പെരമ്പല്ലൂർ ജില്ലയിലെ അരുമ്പാവൂരിൽ നിന്നുള്ള സ്തപതിമാരാണിവ തടിയിലുള്ള രഥങ്ങൾ നിർമിക്കുന്നത്. അതിനു പ്രത്യേകമായ ഒരു ഗണിതമുണ്ട്. കണക്കൊത്ത രഥങ്ങളിലേ ദേവപ്രയാണം സാധ്യമാവുകയുള്ളൂ. രഥങ്ങളെക്കുറിച്ച് ഒരു സങ്കൽപമുണ്ട്. 

സൂര്യ ചന്ദ്രന്മാർ ചക്രങ്ങൾ, അച്യുതണ്ട് ആധാര ശക്തി, നയിക്കുന്നതു ബ്രഹ്മാവ്. അഷ്ടദിക് പാലകന്മാരും മഹാവിഷ്ണുവും രഥത്തിലെ സാന്നിധ്യം. അലങ്കരിച്ച രഥത്തിൽ ഉപാസനാ മൂർത്തികളെ പ്രതിഷ്ഠിച്ച് ആചാരങ്ങളോടെ പൂജകൾ സമർപ്പിച്ച് എഴുന്നള്ളിക്കുന്നു. കട്ടിയുള്ള വടം ഉപയോഗിച്ചാണു രഥം വലിക്കുന്നത്. ആ വടത്തിൽ സ്പർശിക്കുന്നതു പുണ്യമായിട്ടാണു ഭക്തജനങ്ങൾ കരുതുന്നത്. വടം വലിക്കാനാകുന്നതു സുകൃതം. പുതിയ കൽപാത്തിയിലെ ഏറ്റവും വലിയ തേര് വിശ്വനാഥ രഥമാണ്. ഇതു വലിച്ചു നീക്കാൻ പ്രയാസമാണ്. ഒരു ഭാഗത്തു ഭക്തജനങ്ങൾ  തേരു വലിക്കുമ്പോൾ പുറകുവശത്ത് തള്ളിക്കൊടുക്കാൻ ആനയെ ഉപയോഗിക്കാറുണ്ട്. 

ചിത്രങ്ങൾ – ജിൻസ് മൈക്കിൾ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HERITAGE WALK
SHOW MORE
FROM ONMANORAMA