പാരമ്പര്യത്തനിമയോടെ നവരാത്രി വിഗ്രഹ ഘോഷയാത്ര അനന്തപുരിയിലേക്ക്

navaratri-gods-leaving1
SHARE

കേരള തലസ്ഥാനമായ തിരുവനന്തപുരത്തെ ഉത്സവങ്ങൾക്കു തുടക്കമാവുകയാണ്. കന്നി മാസത്തിൽ നടക്കുന്ന നവരാത്രി പൂജയോടെയാണത് ആരംഭിക്കുന്നത്.അതിന്റെ തുടക്കം കുറിച്ചുകൊണ്ടു നാഞ്ചിനാട്ടിൽ നിന്നുള്ള വിഗ്രഹ ഘോഷയാത്ര ഈ മാസം 9നു തിരുവനന്തപുരത്ത് എത്തിച്ചേരും. കന്യാകുമാരി ജില്ലയിലുൾപ്പെട്ട  കൽക്കുളം പദ്മനാഭപുരം കൊട്ടാരത്തിലെ തേവാരക്കെട്ടിൽ നിന്നു സരസ്വതീ ദേവി, വേളിമലയിലെ കുമാര കോവിലിൽ നിന്നു വേലായുധ സ്വാമി, ശുചീന്ദ്രത്തു നിന്നു മുന്നൂറ്റി മങ്ക എന്നീ വിഗ്രഹങ്ങളെയാണ് ആചാരപരമായ ഘോഷയാത്രയോടെ എത്തിക്കുക. 

navarathri

സരസ്വതീ ദേവിയെ ആനപ്പുറത്തും കുമാരസ്വാമിയെ വെള്ളി കുതിരപ്പുറത്തും മൂന്നൂറ്റി നങ്കയെ പല്ലക്കിലും കൊണ്ടു വരും. വേലുത്തമ്പി ദളവയുടെ അമ്മ കാണിക്കവച്ചതാണു കുമാരസ്വാമിയെ എഴുന്നള്ളിക്കുന്ന വെള്ളിക്കുതിര. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ കരുവേലപ്പുര മാളികയ്ക്കുമുന്നിൽ ഈ ഘോഷയാത്രയ്ക്കു തിരുവിതാംകൂർ രാജ കുടുംബാംഗങ്ങൾ ആചാരപരമായ വരവേൽപു നൽകും. വലിയൊരു ജനാവലി നഗരവീഥിയിലുടനീളം ഘോഷയാത്ര ദർശിക്കാൻ തടിച്ചു കൂടും.

കേരള പൊലീസിന്റെ അശ്വാരൂഡ സേന അകമ്പടി സേവിക്കും. പിന്നീടു സരസ്വതീ വിഗ്രഹത്തെ കിഴക്കേ നടയിലെ കരുവേലപ്പുര മാളികയിലുള്ള ചൊക്കട്ടാ മണ്ഡപത്തിൽ (നവരാത്രി മണ്ഡപം) പ്രതിഷ്ഠിക്കും. തിരുവിതാംകൂർ രാജ കുടുംബാംഗങ്ങൾ ആയുധങ്ങളം ഗ്രന്ഥക്കെട്ടുകളും വിഗ്രഹത്തിനു മുന്നിൽ പൂജ വയ്ക്കും. കുമാര സ്വാമിയെ നഗര പരിധിയിലുള്ള ആര്യശാല ക്ഷേത്രത്തിലും മുന്നൂറ്റി മങ്കയെ ചെന്തിട്ട ക്ഷേത്രത്തിലും ആനയിക്കും. .അതോടെ തലസ്ഥാന നഗരം നവരാത്രി ആഘോഷത്തിന്റെ തിരക്കിലാകും.നവരാത്രി സംഗീതോത്സവത്തിനു കൂടി ഇതോടെ തുടക്കമാകും

navaratri-crowd-palace

നൂറ്റാണ്ടുകളായി തുടരുന്നു ഈ ആചാരം സ്വാതി തിരുനാൾ മഹാരാജാവു ചിട്ടപ്പെടുത്തിയതാണ്. കേരള ചരിത്രത്തിന്റെ മായാത്ത ഈ പൈതൃകം തമിഴ്നാട് കേരള സംസ്ഥാനങ്ങൾ തമ്മിലുള്ള സാംസ്കാരിക വിനിമയത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകം കൂടിയാണ്. ഈ ഘോഷയാത്രയെ അന്തപുരി ആഹ്ലാദാരവങ്ങളോടെ വരവേൽക്കുമ്പോൾ ചരിത്രത്തിന്റെ ഗതിവിഗതികൾ കൊണ്ടു രണ്ടായിപ്പോയ പഴയ തിരുവിതാംകൂർ പ്രദേശത്തിലുൾപ്പെട്ടിരുന്ന   ജനത ഹൃദയം കൊണ്ട് ഐക്യപ്പെടുകയാണ്.  .  

നാഞ്ചിനാട്ടിലുൾപ്പട്ട പ്രദേശങ്ങളെല്ലാം ഇന്നു കന്യാകുമാരി ജില്ലയിലാണ്. ഇവിടെയുള്ള കൽക്കുളം താലൂക്കിലെ പദ്മനാഭപുരം കൊട്ടാരം മാത്രം ഇന്നും കേരള സർക്കാരിന്റെ അധീനതയിലാണെങ്കിലും  കൊട്ടാരത്തിന്റെ കിഴക്കേ ഭാഗത്തുള്ള തേവാരക്കെട്ടിലുള്ള സരസ്വതീ ക്ഷേത്രം കന്യാകുമാരി ദേവസ്വത്തിന്റെ കീഴിലാണ്. ഇവിടെയുള്ള  വിഗ്രഹമാണ് കേരളത്തിലേക്കു നവരാത്രി കാലത്തു ഘോഷയാത്രയായി കൊണ്ടുവരുന്നത്. തമിഴിലെ മഹാകവി കമ്പർ പൂജിച്ചിരുന്നിരുന്നതാണ് ഈ വിഗ്രഹം . ഈ സമയത്തു തേവാരക്കെട്ടിലെ പീ‍ഠത്തിൽ സാളഗ്രാമങ്ങളാവും പൂജിക്കുക.

സരസ്വതീ വിഗ്രഹത്തിന്റെ കഥ 

വള്ളിയൂർ രാജാവിന്റെ സദസ്യനായിരുന്നു മഹാകവി കമ്പർ. താൻ പൂജിച്ചിരുന്ന സരസ്വതീ വിഗ്രഹം തന്റെ ജീവിത സായന്തനമായപ്പോൾ വേണാട്ടിലെ കുലശേഖരപ്പെരുമാളിനു സമർപ്പിച്ചുവത്രേ. വിഗ്രഹത്തെ ആചാര വിധികളോടെ സംരക്ഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അപേക്ഷ. ഒൻപതാം നൂറ്റാണ്ടിലായിരുന്നു ഇതെന്നു കരുതപ്പെടുന്നു. അന്നു മഹാകവിക്കു കുലശേഖരപ്പെരുമാൾ നൽകിയ ഉറപ്പു പിൽക്കാലത്തെ വേണാട്ടധിപന്മാരും തുടർന്നുവന്ന തിരുവിതാംകൂർ മഹാരാജാക്കന്മാരും തെറ്റിച്ചിട്ടില്ല. പിന്നീടു കേരള സംസ്ഥാനം രൂപപ്പെടുകയും ജനകീയ ഭരണം വരുകയും ചെയ്തപ്പോഴും അതു തുടരുന്നു. കുലശേഖരപ്പെരുമാൾ ഈ വിഗ്രഹം സൂക്ഷിക്കാൻ തിരഞ്ഞെടുത്തതു  പദ്മാനാഭപുരത്തെ  കൊട്ടാരമായിരുന്നു.

navaratri-crowd

അന്നതു വലിയ കോയിക്കൽ കൊട്ടാരമെന്നാണ് അറിയപ്പെട്ടിരുന്നത്. ആധുനിക തിരുവിതാംകൂറിന്റെ സൃഷ്ടാവായ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയാണ് ഇന്നത്തെ ശൈലിയിൽ പദ്മനാഭപുരം കൊട്ടാരം പുതുക്കിപ്പണിതത്. കൊട്ടാരത്തിന്റെ കിഴക്കുഭാഗത്തുള്ള   തേവാരക്കെട്ടിൽ അദ്ദേഹം വിഗ്രഹം പ്രതിഷ്ഠിച്ചു.  അക്കാലത്തു നവരാത്രി ആഘോഷങ്ങൾ ഇവിടെയായിരുന്നു . അദ്ദേഹത്തിന്റെ കാലശേഷം അധികാരമേറ്റ ധർമ്മരാജാവെന്നറിയപ്പെട്ട കാർത്തിക തിരുനാൾ രാമവർമ രാജാവ് തിരുവിതാംകൂറിന്റെ ആസ്ഥാനം തിരുവനന്തപുരത്തേക്കു മാറ്റിയപ്പോഴും ഈ പതിവിനു മാറ്റമുണ്ടായില്ല. എന്നാൽ 1788, 1789, 1791, 1804 വർഷങ്ങളിൽ ഈ വിഗ്രഹം മാവേലിക്കര കൊട്ടാരത്തിലേക്കു നവരാത്രി കാലത്തു കൊണ്ടു വന്നിട്ടുണ്ട്. 1838ലാണു പദ്മനാഭപുരത്തുവച്ച് അവസാനമായി വിഗ്രഹ പൂജ നടന്നത്. വലിയ ആഘോഷമായിട്ടാണതു നടത്തിയത്. ഒരു തവണ ഹരിപ്പാടു കൊട്ടാരത്തിലും പൂജവച്ചിട്ടുണ്ട്. ഒട്ടേറെത്തവണ ഇതു മോഷണം പോയതിന്റെയും വീണ്ടെടുപ്പിന്റെയു കഥകളും ഈ വിഗ്രഹവുമായി ബന്ധപ്പെട്ടുണ്ട്.

സ്വാതി തിരുനാളിന്റെ മുൻകൈ

നവരാത്രി കാലത്തു തിരുവനന്തപുരത്തേക്കു വിഗ്രഹങ്ങൾ  ഘോഷയാത്രയായി എഴുന്നള്ളിക്കുന്ന സ്ഥിരം സംവിധാനമുണ്ടാക്കിയത്.സ്വാതി തിരുനാൾ മഹാരാജാവായിരുന്നപ്പോഴാണ്. 1839 മുതലാണിതു തുടങ്ങിയത്. ഘോഷയാത്രയ്ക്കും നവരാത്രി ആഘോഷങ്ങൾക്കും  ഇന്നു കാണുന്ന ചിട്ടയും സൗന്ദര്യവുമുണ്ടാക്കിയതിൽ അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ട്. വിദ്യയുടെയും സുകുമാര കലകളുടെയും പ്രതീകമായി സരസ്വതീ വിഗ്രഹവും ആയുധ വിദ്യയുടെ പ്രതീകമായി വേലായുധ സ്വാമിയെയും ശക്തിപൂജയുടെ പ്രതീകമായി ശുചീന്ദ്രത്തുനിന്നു മുന്നൂറ്റി നങ്കയെയും ആചാരപരമായി എഴുന്നള്ളിച്ചു കൊണ്ടുവരുന്ന രീതിയാണദ്ദേഹം സ്വീകരിച്ചത്.ഇക്കാലത്തു 9 ദിവസത്തെ നവരാത്രി സംഗീതോത്സവത്തിനും തുടക്കം കുറിച്ചു.ഓരോ ദിവസവും അതിൽ പാടേണ്ട രാഗങ്ങളെയും കൃതികളെയും കുറിച്ചു വ്യവസ്ഥയുണ്ടാക്കി. സ്വാതി തിരുനാൾ കൃതികളാണു പാടുന്നത്. 

നാഞ്ചിനാട്ടുലുൾപ്പെട്ട കൃഷ്ണൻ വഹക്കാരാണു വിഗ്രഹം ഇവിടേക്കു കൊണ്ടുവരുന്നത്. പഴയ ആയ് രാജ വംശത്തിലെ യാദവന്മാരുടെ പിൻഗാമികളാണിവരെന്നാണു കരുതപ്പെടുന്നത്. മൂന്ന് ആറുകൾ കടന്നാണു ഘോഷയാത്ര എത്തുന്നത്. കുഴിത്തുറ( കോതയാർ), നെയ്യാറ്റിൻകര, കരമന, പാലങ്ങളും യാത്രാ സൗകര്യങ്ങളുമില്ലായിരുന്ന പഴയകാലത്ത് യാത്ര അനായാസമായിരുന്നില്ല. അതിനു പ്രതിഫലമായി ഇവർക്കു മൂന്നു സ്വർണ നാരങ്ങ നൽകുന്ന പതിവുണ്ടായിരുന്നു. രാജഭരണം അവസാനിച്ചപ്പോൾ അത് അവസാനിച്ചു.  

കരുവേലപ്പുര മാളിക

പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ പത്മ തീർഥ കുളത്തിന് എതിർ വശത്താണു കരുവേലപ്പുര മാളിക. കരുവലം മാളികയെന്നാണത് അറിയപ്പെട്ടിരുന്നത്. തിരുവിതാംകൂറിന്റെ ട്രഷറിയായിരുന്നു അത്. കരുവലമെന്നതിന് ആ അർഥമാണ്. പുത്തൻ മാളിക കൊട്ടാരത്തിന്റെ ഭാഗമാണിത്. അതിന്റെ താഴത്തെ നിലയിലെ ചൊക്കട്ടാ മണ്ഡപത്തിലാണു സരസ്വതി വിഗ്രഹം പൂജിക്കുന്നത്. നൃത്തം അരങ്ങേറിയിരുന്ന ചൊൽക്കെട്ടു മണ്ഡപം ലോപിച്ചതാണു ചൊക്കട്ടാ മണ്ഡപം. നവരാതിര പൂജയ്ക്കായി ഈ മണ്ഡപത്തിൽ പ്രത്യേക അലങ്കാരങ്ങൾ ഏർപ്പെടുത്താറുണ്ട്.

ചുവന്ന അടയ്ക്കയും നാരങ്ങയും വാഴക്കുലകളും കൊണ്ടാണ് നേരത്തേ അലങ്കാരം തീർത്തിരുന്നത്. പിൽക്കാലത്ത് അവ തടികൊണ്ടുള്ള ശിൽപങ്ങളിലാക്കി. ഇതിനിടയിൽ കൊഴുന്നും മുല്ലയുമുൾപ്പടെയുള്ള മണമുള്ള പുഷ്പങ്ങൾ നിറയ്ക്കും സുഗന്ധ ദ്രവ്യങ്ങൾ തളിക്കും. അതോടെ ചൊക്കട്ടാ മണ്ഡപത്തിൽ നവരാത്രി കാലത്തു പ്രത്യേക സൗരഭ്യം  നിറഞ്ഞു നിൽക്കും. ഈ അന്തരീക്ഷത്തിലാണു  പകിട ശാലയിൽ ദിവസവും വൈകിട്ട് 6 മുതൽ 8.30 വരെ സംഗീതോത്സവം നടക്കുക. ഉഛഭാഷിണികളില്ലാത്ത ആ കാലത്തു പ്രത്യേക തരത്തിലുള്ള മൺകുടങ്ങളാണു ശബ്ദ ക്രമീകരണത്തിനു സജ്ജീകരിച്ചിരുന്നത്. പല തരത്തിലുള്ള മൺകുടങ്ങൾ തലകീഴായി കെട്ടിത്തൂക്കുമായിരുന്നു. അതിൽ ശബ്ദം പ്രതിഫലിക്കുമായിരുന്നു. ഇപ്പോൾ ഉഛഭാഷിണികളായി.

പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ പടിക്കെട്ടുകളിലിരുന്നു സംഗീതം ആസ്വദിക്കാം. മുല്ലമൂടു ഭാഗവതന്മാർ മാത്രമായിരുന്നു ആദ്യകാലത്തു നവരാത്രി സംഗീതോത്സവത്തിൽ പാടിയിരുന്നത്. 1933–34 വർഷത്തിൽ തിരുവിതാംകൂറിന്റെ അവസാനത്തെ ഭരണാധിപനായിരുന്ന ചിത്തിര തിരുനാൾ ബാലരാമ വർമ്മ അതിൽ പരിഷ്കാരം വരുത്തുകയും രാജ്യത്തെ പ്രശസ്തരായ ഗായകരെ സംഗീത വിരുന്നിനു ക്ഷണിക്കുകയും ചെയ്തു. ആ പതിവ് ഇപ്പോഴും തുടരുന്നു. 

ഇതിനോടു ചേർന്ന കുതിരമാളിക സ്വാതി തിരുനാൾ മഹാരാജാവാണു പണികഴിപ്പിച്ചത്. കേരളീയ ശീൽപകലയുടെ അനശ്വര മാതൃകയാണിത്. ഇന്നിതു തിരുവിതാംകൂർ ചരിത്രം മ്യൂസിയമാണ്. അപൂർവ ആയുധങ്ങൾ, ശിൽപങ്ങൾ, പുരാവസ്തു ശേഖരങ്ങൾ എന്നിവ തിരുവിതാംകൂർ എന്ന മഹാ സാമ്രാജ്യത്തിന്റെ ഇന്നലെകളെക്കുറിച്ചു നമ്മളോടു സംവദിക്കും. ഇതിനോടു ചേർന്ന ലെവി ഹാളും ചരിത്ര മ്യൂസിയമാണ്. 

പൂജപ്പുര എഴുന്നള്ളത്ത്.

വിജയ ദശമി ദിവവസം പൂജ ഇളക്കിക്കഴിഞ്ഞാൽ ആര്യശാലയിൽ നിന്നു വേലായുധ സ്വാമിയുടെ വിഗ്രഹം വെള്ളിക്കുതിരപ്പുറത്ത് നാലു കിലോമീറ്റർ അകലെയുള്ള പൂജപ്പുര മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. രാജ ഭരണം നടന്നിരുന്ന കാലത്ത് തിരുവിതാംകൂർ രാജാക്കന്മാർ അഞ്ചു വെള്ളിക്കുതിരകളെ പൂട്ടിയ രഥത്തിൽ വിഗ്രഹ ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കുമായിരുന്നു. അവിടെ പ്രത്യേക പൂജകൾക്കു ശേഷം രാജ കുടുംബാംഗങ്ങളും മഹാരാജാവും വേലായുധ സ്വാമിക്കുമുന്നിൽ ആയുധാഭ്യാസം നടത്തുമായിരുന്നു. ഈ ഘോഷയാത്രയ്ക്കു സാക്ഷിയാകാൻ റോഡിനിരുവശവും പൗരാവലി തടിച്ചു കൂടുമായിരുന്നു. ഇന്നു തേരും കുതിരയുമൊന്നുമില്ലെങ്കിലും രാജ കുടുംബാംഗങ്ങളെത്തി ആയുധാഭ്യാസം നടത്താറുണ്ട്. കരുവേലപ്പുര മാളികയിൽ നിന്നു സരസ്വതീ വിഗ്രഹത്തെ ഇവിടേക്ക് എഴുന്നള്ളിക്കുന്ന പതിവു സമീപ കാലത്താണ് ആരംഭിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HERITAGE WALK
SHOW MORE
FROM ONMANORAMA