പാലക്കാട് കോട്ട: മൈസൂർ ആക്രമണങ്ങളുടെ സ്മാരകം

palakkad-fort
SHARE

കേരള ചരിത്രത്തിൽ അതീവ പ്രാധാന്യമുള്ളതാണ് മൈസൂർ ആക്രമണങ്ങൾ. അതിന്റെ പ്രമുഖമായ സ്മാരകമാണ് പാലക്കാട് കോട്ട. ഇന്ന് ആർക്കിയോളജിക്കൽ സർവേയുടെ സംരക്ഷണയിലുള്ള വിനോദ സഞ്ചാര കേന്ദ്രമാണിത്.  പ്രഭാത– സായാഹ്ന സവാരികൾ വ്യായാമം, എന്നിവയ്ക്കായി എത്തുന്നവരുടെ തിരക്കാണിവിടെ. അവർക്കായി പ്രത്യേക നടപ്പാതയുണ്ട്. അതിന്റെ ഇരുവശങ്ങളിലായി ഒരു പുൽമൈതാനവും  ഒരുക്കിയിരിക്കുന്നു. സബ് ജയിൽ, പാലക്കാട് താലൂക്ക് സപ്ലൈ ഓഫിസ്, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഒരു ഓഫിസ് എന്നിവയും ഇവിടെ പ്രവർത്തിച്ചു വരുന്നു. ഇതിനു പുറമേ പ്രസിദ്ധമായ ഒരു ആഞ്ജനേയ ക്ഷേത്രവുമുണ്ട്. സർക്കാർ ഓഫിസുകൾ മാറ്റി കോട്ടയിൽ ഒരു ചരിത്ര മ്യൂസിയം സ്ഥാപിക്കാൻ ആലോചനയുണ്ട്. രാപ്പാടി ഓപൺ എയർ ഓഡിറ്റോറിയം, ശിലാപാർക്ക്, വാടികാ ഉദ്യാനം എന്നിവ കോട്ടയോടു ചേർന്ന സങ്കേതങ്ങളാണ്.

ഹൈന്ദവ– ഇസ്‌ലാമിക വാസ്തു വിദ്യയും യൂറോപ്യൻ സാങ്കേതികയും  സമന്വയിക്കുന്നതാണ് ഈ ചരിത്ര സ്മാരകം.  വാസ്തുവിദ്യ മാത്രമല്ല യുദ്ധ തന്ത്രങ്ങളുടെ കഥകളും നമുക്കിവിടെ വായിച്ചെടുക്കാം. ഇവിടെയുണ്ടായിരുന്ന ഒരു സർക്കസ് കൂടാരത്തിൽ നിന്നാണ് എം.ടി. വാസുദേവൻ നായർ വളർത്തുമൃഗങ്ങൾ എന്ന സിനിമയുടെ കഥാതന്തു രൂപപ്പെടുത്തിയെടുത്തത്. ദേശീയതലത്തിൽ പ്രസിദ്ധിയാർജിച്ച ഒട്ടേറെ കായിക താരങ്ങളുടെ പരിശീലനക്കളരിയെന്ന ദൗത്യവും ഈ കോട്ടയുടെ പരിസരം നിർവഹിച്ചിട്ടുണ്ട്.     

ചരിത്രം 

1756ൽ കോഴിക്കോട് സാമൂതിരിയുടെ ശല്യം ഒഴിവാക്കാനായി, മൈസൂർ രാജാവിന്റെ ടിണ്ടുഗലിലെ  സേനാനായകനായ ഹൈദരാലിയെ ക്ഷണിക്കാൻ പാലക്കാട് രാജാവായ ഇട്ടിക്കൊമ്പി അച്ചൻ തീരുമാനിച്ചു. 1757 ൽ, തന്റെ സുഹൃത്തായ കല്ലേക്കുളങ്ങര രാഘവ പിഷാരടിയോട് ഒരു കോട്ടയ്ക്കുള്ള സ്ഥലം കാണാൻ ആവശ്യപ്പെട്ടു. ഇവിടെ നിന്നാണു പാലക്കാട് കോട്ടയുടെ ചരിത്രം ആരംഭിക്കുന്നത്. ജ്യോതിശാസ്ത്രം, തച്ചു ശാസ്ത്രം എന്നിവയിൽ വിദഗ്ധനായിരുന്ന കല്ലേക്കുളങ്ങര രാഘവ പിഷാരടി രാവണോദ്ഭവം ആട്ടക്കഥയുടെ കർത്താവെന്ന നിലയിലാണു പിൽക്കാലത്തു  പ്രസിദ്ധനായത്.

അന്നു പ്രചാരത്തിലിരുന്നതു മൺ കോട്ടകളായിരുന്നു. അതിൽനിന്നു വ്യത്യസ്തമായി കരിങ്കൽകോട്ട പണിയാനായിരുന്നു തീരുമാനം. ഹൈദറുടെ സ്യാലൻ മുഖ്‌റം അലി വടക്കോട്ടു ദർശനം വരുന്ന വിധത്തിൽ കോട്ടയ്ക്കു തറക്കല്ലിട്ടു. വടക്കോട്ടു കോട്ടവാതിലും പടിഞ്ഞാറേ ദിക്കിൽ ആയുധപ്പുരയുമായിരുന്നു. ഹൈദരാലിഖാൻ തെക്കേ മലബാറിൽ തന്റെ സാന്നിധ്യം ഉറപ്പിക്കാനുള്ള തയാറെടുപ്പിലായിരുന്ന കാലമായിരുന്നു അത്. കോയമ്പത്തൂരും മലബാറുമായുള്ള വാർത്താ വിനിമയ ബന്ധം ഊട്ടി ഉറപ്പിക്കാനും മലബാറിൽ ആധിപത്യം ഉറപ്പിക്കാനുമുള്ള സങ്കേതമായി അദ്ദേഹം ഈ കോട്ടയെ വിഭാവനം ചെയ്തു. അതുകൊണ്ടുതന്നെ തിടുക്കത്തിലാണു പണി പൂർത്തിയാക്കിയത്. 

1766ൽ കോട്ടയുടെ നിർമാണം പൂർത്തിയാക്കിയതായി ആർക്കിയോവജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ രേഖകളിൽ പറയുന്നു. ഫ്രഞ്ചുകാരനായ ഒരു എൻജിനീയറായിരുന്നു അതിന്റെ ശിൽപി. തുപ്പാക്കിധാരികളായ ഭടജനത്തിന് ഒളിച്ചു നിൽക്കാനും പീരങ്കി ഘടിപ്പിക്കാനും സൗകര്യമുള്ള വിധമാണു കോട്ട നിർമിച്ചതെന്നാണു ചരിത്രകാരനായ വി.വി.കെ. വാലത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. സേനാനായകനിൽനിന്ന് മൈസൂർ രാജാവായുള്ള ഹൈദരാലിയുടെ വളർച്ച ഈ കാലത്താണ് ഇക്കാലത്തു തന്നോട് ഇടയാൻ ശ്രമിച്ച ഇട്ടിക്കൊമ്പി അച്ചനെ ഹൈദർ തടവിലാക്കി ശ്രീരംഗത്തേക്കു കൊണ്ടു പോയി. വിശ്വസ്തനായ ഇട്ടിപങ്ങി അച്ചനെ പാലക്കാട്ടെ കരം പിരിക്കാൻ ചുമതലപ്പെടുത്തി.

ഹൈദരാലിയെത്തുടർന്നു മകൻ ടിപ്പു സുൽത്താനും ഈ കോട്ടയിൽ ആധിപത്യം ഉറപ്പിച്ചു. രണ്ടാമത്തെ ഇംഗ്ലിഷ് -മൈസൂർ യുദ്ധത്തിന്റെ ഭാഗമായി സർദാർഖാന്റെയും മേജർ ആബിങ്ടണിന്റെയും നേതൃത്വത്തിൽ നടന്ന യുദ്ധം, 1782 ലെ  യുദ്ധം എന്നിവയിൽ ഈ കോട്ട നിർണായകമായ പങ്കു വഹിച്ചു. ബ്രിട്ടിഷ് സൈന്യത്തെ നേരിടാൻ ഫ്രഞ്ചുകാരനായ ലാലിയുടെയും ടിപ്പു സുൽത്താന്റെയും നേതൃത്വത്തിലുള്ള സൈന്യം പുറപ്പെട്ടത് ഇവിടെനിന്നാണ്.1784 നവംബർ 15 ന് ബ്രിട്ടിഷുകാർ കേണൽ ഫുള്ളർട്ടന്റെ നേതൃത്വത്തിൽ അഴിച്ചുവിട്ട 11 ദിവസത്തെ ആക്രണത്തിനൊടുവിൽ കോട്ട പിടിച്ചടക്കി. സാമൂതിരിയുടെ ഭടന്മാരെ കാവലേൽപ്പിച്ചു സൈന്യം പിന്മാറി. എന്നാൽ അവരെ വൈകാതെ അവിടെനിന്നു തുരത്തി മൈസൂർ സൈന്യത്തിന്റെ അധീനതയിലാക്കാൻ  ടിപ്പുവിന്റെ തന്ത്രങ്ങൾക്കു കഴിഞ്ഞു.

പിന്നീടു മൈസൂർ സൈന്യം നാണയം അടിക്കാനുള്ള കമ്മട്ടമായും ഈ കോട്ടയെ പ്രയോജനപ്പെടുത്തി.  നിലവിലുണ്ടായിരുന്ന വീരരായൻ പണത്തിനു പകരം ഹൈദരിയെന്ന നാണയമായിരുന്നു പ്രചരിപ്പിച്ചത്. വീരരായൻ പണത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയതായിരുന്നു ഇത്. 1786 ൽ സുൽത്താൻ പണം എന്ന പേരിൽ പുതിയ നാണയം ഇവിടെ നിർമിച്ചു. 22 കാശ് ഒരു വീരരായൻ പണത്തിനു തുല്യമായിരുന്നു. ഒരു സുൽത്താൻ പണം ലഭിക്കാൻ 26 മുതൽ 28 കാശുവരെ നൽകണമായിരുന്നു

1788 ൽ കൊച്ചിയിലെ രാജാവായിരുന്ന രാമവർമ ശക്തൻ തമ്പുരാനുമായി ടിപ്പുസുൽത്താൻ നടത്തിയ കൂടിക്കാഴ്ചയ്ക്കും ഈ കോട്ട സാക്ഷ്യം വഹിച്ചു. തിരുവിതാംകൂർ ആക്രമിക്കാനുള്ള തന്റെ ഉദ്ദേശ്യം ശക്തൻ തമ്പുരാനോടു ടിപ്പു വെളിപ്പെടുത്തിയത് ഇവിടെവച്ചാണ്. ഇക്കാര്യത്തിൽ കൊച്ചിയുടെ സഹായം ആവശ്യപ്പെട്ടു. എന്നാൽ ശക്തൻ തമ്പുരാൻ തന്ത്രപരമായി ഒഴിഞ്ഞുമാറി. തന്നോടു വിധേയത്വം കാണിക്കണമെന്നാവശ്യപ്പെട്ടു തിരുവിതാംകൂർ മഹാരാജാവായിരുന്ന കാർത്തിക തിരുനാൾ രാമവർമ (ധർമ്മരാജാവ്)യ്ക്കു ടിപ്പു കത്തയച്ചത് ഇവിടെനിന്നാണ്. മച്ചാട്ടിളയത് ഇവിടെവച്ച് ടിപ്പുവിന്റെ ജാതകം ഗണിച്ചിട്ടുണ്ടത്രേ. അതെപ്പറ്റിയുള്ള കഥ ഇപ്രകാരമാണ്.:

ഒരു തത്തയെ സ്വർണച്ചങ്ങലയിൽ ബന്ധിച്ച് മുന്നിൽ നിർത്തിയ ശേഷം തത്തയുടെ മരണം എപ്പോഴാണെന്നു ടിപ്പു മച്ചാട്ടിളയതിനോടു ചോദിച്ചുവത്രേ. 

മരണം ഉടനെയില്ലെന്നായിരുന്നു മറുപടി. ജ്യോതിഷത്തെ പരിഹസിച്ചുകൊണ്ടു ടിപ്പു വാളെടുത്തു തത്തയെ വെട്ടി. വെട്ടു കൊണ്ടതു ചങ്ങലയിലായിരുന്നു. തത്ത പറന്നു പോയി. അതോടെ ടിപ്പുവിന് ഇളയതിൽ വിശ്വാസമായി. ഇതേത്തുടർന്നാണത്രേ തന്റെ ജാതകം ഗണിക്കാൻ ആവശ്യപ്പെട്ടത്. പാലക്കാട് കോട്ടയിൽ താമസിക്കുകയാണെങ്കിൽ ജീവിതം സുരക്ഷിതമായിരിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകിയതായി ഒരു കഥയുണ്ട്.

അടിമക്കമ്പോളത്തിന്റെ സ്മരണകളും ഈ പരിസരത്ത് ഉറങ്ങിക്കിടക്കുന്നു. ഹൈദരുടെ കാലത്ത് ഒരു അടിമയെ കിട്ടാൻ 250 മുതൽ 200 വരെ പണം കിട്ടണം. 100 പണം കൊടുത്താൻ രണ്ടോ മൂന്നോ കുട്ടികളെ അടിമപ്പണി ചെയ്യാൻ വിലയ്ക്കു വാങ്ങാമായിരുന്നു.

1790 ൽ പാലക്കാട്ടെ മൈസൂർ ആധിപത്യം പൂർണമായി തകർന്നു. അതോടെ കോട്ടയുടെ നിയന്ത്രണം പൂർണമായി ബ്രിട്ടിഷുകാരുടെ നിയന്ത്രണത്തിലായി. അവരുടേതായ മാറ്റങ്ങൾ വരുത്തി. ഇത്  ഒരു ജയിലായി രൂപാന്തരപ്പെടുന്ന കാഴ്ചയാണു പിന്നീടുണ്ടായത്. കോട്ടയ്ക്കുള്ളിൽ ഇപ്പോഴുള്ള ജയിൽ അതിന്റെ തുടർച്ചയാണ്. വരുതിക്കു നിൽക്കാത്ത നാടുവാഴികളെയും മാടമ്പികളെയും തടവിൽ പാർപ്പിക്കാൻ ബ്രിട്ടിഷുകാർ ഇവിടം പ്രയോജനപ്പെടുത്തി. 

വാസ്തുവിദ്യ    

പാലക്കാട് കോട്ടയുടെ വാസ്തുവിദ്യയെപ്പറ്റി ചരിത്രകാരൻ പ്രഫ. എം.ജി. ശശിഭൂഷൺ നടത്തുന്ന നിരീക്ഷണങ്ങൾ ഇപ്രകാരമാണ്: 

പാലക്കാട്ടു കോട്ടയുടെ അനന്യത  വേനലിൽപ്പോലും വെള്ളം കെട്ടി നിൽക്കുന്ന കരിങ്കൽകെട്ടുകളോടു കൂടിയ ഒരു കിടങ്ങാണ്. എത്ര സമർഥനായ അശ്വ സൈനികനും ചാടിക്കടക്കാനാകാത്തവണ്ണം വീതിയുള്ളതാണ് ഈ കിടങ്ങ്. കണ്ണൂരും ബേക്കലും മറ്റുമുള്ള കോട്ടകൾ പാലക്കാടു കോട്ടയെക്കാൾ വലുതാണെങ്കിലും അവയ്ക്കൊന്നും ഇതുപോലൊരു കിടങ്ങില്ല. ഒരു കോൽ മുതൽ രണ്ടുകോൽ വരെ നീളമുള്ള കരിങ്കൽത്തൂണുകൾ ഒന്നിനു മീതെ ഒന്നായി അടുക്കി പണിഞ്ഞിട്ടുള്ള ഈ കിടങ്ങിന് ഇന്നും കേടുപാടു വന്നിട്ടില്ല. ഇതു മണ്ണു വീണു മൂടാതെ തുടരുന്നതിന്റെ പിന്നിലെ രഹസ്യം ബലിഷ്ഠമായ ഈ കരിങ്കൽക്കെട്ടുകളാണ്.  അർഥശാസ്ത്രം വിവരിക്കുന്ന ജല ദുർഗത്തിന്റെയും മഹീ ദുർഗത്തിന്റെയും അപൂർവ ചേരുവയാണ് ഈ കോട്ട. പ്രവേശന മുഖം വടക്കാണെങ്കിലും  വാതിലിന്റെ ദർശനം പടിഞ്ഞാറേക്കാണ്. ഇന്ത്യ ഭരിച്ചിരുന്ന ഇസ്‌ലാം മത വിശ്വാസികളെല്ലാം തങ്ങൾ പണിത കോട്ടയ്ക്കു മക്കയുടെ ദിക്കു നോക്കി വാതിൽ പണിഞ്ഞിരുന്നു.

പാലക്കാടു കോട്ടയുടെ പൂമുഖം ടിപ്പുവിന്റെ കാലത്തു കൂട്ടിച്ചേർത്തതാണ്. പ്രവേശന കവാടത്തിലെ സ്തംഭം, ദ്വാരപ്പട്ടിക (ഭീം), തോരണം എന്നീ ഘടകങ്ങൾക്കു ഹൈന്ദവ കലയോടാണു കടപ്പാട്. അകത്തെ മതിൽക്കെട്ടിലെ മേൽക്കവരങ്ങൾ ശ്രീരംഗത്തെയും ആഗ്രോ കോട്ടയുടെയും മേൽക്കവരങ്ങളെ അനുസ്മരിപ്പിക്കും. ഇസ്‌ലാമിക കലയുടെ സംഭാവനകളാണിവയെല്ലാം. പാമ്പിനു വിഷസഞ്ചിയെന്നപോലെ ആക്രമോത്സുകമായ ഒരു സൈന്യത്തിനു കൊത്തളങ്ങളോടുകൂടിയ ഒരു കോട്ട അനിവാര്യമാണെന്ന യുദ്ധതന്ത്രം നടപ്പിലാക്കുകയായിരുന്നു മൈസൂർ നവാബ്. കോട്ടയ്ക്കകത്തു സുരക്ഷിതമായി കഴിയുന്ന പതിനായിരം യോദ്ധാക്കൾക്ക് ആക്രമണത്തെ ദീർഘകാലം ചെറുത്തു നിൽക്കാനാകും. ഭാരം കൊണ്ടു മണ്ണിലേക്കു താഴ്ന്നു പോയ തെക്കേ കവരത്തിൽനിന്നു പുതിയൊരു മാമരത്തെ സൃഷ്ടിച്ച വിചിത്രമാവ് ഇവിടത്തെ വിസ്മയ കാഴ്ചയാണ്. യുദ്ധതന്ത്രങ്ങൾ ഒളിപ്പിക്കുന്ന ഒരു കൊക്കരണിയും ഇവിടെയുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HERITAGE WALK
SHOW MORE
FROM ONMANORAMA