മെയ്ക്കോപ്പ് നിർമാണത്തിലെ സുവർണ മുദ്രകൾ

raman-kutty
SHARE

മെയ്ക്കോപ്പു നിർമാണമെന്ന കലാ പൈതൃകത്തിലെ  മഹത്തായ കണ്ണിയാണു  കോതാവിൽ രാമൻകുട്ടിയെന്ന ആചാര്യന്റെ വിയോഗത്തിലൂടെ മുറിഞ്ഞു പോയിരിക്കുന്നത്. ദൃശ്യകലയുടെ ചരിത്രത്തിലെ ശക്തമായ ഒരു അധ്യായമാണ് ആ ജീവിതം. അരങ്ങിൽ തിളങ്ങി നിൽക്കുന്ന വേഷങ്ങളുടെ നിറക്കൂട്ടുകളിലും സൗന്ദര്യത്തിലും ആകാരഭംഗിയിലും ആസ്വാദകർ അഭിരമിക്കുമ്പോൾ അതിന്റെ അണിയറയിൽ ഈ തച്ചന്റെ പിഴയ്ക്കാത്ത കണക്കുകളും കൈവിരുതുമുണ്ട്. പ്രഗൽഭരായ കലാകാരന്മാരെല്ലാം സ്വന്തം മെയ്ക്കോപ്പുകൾക്കും ശിരോലങ്കാരങ്ങൾക്കുമായി വെള്ളിനേഴി കലാഗ്രാമത്തിലെത്തിയിരുന്നതിന്റെ രഹസ്യവും ഇതായിരുന്നു. 

മഹത്തായ ഒരു നിർമാണ പൈതൃകത്തിന്റെ ചരിത്രം കൂടിയായിരുന്നു ആ ജീവിതം. 

കോതാവിൽ കൃഷ്ണനാചാരിയെന്ന പിതാവിന്റെ പാത പിന്തുടർന്നാണു കോതാവിൽ രാമൻകുട്ടി ഈ രംഗത്തേക്കു വന്നത്. കഥകളി ഉൾപ്പെടെയുള്ള ദൃശ്യ കലകളുടെയും പൂതൻ തിറ പോലെയുള്ള അനുഷ്ടാന കലകളുടെയും കോപ്പുകളുടെ നിർമാണത്തിനു സ്വതന്ത്രവും ശാസ്ത്രീയവുമായ ഒരു വ്യക്തിത്വം നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞു. പാലക്കാടു ജില്ലയിലെ വെള്ളിനേഴി കലാഗ്രാമത്തിൽ 1948ൽ ആണു  ജനനം. പിൽക്കാലത്തു കോതാവിൽ കൃഷ്ണൻ ആചാരി കോപ്പു നിർമാണ കേന്ദ്രത്തിനു രൂപം നൽകി. ശാസ്ത്രീയതയും ചിട്ടയും മുറുകെ പിടിക്കുമ്പോഴും ഈ രംഗത്തെ യന്ത്രവൽക്കരണമുൾപ്പടെയുള്ള മാറ്റങ്ങളോടു മുഖം തിരിച്ചില്ല. കേവലം യാന്ത്രികമായിട്ടായിരുന്നില്ല ആ  പ്രവർത്തനം. 

raman-kutty2
കോതാവിൽ രാമൻകുട്ടി, കഥകളി കിരീടം. (ഡോ. വെള്ളിനേഴി അച്യുതൻകുട്ടിയുടെ ശേഖരത്തിൽ നിന്ന്)

കലാരൂപങ്ങളെക്കുറിച്ചും കഥാപാത്രങ്ങളെയും കുറിച്ച് ആഴത്തിലുള്ള അറിവുണ്ടായിരുന്നു. ഇതൊക്കെ  നിർമാണ കലയിലെ വൈദഗ്ധ്യത്തിനു മാറ്റു കൂട്ടി. ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ ഈ കലാകാരൻ ചെറിയ ഒരു ഇടവേളയിൽ കേരള കലാമണ്ഡലത്തിലും അധ്യാപകനായി. പിന്നീടു കോപ്പു നിർമാണം അവിടത്തെ പാഠ്യ പദ്ധതിക്കു പുറത്തായപ്പോഴാണു സ്വന്തം നാട്ടിൽ മടങ്ങിയെത്തി  കോപ്പു നിർമാണ കേന്ദ്രം സ്ഥാപിച്ചത്. മരണം വരെ നി ഉപാസനയിൽ മുഴുകി. മക്കളായ ഉണ്ണികൃഷ്ണൻ, ഗോവിന്ദൻ കുട്ടിയെന്നവരെയും ഈരംഗത്തേക്കു കൊണ്ടു വന്ന് ഉറപ്പിച്ചു നിർത്തി. ഇവിടെ കോപ്പു നിർമാണത്തിനു പുറമേ വാദ്യങ്ങളുടെ നിർമാണവും നടക്കുന്നുണ്ട്. വെള്ളിനേഴി കലാഗ്രാമം സന്ദർശിക്കുന്നവർക്കെല്ലാം ഒഴിവാക്കാനാവാത്തതായിരുന്നു  കോതാവിൽ ഭവനം..  കോപ്പു നിർമാണമെന്ന കലാരൂപത്തെയും അതിന്റെ സാങ്കേതികതയെക്കുറിച്ചും  ഒരു അധ്യാപകന്റെ കണിശതയോടെ വിവരിക്കാൻ രാമൻകുട്ടി എന്നും സന്നദ്ധനായിരുന്നു. ആ അറിവുകൾ തേടി വിദേശത്തു നിന്നുപോലും സഞ്ചാരികൾ ഇവിടേക്കു വരാറുണ്ടായിരുന്നു. ആ അറിവുകൾ ഇനി  ചരിത്രം, ഇനി ദീപ്തമായ ഓർമ. 

മെയ്ക്കോപ്പു നിർമാണത്തിന്റെ ചരിത്രം

Read In English

വെള്ളിനേഴിയിലെ കഥകളിയുടെയും ആന എഴുന്നള്ളിപ്പിന്റെയും സംവിധായകനായിരുന്നു തേലേക്കാട്ടു മാധവൻ നമ്പൂതിരി .   കഥകളിയുടെ നടത്തിപ്പിനെക്കുറിച്ച് അദ്ദേഹത്തിന് എല്ലാം അറിയാമായിരുന്നു. കളിപ്പന്തലിന്റെ വലുപ്പം പന്തലിന്റെ ഉയരം, തിരശ്ശീലയുടെ നീളം, വിളക്കിന്റെ ഉയരം ഇതെല്ലാം കൃത്യതയോടെ അദ്ദേഹം മനസ്സിലാക്കിയിരുന്നു. കോപ്പു പണിയിലും പരിഷ്കാരത്തിലും മാധവൻ നമ്പൂതിരി സൃഷ്ടിപരമായ നിർബന്ധം  പിടിച്ചു. ഈ നിർമാണത്തിലെ ആചാര്യനായിരുന്ന ഒതേനത്തു ഗോവിന്ദൻ നായരുടെ കൂടെ അദ്ദേഹം പ്രവർത്തിച്ചു. കഥകളിയുടെ നവേത്ഥാന നായകനായ പട്ടിക്കാംതൊടി രാമുണ്ണി മേനോന്റെ കോപ്പറയിൽ ഒതേനത്തു മാധവൻ നായരുടെയും വാഴേങ്കട രാമവാര്യരുടെയും മറ്റും നേതൃത്വത്തിൽ നടന്ന തുന്നൽ പണി അടക്കമുള്ള കോപ്പു പണിയുടെ മേൽനോട്ടം ഇദ്ദേഹത്തിനായിരുന്നു.  മുൻകാലങ്ങളിൽ ഒളപ്പണ്ണ മനയിലുണ്ടായിരുന്ന കഥകളി കോപ്പുകളുടെ കണക്കുകൾ അനുസരിച്ചാണ് അദ്ദേഹം പുതിയ കോപ്പു നിർമാണത്തിനു നേതൃത്വം നൽകിയത്.  അതിനായി വിദഗ്ധരായ മരപ്പണിക്കാരെ മനയിലേക്കു ക്ഷണിച്ചു വരുത്തി. അവർക്കൊക്കെ ഹസ്തകടകമെന്ന ഓരോ മെയ്ക്കോപ്പു നൽകിയ ശേഷം അതിന്റെ മറ്റേ ജോടി നിർമിക്കാൻ നിർദേശിച്ചു. അക്കൂട്ടത്തിൽ ഒരാളായിരുന്നു കോതാവിൽ കൃഷ്ണൻ ആചാരി.  ആ പരീക്ഷണത്തിൽ വിജയിച്ചതും അദ്ദേഹമാണ്. അതോടെ തുടർ നിർമാണങ്ങളുടെ ചുമതല ലഭിച്ചു. അങ്ങനെയാണു  കോതാവിൽ കുടുംബം ഈ രംഗത്തേക്കു വന്നത്. 

തേലേക്കാട്ടു മാധവൻ നമ്പൂതിരിയെന്ന പ്രഗൽഭനായ പിതാവിന്റെ അതി പ്രഗൽഭനായ പുത്രനായിരുന്നു ചെണ്ട വിദ്വാനും സകലകലാ വല്ലഭനുമായിരുന്ന കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ.  98–ാം വയസ്സിൽ മകന്റെ വസതിയിൽ വച്ചു തേലേക്കാടു മാധവൻ നമ്പൂതിരി വിടപറഞ്ഞു.കഥകളിചിട്ടകളുടെ സുഗന്ധപൂർണമായ ഓർമകൾ ബാക്കിവച്ച്.. മെയ്ക്കോപ്പു നിർമാണത്തിന്റെ തുടർച്ച ഇനു മുന്നോട്ടു കൊണ്ടുപോകുന്നതു കോതാവിൽ രാമൻകുട്ടിയുടെ മക്കളായ കോതാവിൽ ഉണ്ണികൃഷ്ണൻ, കോതാവിൽ ഗോവിന്ദൻകുട്ടി എന്നിവരും ബന്ധുവായ രതീഷുമാണ്. ഭാസ്കരീയമെന്ന നിർമാണ കേന്ദ്രം സ്വന്തമായി നടത്തുകയാണു രതീഷ്. കോപ്പുകൾക്കു പുറമെ തച്ചുശാസ്ത്ര വിധിപ്രകാരമുള്ള നിർമിതികളുടെ രൂപകൽപനയും ചെയ്യുന്നുണ്ട്.   

raman-kutty-kothavil-3
കഥകളി കിരീടത്തിന്റെ പിൻഭാഗം (ഡോ. വെള്ളിനേഴി അച്യുതൻകുട്ടിയുടെ ശേഖരത്തിൽ നിന്ന്)

മെയ്ക്കോപ്പു നിർമാണം

മരത്തടികൊണ്ട് ശാസ്ത്ര പ്രകാരം കിരീടവും മെയ്ക്കോപ്പുകളും നിർമിക്കുന്നതു വിദഗ്ധരായ ആശാരിമാരാണ്. കുമിഴ് ( ഗേമലിന ആർബോറിയ) എന്ന കാട്ടുമരമാണ് ഇതിന് ഉപയോഗപ്പെടുത്തുന്നത്. ഭാരക്കുറവുണ്ടെങ്കിലും കനം കുറച്ചാലും ഈ മരത്തിനു ബലക്ഷയം സംഭവിക്കുകയില്ല. വളരെ സൂക്ഷ്മമായ കൊത്തു പണികൾ ചെയ്യാനാകും. ദശമൂലങ്ങളിലുൾപ്പെട്ട  ഒൗഷധ വീര്യമുള്ള മരമാണിത്. ശിരസ്സിൽ ദീർഘനേരം ധരിച്ചാലും ശ്വസനത്തെയോ ശരീരവായുവിനെയോ പ്രതികൂലമായി ബാധിക്കുകയില്ല. ശരീരോർജം വർധിപ്പിക്കുകയും ചെയ്യും. 35 കൊല്ലമെങ്കിലും പ്രായമുള്ള തടിയിലേ കൊത്തു പണി ചെയ്യാനാവുകയുളളൂ. 

പുരുഷ വേഷത്തിന്റെ ശിരോലങ്കാരം: കേശഭാരം, കൃഷ്ണമുടി, മഹർഷി മുടി, കരിമുടി, വട്ടമുടി, കുറ്റിച്ചാമരം. 

പുരുഷ വേഷം മെയ്ക്കോപ്പുകൾ : തോട, (ജോടി), ചെവിപ്പൂവ് (ജോടി), തോൾപ്പൂട്ട് ( ജോടി), പരുത്തിക്കായ്മണി ( ജോടി), കൊരലാരം, പടിയരഞ്ഞാണം, വള (ജോടി), ഹസ്തകടകം ( ജോടി), 

സ്ത്രീവേഷം: കാതില, മുലക്കൊരലാരം, സ്ത്രീവേഷം അരഞ്ഞാണം. 

മരത്തിൽ തീർത്ത ഇനങ്ങളിൽ അലങ്കാരങ്ങൾ വിതാനിക്കുന്നതു ചുട്ടിക്കാരാണ്.  ( കടപ്പാട് – വള്ളുവനാടൻ കലാരൂപങ്ങളും വെള്ളിനേഴിയും – ഡോ. വെള്ളിനേഴി അച്യുതൻകുട്ടി)  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HERITAGE WALK
SHOW MORE
FROM ONMANORAMA