താടിയരങ്ങിനൊരുങ്ങി വെള്ളിനേഴി കലാഗ്രാമം 

Thaadi-Purappad
SHARE

വെള്ളിനേഴി കലാഗ്രാമത്തിലേക്കു വീണ്ടും 'rഒരു താടിയരങ്ങു വിരുന്നു വരുന്നു. ലോകമെമ്പാടുമുള്ള കഥകളി ആസ്വാദകരുടെ മനസ്സ് ഇനി ഈ കലാഗ്രാമത്തിനു ചുറ്റും. ഡിസംബർ 24നു വൈകിട്ട് ആറിനു നടക്കുന്ന കേളിയോടെ അരങ്ങുണരും. വെള്ളിനേഴി നാണുനായർ കലാകേന്ദ്രത്തിന്റെ വാർഷികാഘോഷമായ ഈ കളിയരങ്ങ് പത്താം വർഷത്തിലേക്കു കടക്കുകയാണ് കലാകേന്ദ്രം 17 വർഷം പിന്നിടുന്നു.. നാണു നായർകലാസ്വാദകരുടെ മാത്രമല്ല പൊതുജന പങ്കാളിത്തംകൊണ്ടു കൂടി സമ്പന്നമാണ് ഈ സദസ്സ്. ആട്ടക്കഥകളിലെ അത്യപൂർവവും ചിട്ടപ്രധാനവുമായ രംഗങ്ങളെ സമന്വയിപ്പിക്കുന്നുവെന്നതാണിതിന്റെ പ്രധാന സവിശേഷത. 

ശംഖചൂഡവധമാണ് ആദ്യം അരങ്ങിലെത്തുക.കഥകളി ആചാര്യൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരി ( ശംഖചൂഡൻ), കലാകേന്ദ്രം കല്ലുവഴി ഗോപി ( ബലഭദ്രൻ), കലാമണ്ഡലം സുരചന്ദ്, കലാമണ്ഡലം അഖിൽവർമ്മ (ഗോപികമാർ),മായ നെല്ലിയോട് ( കൃഷ്ണൻ) എന്നിവർ അരങ്ങിലെത്തും. രാജസൂയം, നരകാസുരവധം, നളചരിതം രണ്ടാം ദിവസം, ബകവധം, ദക്ഷയാഗം, എന്നിവയും തുടർച്ചയായി അരങ്ങിലെത്തും. പുലർച്ചെവരെ നീളുന്ന കളിയരങ്ങ് സമഗ്രമായ ഒരു ആസ്വാദനാനുഭവം പകരുന്നതാണെന്നു നാണുനായർ കലാകേന്ദ്രം അധ്യക്ഷനും കഥകളി നിരൂപകനുമായ ഡോ. വെള്ളിനേഴി അച്യുതൻകുട്ടി പറയുന്നു. താടി സദ്യമുറുക്കാൻ, ചായ, കട്ടൻ ചായ, രാത്രി ഭക്ഷണം,പ്രഭാതഭക്ഷണം എന്നിവയൊക്കം കളിയരങ്ങിന് അനുബന്ധമായിട്ടുണ്ടാകും. കഥകളി ആസ്വാദനം സന്തോഷപ്രദമാക്കുകയാണു താടിയരങ്ങിന്റെ പ്രധാന ലക്ഷ്യം. 

താടിയരങ്ങിന്റെ ചരിത്രം 

കഥകളി അരങ്ങിൽ ചുവന്ന താടി വേഷങ്ങൾ സ്വന്തമായി ഒരു ഇടം ഉറപ്പിച്ചതിന്റെ തുടർച്ചയാണ് ഇന്നു കാണുന്ന താടിയരങ്ങ്. വെള്ളിനേഴി നാണുനായർ എന്ന യുഗ പ്രഭാവനായ കലാകാരന്റെ സ്മരണയ്ക്കു സമർപ്പിച്ചതാണിത്. തികച്ചും ജനകീയമായ  അരങ്ങ്. ആർക്കും ചുവന്നതാടി വേഷം കെട്ടാനാകുമായിരുന്ന ഒരുകാലമുണ്ടായിരുന്നു. രാത്രിയുടെ അവസാന യാമങ്ങളിൽ മാത്രം അരങ്ങിലെത്തുന്ന കുറേ വേഷങ്ങൾ. അലറിയും മറിഞ്ഞും സ്വയം വധിക്കപ്പെടാൻ നിയോഗിക്കപ്പെട്ടവർ. അവർക്കായി മികച്ച ഗായകരോ വാദ്യക്കാരോ കാത്തു നിൽക്കുന്നുണ്ടാവില്ല. പണ്ഡിതന്മാരായ ആസ്വാദകർ ഒഴിഞ്ഞ സദസ്സിൽ അവരിങ്ങനെ നാലാംതരക്കാരായി കാലം കഴിച്ചു പോവുകയായിരുന്നു പതിവ്. കഥകളി അഭ്യസനത്തിലും ഈ വിവേചനം നിലനിന്നിരുന്നു. കഥകളി പഠനത്തിനിടയിൽ കൗമാരക്കാരായ കുട്ടികളുടെ ശാരീരികാവസ്ഥയിൽ കാര്യമായ മാറ്റങ്ങളുണ്ടാകും. നീളം കൂടിയ കുട്ടികളെ സ്ത്രീവേഷം കെട്ടിക്കും. നീളം കൂടുകയും സൗന്ദര്യം കുറയുകയും ചെയ്താൽ പിന്നെ ചുവന്നതാടിയാണവരുടെ നിയോഗം. കഥകളി അരങ്ങിലെ പ്രശ്സതനും പ്രഗൽഭനുമായിരുന്ന കരിയാട്ടിൽ കോപ്പൻനായരുടെ പുത്രൻ നാണുവിനെയും കാത്തിരുന്നത് ഈ വിധിയായിരുന്നു. കേരള കലാമണ്ഡലത്തിലെത്തിയ ഈ കുട്ടിയെ കഥകളിക്കു കൊള്ളില്ലെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. അങ്ങനെ മടങ്ങിയെത്തിയ മകനെ വിധിക്കു വിട്ടുകൊടുക്കാൻ പിതാവു തയാറായിരുന്നില്ല. 

YAVANANMAR
യവനന്മാർ

അങ്ങനെയാണവനെ ചുവന്ന താടി പരിശീലിപ്പിക്കുന്നത്. അങ്ങനെയാണു വെള്ളിനേഴി നാണുനായരെന്ന അനശ്വര കലാകാരന്റെ രംഗപ്രവേശത്തിന്റെ ചരിത്രം ഇങ്ങനെയാണ്. പുരാണ കഥകളുടെ ആത്മാവറിഞ്ഞു രംഗത്തെത്തിയ അദ്ദേഹം ചുവന്ന താടിക്കു വ്യത്യസ്തമായ അരങ്ങു ഭാഷ്യമെഴുതി. പ്രജാപതി ദക്ഷന്റെ യാഗശാല തകർക്കാനെത്തിയ വീരഭദ്രൻ നാളിതുവരെ അരങ്ങു കണ്ടതിൽ നിന്നു വ്യത്യസ്തമായ ചുവന്ന താടി വേഷമായിരുന്നു ഈ വേഷത്തിന്റെ അനന്ത സാധ്യതകൾ അരങ്ങിനു മുന്നിൽ തുറന്നു വച്ചു., കലി,ത്രിഗർത്തൻ, കാലകേയൻ, ജരാസന്ധൻ, എന്നിവ അനശ്വരമാക്കി. ആക്കം, പൊക്കം, ഊക്ക്, നോക്ക്, 

അലർച്ച, പകർച്ച,എന്നീ ലക്ഷണ ഷഡ്ജം ഒത്തിണങ്ങിയ ചുവന്ന താടിക്കാരനായി നാണുനായർ മാറുകയായിരുന്നു.. ഭാവോജ്വലമായ പ്രവൃത്തി കൊണ്ടും കഴമ്പുറ്റ രസികത്തം കൊണ്ടും ഔചിത്യപൂർണമായ പാത്രാവിഷ്കാര ശൈലികൊണ്ടും അദ്ദേഹം അരങ്ങുകളെ വിസ്മയിപ്പിച്ചു.ക്രമേണ സാധാരണക്കാരായ ആസ്വാദകരോടൊപ്പം പണ്ഡിതന്മാരും ചുവന്ന താടിയെ ശ്രദ്ധിക്കാനും അംഗീകരിക്കാനും തുടങ്ങി. ക്രമേണ പച്ച, കത്തി വേഷങ്ങളോടൊപ്പം ചുവന്ന താടി അഭിനയത്തിന്റെ അനന്ത സാധ്യതകളുമായി കഥകളി അരങ്ങിൽ സ്ഥാനം ഉറപ്പിച്ചു. 1973ൽ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പുരസ്കാരം നാണുനായരെത്തേടി എത്തി. കഥകളിയിലെ ചുവന്ന താടി വേഷത്തിനു കിട്ടിയ ആദ്യ കേന്ദ്ര പുരസ്കാരമായിരുന്നു അത്. അതെപ്പറ്റി നാണുനായരുടെ പ്രതികരണം കുറിക്കുകൊള്ളുന്നതായിരുന്നു:‘ ഉറക്കം തൂങ്ങുന്ന രാവിന്റെ അന്ത്യയാമങ്ങളിൽ പ്രത്യക്ഷപപെടുന്ന ഒരുമ്പോക്കനായ ചുവന്ന താടിക്കും അംഗീകാരം ലഭിച്ചത് സന്തോഷകരം.’ ഒരുപാടു മുനകളുള്ള ആ വാക്കുകൾ ചുവന്നതാടിയുടെ സാധ്യതകൾ പോലും തിരയാതെ അവഗണിച്ച പണ്ഡിതരായ ആസ്വാദക സമൂഹത്തിനു ‌നേരെയുള്ള പരിഹാസ ശരങ്ങളായിരുന്നു. 

കരിയാട്ടിൽ കോപ്പൻ നായരുടെയും കാർത്ത്യായനി അമ്മയുടെയും മകനായ നാണുനായർ 1910 ൽ ജനിച്ചു. സ്വഭവനത്തിൽ വച്ചും 1921കാലത്ത് മണക്കുളം കളിയോഗത്തിലും അച്ഛന്റെ കീഴിൽ അഭ്യസിച്ചു. ആദ്യകാലത്തു സ്ത്രീവേഷം കെട്ടിയിരുന്നു. 1934 തൊട്ടു ചുവന്ന താടിയിലാണു പ്രസിദ്ധനായത്. മണക്കുളം കളിയോഗം( 1931), വാച്ചാലി കിട്ടൻ (1931–32), കാരംവള്ളി കളിവട്ടം (1934–35), എന്നീ കളിയോഗങ്ങളിൽ അംഗമായിരുന്നു. 1950ൽ വെള്ളിനേഴി ഹൈസ്ക്കൂളിൽ കഥകളി അധ്യാപകനായി 1970ൽ വിരമിച്ചു. 1987 ഓഗസ്റ്റ് 30ന് അതുല്യനായ ആ കലാകാരൻ അരങ്ങൊഴിഞ്ഞു.

വെള്ളിനേഴി നാണുനായർ കലാകേന്ദ്രം 

വെള്ളിനേഴി നാണുനായരുടെ ഓർമയ്ക്കായി രൂപം കൊണ്ടതാണ് വെള്ളിനേഴി നാണുനായർ കലാകേന്ദ്രം. 2001 സെപ്റ്റംബർ 9നുപ്രവർത്തനം ആരംഭിച്ചു. കഥകളി ആചാര്യന്മാരായ കീഴ്പ്പടം കുമാരൻ നായർ, കലാമണ്ഡലം രാമൻകുട്ടിനായർ, കലാമണ്ഡലം പത്മനാഭൻ നായർ, തായമ്പക വിദ്വാൻ മട്ടന്നൂർ ശങ്കരൻകുട്ടി, എ‌‌ന്നിവർ ഉപദേഷ്ടാക്കളായിരുന്നു. സ്ഥാപക പ്രസിഡന്റ് താഴത്തേതിൽ കേശവൻ മാസ്റ്റർ, കലാകേന്ദ്രത്തിന് ഇന്നു സ്വന്തമായി അഭ്യസന കളരിയും ഓഡിറ്റോറിയവുമുണ്ട്. വിവിധ കലാവിഷയങ്ങളിലായി 91വിദ്യാർഥികളുടെ അരങ്ങേറ്റം നടത്തി. കഥകളി വേഷം, പാട്ട്, ചെണ്ട, മദ്ദളം, ചുട്ടി, ശാസ്ത്രീയ നൃത്തം, പഞ്ചവാദ്യം (തിമില), എന്നിവ അഭ്യസിപ്പിച്ചു വരുന്നു. കളരിയുടെ ഉപദേഷ്ടാക്കൾ: കലാമണ്ഡലം കെ.ജി. വാസുദേവൻ നായർ, കലാമണ്ഡലം കുട്ടൻ, വാഴേങ്കട വിജയൻ, കലാനിലയം ബാലകൃഷ്ണൻ, കലാമണ്ഡലം മോഹന കൃഷ്ണൻ, കലാമണ്ഡലം ദാമോദരൻ നായർ. 

NanuNair
വെള്ളിനേഴിനാണു നായർ

2008ൽ ആണ് താടിയരങ്ങിന്റെ തുടക്കം.

നെല്ലിയോടു വാസുദേവൻ നമ്പൂതിരി ചിട്ടപ്പെടുത്തിയ പുറപ്പാടോടെയാണു അരങ്ങുണർന്നത്. കഥകളിയുടെ അരികു ചേർന്നു നീങ്ങിയിരുന്ന യവനൻ, മണ്ണാൻ, മണ്ണാത്തി, ആശിരി തുടങ്ങിയ സാധാരണക്കാർക്ക് ആസ്വദിക്കാനാകുന്ന വേഷങ്ങളെ രംഗത്തെത്തിച്ച അരങ്ങായിരുന്നു അത്. കഥകളി പണ്ഡിതരല്ലാത്ത ഒട്ടേറെ സാധാരണക്കാരെ ഈ കലാരൂപവുമായി അടുപ്പിക്കാൻ ഇതിലൂടെ സാധിച്ചു. കഥകളി അവതരിപ്പിക്കുകമാത്രമല്ല ആസ്വാദകർക്കുമനസ്സിലാകുന്ന വിധത്തിൽ കഥാ സാരവും അവതരണവും പുസ്തകരൂപത്തിൽ വിതരണം ചെയ്തു. ഇതു കൂടുതൽപ്പേരെ കഥകളിയുമായി ബന്ധപ്പെടുത്തി. ക്രമേണ ശാസ്ത്രീയ വേഷങ്ങളും കഥകളും കൂടി അരങ്ങിൽ ഇടം നേടിത്തുടങ്ങിയപ്പോൾ സാധാരണക്കാർക്ക് അതിന്റെ വ്യാകരണം ഉൾക്കൊള്ളാൻ മടിയുണ്ടായില്ല. ഈ ചരിത്രവുമായാണു താടിയരങ്ങെന്ന ആസ്വാദന വിരുന്നു പത്താം വർഷത്തിലേക്കു കടക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HERITAGE WALK
SHOW MORE
FROM ONMANORAMA