മോഴികുന്നമെന്ന ജീവിത കാവ്യം

TEMPLE2
SHARE

സ്വാതന്ത്ര്യ സമരത്തിലെ ധീരമായ അധ്യായങ്ങളിലൊന്നാണു മോഴികുന്നം ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ സ്മരണകൾ. സർക്കാരിനെതിരെ ഗൂഡാലോചന നടത്തി,  ചേർപ്പുളശ്ശേരിയിലെ കാക്കത്തോട് പാലം തകർത്തു എന്നീ കുറ്റങ്ങൾ നിരത്തിയാണദ്ദേഹത്തെ അറസ്റ്റ് ചെയ്‌തത്. പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിക്കു സമീപമുള്ള മോഴികുന്നം ഇല്ലത്തു നിന്നദ്ദേഹത്തെ കുതിരയുടെ പിന്നിൽ ചേർത്തു കെട്ടിയാണു 14 കിലോമീറ്റർ ദൂരം റോഡിലൂടെ വലിച്ചു കൊണ്ടു പോയത്. അതു കിളിവാതിലിലൂടെ കണ്ടുനിന്നു നിലവിളിക്കാനേ അമ്മ സാവിത്രി പത്തനാടിക്കു കഴിഞ്ഞുള്ളൂ. 1921 ൽ ആയിരുന്നു അത്. 

സ്വാതന്ത്യ്രസമര ചരിത്രത്തിലെ ചോരയിലെഴുതിയ ഈ ജീവിതകാവ്യം  ചുവർ ശിൽപമാവുകയാണ്. ചേർപ്പുളശ്ശേരി ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മതിലിൽ രൂപപ്പെടുന്ന ‘ വാൾ ഓഫ് പീസ്’ ചുമർ ശിൽപങ്ങൾ വരാനിരിക്കുന്ന തലമുറകൾക്കു ത്യാഗഭരിതമായ ആ ജീവിതകഥ പറഞ്ഞു കൊടുക്കും.  

പ്രശസ്ത ചിത്രകാരനും ബനാറസ് ഹിന്ദു സർവകലാശാലയിലെ പ്രഫസറുമായ പാലക്കാട് അടയ്ക്കാപുത്തൂർ സ്വദേശി സുരേഷ് കെ.നായരാണിതിനു നേതൃത്വം നൽകുന്നത്. ഇദ്ദേഹത്തിന്റെ 15 ശിഷ്യൻമാരടങ്ങുന്ന സംഘമാണു സിമന്റിൽ ചിത്രരചന നടത്തുന്നത്. പേരാലിൻകൂട്ടങ്ങളുടെ പച്ചപ്പിൽ 700 അടി നീളമുള്ള മതിലിലാണു 14 പാനലുകളിലായി ചെർപ്പുളശ്ശേരിയുടെ സംസ്കാരവും പാര്യമ്പര്യവും ഇവർ അടയാളപ്പെടുത്തുന്നത്.

'ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന സന്ദേശം ലോകം മുഴുവൻ അലയടിക്കും വിധം ‘ശാന്തി’ എന്ന പദം 250ലധികം ഭാഷകളിൽ മതിലിൽ ആലേഖനം ചെയ്തിട്ടുണ്ട്.

മോഴികുന്നം ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിനു പുറമേ മഹാത്മാഗാന്ധി ചെർപ്പുളശ്ശേരിയിൽ എത്തിയതിന്റെയും സുഭാഷ്ചന്ദ്രബോസിന്റെയും അദ്ദേഹത്തിന്റെ വലംകൈ ആയി അറിയപ്പെട്ടിരുന്ന പി.എസ്. കുട്ടികൃഷ്ണൻനായരുടെയും ചരിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.ചെർപ്പുളശ്ശേരിയുടെ കലാപാരമ്പര്യം, പുത്തനാൽക്കൽ കാളവേല, ഫുട്ബോൾ പാരമ്പര്യം, ചെർപ്പുളശ്ശേരി സ്കൂൾ തുടങ്ങിയവയുടെ ചിത്രവും മതിലിൽ വിരിയും. രാജ്യാന്തരതലത്തിലേക്ക് ഉയർത്തപ്പെടുന്ന സ്കൂളിൽ ‘സ്പേയ്സ്’ന്റെ നേതൃത്വത്തിൽ 20 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.്സ്കൂളിലെ പൂർവ വിദ്യാർഥിയും പ്രവാസിയുമായ പി.വി.ഷഹീന്റെ മുൻകൈയിലാണു ചുവരൊരുങ്ങുന്നത്.

മോഴികുന്നം ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്

മോഴികുന്നം മന സ്വാതന്ത്യ്രസമരത്തിലെ തേജസ്സാർന്ന ഒരധ്യായമാണ്. കൊടിയ മർദനവും ഭ്രഷ്‌ടും മറികടന്ന് സാമൂഹിക നവോത്ഥാനത്തിന്റെ പാതയിൽ കാലുറപ്പിച്ചു നടന്ന ബ്രഹ്‌മദത്തൻ നമ്പൂതിരിപ്പാടിന്റെ ത്യാഗപൂർണമായ ജീവിതകഥയാണത്. മോഴികുന്നം മനക്കാർ പെരുവനം ഗ്രാമക്കാരാണ്. വേദാധികാരവും യാഗാധികാരവുമുള്ള തറവാട്. ഒട്ടേറെ സോമയാജിപ്പാടുമാർ ഇവിടെ നിന്നുണ്ടായി. അക്കിത്തിരിമാരും. വേദത്തിലും സംസ്‌കൃതത്തിലും തികഞ്ഞ പാണ്ഡിത്യമാണ് പൈതൃകം. ആ കണ്ണിയിലെ പ്രശസ്‌തനായ നാരായണൻ സോമയാജിപ്പാടിന്റെ ഇളയ മകനാണ് ബ്രഹ്‌മദത്തൻ നമ്പൂതിരിപ്പാട്. 

3mozhikunam-1

ഉപനയനവും വേദാധ്യയനവുമുൾപ്പെടെയുള്ള സാമുദായികാചാരങ്ങൾ പിൻപറ്റിയായിരുന്നു ആ ബാലൻ വളർന്നത്. പണ്ഡിത സഭകളുടെ അംഗീകാരവും നേടിയെടുത്തു. സ്വാതന്ത്യ്ര ദാഹത്തിന്റെ കാറ്റ് അന്തരീക്ഷത്തിൽ നിറഞ്ഞുനിന്ന കാലമായിരുന്നു അത്. അനാചാരങ്ങൾക്കെതിരായ വികാരം നമ്പൂതിരി സമുദായത്തിലെ യുവാക്കളിൽ ശക്‌തിപ്പെട്ടു തുടങ്ങിയിരുന്നു.ബ്രഹ്‌മദത്തനും ആ വഴിക്കാണു നടന്നത്. സ്വാതന്ത്യ്ര സമരത്തിന്റെ യാഗാഗ്നിയിലേക്ക് ആത്മസമർപ്പണവുമായി ആ യുവാവ് നടന്നു നീങ്ങി. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ചെർപ്പുളശേരി യൂണിറ്റ് രൂപംകൊണ്ടു. ബ്രഹ്‌മദത്തനായിരുന്നു അധ്യക്ഷസ്‌ഥാനത്ത്. 

വിശാലമായ ഒരു പ്രദേശത്തിന്റെ ജന്മിത്വമുള്ള കുടുംബത്തിലെ ഒരംഗം ആ വഴിക്കു നീങ്ങുന്നത് ഭരണകൂടത്തെ അലോസരപ്പെടുത്തി. അക്കാലത്താണ് ബാലഗംഗാധര തിലകന്റെ അനുസ്‌മരണം നടന്നത്. മോഴികുന്നം മനക്കാരുടെ കുടുംബക്ഷേത്രമായ ചെർപ്പുളശേരി പുത്തനാൽക്കാവായിരുന്നു വേദി. അതോടെ അസ്വസ്‌ഥതകൾ പകയ്‌ക്കു വഴിമാറി. നടപടി എടുക്കാനുള്ള പഴുതുകൾക്കായി അധികാരികൾ കാത്തിരുന്നു. മലബാറിൽ ഖിലാഫത്ത് പ്രസ്‌ഥാനം ശക്‌തിപ്പെട്ട കാലം. ബ്രിട്ടീഷ് സർക്കാരിനെതിരെ രാജ്യാന്തര തലത്തിൽ മുസ്‌ലിം സമുദായം സംഘടിച്ചതിന്റെ അനുരണനങ്ങളാണ് അതിനു വിത്തു പാകിയത്. ഖിലാഫത്തുകാർ ദേശീയധാരക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെ അതിന് സ്വാതന്ത്യ്രസമരത്തിന്റെ മാനം കൈവന്നു. അതു മാപ്പിള കലാപമായി മുദ്ര കുത്താൻ ശ്രമം നടന്നു. അതിനെ പിന്തുണയ്‌ക്കുന്നവരെ രാജ്യദ്രോഹികളായി പ്രഖ്യാപിച്ചു.

ബ്രഹ്‌മദത്തനെ കേസിൽ കുടുക്കാനുള്ള പിടിവള്ളിയായിട്ടുകൂടി അതു മാറി. സർക്കാരിനെതിരെ ഗൂഡാലോചന നടത്തി, ചെർപ്പുളശ്ശേരിക്കു സമീപമുള്ള കാക്കത്തോടു പാലം തകർത്തു എന്നീ കുറ്റങ്ങൾ നിരത്തി അറസ്‌റ്റു ചെയ്‌തു. മനയിൽ നിന്നു ചെർപ്പുളശ്ശേരി റോഡുവഴി കുളം ചന്തവരെ 15 കിലോമീറ്റർ ദൂരം കുതിരവണ്ടിയിൽ കെട്ടിവലിച്ചു കൊണ്ടുപോയി. അവിടെനിന്നു കാളവണ്ടിയിൽ കാളയ്ക്കുപകരം അദ്ദേഹത്തെയും സഹപ്രവർത്തകരെയും പൂട്ടിവലിച്ചു. പിന്നീടു വാഹനത്തിൽക്കയറ്റി ബയണറ്റുകൊണ്ടു കാലിൽ കുത്തി ഇങ്ങനെ കൊടിയ പീഢനങ്ങളിലൂടെയാണു ഷൊർണൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ഈ ദുതിരതയാത്ര കടന്നു പോയത് ചെർപ്പുളശ്ശേരിക്കു സമീപമുള്ള പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിനു മുന്നിലൂടെയായിരുന്നുവെന്ന് പിൽക്കാലത്ത് ആത്മകഥയിൽ അദ്ദേഹം അനുസ്മരിക്കുന്നു . 

PIC1

പിന്നീടു രാജ്യദ്രോഹം ആരോപിച്ചു കോടതി അദ്ദേഹത്തെ നാടുകടത്തി. കോയമ്പത്തൂർ, ബെല്ലാരി ജയിലുകളിലെ കൊടിയപീഡനം. 1922 ൽ വിചാരണ കോടതി കുറ്റവിമുക്‌തനാക്കിയതിനെ തുടർന്നു നാട്ടിലേക്കു തിരിച്ചെത്തി. അവിടെ കാത്തിരുന്നതു ഭ്രഷ്‌ടായിരുന്നു.

2Temple--3
ചെർപ്പുളശ്ശേരിയിലെ കാക്കത്തോടു പാലം, ഇതു തകർത്തുവെന്ന കുറ്റത്തിനാണദ്ദേഹത്തെ അറസ്റ്റ് ചെയ്തത്

തീണ്ടൽ കുറ്റം ആരോപിച്ച്. കുടുംബത്തിലെ ചടങ്ങുകളിൽ നിന്ന് ഒഴിച്ചു നിർത്തുന്നതിലേക്കുവരെ അതു നീണ്ടു. മൂത്ത സഹോദരൻ നാരായണൻ ഈ സമയം നാടുവിട്ടു പോയിരുന്നു. അദ്ദേഹം പിന്നീടു മടങ്ങിവന്നിട്ടില്ല. അതുകൊണ്ടു കുടുംബഭരണത്തിന്റെ താക്കോൽ ബ്രഹ്‌മദത്തന്റെ കൈയിൽത്തന്നെയായിരുന്നു. എങ്കിലും അദ്ദേഹവുമായി സമരസപ്പെടാൻ മുതിർന്ന തലമുറ ഒരുക്കമായിരുന്നില്ല. അമ്മയുടെ അന്ത്യകർമങ്ങളിൽ നിന്നു മാറ്റി നിർത്തപ്പെട്ടതോടെ തറവാടുമായുള്ള അകൽച്ച പൂർത്തിയായി. 

നിളാനദിക്കരയിലെ മനോരമ

പിന്നീട് പട്ടാമ്പിയായിരുന്നു പ്രവർത്തന കേന്ദ്രം. നിളാനദിക്കരയിൽ താവളം തേടി. സമുദായത്തിലെ യുവതലമുറയുടെ ചായ്‌വു ബ്രഹ്‌മദത്തനോടൊപ്പമായിരുന്നു. പ്രത്യേകിച്ചു പുരോഗമന പക്ഷക്കാരുടെ. അവരുടെ സഹായത്തോടെ പട്ടാമ്പിയിൽ നിർമിച്ച വീടിനു പേരിട്ടതു മഹാകവി വള്ളത്തോളാണ് ‘മനോരമ’.വി.ടി. ഭട്ടതിരിപ്പാട്, ഇഎംഎസ് നമ്പൂതിരിപ്പാട്, പ്രേംജി തുടങ്ങിയ യുവാക്കളുടെ സംഗമവേദിയായി മനോരമ വളർന്നു. സമുദായ പ്രവർത്തനം അവസാനിപ്പിച്ചു രാഷ്‌ട്രീയത്തിന്റെ ചക്രവാളങ്ങളിലേക്കിറങ്ങാൻ ഇഎംഎസ് ഇറങ്ങിത്തിരിച്ചത് ഈ വീട്ടിൽനിന്നാണത്രേ നിന്നാണ്. 

12 വർഷത്തോളം പട്ടാമ്പി പഞ്ചായത്ത് പ്രസിഡന്റ്, മലബാർ ഡിസ്‌ട്രിക് ബോർഡംഗം എന്നീ നിലകളിൽ ബ്രഹ്‌മദത്തൻ നാടിന്റെ പുരോഗതിക്ക് അടിത്തറ പാകി. 1968 ജൂലൈ 26 നു സംഭവബഹുലമായ ആ ജീവിതത്തിന് തിരശീല വീണു. ‘മനോരമ’ വീട്ടിൽത്തന്നെ സംസ്‌കാരം നടന്നു. 

സുരേഷ് .കെ. നായർ
സുരേഷ് .കെ. നായർ

സ്വാതന്ത്യ്ര സമരത്തിന്റെ ത്യാഗോജ്‌ജ്വലമായ അധ്യായമായിട്ടു കൂടി മോഴികുന്നം ബ്രഹ്‌മദത്തൻ നമ്പൂതിരിപ്പാടിന്റെ സ്‌മരണകൾ നിലനിർത്താൻ കേരളത്തിലെവിടെയും ഒന്നുമുണ്ടായിരുന്നില്ല.  ആ തെറ്റു  തിരുത്തിയതു സമീപകാലത്താണ്. അദ്ദേഹത്തിന്റെ കുടുംബം സംഭാവന നൽകിയ സ്‌ഥലത്ത് ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഓഫിസ് ഉയർന്നു. മോഴികുന്നം ബ്രഹ്‌മദത്തൻ നമ്പൂതിരിപ്പാട് സ്‌മാരക കോൺഗ്രസ് ഭവൻ എന്നപേരിൽ. പീസ് ഓഫ് വാളിലൂടെ ആ സ്മരണ ജ്വലിച്ചു നിൽക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HERITAGE WALK
SHOW MORE
FROM ONMANORAMA