ADVERTISEMENT
attukal-bhagavathi-temple-1
ചിത്രങ്ങൾ : റിങ്കു മട്ടാഞ്ചേരി

സ്ത്രീകളുടെ ശബരിമലയെന്നു പ്രസിദ്ധമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല ഉത്സവത്തിന്റെ ആരവം ഉയർന്നു കഴിഞ്ഞു. ഇനി കേരളത്തിന്റെ തലസ്ഥാന നഗരമായ അനന്തപുരിക്ക് ഉത്സവത്തിന്റെ രാപകലുകളാണ്. കൊടുങ്ങല്ലൂരിൽ നിന്നു ദേവീ ചൈതന്യത്തെ കാപ്പുകെട്ടി കുടിയിരുത്തിയതോടെയാണ് ഉത്സവത്തിനു തുടക്കമായത്.

ഇനിയുള്ള ദിവസങ്ങളിൽ കണ്ണകീചരിതത്തിന്റെ അലയൊലികളിൽ ക്ഷേത്ര പരിസരം ഭക്തി നിർഭരമാകും. ക്ഷേത്രത്തിനു മുന്നിലുള്ള പച്ചപന്തലിലിരുന്നാണു വാമൊഴിയായി കൈമാറുന്ന തോറ്റംപാട്ട് ആലപിക്കുക. പത്താം ദിവസം പൊലിപ്പാട്ടു പാടി കാപ്പഴിക്കുന്നതോടെയാണ് ഉത്സവം അവസാനിക്കുക. ക്ഷേത്രത്തിലെ മൂന്നു വേദികളിലായി വൈവിധ്യമായ കലാവിരുന്നുകൾക്കും തുടക്കമായിട്ടുണ്ട്. പ്രശസ്ത നടൻ മമ്മൂട്ടിയാണ് ഇത്തവണ കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചത്.

ചരിത്രം, ഐതിഹ്യം

trivandrum-attukal-preprations

മധുര ചുട്ടെരിച്ചുവന്ന കണ്ണകി ഭഗവതി കൊടുങ്ങല്ലൂരിലേക്കുള്ള യാത്രയ്ക്കിടെ അൽപനേരം ആറ്റുകാലിൽ തങ്ങി. ദേവീ ചൈതന്യം അറിഞ്ഞെത്തിയ സ്ത്രീജനങ്ങൾ വായ്ക്കുരവയിട്ടും മൺകലങ്ങളിൽ പൊങ്കാല നിവേദിച്ചും ദേവിയെ സംപ്രീതയാക്കിയത്രേ. അതിന്റെ അനുസ്മരണമാണു പൊങ്കാലയെന്നാണു വിശ്വാസം. ഭക്തജനങ്ങളിൽ സംപ്രീതയായ ദേവി പിന്നീട് ഒരു ബാലികയായി അവിടെ കുടിയിരിക്കാനെത്തിയത്രേ. മഹാ ഭക്തനായ മുല്ലുവീട്ടിലെ കാരണവർക്കായിരുന്നു ആ ദർശനപുണ്യമുണ്ടായത്. ഒരു സായംസന്ധ്യയിൽ അദ്ദേഹം കിള്ളിയാറ്റിൽ കുളിച്ചു സന്ധ്യാ വന്ദനം ചെയ്തു കൊണ്ടിരുന്നപ്പോൾ അക്കരെ കടത്തിത്തരാൻ ഒരു കോമള ബാലിക അഭ്യർഥിച്ചുവത്രേ.

trivandrum-attukal

കിള്ളിയാർ കരകവിഞ്ഞൊഴുകുന്ന കാലമായിരുന്നു അത്. കാരുണ്യ വാത്സല്യങ്ങളോടെ അദ്ദേഹം ബാലികയെ പുഴ കടത്തി. തറവാട്ടിൽ കൊണ്ടു ചെന്ന് അവലും മലരും ഇളനീരും പഴവും നൽകി സൽക്കരിച്ചു. എന്നാൽ കുട്ടി അപ്രത്യക്ഷയാവുകയായിരുന്നു. കുട്ടിയെത്തിരഞ്ഞു മടുത്ത അദ്ദേഹം മനസ്താപത്തോടെ ഉറങ്ങാൻ കിടന്നു. അന്ന് ഒരു സ്വപ്ന ദർശനമുണ്ടായി. താൻ സാക്ഷാൽ മഹാമായയാണെന്നും ഇവിടെ കുടിയിരിക്കുകയാണെന്നുമാണ് അറിയിച്ചത്. അടുത്ത ദിവസം കാവിൽ മൂന്നു വര കാണുമെന്നും അവിടെ ക്ഷേത്രം പണിയിച്ചു പ്രതിഷ്ഠിക്കണമെന്നും അരുളപ്പാടുണ്ടായി.പുലർച്ചേ തന്നെ ഉണർന്ന അദ്ദേഹം ഓടി കാവിലേക്കു പോയി. സ്വപ്ന ദർശനം പോലെ അവിടെ മുന്നു വരകളുണ്ടായിരുന്നു. 

ദൈവജ്ഞരെ വിളിച്ചു പ്രശ്നം വയ്പിച്ചപ്പോൾ   സ്വപ്ന ദർശനം ശരിയാണെന്നു സ്ഥിരീകരിച്ചു. പിന്നീട് അനുഷ്ടാന വിധികളോടെ ദേവീ ചൈതന്യത്തെ ഒരു ശിലയിൽ കുടിയിരുത്തി.പിൽക്കാലത്ത് ഒരു മരം വീണു ക്ഷേത്രത്തിനു കേടുപാടു സംഭവിച്ചു. ബദരീനാഥത്തിലെ പൂജാരിയും പ്രസിദ്ധ ജ്യോത്സ്യനുമായിരുന്ന ശങ്കര ജ്യോത്സ്യർ തിരുവിതാംകൂറിലുണ്ടായിരുന്ന സമയമായിരുന്നു അത്. അദ്ദേഹത്തിന്റെ കാർമികത്വത്തിയിരുന്നു പുനഃ പ്രതിഷ്ഠ നടന്നത്. തടിയിൽ നിർമിച്ച ചതുർബാഹുവായ വിഗ്രഹത്തിൽ നേപ്പാളിലെ ഗണ്ഡകീനദിയിൽ നിന്നുള്ള സാളരാമങ്ങൾ നിറച്ചിരുന്നു. വാൾ, പരിച, ശൂലം, കങ്കാളം എന്നീവ ധരിച്ച രൂപത്തിലാണു പ്രതിഷ്ഠ. പിൽക്കാലത്ത് ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ക്ഷേത്ര ഭരണം ഏറ്റെടുത്തു. പിന്നീടങ്ങോട്ടു പ്രസിദ്ധിയുടെയും പുരോഗതിയുടെയും ദിനങ്ങളായിരുന്നു. ദാരു വിഗ്രഹത്തിൽ സ്വർണം പതിപ്പിച്ചു. പൊങ്കാലയുടെ പ്രസിദ്ധി നാടെങ്ങും പ്രചരിച്ചു

കഥപറയുന്ന ശിൽപങ്ങൾ

അനന്തപുരിയിലെ ശാന്തമായ ഒരു ഗ്രാമമാണ് ആറ്റുകാൽ. കാവും കുളങ്ങളും കളരികളും പാടങ്ങളും ചേർന്നതാണ് ഈ പ്രദേശം. നഗരത്തിന്റെ തിരക്കിലമരുമ്പോഴും ഇതൊന്നും ഇന്നും പൂർണമായി തൂർന്നു പോയിട്ടില്ല. മൂക്കുന്നിമലയും കിള്ളിയാറും ഈ ഹരിതഭംഗിക്കു കാവൽ നിൽക്കുന്നു . ഒരുകാലത്തു ചട്ടമ്പി സ്വാമിയെപ്പോലെയുള്ള അവധൂതന്മാരുടെ ആവാസ കേന്ദ്രമായിരുന്നു ഈ പ്രദേശം.

 അദ്ദേഹത്തിന്റെ ചർമ രോഗം ദേവീ ഉപാസന കൊണ്ടു ഭേദമായെന്നും അതിനു ശേഷം അദ്ദേഹം ഇവിടത്തെ ഉപാസകനായെന്നും ഒരു കഥ പ്രചാരത്തിലുണ്ട്. അതിന്റെ സ്മരണയ്ക്കായി ചട്ടമ്പി സ്വാമികളുടെ ഒരു പ്രതിമയും മണ്ഡപവും ക്ഷേത്രത്തിനു പുറത്തുണ്ട്. ശ്രീകോവിൽ, ചുറ്റമ്പലം, പ്രദക്ഷിണ വഴി, വിശാലമായ മുറ്റം ക്ഷേത്രക്കുളം എന്നിവ ഇവിടെയുണ്ട്. ശ്രീകോവിലിനോടു ചേർന്നാണു ദേവിയുടെ ഭടനും ക്ഷേത്രത്തിന്റെയും ദേശത്തിന്റെയും രക്ഷാ പുരുഷനുമായ മാടൻ തമ്പുരാന്റെ പ്രതിഷ്ഠ.

അംബരചുംബിയെന്നു തോന്നുന്ന കൂറ്റൻ കരിമ്പനയോടു ചേർന്നാണ് ഈ പ്രതിഷ്ഠയുള്ളത്. പ്രദക്ഷിണ വഴികളിൽ നിറയെ കഥപറയുന്ന ശിൽപങ്ങളാണ്. തമിഴ് ക്ഷേത്രങ്ങളെ അനുസ്മരിപ്പിക്കുന്നതാണിത്.കണ്ണകീ ചരിതം. ദശാവതാരം., ശിവപുരാണം, ദേവീഭാഗവതം തുടങ്ങിയവ ഇതിൽ വായിച്ചെടുക്കാം. പ്രവേശന വഴിയിൽ വിവിധ ദേവീഭാവങ്ങൾ കൊത്തിവച്ചിരിക്കുന്നു. മാടൻ തമ്പുരാനു പുറമേ ശിവൻ, ഗണപതി, നാഗങ്ങൾ എന്നിവർ ഉപ ദേവന്മാരാണ്.

ഉത്സവം ,കുത്തിയോട്ടം

കുംഭമാസത്തിലാണു ക്ഷേത്ര ഉത്സവത്തിനു തുടക്കമാകുന്നത്. കൊടുങ്ങല്ലൂരിൽ നിന്നു ദേവീ ചൈതന്യത്തെ ആവാഹിച്ചു കുടിയിരുത്തുന്ന ചടങ്ങാണു കാപ്പുകെട്ട്. ഈ സമയം മേൽശാന്തിയുടെ കൈയ്യിലും പഞ്ചലോഹത്തിലെ കാപ്പു കെട്ടുന്നു.അതോടെ അദ്ദേഹം പുറപ്പെടാ ശാന്തിയാണ്. പിന്നീട് പത്താം ഉത്സവ ദിവസം ദേവി പുറത്തേക്കെഴുന്നള്ളതുവരെ അദ്ദേഹം ക്ഷേത്രം വിട്ടു പോകാൻ പാടില്ല.

മൂന്നാം ദിവസമാണ് കുത്തിയോട്ട വ്രതം തുടങ്ങുക. 14 വയസ്സിനു താഴെയുള്ള ബാലന്മാരെയാണു കുത്തിയോട്ട വ്രതത്തിനിരുത്തുന്നത്. ദേവിയുടെ ഭൂതഗണങ്ങളാണിവരെന്നു സങ്കൽപമുണ്ട്. മഹിഷാസുര വധത്തിനു ദേവിയോടൊപ്പം ദേവ സൈനികർ വ്രതം നോറ്റതിന്റെ സങ്കൽപമായിട്ടാണിവിടത്തെ കുത്തിയോട്ടം.  ഈ പ്രദേശത്തെ ഓരോ കുടുംബത്തിലെയും ആൺ കുട്ടികളെ കുത്തിയോട്ട വ്രതത്തിനു നിർത്താറുണ്ട്. 

trivandrum-attukal-kuthyottam

ദേവീ ദാസന്മാരായിട്ടാണിവരെ കണക്കാക്കുന്നത്. വ്രതം കഴിയുന്ന കുട്ടികൾക്കു ദിവ്യത്വമുണ്ടെന്നും സങ്കൽപമുണ്ട്.മൂന്നാം ഉത്സ ദിവസം രാവിലെ ക്ഷേത്രത്തിലെത്തി കുളത്തിൽ കുളിച്ച് ഒറ്റ തോർത്തുടുത്തു പള്ളിപ്പലകയിൽ നാണയം ദക്ഷിണ സമർപ്പിച്ചു മേൽശാന്തിയിൽനിന്നു പ്രസാദം സ്വീകരിക്കുന്നതോടെയാണു വ്രതം ആരംഭിക്കുക. പിന്നീടുള്ള ഏഴു ദിവസം കൊണ്ട് ആയിരത്തിയെട്ടു നമസ്കാരം പൂർത്തിയാക്കണം. ഈ ദിവസങ്ങളിൽ ഇവർ ക്ഷേത്രത്തിൽതന്നെയാണു താമസിക്കുക. ദിവസവും ഉച്ചയ്ക്കു വിഭവ സമൃദ്ധമായ സദ്യയുണ്ടാകും. വൈകിട്ട് അവലും പഴവും ഇളനീരുമാണു ഭക്ഷണം.

attukal-bhagavathi-temple-7
ചിത്രങ്ങൾ : റിങ്കു മട്ടാഞ്ചേരി

ഒൻപതാം ഉത്സവ ദിവസം ഇവർ ആയിരത്തിയെട്ടാമതു നമസ്കാരം പൂർത്തിയാക്കും. അന്നു വൈകിട്ടോടെ ഇവരെ രാജകീയ വേഷത്തിൽ ചമയിച്ചു ക്ഷേത്ര നടയിലെത്തിച്ചു ചൂരൽകുത്തു ചടങ്ങു നടത്തും. അന്ന് ആനപ്പുറത്ത് എഴുന്നള്ളുന്ന ദേവിക്കൊപ്പം വാദ്യ ഘോഷങ്ങളുടെ അകമ്പടിയിൽ ഇവർ നഗര പ്രദക്ഷിണം നടത്തും.രക്ഷിതാക്കളും ബന്ധു ജനങ്ങളും അനുഗമിക്കും. 

വഴിയിലുടനീളം ഈ ബാലന്മാരെ നാട്ടുകാർ മധുര പലഹാരങ്ങൾ, ശീതള പാനീയങ്ങൾ, പഴങ്ങൾ എന്നിവ നൽകി സൽക്കരിക്കും. മൂന്നു കിലോമീറ്റർ അകലെയുള്ള മണക്കാട് ധർമ ശാസ്താ ക്ഷേത്രത്തിലേക്കാണു ഘോഷയാത്ര നടക്കുന്നത്. അടുത്ത ദിവസം രാവിലെയോടെ മടങ്ങിയെത്തി ചൂരൽ അഴിക്കുന്നതോടെ കുത്തിയോട്ട ചടങ്ങുകൾക്കു സമാപനമാകും. പിന്നീടു കുട്ടികളെ വാദ്യഘോഷങ്ങളുടെ അകമ്പടിയിൽ വീടുകളിലെത്തിക്കും. നാട്ടുകാർക്കു വിഭവ സമൃദ്ധമായ സദ്യയുണ്ടാകും.

വിളക്കുകെട്ട്

ഉത്സവരാവുകളിൽ ആഘോഷവും ആരവവും നിറയ്ക്കുന്നതു വിളക്കു കെട്ടുകളാണ്. കുരുത്തോല‌കൾ, വാഴപ്പോള, വർണക്കടലാസുകൾ എന്നിവയിൽ തീർത്ത് ആറടിയോളം വലുപ്പത്തിലുള്ള കെട്ടു കാഴ്ചകളാണു വിളക്കുകെട്ട്.ഇതിൽ ദേവിയുടെ ചിത്രം അടയാളപ്പെടുത്തിയിരിക്കും. ഇവ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്കെത്തും.

കിലോമീറ്ററുകളോളം കാൽനടയായിട്ടാണിവ എത്തിക്കുക. ഇവ തലയിൽ വച്ചു നൃത്തം വയ്ക്കുന്നതു വ്സ്മയക്കാഴ്ചയാണ്. കൊതുമ്പിൽ തുണിചുറ്റി പന്തമാക്കി കത്തിച്ച് ഇതിൽ വച്ചു രാത്രി പന്ത്രണ്ടു മണിക്കുള്ള ദീപാരാധന വേളയിൽ ക്ഷേത്രത്തെ പ്രദക്ഷിണംവച്ചു വിളക്കുകെട്ടുകളുടെ നൃത്തമുണ്ടാകും. ഇത് അനുഷ്ടാനവും നേർച്ചയുമാണ്. ഏഴാം ഉത്സ ദിവസം വരെ ഈ ഘോഷയാത്രയുടെ പ്രവാഹമുണ്ടാകും അഭീഷ്ട സിദ്ധിക്കുള്ള നേർച്ചയാണിത്. ഇരുപതിലേറെ വിളക്കുകെട്ടുകൾ ഓരോ ദിവസവും ഇവിടേക്കെത്താറുണ്ട്.

attukal-temple2

പൊങ്കാലയും താലപ്പൊലിയും

പാതിവ്രത്യത്തിന്റെ കഥയാണു കണ്ണകീചരിതം. അധർമത്തിനു മുന്നിൽ ഒറ്റപ്പെട്ടു പോയ ഒരു സ്ത്രീ സ്വന്തം കാൽചിലമ്പ് ഉയർത്തിപ്പിടിച്ചു നടത്തുന്ന ധീരമായ പോരാട്ടത്തിന്റെ കഥ. രാജ പ്രതാപങ്ങളെ മാത്രമല്ല രാജനീതികളെയും  കുടില തന്ത്രങ്ങളെയും ഒറ്റ്യ്ക്കു വെല്ലുവിളിക്കുന്ന സ്ത്രീത്വത്തിന്റെ പ്രതീകം. ഈ കഥകളാണ് തോറ്റം പാട്ടുകാർ പച്ചപ്പന്തലിലിരുന്ന് ഇലത്താളം കൊട്ടിപ്പാടുന്നത്. ഭക്തിയുടെ ഈ ലയത്തിൽ അലിയാനെത്തുന്ന പഴമക്കാർ അനേകരുണ്ടിവിടെ. ഓരോ സന്ദർഭങ്ങളിലും അവർ വായ്ക്കുരവയിടും. ദേവീ മന്ത്രങ്ങളുരുവിടും. കുംഭമാസത്തിലെ പൂരം നാളായ ഒൻപതാം ദിവസം രാവിലെയാണു പാണ്ഡ്യ രാജാവുമായുള്ള ഏറ്റുമുട്ടലിന്റെ രംഗമെത്തുന്നത്. അത് ഏതു സമയമായിരിക്കുമെന്നു മുൻകൂട്ടി പറയുക സാധ്യമല്ല.

പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങളുടെ മുന്നോടിയായിട്ടായിരിക്കും ഈ രംഗമെത്തുക. മധുര ചുട്ടെരിക്കുന്ന കഥ പാടുന്നതോടെ വായ്ക്കുരവകളുയരും. ഇതെത്തുടർന്നാണു പച്ചപന്തലിനു മുന്നിലൊരുക്കിയ പണ്ഡാര അടുപ്പിലേക്കു ശ്രീകോവിലിൽ നിന്ന് ആചാരപ്രകാരമെത്തിച്ച ദീപം പകരും ശ്രീകോവിലിൽ നിന്നു തന്ത്രി പകർന്നു കൊടുക്കുന്ന ദീപം കൊണ്ടു വലിയ തിടപ്പള്ളിയിലും ചെറിയ തിടപ്പള്ളിയിലുമുള്ള അടുപ്പുകളിൽ മേൽശാന്തി അഗ്നി പകർന്ന ശേഷം പ്രധാന കീഴ് ശാന്തിക്കു കൈമാറും. അദ്ദേഹം മറ്റു ശാന്തിക്കാരുടെയും ക്ഷേത്രം ഭാരവാഹികളുടെയും ഊരാൺമക്കാരുടെയും അകമ്പടിയോടെ ദേവീ മന്ത്രങ്ങളുമായി പച്ചപ്പന്തലിനു മുറ്റത്തെ പണ്ഡാര അടുപ്പിനരികിലേക്കു നീങ്ങും.

ഒന്നാം ഉത്സവ ദിവസം മുതൽ നഗരത്തിലുടനീളം സജീവമായിരുന്ന ഉച്ചഭാഷിണികൾ ഈ സമയം നിശബ്ദമാവും. പൊങ്കാല അടുപ്പുകളിൽ തീപകരാനുള്ള കാത്തിരിപ്പിൽ ഭക്ത ജനങ്ങൾ ഉരുവിടുന്ന ദേവീമന്ത്രങ്ങൾ മാത്രം അന്തരീക്ഷത്തിലുയരും. അറിയിപ്പുകാത്തുള്ള ധ്യാനമാണ്. ചരവും അചരവുമായ എല്ലാം ഈ കാത്തിരിപ്പിൽ. അതിനിടയിൽ കീഴ്ശാന്തി പണ്ഡാര അടുപ്പിലേക്ക് അഗ്നി പകരും. വായ്ക്കുരവകളുയരും. പഞ്ചവാദ്യവും കതിനാവെടിയും മുഴങ്ങും.പൊങ്കാല അടുപ്പുകളിൽ അഗ്നിപകരാനുള്ള അറിയിപ്പ് ഉച്ചഭാഷിണികളിൽ മുഴങ്ങും. നഗരത്തിലെല്ലായിടത്തും ഒരേ സമയത്ത് അറിയിപ്പെത്തും. ഭക്തലക്ഷങ്ങൾ ഒരേ സമയം തങ്ങളുടെ പൊങ്കാല അടുപ്പുകളിൽ അഗ്നി പകരും.

സർവമംഗള മംഗല്യേ

ശിവേ സർവാർഥ സാധിക്യേ

ശരണേ ത്രയംബികേ

ഗൗരീ, നാരായണി നമോസ്തുതേ

ഈ മന്ത്രം മാത്രമായിരിക്കും എങ്ങും നിറയുക.

ഇതേ സമയത്തു തന്നെ ബാലികമാരെ ചമയിച്ചൊരുക്കി താലവുമായി ക്ഷേത്രത്തിലേക്കെത്തിച്ചു തുടങ്ങും. അതാണു താലപ്പൊലി. കമുകിൻ പൂവ്, അരി, നാളികേരം, വിളക്ക് എന്നിവയുമായിട്ടാണിവരെ എത്തിക്കുന്നത്. പട്ടു വസ്ത്രങ്ങളും കിരീടവുമുണ്ടാകും. മധുരാ നഗരികത്തിച്ച രോഷാഗ്നിയിൽ നിൽക്കുന്ന ദേവിയുടെ താപം തണുപ്പിച്ചു മാതൃഭാവം വരുത്താനായി ബാലികമാരെ അയ്ക്കുന്നുവെന്നാണു സങ്കൽപം.ഇവരെ ദേവി മാറോടണച്ചു മാതൃവാത്സല്യത്തോടെ കൊഞ്ചിക്കുമെന്നാണു വിശ്വാസം.

പൊങ്കാല

മൂന്ന് ഇഷ്ടികകൾ അടുക്കിവച്ചു തീർക്കുന്ന താൽക്കാലിക അടുപ്പുകളിലാണു പൊങ്കാല ഇടുന്നത്. മൺകലങ്ങളാണിതിന് ഉപയോഗിക്കുക. അഗ്നി പകരാൻ കൊതുമ്പ്, ചൂട്ട് എന്നിവമാത്രമാണ് ഉപയോഗിക്കുന്നത്. നേർച്ച അനുസരിച്ച് എത്ര കലത്തിൽ വേണമെങ്കിലും പൊങ്കാല അർപ്പിക്കാം.

പച്ചരിയോ പുന്നെല്ലരിയോ ഉപയോഗിക്കാം. വെള്ളച്ചോറ്, പായസം, ശർക്കര, തിരളി, മണ്ടപ്പുറ്റ്, ശർക്കരയിട്ട പയർ എന്നിവയാണു പ്രധാന പൊങ്കാല നിവേദ്യങ്ങൾ. പുലർച്ചെ കുളിച്ചു ശുദ്ധമായാണു പൊങ്കാല അടുപ്പുകളിൽ അഗ്നി പകരുന്നത്. പൊങ്കാല തിളയ്ക്കുന്നതുവരെ ജലപാനം പതിവില്ല. ചിലരൊക്കെ നിവേദ്യം പൂർത്തിയാകുന്നതുവരെ ഉപവാസം അനുഷ്ടിക്കാറുണ്ട്.

നിവേദ്യം

ഉച്ച പൂജ കഴിഞ്ഞു ക്ഷേത്ര തന്ത്രി കൈമാറുന്ന പ്രത്യേക തീർഥം മേൽശാന്തി തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേക്കു പകരുന്നതോടെ നിവേദ്യം ആരംഭിക്കും.പിന്നീട് ഈ തീർഥം കീഴ്ശാന്തിമാർ പണ്ഡാര അടുപ്പിനു മുന്നിലെ പൊങ്കാലയിൽ പകരും. ഇതേ സമയം നഗരമെമ്പാടും പൊങ്കാല നിവേദ്യം നടക്കും. ഈ സമയത്തു കുത്തിയോട്ട ബാലന്മാർ ആയിരത്തി എട്ടാമത്തെ നമസ്കാരം പൂർത്തിയാക്കിയിരിക്കും.രാത്രി കുത്തിയോട്ട ബാലന്മാരുടെ ചൂരൽ കുത്ത് പൂർത്തിയാക്കിയ ശേഷം ആനപ്പുറത്തു ദേവീ ചൈതന്യത്തെ തിടമ്പിൽ ആവാഹിച്ചു വാദ്യ ഘോഷങ്ങളുടെ അകമ്പടിയോടെ പുറത്തേക്കെഴുന്നള്ളിക്കും. സായുധ സേനാംഗങ്ങൾ അകമ്പടിയേകും.

നാലു കിലോമീറ്റർ അകലെയുള്ള മണക്കാട് ധർമ ശാസ്താ ക്ഷേത്രത്തിലേക്കാണ് എഴുന്നള്ളത്ത്. ദൈവിയുടെ സഹോദരനാണു ഇവിടത്തെ ശാസ്താവെന്നാണു വിശ്വാസം.അടുത്ത ദിവസം ഉച്ചയോടെ എഴുന്നള്ളത്തു തിരികെ ക്ഷേത്രത്തിലെത്തിച്ചേരും. വൈകിട്ടോടെ കാപ്പഴിക്കലിന്റെ ചടങ്ങുകൾക്കു തുടക്കമാകും. നാടിനും നാട്ടാർക്കും സർവ ചരാചരങ്ങൾക്കും മഗളം ഭവിക്കണമെന്ന പ്രാർഥനയോടെ കാപ്പഴിക്കും. പിന്നീടു രാത്രി വൈകി നടക്കുന്ന കുരുതി തർപ്പണത്തോടെ പത്തു ദിവസത്തെ ഉത്സവങ്ങൾക്കു തിരശീല വീഴും.

attukal-temple4

അനന്തപുരിയിലെ ആതിഥ്യം

ആറ്റുകാൽ പൊങ്കാല ഉത്സവത്തിനു സാർഥകമായ ഒരു ആതിഥ്യത്തിന്റെ കഥകൂടി പറയാനുണ്ട്. മാസങ്ങൾക്കുമുമ്പുതന്നെ നഗരം ഉത്സവത്തിന് ഒരുങ്ങും. എല്ലാ വീടുകളിലും സൗകര്യങ്ങൾ വർധിപ്പിക്കും. കുളിക്കാനും കുടിക്കാനുമുള്ള വെള്ളമുൾപ്പടെയുള്ളവ സജ്ജീകരിക്കും. ഇതെല്ലാം എവിടെയോ നിന്നെത്തുന്ന അപരിചിതരായ അതിഥികൾക്കു വേണ്ടിയാണ്. ഒരു വീടിന്റെയും വാതിൽ ചാരുകയില്ല. എല്ലാ വീടുകളും തുറന്നുകിടക്കും.

ആർക്കും എവിടെയും കയറിച്ചെല്ലാം,വിശ്രമിക്കാം, പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാം. ഏതു നേരവും ഭക്ഷണമുണ്ടാകും. എല്ലാ സൗകര്യങ്ങളും അറിഞ്ഞും കേട്ടും ചെയ്യാൻ പരിചാരകരെപ്പോലെ വീട്ടുടമസ്ഥർ കാവൽ നിൽക്കും. പ്രദേശത്തെ സംഘടനകളും വ്യാപാരികളും ഈ ഒരുക്കങ്ങൾ നടത്തുന്നുണ്ടാകും. ഇവിടെ എത്തുന്നവർക്ക് അപരിചിതത്വമോ, അന്യഥാ ബോധമോ തോന്നുകയില്ല.വീടുകൾ മാത്രമല്ല പൊതു സ്ഥലങ്ങൾ, ദേവാലയങ്ങൾ എന്നിവയും ഭക്തർക്കായി തുറന്നു കൊടുക്കാറുണ്ട്. ജാതിമത, ദേശ വ്യത്യാസമില്ലാതെ മതേതതര സങ്കൽപം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഓരോ പൊങ്കാലക്കാലവും വിടപറയുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com