ലക്ഷ്മീനിലയത്തിൽ കേശവദേവിന്റെ സ്മരണകൾ ഉണർന്നിരിക്കുന്നു

p-kesavadev-pic
SHARE

തിരുവനന്തപുരം നഗരത്തിലെ പൂജപ്പുരയ്ക്കു സമീപമാണു മുടവൻമുകളിലെ ലക്ഷ്മീ നിലയം. ഒരുകാലത്തു കേരളത്തിലെ സാഹിത്യ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരുടെ  സംഗമ കേന്ദ്രമായിരുന്നു ഇത്. വാക്കും പ്രവൃത്തിയും രണ്ടല്ലെന്നു ജീവിതംകൊണ്ടു തെളിയിച്ച  പി.കേശവദേവിന്റെ വസതിയാണിത്. കേരള ചരിത്രത്തിനും സാഹിത്യത്തിനും മറക്കാനാകാത്ത ആ എഴുത്തുകാരൻ വിടപറഞ്ഞു പോയിട്ട് ഈ ജൂലൈ ഒന്നിന് 36 വർഷം തികയുകയാണ്. ദേവിന്റെ സ്മരണകൾക്കൊപ്പമുള്ള യാത്രയാണിത്.

മകന്റെ അച്ഛനും അച്ഛന്റെ മകനും

വടക്കൻ പരവൂറിൽ ജനിച്ച അദ്ദേഹം ജീവിതത്തിന്റെ ഏറ്റവും കൂടുതൽ കാലം ചെലവഴിച്ചത് തിരുവനന്തപുരം നഗരത്തിലാണ്. കുട്ടിക്കാലത്തുതന്നെ പലകാരണങ്ങളാൽ  വീടുവിട്ടു. സ്വന്തം ആകാശത്തിൽ സ്വന്ത്രനായി പറന്ന ആ പക്ഷി തലസ്ഥാന നഗരിയിൽ കൂടുകൂട്ടാ‍ൻ തീരുമാനിച്ചു. ഭാര്യ സീതാലക്ഷ്മീദേവും ഒന്നിച്ച് പ്രകൃതി മനോഹരമായ മുടവൻമുകൾ കുന്നുകളിൽ ചേക്കേറി. 1965ൽ. ഭാര്യയുടെ പേരിലാണ് അതു സമർപ്പിച്ചത് അതാണു ലക്ഷ്മി നിലയം.

p.kesavadev2
ലക്ഷ്മീനിലയത്തിൽ സജ്ജീകരിച്ചിരിക്കുന്ന കേശവദേവ് സമ്ൃതികളിൽ നിന്ന് അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കളാണിവ,പ്രസിദ്ധീകരണങ്ങളും കാണാം

ആ ദാമ്പത്യത്തിന് ആഹ്‍ലാദം സമ്മാനിച്ചു കൊണ്ട് 1967ൽ ഒരു നവാതിഥി എത്തി. തങ്ങളുടെ കടിഞ്ഞൂൽ സന്തതിക്ക് അവർ ജ്യോതിദേവെന്നു നാമകരണം ചെയ്തു. ദേവിന്റെ കൃതികളെപ്പോലെത്തന്നെ മകനും പ്രസിദ്ധനായി. സമൂഹത്തിന്റെ മനസ്സിനെ ചികിത്സിക്കാനിറങ്ങിയ ആ അച്ഛന്റെ മകൻ ആതുരശുശ്രൂഷാ രംഗത്തേക്കാണ് ഇറങ്ങിത്തിരിച്ചത്.ഇന്നു ലോക പ്രശസ്ത  പ്രമേഹരോഗ വിദഗ്ധനായ അദ്ദേഹത്തിനു വൃദ്ധജന പരിചരണ രംഗത്തും പ്രാഗൽഭ്യമുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രഫസാറായിരുന്നകാലത്തുതന്നെ അദ്ദേഹം ഇതിനായി ഒട്ടേറെ പരിശ്രമം നടത്തിയിരുന്നു.  അച്ഛനെപ്പറ്റിയുള്ള മകന്റെ സ്മരണകൾ ഇവിടെ കേൾക്കാം.  . 

നിന്നെഴുതിയ കേശവദേവ്

തിരുവനന്തപുരം നഗരത്തിലെ മനോഹരമായ പ്രദേശമായിരുന്നു മുടവൻമുകൾ . ഇപ്പോൾ നഗര വികസനത്തിൽ മാറിപ്പോയ ഈ പ്രദേശത്തിന്റെ പഴയ ചിത്രം ഓർമിച്ചെടുക്കുക സാധ്യമല്ല. ലക്ഷ്മീനിലയത്തിന്റെ മൂന്നാം നിലയിലാണു ദേവിന്റെ സർഗമണ്ഡപം. ദേവിന്റെ രചനാ രീതികളെപ്പറ്റി അധ്യാപകനും എഴുത്തുകാരനുമായ പ്രഫ. എം.ജി. ശശിഭൂഷൺ പറയുന്നതിങ്ങനെ: ‘ 

p.kesavadev
ലക്ഷ്മീനിലയത്തിൽ സജ്ജീകരിച്ചിരിക്കുന്ന കേശവദേവ് സമ്ൃതികളിൽ നിന്ന്

‘മൂന്നാമത്തെ നിലയിൽ ദേവ് എഴുതാനൊരുങ്ങുമ്പോൾ എതിരെ കരമനയാറു തെളിഞ്ഞ് ഒഴുകുകയായിരിക്കും. ബലിഷ്ടകായനായ അദ്ദേഹം നിന്നുകൊണ്ടാണ് എഴുതിയിരുന്നത്. പേപ്പർ വെയിറ്റുകൾക്കു പകരം കരിങ്കൽ ചീളുകൾ കഴുകി വൃത്തിയാക്കിവച്ചിട്ടുണ്ടാകും. പ്രസംഗിച്ചുകൊണ്ടാണ് എഴുതിയിരുന്നത്. ’

Seethalakshmi-Dev-(1)

ഒരു ഡസനിലേറെ കൃതികൾ അങ്ങനെ പിറവി കൊണ്ടു. അതിൽ കഥയും നോവലും, നാടകങ്ങളും സാമൂഹിക വിമർശനങ്ങളുമൊക്കെയുണ്ടായിരുന്നു.  

ലക്ഷ്മീ നിലയവും സീതാലക്ഷ്മീദേവും

‘ഇടയ്ക്ക് എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയ സാമുദായിക നേതാക്കളുമൊക്കെ വിരുന്നു വരും. തകഴി ശിവശങ്കരപ്പിള്ളയും  പൊൻകുന്നം വർക്കിയും നിത്യ സന്ദർശകരായിരുന്നു.അവരോടു തർക്കിക്കും, വഴക്കു പിടിക്കും, ചിലപ്പോൾ തകഴി ചേട്ടൻ പിണങ്ങി ഇറങ്ങിപ്പോകുന്നതു കാണാം. പിന്നാലെ ചെന്നു വിളിക്കും. തകഴിചേട്ടനെ ഇണക്കേണ്ടതെങ്ങിനെയെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ’ സീതാ ലക്ഷ്മീദേവിന്റെ സ്മരണകളിൽനിന്ന് ഒന്നും മാഞ്ഞു പോയിട്ടില്ല.

p.kesavadev3
ലക്ഷ്മീനിലയത്തിൽ സജ്ജീകരിച്ചിരിക്കുന്ന കേശവദേവ് സമ്ൃതികളിൽ നിന്ന്

ദേവിന്റെ നിത്യകാമുകിയെന്ന വിശേഷണമാണു സീതാ ലക്ഷ്മീദേവിനിഷ്ടം. പൂവും പൊട്ടും മാച്ചു കളയാതെ നിത്യ സുമംഗലിയായ എഴുത്തുകാരി. ദേവിന്റെ നിഴലായി നടന്നവർ. അദ്ദേഹത്തിന്റെ സ്മരണകളുൾപ്പെടെയുള്ള ഒട്ടേറെ പുസ്തകങ്ങൾ അവർ രചിച്ചിട്ടുണ്ട്.  സീതാലക്ഷ്മിയുടെ സാന്നിധ്യം ഓർമിപ്പിക്കുന്നതു കേശവദേവിനെപ്പറ്റി മാത്രമല്ല. കേരളീയ സമൂഹത്തിന്റെ അര നൂറ്റാണ്ടിനെക്കൂടിയാണ്. 

ആലപ്പുഴയിലെ കയർ തൊഴിലാളികളെയും റിക്ഷാത്തൊഴിലാളികളെയും സംഘടിപ്പിച്ചവിപ്ലവകാരിയായ കേശവ ദേവ് സ്നേഹിച്ചിരുന്ന ഇടതുപക്ഷ പ്രസ്ഥാനത്തിൽ വന്ന മാറ്റങ്ങൾ. അതിനോടുള്ള അദ്ദേഹത്തിന്റെ കലഹങ്ങൾ, കലാപങ്ങൾ, ഈ കാഴ്ചകൾക്കൊക്കെ സാക്ഷിയായ ഒരു എഴുത്തുകാരി  ഈ ലക്ഷ്മീ നിലയത്തിൽ ഇപ്പോഴും  എഴുത്തുമായി സജീവമാണ്. തകഴിയുടെ ഭാര്യ കാത്തയും മലയാളത്തിന്റെ പ്രിയപ്പെട്ട കമലാസുരയ്യയുമൊക്കെ വാരിക്കോരി നൽകിയ സ്നേഹവും കരുതലും പറയുമ്പോൾ ആ കണ്ണുകൾ ആർദ്രമാകും.

അയൽക്കാർ എന്ന നോവലിനു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ഇവിടെ താമസിച്ചു തുടങ്ങിയ ശേഷമാണ്. അതിലെ ഓരോ അധ്യായവും തന്നെ വായിച്ചു കേൾപ്പിക്കുമായിരുന്നെന്ന് സീതാലക്ഷ്മി പറയുന്നു.  അവാർഡ് കിട്ടുമെന്ന തന്റെ പ്രവചനം പിൽക്കാലത്തു യാഥാർഥ്യമായതും അവർ ഓർമിച്ചു.  കേരളത്തിലെ കൂട്ടു കുടുംബ വ്യവസ്ഥയുടെയും ജന്മിത്വത്തിന്റെയും തകർച്ചയും അതിനു മുന്നിൽ നിസ്സഹായരായി നിൽക്കുന്ന മനുഷ്യരുടെയും കഥ പറയുന്ന ബ്രഹത്തായ നോവലാണ് അയൽക്കാർ. മകൻ ഡോ.ജ്യോതിദേവ് മരുമകൾ സുനിതാ ജ്യോതിദേവ്, ചെറുമകൻ കൃഷ്ണദേവ് എന്നിവർ അമ്മയ്ക്കൊപ്പം ഇവിടെയാണു താമസം. 

വീടിനെപ്പറ്റിയുള്ള ജ്യോതിദേവിന്റെ സ്മരകൾ ഇങ്ങനെ: 

‘ലക്ഷ്മീനിലയം ഞങ്ങൾക്ക് ഒരു നനുത്ത വികാരമാണ്. ആൾവാസമില്ലാത്ത സ്ഥലമായിരുന്നു അത്. മനോഹരമായ ഒരു കുന്ന്. നിറയെ പക്ഷികളും വൃക്ഷങ്ങളുമൊക്കെയുള്ള സ്ഥലം. അന്ന് ഇവിടെ താമസമാക്കുമ്പോൾ ഒന്നോ രണ്ടോ വീടുകൾ മാത്രമേ ഉണ്ടായിരുന്നു. പെട്ടെന്നു തന്നെ അവിടെ വന്നു താമസമാക്കിയ ഒരു കുടുംബമാണ് വിശ്വനാഥൻ അങ്കിളിന്റെയും ശാന്താ ആന്റിയും. അവരുടെ രണ്ടു മക്കളായിരുന്നു ലാലുചേട്ടനും പ്യാരിചേട്ടനും. ലാലുച്ചേട്ടൻ പിന്നീടു വളർന്നു ലോക പ്രസിദ്ധനായി. അതാണ് മലയാളത്തിലെ മെഗാ സ്റ്റാർ മോഹൻലാൽ. കൗമാരകാലത്ത് മോഹൻലാലും പ്രിയദർശനുമൊക്കെ അവിടത്തെ സ്ഥിരം സന്ദർശകരായിരുന്നു. അച്ഛന്റെ ലൈബ്രറിയിലിൽനിന്നു പുസ്തകമെടുക്കുകയും നാടകത്തിൽ അഭിനയിക്കുകയും ചെയ്യുന്നതൊക്കെ മറക്കാനാകാത്ത ഓർമയാണ്.’

p.kesavadev1
ലക്ഷ്മീനിലയത്തിൽ സജ്ജീകരിച്ചിരിക്കുന്ന കേശവദേവ് സമ്ൃതികളിൽ നിന്ന് അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കളാണിവ

ദേവിന്റെ ലോകം

അര നൂറ്റാണ്ടു പിന്നിട്ടിട്ടും ലക്ഷ്മീനിലയത്തിന്റെ ഘടനയ്ക്കു മാറ്റം വന്നിട്ടില്ല. ഇവിടത്തെ എഴുത്തുമുറി ദേവിന്റെ സ്മരണയ്ക്കു സമർപ്പിരിക്കുകയാണ്. അത് ഒരു മ്യൂസിയം പോലെ സംരക്ഷിച്ചിരിക്കുന്നു. വളരെ പഴയ മാഗസിനുകൾ, വിവിധ വ്യക്തിക‌ളുമായി നടത്തിയ കത്തിടപാടുകൾ, വിശ്രമിച്ചിരുന്ന കട്ടിൽ, വാക്കിങ്ങ് സ്റ്റിക്, കയ്യെഴുത്തു പ്രതികൾ, പുരസ്കാരങ്ങൾ, കൃതികളുടെ മാതൃക, ഇങ്ങനെ വിപുലമായ ഒരു ശേഖരം ഇവിടെയുണ്ട്. ഇതൊക്കെ ഒരു കാലഘട്ടത്തിന്റെ കഥ നമ്മോടു പറയും. 

ഇതു താൽക്കാലിക സംവിധാനമാണ്. വൈകാതെ സമീപത്തുതന്നെയുള്ള കെട്ടിടത്തിലേക്കുമാറ്റും. കരമനയാറിനു തീരത്തു പി. കേശവദേവ് മ്യൂസിയം ഒരുങ്ങുകയാണ്. ‘ദേവിന്റെ ലോകം’ എന്നാണ് ഇതിനു നാമകരണം ചെയ്തിരിക്കുന്നത്. ഇതു സാഹിത്യ മ്യൂസിയം എന്നതിലുപരി സാംസ്ക്കാരികമായ സംവാദങ്ങളും സർഗാത്മകതയും കൈകോർത്ത ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലായിരിക്കും അത്. അദ്ദേഹത്തിന്റെ വിസ്മരിക്കാനാകാത്ത കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും ഇവിടെ അടയാളപ്പെടുത്തും. സംസ്ഥാന സർക്കാരിന്റെകൂടി സഹായത്തോട

യാണ് ഇതു സജ്ജീകരിക്കുന്നത്. പ്രശസ്ത വാസ്തു വിദ്യാ വിദഗ്ധനായ ജി.ശങ്കർ നേതൃത്വം നൽകുന്ന  തിരുവനന്തപുരത്തെ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പാണ് ഇതിന്റെ നിർമാണം ഏറ്റെടുത്തിരിക്കുന്നത്. 

പി.കേശവദേവ് ട്രസ്റ്റാണ് അതിനു ചുക്കാൻ പിടിക്കുന്നത്. 20 വർഷം മുൻപ്  കുടുംബാംഗങ്ങളും ദേവിന്റെ സുഹൃത്തുക്കളും ചേർന്നാണ് ഇതു രൂപീകരിച്ചത്. എല്ലാ വർഷവും ഒരു സാഹിത്യ പുരസ്കാരം നൽകുന്നുണ്ട്. ഭാഷയെ സ്നേഹിക്കുന്നവർക്കുള്ള അംഗീകാരമാണിത്. ആരോഗ്യ ബോധവൽക്കരണത്തിനായി മറ്റൊരു പുരസ്കാരവും നൽന്നുണ്ട് .  ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളാണു ട്രസ്റ്റ് നടത്തുന്നത്.    

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HERITAGE WALK
SHOW MORE
FROM ONMANORAMA