ചരിത്ര വിജ്ഞാനത്തിന്റെ ശേഖരവുമായി കൃഷ്ണപുരം കൊട്ടാരം

krishnapuram-palace4
SHARE

കൃഷ്ണപുരം കൊട്ടാരം ചരിത്ര ഗവേഷകർക്ക് ഇന്നു പാഠപുസ്തകമാണ്. ശാസ്ത്രീയമായി സംവിധാനം ചെയ്ത പുരാവസ്തു മ്യൂസിയമാണിത്. മോഹൻജൊദാരോ കാലത്തെ മനുഷ്യരൂപങ്ങൾ മുതൽ പിൽക്കാലത്തു വികസിച്ച കേരളീയ ശിൽപകല വരെയുള്ളവ ഇവിടെ കാഴ്ചയുടെയും അറിവിന്റെയും വിരുന്നൊരുക്കുന്നു, കൂടുതൽ അന്വേഷണങ്ങൾക്ക് സന്ദർശകരെ പ്രേരിപ്പിക്കുന്നു. ദേശീയപാതയിൽ ഓച്ചിറ –കായംകുളം പാതയിൽ കൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപത്താണ് ഈ കൊട്ടാരം. നാലു നടുമുറ്റങ്ങളോടുകൂടിയ പതിനാറുകെട്ടാണിത്. തിരുവിതാംകൂർ രാജവംശത്തിന്റെ പഴയ തലസ്ഥാനമായിരുന്ന കന്യാകുമാരി ജില്ലയിലെ പദ്മനാഭപുരം കൊട്ടാരത്തിന്റെ മാതൃകയിലാണിത്. ക്ലോക് ടവറിന്റെ അഭാവമാണ് ഈ കെട്ടിടത്തെ പദ്മനാഭപുരം കൊട്ടാരത്തിൽനിന്നു വ്യത്യസ്തമാക്കുന്നത്.

കൃഷ്ണപുരം ക്ഷേത്രത്തിനു സമീപത്തെ തണൽ വിരിച്ച വഴിയരികിലെ ശാന്തതയിലൂടെ മുന്നോട്ടു പോയാൽ കൊട്ടാരത്തിന്റെ മേൽക്കൂരയുടെ വിദൂര ദൃശ്യം കാണാം. അതിനെ വലയം ചെയ്ത വലിയ ഭിത്തി. അതിനോടു ചേർന്ന, ഒരാൾക്കു കടന്നു പോകാൻ മാത്രമുള്ള ചെറിയ പടിപ്പുരവാതിൽ. ടിക്കറ്റെടുത്ത് അകത്തു കയറിയാൽ വിശാലമായ ഉദ്യാനമാണ്. വെള്ളാരങ്കല്ലിൽ തീർത്ത ജലധാര, പുൽത്തകിടി. കരിങ്കല്ലു പാകിയ നടവഴികളിൽ പുല്ലു പിടിപ്പിച്ചിരിക്കുന്നു. നാട്ടുപുഷ്പങ്ങൾ പൂത്തു നിൽക്കുന്നു. ഇനിയുള്ള കാഴ്ചകളിലേക്കു നേരിട്ടു പ്രവേശിക്കാം.

krishnapuram-palace-painting

അഞ്ചൽ പെട്ടി

പൂന്തോട്ടത്തിനു നടുവിലാണ് ശംഖുമുദ്രയുള്ള പഴയ അഞ്ചൽപെട്ടി. ഇംഗ്ലണ്ടിൽനിന്നു കൊണ്ടുവന്ന കാസ്റ്റ് അയൺ ഉപയോഗിച്ചാണിതു നിർമിച്ചിരിക്കുന്നത്. കായംകുളം പൊലീസ് സ്റ്റേഷനു മുന്നിൽ അനാഥമായിക്കിടന്ന പെട്ടിയാണിത്. കാസ്റ്റ് അയണിലുള്ള ഇത്തരം 150 അഞ്ചൽപെട്ടികൾ കേരളത്തിൽ വിവിധ സ്ഥലങ്ങളിലായുണ്ട്.

ചിലതൊക്കെ തപാൽ വകുപ്പ് ഉപയോഗിക്കുന്നു. മറ്റു ചിലത് ഉപയോഗശൂന്യമാണ്. ‌‌പണം, കത്തുകൾ എന്നിവ മേൽവിലാസക്കാർക്ക് എത്തിച്ചു കൊടുക്കാൻ നാട്ടുരാജ്യങ്ങൾ നടത്തിവന്ന പഴയ അഞ്ചൽ സമ്പ്രദായത്തിന്റെ പ്രതീകമാണിത്. അതിനു മുന്നിൽ നിൽക്കുമ്പോൾ, മറന്നുപോയ ഒരു പഴയ ചിത്രം നമുക്ക് ഓർത്തെടുക്കാം; അഞ്ചലോട്ടക്കാർ– ഇന്നത്തെ പോസ്റ്റ്മാന്റെ പഴയ മാതൃക. ശംഖു പതിപ്പിച്ച മണിത്തടിയും മണികെട്ടിയ അരപ്പട്ടയുമായി ഓടിക്കൊണ്ടിരുന്ന അവർ സമൂഹത്തിലെ വാർത്താ വിനിമയക്കാരായിരുന്നു. അഞ്ചൽപെട്ടിക്കും തപാൽ സമ്പ്രദായത്തിനുമൊക്കെ പിൽക്കാലത്തു സംഭവിച്ചതും ഈ രംഗത്ത് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ മാറ്റങ്ങൾ ആലോചിച്ചു മുന്നോട്ടു നടന്നു.

krishnapuram-palace

ബുദ്ധ പ്രതിമ

കേരളത്തിൽ ബുദ്ധമത സംസ്കാരം നിലനിന്നിരുന്നുവെന്നതിന്റെ തെളിവാണ് പല ഭാഗത്തുനിന്നും ലഭിച്ച ബുദ്ധ പ്രതിമകൾ. ആലപ്പുഴ ജില്ലയിലെ കറ്റാനം, ഭരണിക്കാവ്, മാവേലിക്കര ബുദ്ധ ജംക്‌ഷൻ, അമ്പലപ്പുഴയിലെ കരുമാടി, നൂറനാട്, പള്ളിക്കൽ, കൊല്ലം ജില്ലയിലെ മണ്ണടി, കരുനാഗപ്പള്ളി മരുതൂർകുളങ്ങര എന്നിവിടങ്ങളിൽ നിന്നാണിവ കിട്ടിയത്. 

നൂറനാടുനിന്നു കിട്ടിയ പ്രതിമ ഇപ്പോൾ തിരുവനന്തപുരം നേപ്പിയർ മ്യൂസിയത്തിലാണ്. മരുതൂർകുളങ്ങര ക്ഷേത്രത്തിൽനിന്നു കിട്ടിയ വിഗ്രഹമാണ് കൃഷ്ണപുരം കൊട്ടാരത്തിലെ ഉദ്യാനത്തിൽ സ്ഥാപിച്ചിരിക്കുന്നത്. ഏറെക്കാലം കരുനാഗപ്പള്ളി പടനായർ കുളങ്ങര ശിവക്ഷേത്രത്തിനു പുറത്ത് ഒരു മണ്ഡപത്തിലാണ് അതുണ്ടായിരുന്നത്.

krishnapuram-palace3

1935 ലാണ് മരുതൂർക്കുളങ്ങര ക്ഷേത്രക്കുളത്തിൽനിന്ന് പ്രതിമ കിട്ടിയത്. അവിടെനിന്നാണ് പടനായർകുളങ്ങര ക്ഷേത്രത്തിലേക്കു കൊണ്ടുവന്നത്. പിൽക്കാലത്ത് സിവിൽസ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർന്നപ്പോൾ പ്രതിമ കൃഷ്ണപുരത്തേക്കു കൊണ്ടുവന്നു. പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം ക്ഷേത്രം പൊളിച്ചപ്പോൾ പുരാവസ്തുവകുപ്പിനു കൈമാറിയ തടിത്തൂണുകൾ കൊണ്ടു നിർമിച്ച മണ്ഡപത്തിലാണു വിഗ്രഹം സൂക്ഷിച്ചിരിക്കുന്നത്. 1982ൽ ആണ് തൂണുകൾ പുരാവസ്തുവകുപ്പിന്റെ സംരക്ഷണത്തിലായത്.

കൊട്ടാരത്തിലേക്ക്

പുറംകാഴ്ചകളോടു യാത്ര പറഞ്ഞ് കൊട്ടാരക്കെട്ടിനുള്ളിലേക്കു പ്രവേശിക്കുകയാണ്. വീണ്ടും ചെറിയ പൂമുഖം. ആഞ്ഞിലിയിലും തേക്കിലും തീർത്ത വാതിലുകൾ, കോണിപ്പടികൾ, കിളിവാതിലുകൾ, നീണ്ടതും ഇടുങ്ങിയതുമായ ഇടനാഴികൾ, 22 മുറികൾ എന്നിവയുൾപ്പെടുന്നതാണ് ഈ കൊട്ടാരം. നീരാഴിക്കെട്ട്, നെല്ലറ, മടപ്പള്ളി, അടുക്കള, കുളം, കിണർ എന്നിവയാണു താഴത്തെ നിലയിൽ. മന്ത്രശാല, അതിഥിമുറി, ദർബാർഹാൾ, നൃത്തമണ്ഡപം, ശുചിമുറിയുള്ള കിടപ്പുമുറി എന്നിവ മുകളിലത്തെ നിലയിൽ. രണ്ടു നിലകളിലായി ഇപ്പോൾ ചരിത്രം മിഴി തുറക്കുന്നു.

രണ്ടു നിലകളിലായാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. മുകളിലത്തെ നിലയിൽ നാണയ– ആയുധ ഗാലറികളാണ്. താഴത്തെ നിലയിൽ ശിൽപങ്ങളും മറ്റു പുരാവസ്തുക്കളും. നാണയ ഗാലറിയിൽ പഴയ തിരുവിതാംകൂർ, റോം, ബ്രിട്ടിഷ് നാണയങ്ങളുടെ വിപുലമായ ശേഖരമുണ്ട്. ഇതിനു പുറമേ അളവുതൂക്ക വസ്തുക്കളും. ശംഖ്, നെല്ല്, മഞ്ചാടി, തോല തുടങ്ങിയ അളവ് ഉപകരണങ്ങളുടെ പരിണാമവും ചരിത്രവും ഇവിടെ കണ്ടറിയാം. 

ഓച്ചിറ നിധി

നാണയങ്ങളിൽ ഒരു വിഭാഗം ഓച്ചിറ നിധിയിൽ കണ്ടെടുത്ത ബ്രിട്ടിഷ് വെള്ളി നാണയങ്ങളാണ്. ഓച്ചിറ വവ്വാക്കാവിനു സമീപത്തെ ഒരു സ്വകാര്യ വസ്തുവിൽ മണ്ണു നീക്കിയപ്പോൾ കിട്ടിയ നിധികുംഭമാണ് ഓച്ചിറ നിധിയെന്ന് അറിയപ്പെടുന്നത്. നിധികുംഭം കിട്ടിയവർ ആദ്യം ഒരു കള്ളുഷാപ്പിലേക്കാണത്രേ പോയത്. അവിടെവച്ചുണ്ടായ തർക്കത്തിലൂടെയാണ് ഇതേപ്പറ്റി പുറംലോകം അറിഞ്ഞത്. വൈകാതെ പൊലീസും റവന്യൂ വകുപ്പുമെത്തി അതു സർക്കാരിലേക്കു മുതൽകൂട്ടി. 2000 ൽ ആയിരുന്നു സംഭവം.

1856ൽ പുറത്തിറക്കിയ ബ്രിട്ടിഷ് വെള്ളിനാണയങ്ങളിൽ വിക്ടോറിയ രാജ്ഞി, കിങ് ജോർജ് എന്നിവരുടെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. ഒരു ചക്രത്തിന്റെ രാശിപ്പണമാണത്.  2872 ചക്രമാണ് അന്നത്തെ ഒരു രൂപ. സാധാരണക്കാരന് അന്ന് അരച്ചക്രമേ ഉപയോഗിക്കാൻ അധികാരമുണ്ടായിരുന്നുള്ളൂ. റവന്യൂവകുപ്പിനു നിധികുംഭത്തിൽനിന്നു കിട്ടിയത് 500 നാണയങ്ങൾ മാത്രമാണ്. ബാക്കിയുള്ളവ സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയിരിക്കാനാണു സാധ്യതയെന്നു കരുതുന്നു.

krishnapuram-palace2

വിശാഖം തിരുനാളിന്റെ വാൾ

ആയുധ ഗാലറിയിൽ വിവിധതരം ആയുധങ്ങൾ, കൈവിലങ്ങുകൾ, പീരങ്കിയുണ്ടകൾ, പഴയകാല തോക്കുകൾ എന്നിവയാണുള്ളത്. തിരുവിതാംകൂർ മഹാരാജാവായിരുന്ന വിശാഖം തിരുനാളിന്റെ വെള്ളിവാൾ പ്രാധാന്യത്തോടെ സൂക്ഷിച്ചിരിക്കുന്നു. കേരളത്തിൽ പുരാതന ലിപികളെക്കുറിച്ചുള്ള പഠനം ആദ്യമായി പ്രോത്സാഹിപ്പിച്ചത് അദ്ദേഹമായിരുന്നു, വർക്കലയിലെ ഡച്ച് മണിയിലെ ലിഖിതത്തെപ്പറ്റി അന്ന് ഏഷ്യാറ്റിക് സൊസൈറ്റി ജേണലിൽ അദ്ദേഹം എഴുതിയിരുന്നു.

പുരാവസ്തു പഠനത്തിനു തുടക്കം കുറിക്കാൻ അദ്ദേഹത്തിന്റെ പരിശ്രമങ്ങൾക്കു കഴിഞ്ഞു. അതു പരിഗണിച്ച് പുരാവസ്തു മ്യൂസിയങ്ങളിൽ വിശാഖം തിരുനാളിന്റെ സ്മരണ നിലനിർത്താൻ ശ്രമിക്കാറുണ്ട്. ഇപ്പോഴത്തെ തിരുവിതാംകൂർ രാജകുടുംബം കൈമാറിയതാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്ന വെള്ളി വാൾ. ആയുധ ഗ്യാലറിയിലുള്ള മറ്റൊന്ന് വലിയ ദിവാൻജി എന്നറിയപ്പെടുന്ന രാജാകേശവദാസിന്റെ പരിചയാണ്. തോലുകൊണ്ടു നിർമിച്ചതാണിവിടെ സൂക്ഷിച്ചിരിക്കുന്നത്. ഔദ്യോഗിക വേഷത്തോടൊപ്പം അണിഞ്ഞിരുന്നതാണിത്. യുദ്ധങ്ങൾക്ക് ലോഹ നിർമിത പരിചയാണ് ഉപയോഗിക്കുന്നത്

കായംകുളം വാൾ

ഇരുതല മൂർച്ചയുള്ള വാളാണ് കായംകുളം വാൾ. പഴയ കായംകുളം രാജ്യത്തെയും രാജകുടുംബത്തെയും അനുസ്മരിപ്പിക്കുന്നതാണിത്. ഇവിടെ സൂക്ഷിച്ചിരിക്കുന്ന വാളുകൾ കായംകുളം രാജ്യത്തെ കളരികളിൽ ഉപയോഗിച്ചിരുന്നതാണ്. 56 കളരികളാണ് ഉണ്ടായിരുന്നത്. ഓരോന്നിലും 300 പേർ വീതം. അതിൽ 5 മുതൽ 10 വരെ ചാവേറുകളാണ്.

വിചിത്രവേഷം ധരിച്ച ധീരരായ ഈ സൈനികരാണ് രാജ്യത്തെ സംരക്ഷിച്ചിരുന്നത്. അവരെ കുണ്ടണി പട്ടാളമെന്നാണു വിളിച്ചിരുന്നത്. ഇരുതല മൂർച്ചയുള്ള വാളുകൾ ആയിരുന്നു അവർക്കു നൽകിയിരുന്നത്. കായംകുളം തിരുവിതാംകൂറിന്റെ ഭാഗമായ ശേഷം ഈ ആയുധങ്ങൾ പദ്മനാഭപുരം കൊട്ടാരത്തിലാണു സൂക്ഷിച്ചിരുന്നത്. അതു വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് കായംകുളം എംഎൽഎ ആയിരുന്ന ജി. സുധാകരൻ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. തുടർന്നു മന്ത്രി ടി.കെ. രാമകൃഷ്ണൻ ഇടപെട്ടാണ് അത് പദ്മനാഭപുരം കൊട്ടാരത്തിൽനിന്നു ശേഖരിച്ചത്.

ഗജേന്ദ്ര മോക്ഷം ചുവർചിത്രവും ശിൽപങ്ങളും

കേരളത്തിൽ കണ്ടെടുത്തതിൽ വച്ച് ഏറ്റവും വിപുലമായ കാൻവാസിലുള്ള ചിത്രമെന്ന് അറിയപ്പെടുന്നതാണ് ഇവിടത്തെ തേവാരപ്പുരയുടെ ചുവരിലുള്ള ഗജേന്ദ്രമോക്ഷം ചുവർചിത്രം. 1750-56 കാലത്താണ് ഈ ചുവർചിത്രം വരച്ചതെന്ന് ചരിത്രകാരൻ എം.ജി.ശശിഭൂഷൺ പറഞ്ഞു.  സമീപത്തെ കുളത്തിൽ കുളിച്ചു വരുന്ന രാജാക്കന്മാർ ഇവിടെ പ്രാർഥനാ നിരതരാകുമായിരുന്നത്രേ.

ഭാഗവതത്തിലെ ഗജേന്ദ്രമോക്ഷം കഥയുടെ പൂർണ പകർപ്പായ ഈ ചിത്രത്തിന് കാലത്തിന്റെ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും കാര്യമായ പരുക്കുകളില്ല. സമീപകാലത്ത് ലക്നൗവിലെ റീജനൽ റിസർച് ലബോറട്ടറിയിൽ നിന്നെത്തിയ സംഘം ഇതിന്റെ ഗുണമേന്മ പരിശോധിച്ച് തൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇവിടെയുള്ള അഷ്ടലക്ഷ്മി, വേണുഗോപാല ചിത്രങ്ങൾക്കു ചെറിയ തകരാറുകൾ ഉണ്ട്. അതു പരിഹരിക്കാനുള്ള നടപടി തുടങ്ങി. ചിത്രത്തിനു സമീപത്തുതന്നെ ഒരു വേണുഗോപാല വിഗ്രഹവുമുണ്ട്.

ലോഹത്തിലും കല്ലിലും തീർത്ത ശിൽപങ്ങളുടെ വിപുലമായ ശേഖരമുണ്ടിവിടെ. പല ഭാഗത്തുനിന്നും ശേഖരിച്ച ഇവ കേരളത്തിന്റെ പരിച്ഛേദമാണ്. സംസ്കൃതത്തിൽ പരിഭാഷ ചെയ്ത ബൈബിളും പ്രദർശനത്തിലുണ്ട്.

ചരിത്രം

ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവ് അനിഴം തിരുനാൾ മാർത്താണ്ഡവർമയുടെ കാലത്താണ് കൃഷ്ണപുരം കൊട്ടാരത്തിന്റെ പണി തുടങ്ങിയത്. അദ്ദേഹത്തിന്റെ പ്രധാന സചിവനായ രാമയ്യൻ ദളവയുടെ പ്രത്യേക താൽപര്യത്തിലാണത്. രാമയ്യൻ ദളവ അക്കാലത്ത് മാവേലിക്കരയിൽ താമസിച്ചാണ് സൈനിക കാര്യങ്ങളുൾപ്പെടെ കൈകാര്യം ചെയ്തിരുന്നത്. പദ്മനാഭപുരം തലസ്ഥാനവും അനന്തപുരം, കൃഷ്ണപുരം എന്നീ രണ്ട് ജില്ലാ ആസ്ഥാനങ്ങളുമായിരുന്നു മാർത്താണ്ഡവർമയുടെ മനസ്സിൽ. 

അതിനു മുൻപ് ഓടനാട് രാജാക്കന്മാരെന്നറിയപ്പെട്ടിരുന്ന കായംകുളം രാജവംശമായിരുന്നു ഇവിടെ താമസിച്ചിരുന്നത്. മാർത്താണ്ഡവർമയോടു പൊരുതിത്തോറ്റ കായംകുളം രാജവംശം പിന്നീടു തിരോധാനം ചെയ്തു. ആ കൊട്ടാരമാണ് രാമയ്യൻ ദളവ പുതുക്കിപ്പണിതത്. എന്നാൽ അതു പൂർത്തിയാക്കാൻ ദളവയ്ക്കോ മാർത്താണ്ഡവർമയ്ക്കോ കഴിഞ്ഞില്ല. അതിനു മുൻപ് അവർ കാലയവനികയിൽ മറഞ്ഞു. പിന്നീടു വന്ന അയ്യപ്പൻ മാർത്താണ്ഡപ്പിള്ളയെന്ന ദിവാനാണിതു പൂർത്തിയാക്കിയത്. 

അപ്പോഴേക്കും കാർത്തിക തിരുനാൾ രാമവർമ രാജാവിന്റെ കാലമായി. തിരുവിതാംകൂറിന്റെ ആസ്ഥാനം അദ്ദേഹം തിരുവനന്തപുരത്തേക്കു മാറ്റി. കൃഷ്ണപുരം ഒഴിവുകാല വസതിയായി. ടിപ്പുവിന്റെ പടയോട്ടകാലത്ത്  കോലത്തു നാട്ടിൽ നിന്നുൾപ്പെടെ അഭയം തേടിവന്നവർക്ക് അദ്ദേഹം താമസ സൗകര്യമൊരുക്കിയത് ഇവിടെയായിരുന്നു. അക്കൂട്ടത്തിൽ വന്ന വിദുഷിയായ മനോരമത്തമ്പുരാട്ടിയെ സമീപത്തെ എണ്ണയ്ക്കാട് കൊട്ടാരത്തിലാണു താമസിപ്പിച്ചത്.

ധർമരാജാവെന്നറിയപ്പെട്ട കാർത്തിക തിരുനാളും മനോരമത്തമ്പുരാട്ടിയുമായി ധൈഷണിക ബന്ധമുണ്ടായിരുന്നു. മടങ്ങിപ്പോകുന്നതുവരെ, അവർ ഇവിടെ നടന്ന പല ദർബാറുകളിലും പങ്കെടുത്തിരുന്നുവത്രേ. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ 4 വരെ കൊട്ടാരം സന്ദർശിക്കാമെന്ന് ചാർജ് ഓഫിസർ കെ.ഹരികുമാർ പറഞ്ഞു.മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 5 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഫൊട്ടോഗ്രഫി വീഡിയോഗ്രഫി എന്നിവയ്ക്ക് പ്രത്യേക നിരക്കാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HERITAGE WALK
SHOW MORE
FROM ONMANORAMA