പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ആചാര പ്രൗഡിയിൽ അൽപശി ആഘോഷം

trivandrum-sree-padmanabhaswamy-temple
SHARE

തിരുവനന്തപുരത്തെ ഉത്സവങ്ങൾക്കു തുടക്കമാവുകയാണ്. ദേശത്തിന്റെ അധിപനായ പദ്മനാഭപ്പെരുമാളുടെ ആറാട്ടാഘോഷങ്ങളോടെയാണിത്, ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടു നടക്കുന്ന അൽപശി പൈങ്കുനി ആഘോഷങ്ങൾക്കിടയ്ക്കാണ് ചെറുതും വലുതുമായ എല്ലാ ഉത്സവങ്ങളും നടക്കുന്നത്. മീനമാസത്തെ പ്രൗഡമായ പൈങ്കുനി ഉത്സവത്തിനു കൊടിയിറങ്ങുമ്പോൾ ചില പഴമക്കാർ ആത്മഗതം ചെയ്യുന്നതു കേട്ടിട്ടുണ്ട്. ‘അങ്ങനെ ഉത്സവങ്ങളെല്ലാം കഴിഞ്ഞു.’കാലത്തിന് ഈ സങ്കൽപങ്ങളിൽ നേരിയ മാറ്റങ്ങൾ മാത്രമേ വരുത്താൻ കഴിഞ്ഞിട്ടുള്ളൂ. അപൂർവം ചില ഉത്സവങ്ങൾ മാത്രമാണ് പൈങ്കുനി ഉത്സവത്തിനു ശേഷം നടക്കുക.അൽപശി ഉത്സവത്തിന്റെ കാഴ്ചകളിലേക്കാണ് ഇത്തവണത്തെ പൈതൃക യാത്ര.

അൽപശി ഉത്സവം

തുലാം മാസത്തിലെ അത്തത്തിനു കൊടിയേറി തിരുവോണത്തിന് ആറാട്ടു നടക്കുന്ന വിധത്തിലാണ് അൽപശി ഉത്സവം ക്രമീകരിച്ചിരിക്കുന്നത്. നവംബർ 4നാണ് ഇത്തവണത്തെ അൽപശി ആറാട്ട്. അതിനു മുന്നോടിയായ വലിയ കാണിക്ക രണ്ടാം തീയതിയും പള്ളിവേട്ട മൂന്നിനും നടക്കും. പണ്ടൊക്കെ ദീപാവലി കുളിച്ചു കൊടിയേറുകയെന്ന സങ്കൽപമുണ്ടായിരുന്നു. ദീപാവലിയുമായി അടുത്താണ് ഇവിടെ ഉത്സവം ആരംഭിക്കുന്നത്. പത്തു ദിവസം നീളുന്ന ആഘോഷമായ ശിവേലിയുടെ തുടർച്ചയായിട്ടാണ് ആറാട്ടു ഘോഷയാത്ര പുറപ്പെടുന്നത്.

പുഷ്പാഞ്ജലിസ്വാമിയാരുടെ സാന്നിധ്യത്തിൽ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ തിരുവാമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപത്തു ചേരുന്ന എട്ടരയോഗത്തിൽവച്ചു തിരുവിതാംകൂർ മഹാരാജാവിന് ഉത്സവ നടത്തിപ്പിന്റെ ചുമതല നൽകുന്ന അനുജ്ഞ ചടങ്ങോടെ ആഘോഷത്തിന്റെ പ്രധാന ചടങ്ങുകൾക്കു തുടക്കമാവുക  ഇപ്പോൾ തിരുവിതാംകൂർ രാജകുടുംബത്തിലെ മുതിർന്ന പുരുഷനാണ് ആ സ്ഥാനത്തുള്ളത്. തൃശൂർ തെക്കേമഠം മൂപ്പിൽ സ്വാമിയാർക്കും മുഞ്ചിറമഠാധിപതിക്കുമാണ് പുഷ്പാഞ്ജലി സ്വാമിയാർ പദവിയുള്ളത്. ആറുമാസം വീതമാണിവരുടെ കാലാവധി. ഇത്തവണ മുഞ്ചിറ മഠത്തിലെ നീലകണ്ഠ ഭാരതിയാരുടെ സാന്നിധ്യത്തിലാണ് അനുജ്ഞ ചടങ്ങു നടന്നത്. തുടർന്ന് ദ്രവ്യകലശം നടന്നു. അതിനു മുളയിയാനുള്ള മണ്ണും വെള്ളവും പടിഞ്ഞാറെ നടയിലുള്ള മിത്രാനന്ദപുരം ക്ഷേത്രത്തിൽ നിന്നു സ്വർണപാത്രത്തിൽ ആഘോഷമായി സംഭരിച്ചു കൊണ്ടുവന്നു. മണ്ണു നീരു കോരൽ എന്ന പേരിലാണത് അറിയപ്പെടുന്നത്. പിന്നീട് ക്ഷേത്ര തന്ത്രി തരണനല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമിത്വത്തിൽ നടന്ന കൊടിയേറ്റോടെ പത്തു ദിവസത്തെ ഉത്സവത്തിനു തുടക്കമായി. 

Padmanabha-Swamy-Temple

ശിവേലി

ആറാട്ടുത്സവകാലത്തെ പ്രധാന ചടങ്ങുകളിലൊന്ന് പത്തു ദിവസത്തെ ശിവേലിയാണ്. പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ശിവേലിപ്പുരയിലാണിതു നടക്കുക. പദ്മനാഭൻ, ശ്രീകൃഷ്ണൻ, നരസിംഹമൂർത്തി എന്നീ ദേവന്മാർ ശിവേലിപ്പുരയ്ക്കു ചുറ്റും നടത്തുന്ന പ്രദക്ഷിണമാണിത്.പൂക്കൾകൊണ്ട് അലങ്കരിച്ച പല്ലക്കുപോലത്തെ വാഹനങ്ങളിലാണിവരുടെ എഴുന്നള്ളത്തു നടക്കുക. ഇതിനു തിരുവിതാംകൂർ മഹാരാജാവ് അകമ്പടി സേവിക്കും. ഇപ്പോൾ തിരുവിതാംകൂർ രാജകുടുംബത്തിലെ മൂലം തിരുനാൾ രാമവർമയാണ് ആ ചുമതല നിറവേറ്റുന്നത്.

വൈകിട്ട് 4.30നും രാത്രി 8.30നുമാണു ശിവേലി. ഒന്നാം ഉത്സവ ദിവസം രാത്രി ശിവേലി മാത്രമേയുള്ളൂ. ശിവേലി വിഗ്രഹങ്ങളിൽ ശ്രീപദ്മനാഭന്റേതു സ്വർണം പൊതിഞ്ഞതാണ്. മറ്റുള്ളവ വെള്ളിയിലും. വിഗ്രഹങ്ങളിൽ പനിനീരുതളിക്കലും ദീപാരാധനയും ഇതോടൊപ്പം നടക്കാറുണ്ട്. പനിനീരു തളിക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ സ്വർണ നിർമിതമാണ്. ഓരോ ദിവസവും വിഗ്രഹങ്ങൾ എഴുന്നള്ളിക്കുന്ന വാഹനങ്ങൾക്കു പ്രത്യേകമായ ക്രമമുണ്ട്. അത് ഇപ്രകാരമാണ്. 

ഒന്നാം ദിവസം– സിംഹാസന വാഹനം,  അനന്തവാഹനം, കമലവാഹനം, പല്ലക്കു വാഹനം, ഗരുഡവാഹനം, ഇന്ദ്രവാഹനം, പല്ലക്കുവാഹനം, എന്നിവയിലാണ് ആദ്യത്തെ ഏഴു ദിവസങ്ങളിൽ എഴുന്നള്ളിക്കുക. 

Sree-Padmanabha-Swamy-Temple

അവസാന ദിവസങ്ങളിൽ ഗരുഡവാഹനമാണ്, ഭഗവാന്റെ ഇഷ്ടവാഹനമായിട്ടാണു ഇതിനെ കരുതുന്നത്. ഏറ്റവും ഭാരം കുറഞ്ഞതും ഇതാണ്.ഇന്ദ്രവാഹനത്തിനാണു ഭാരക്കൂടുതൽ. ബ്രാഹ്മണ പുരോഹിതന്മാരാണ് ഇവ ചുമലിലേറ്റുന്നത്. ഇവർക്കൊപ്പം ഗായക സംഘവുമുണ്ടാകും.വിഗ്രഹങ്ങൾ നേരത്തെ ആനപ്പുറത്ത് എഴുന്നള്ളിച്ചിരുന്നത്രേ. അനിഴം തിരുനാൾ മാർത്താണ്ഡവർമയുടെ കാലത്ത് ഒരു ആന ഇടഞ്ഞതെത്തുടർന്ന് അദ്ദേഹം അത് അവസാനിപ്പിക്കുകയായിരുന്നു. ശത്രുക്കളുടെ ഗൂഡാലോചനയായിരുന്നത്രേ ആനയുടെ രൂപത്തിൽ പ്രത്യക്ഷമായത്. എങ്കിലും നഗരാവ് എന്ന വാദ്യവുമായി ക്ഷേത്രം വക ആന ശിവേലിയ്ക്ക് അകമ്പടിയാകാറുണ്ട്.

ഒരു അൽപശി ഉത്സവക്കാലത്ത് കനത്ത മഴയിൽ  ശിവേലി ഘോഷയാത്ര നനഞ്ഞു. അടുത്ത ഉത്സവത്തിനു മുൻപ് മേൽക്കൂര നിർമിക്കാമെന്ന് മാർത്താണ്ഡ വർമ പ്രഖ്യാപിക്കുകയായിരുന്നു.  അത് യാഥാർഥ്യമാക്കാൻ അദ്ദേഹത്തിനായി. നാലായിരം വിദഗ്ധ ശിൽപികളുടെയും ആറായിരം പണിക്കാരുടെയും നൂറ് ആനകളുടെയും സഹായത്തോടെയാണിതു പൂർത്തിയാക്കിയത്. 

കരിങ്കല്ലിൽ കൊത്തിയ അനേകമനേകം ശിൽപങ്ങളുടെ വിരുന്നു കൂടിയാണിത്. അഞ്ജാതരായ ഏതൊക്കെയോ ശിൽപികളുടെ കാഴ്ചകൾ, ഭാവനകൾ, ഏകാന്തതകൾ, സ്വപ്നങ്ങൾ, മോഹങ്ങൾ മോഹ ഭംഗങ്ങൾ, ഭക്തി വിഭക്തികൾ എന്നിവയുടെയൊക്കെ സ്മാരകം കൂടിയാണ് കല്ലിൽ കൊത്തിയ ഈ മഹാകാവ്യം.  

Sree Padmanabha Swamy Temple

അനന്ത പദ്മനാഭൻ മൂത്താശാരിയുടെ നേതൃത്വത്തിലാണിതു പൂർത്തിയാക്കിയത്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ശിൽപം കിഴക്കേ നടയിലുണ്ട്. ശിവേലി എഴുന്നള്ളത്തു കിഴക്കേ നടയിലെത്തുമ്പോൾ ദീപാരാധന നടക്കാറുണ്ട്. അതു ദർശിക്കാൻ തിരുവിതാംകൂർ രാജാക്കന്മാർക്കു നിശ്ചിതമായ ഒരിടമുണ്ട്. അവിടെ നിൽക്കുന്ന ശിൽപിക്ക്  ഇടതു കണ്ണുകൊണ്ടു ഭഗവാനെയും വലതുകണ്ണു കൊണ്ടു മഹാരാജാവിനെയും ഒരേ സമയം കാണാൻ കഴിയുന്ന വിധത്തിലാണ് ഈ ശിൽപം. 

വലിയ കാണിക്ക

എട്ടാം ഉത്സവ ദിവസമാണ് വലിയ കാണിക്ക നടക്കുന്നത്. രാത്രി ശിവേലിയോടനുബന്ധിച്ചാണിതു നടക്കുക. അതിൽ പുഷ്പാഞ്ജലി സ്വാമിയാരും പങ്കെടുക്കും. അദ്ദേഹം ആദ്യത്തെ കാണിക്ക സമർപ്പണം നടത്തും. തുടർന്ന് മഹാരാജാവ് ( തിരുവിതംകൂർ രാജകുടുംബത്തിലെ കാരണവർ) പിന്നാലെ ഭക്ത ജനങ്ങളും കാണിക്കയർപ്പിക്കും.

പള്ളിവേട്ട

ഒൻപതാം ഉത്സവ ദിവസമാണു പള്ളിവേട്ട. അധർമത്തിനെ വേട്ടയാടാൻ ദേശദേവനായ ശ്രീപദ്മനാഭൻ ആയുധപാണിയായി എഴുന്നള്ളുന്നുവെന്നാണു വിശ്വാസം. പടിഞ്ഞാറേ നടയ്ക്കു സമീപത്തെ വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിനു മുന്നിൽഇലഞ്ഞിമരക്കൊമ്പുകൾ കൊണ്ടു താൽക്കാലികമായി നിർമിച്ച പച്ചിലക്കാടാണു വേട്ടപന്തൽ. അതിനു നടുവിൽ പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച പീഠത്തിൽ പൊതിക്കാത്ത പച്ച നാളികേരം വയ്ക്കുന്നു. അത് അധർമത്തിന്റെ പ്രതീകമാണെന്നാണു സങ്കൽപം. അതിലേക്ക് ഭഗവാൻ തന്റെ പ്രിതിനിധിയായ മഹാരാജാവിനെക്കൊണ്ട് അമ്പെയ്യിക്കുന്നു. അതോടെ ധർമം പുലരുമെന്നാണു വിശ്വാസം. 

നൂറ്റാണ്ടുകൾക്കു മുൻപ് അനിഴം തിരുനാൾ മാർത്താണ്ഡ വർമയ്ക്കു നേരെ ഈ സ്ഥലത്തുവച്ച് ഒരു വധശ്രമം നടന്നിരുന്നു. അദ്ദേഹം അദ്ഭുതകരമായി രക്ഷപ്പെട്ടതിനു പിന്നിൽ ഈശ്വരാനുഗ്രഹമാണെന്നാണു വിശ്വാസം.  അവിടേക്കാണു പള്ളിവേട്ടയ്ക്കു ശിവേലി വിഗ്രഹങ്ങൾ എഴുന്നള്ളിക്കുന്നത്. 

ക്ഷേത്രത്തിലെ ആന ആദ്യം പോകും. പിന്നാലെ പതാകകൾ, സായുധ പൊലീസ്, അശ്വാരൂഡ സേന, മുതിർന്ന റവന്യു ഉദ്യോഗസ്ഥർ, ക്ഷേത്രം മേലധികാരികൾ, മറ്റു ജീവനക്കാർ എന്നിവർ നിശ്ചിത ക്രമത്തിൽ മുന്നോട്ടു നീങ്ങും. 

പിന്നാലെ ശിവേലി വിഗ്രഹങ്ങളുടെ വരവായി. തിരുവിതാംകൂർ മഹാരാജാവിന്റെ സ്ഥാനത്തുള്ളയാൾ അതിനെ അനുഗമിക്കും. അദ്ദേഹത്തിന്റെ ഇരുവശങ്ങളിലുമായി രാജകുടുംബത്തിലെ ആയുധ ധാരികളായ പുരുഷന്മാർ, കോയിത്തമ്പുരാക്കന്മാർ, മറ്റു ക്ഷത്രിയന്മാർ കൊട്ടാരത്തിലെ ഉദ്യോഗസ്ഥന്മാർ, പീരങ്കിപ്പട, കുന്തക്കാർ, വാളും പരിചയും കൈയിലുള്ള നായർ സൈനികർ എന്നിവരെല്ലാം ഇരുവശത്തുമായി അകമ്പടി സേവിക്കും. ക്ഷേത്ര തന്ത്രി വേട്ടമണ്ഡപത്തിൽ രാജാവിനെ കാത്തു നിൽക്കുന്നുണ്ടാകും. കത്തിച്ചു പിടിച്ച അനേകം തീവെട്ടികൾ ഘോഷയാത്രയ്ക്കു ചന്തം ചാർത്തും. 

അമ്പും വില്ലും ധരിച്ച രൂപത്തിലായിരിക്കും വേട്ടയ്ക്കെഴുന്നള്ളുന്ന പദ്മനാഭ സ്വാമി വിഗ്രഹം. ശ്രീകൃഷ്ണ– നരസിംഹ വിഗ്രഹങ്ങവും ഒപ്പ മുണ്ടാകും. 

വേട്ടപന്തലിനു സമീപം അമ്പും വില്ലുമായി ഒരു ഉദ്യോഗസ്ഥമനുണ്ടാകും. ആനവാൾ എന്നാണറിയപ്പെടുന്നത്. ഘോഷയാത്ര എത്തിക്കഴിയുമ്പോൾ അദ്ദേഹം  അമ്പും വില്ലും തന്ത്രിക്കു കൈമാറും. തന്ത്രി പ്രത്യേക പൂജകൾക്കു ശേഷം ദേവ ചൈതന്യം ആവാഹിച്ച ആയുധം രാജാവിനു നൽകും. രാജാവ് പദ്മനാഭനു വേണ്ടി പ്രാർഥനകളോടെ നാളികേരത്തിൽ അമ്പെയ്യും. അതുവരെയുള്ള ചടങ്ങുകൾക്കു കനത്ത നിശബ്ദതയാണു പശ്ചാത്തലമാവുക. പെട്ടെന്നു രാത്രിയുടെ നിശബ്ദതയെ ഭഞ്ജിച്ച് ശംഖുമുഴങ്ങും ധർമ സ്ഥാപനത്തിന്റെ പ്രതീകമായി വാദ്യഘോഷങ്ങൾ ഉയരും. നാരായണ മന്ത്രങ്ങൾ നിറയും. ഘോഷയാത്ര തിരിച്ചു പോവുകയായി. വടക്കേ നടയിലൂടെ ക്ഷേത്രത്തിലേക്ക്. ഭക്തജനങ്ങൾ പച്ചിലക്കാടിനെ ലക്ഷ്യമിട്ടു നീങ്ങും. നിമിഷ നേരം കൊണ്ട് കാട് അപ്രത്യക്ഷമാകും. ഇലഞ്ഞി ഇലകൾ വീട്ടിൽ സൂക്ഷിക്കുന്നത് ഐശ്വരായദായകമാണെന്നാണു വിശ്വാസം.  

ആറാട്ട്

ഉത്സവത്തിന്റെ അവസാഘട്ടത്തിലേക്കു നീങ്ങുകയാണ്. തിരുവനന്തപുരത്തിന്റെ ദേശീയോത്സവം പ്രമാണിച്ച് മൂന്നു മണിക്കു ശേഷം സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും അവധി നൽകുന്ന പതിവുണ്ട്. ലളിതവും പ്രൗഡവുമായ ഘോഷയാത്രയാണ് ആറാട്ട്. പദ്മനാഭ സ്വാമി ക്ഷേത്രം മുതൽ ശംഖുമുഖം കടൽത്തീരംവരെയുള്ള ആറു കിലോമീറ്റർ ദൂരം വീഥിക്കിരുവശത്തുമായി ഘോഷയാത്ര ദർശിക്കാൻ വൻ ജനാവലി അണിനിരക്കാറുണ്ട്. 

alpashi-festival1

പള്ളിവേട്ടയ്ക്കെന്നപോലെ ക്ഷേത്രംവക ആനയാണ് അദ്യം നീങ്ങുക. പിന്നാലെ ഒരു ആനപ്പുറത്ത് പച്ച നിറത്തിലുള്ള  വലിയൊരു കൊടി എഴുന്നള്ളിക്കും. ധർമരാജാവെന്നറിയപ്പെട്ടിരുന്ന കാർത്തികതിരുനാൾ രാമവർമ മഹാരാജാവിന്റെ കാലത്ത് നെടുങ്കോട്ടയിൽവച്ചു ദിവാൻ രാജാ കേശവദാസിന്റെ നേതൃത്വത്തിലുള്ള തിരുവിതാംകൂർ സൈന്യം ടിപ്പുസുൽത്താന്റെ സൈന്യത്തെ പിന്തിരിപ്പിച്ചപ്പോൾ പിടിച്ചെടുത്തതാണിത്. തിരുവിതാംകൂർ സൈന്യത്തിന്റെ ധീരതയുടെ പ്രതീകമായിട്ടാണിത് ആറാട്ടു ഘോഷയാത്രയിൽ പ്രദർശിപ്പിക്കുന്നത്. പിന്നാലെ സായുധ സൈന്യം, അശ്വാരൂഡ സേന, പഴയ തിരുവിതാംകൂർ സൈന്യത്തിലെ കുന്തക്കാർ കോൽക്കാർ, പീരങ്കിപ്പടയാളികൾ, വാളും പരിചയും ധരിച്ച നായർ സൈനികർ മുതിർന്ന ഉദ്യോഗസ്ഥർ ക്ഷേത്രം മേലധികാരികൾ എന്നിവർ മുൻനിരയിലുണ്ടാവും. 

പിന്നാല ഗരുഡവാഹനത്തിൽ ശ്രീപദ്മനാഭൻ, ശ്രീകൃഷ്ണൻ, നരസിംഹ സ്വാമി എന്നീ വിഗ്രഹങ്ങൾ എഴുന്നള്ളിക്കും. തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം, പാൽക്കുളങ്ങര ചെറിയ ഉദയേശ്വരം, മുട്ടത്തറ വടുവൊത്ത ക്ഷേത്രം, അര കത്ത് ക്ഷേത്രം എന്നിവിടങ്ങളിലെ ദേവന്മാരും ആനപ്പുറത്തും അൽപശി ആറാട്ടിനെ അനുഗമിക്കാറുണ്ട്. വിഗ്രഹങ്ങൾക്ക് തിരുവിതാംകൂർ രാജകുടുംബത്തിലെ പുരുഷന്മാർ, കോയിത്തമ്പുരാക്കന്മാർ, കൊട്ടാരം ഉദ്യോഗസ്ഥർ എന്നിവർ അകമ്പടിയാവും. അവരുടെ മധ്യത്തിൽ തിരുവിതാംകൂർ മഹാരാജാവിന്റെ സ്ഥാനത്തുള്ളയാൾ പച്ചത്തൊപ്പിയും പച്ചരത്നക്കല്ലു പതിച്ച മാലയും ധരിച്ച് ഉടവാളേന്തി നീങ്ങും. 

അഞ്ച് പൗണ്ട് തൂക്കംവരുന്ന ഈ ഉടവാൾ അനിഴം തിരുനാൾ മാർത്താണ്ഡ വർമ രാജ്യം പദ്മനാഭന് അടിയറവച്ചു നടത്തിയ തൃപ്പടിദാന പ്രഖ്യാപനത്തോടൊപ്പം സമർപ്പിച്ചതാണ്. ഇതു രാജകൊട്ടാരത്തിലാണു സൂക്ഷിക്കുന്നത്. ആറാട്ടു ദിവസം ഇതു ക്ഷേത്രത്തിലേക്കു കൊണ്ടു വരികയും പ്രത്യേക പൂജകൾക്കു ശേഷം രാജസ്ഥാനത്തുള്ളയാൾ ഏറ്റുവാങ്ങുകയും ചെയ്യുന്നു. കുലശേഖരപ്പെരുമാളിന്റെ ഉടവാളാണിതെന്നു സങ്കൽപമുണ്ട്. നാഞ്ചിനാട്ടിലെ ഇരണിയിൽ കൊട്ടാരത്തിലാത്രേ ഇതു സൂക്ഷിച്ചിരുന്നത്. ദേവകിരി ഉടവാളെന്നും വിശാഖം ഉടവാളെന്നും ഇതിനു പേരുണ്ട്. പടിഞ്ഞാറേകോട്ടയ്ക്കു പുറത്തേക്കു വിഗ്രഹങ്ങൾ  എത്തുമ്പോൾ 21 ആചാര വെടികളുണ്ടാകാറുണ്ട്. തിരുവിതാംകൂർ ഭരണാധികാരികൾ കോട്ടയ്ക്കു പുറത്തിറങ്ങുമ്പോഴും ഈ ആചാര വെടികൾ പതിവാണ്. 

ഘോഷയാത്ര പോകുന്ന വഴികൾ

പടിഞ്ഞാറേകോട്ട, പെരുന്താന്നി, ഈഞ്ചയ്ക്കൽ, വള്ളക്കടവു വഴി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിനകത്തു കൂടിയാണ് ഘോഷയാത്ര ശംഖമുഖം കടപ്പുറത്തേക്കു നീങ്ങിയിരുന്നത്. ഇവിടെയുള്ള ഒരു ഗേറ്റ് ആറാട്ടു ഘോഷയാത്രയ്ക്കുമാത്രമാണു തുറന്നു കൊടുക്കുക. ഈ ദിവസം ആറാട്ടു ഘോഷയാത്ര കടന്നു പോകുന്നതുവരെ വിമാന സർവീസുകൾ നിർത്തിവയ്ക്കാറുണ്ട്.

പടിഞ്ഞാറേകോട്ടയ്ക്കു സമീപം പെരുന്താന്നിയുടെ രണ്ടു വശങ്ങളിലുമായിട്ടാണു തിരുവിതാംകൂർ രാജാക്കന്മാരുടെ ഭാര്യഗൃഹങ്ങളായ അമ്മ വീടുകൾ. വടശേരി, അരുമന, തിരുവട്ടാർ, നാഗർകോവിൽ എന്നീപേരുകളിലാണിവ അറിയപ്പെടുന്നത്. ഇതിൽ ഭൂരിഭാഗവും ഇന്നു സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും നിയന്ത്രണത്തിലാണ്, കുടുംബാംഗങ്ങളിൽ പലരും മാറിപ്പോയി. പഴയകാലത്ത് ആറാട്ടെഴുന്നള്ളുമ്പോൾ കുടുംബത്തിലെ സ്ത്രീജനങ്ങൾ അമ്മവീടുകളുടെ ബാൽക്കണിയിലെ കിളിവാതിലിൽ വന്നുനിന്നു കാഴ്ചകൾ കാണുമായിരുന്നു. എണ്ണമറ്റ അനുരാഗങ്ങളുടെ കഥകൾ ഈ കിളിവാതിലുകൾക്കു പറയാനുണ്ടാകും. ഉടമസ്ഥാവകാശം മാറിയെങ്കിലും പലതിന്റെയും കെട്ടിലും മട്ടിലുമുള്ള പ്രാചീനത മാഞ്ഞു പോകാത്തിതനാഴ്‍ ഇ വഴികൾക്ക് ഒരു രാജ വീഥിയുടെ പകിട്ട് ഇപ്പോഴുമുണ്ട്. 

alpashi-festival

ഘോഷയാത്ര വള്ളക്കടവിലെത്തുമ്പോൾ അവിടെയുള്ള മുസ്‌ലിം സമുദായാംഗങ്ങൾ ഹാർദമായ വരവേൽപു നൽകാറുണ്ട്. ശംഖുമുഖത്തെത്തി വിഗ്രഹങ്ങൾ ഇറക്കിവച്ച് പ്രത്യേക പൂജകൾക്കും പുണ്യാഹത്തിനും ശേഷം അതതു വിഗ്രഹങ്ങളുടെ ചുമതലയുള്ള നമ്പിമാർ വിഗ്രഹങ്ങളും ക്ഷേത്ര തന്ത്രി ശംഖുമായി  സമുദ്രത്തിലേക്കു നീങ്ങുമ്പോൾ തിരുവിതാംകൂർ രാജസ്ഥാനത്തുള്ളയാളും അവരെ അനുഗമിക്കും. ഈ സമയത്തു പൊലീസ് ആചാര വെടികൾ മുഴക്കും.ക്ഷേത്രത്തിലെ പുരോഗിതന്മാർ തീർക്കുന്ന രക്ഷാവലയത്തിനു പുറമേ മത്സ്യത്തൊഴിലാളികളും പരമ്പരാഗത വള്ളളങ്ങളുമായി സുരക്ഷയൊരുക്കും.

ഈ പശ്ചാത്തലത്തിലാണ് നമ്പിമാർ സമുദ്രത്തിൽ മുങ്ങി വിഗ്രഹങ്ങളെ ആറാടിക്കുന്നത്. തന്ത്രി ശംഖിൽ ശേഖരിച്ച ജലവുമായി വിഗ്രഹങ്ങളെ അഭിഷേകിക്കുകയും ചുറ്റുമുള്ളവരിലേക്കു തളിക്കുകയും ചെയ്യും. ആനപ്പുറത്ത് എഴുന്നള്ളിച്ച വിഗ്രഹങ്ങളെയും ഈ വിധത്തിൽ  ആറാടിക്കും. തിരുവിതാംകൂർ രാജാവും കുടുംബാംഗങ്ങൾക്കുമൊപ്പം നാനാജാതി മതസ്ഥരായ ഒട്ടേറെപ്പേർ ഈ സമയത്തു സമുദ്ര സ്നാനം ചെയ്യുന്നുവെന്നത് ഈ ആഘോഷത്തിന്റെ മതേതരവിളംബരം കൂടിയാണ്.

ചിത്തിര തിരുനാളിന്റെകാലം

തിരുവിതാംകൂറിലെ അവസാന രാജാവായ ചിത്തിരതിരുനാൾ ബാലരാമവർമയുടെ കാലത്ത് പ്രൗഡമായിട്ടാണ് ആറാട്ടു നടന്നിരുന്നത്. ജനകീയ ജനാധിപത്യത്തിലേക്കു നാടു നീങ്ങിയപ്പോഴും അദ്ദേഹം ആചാരങ്ങൾക്കു വിഘ്നം വരുത്തിയിട്ടില്ല. ആറാട്ടിന് അകമ്പടി സേവിക്കുന്ന പൊന്നുതമ്പുരാനെ ദർശിക്കാൻ മാത്രം കന്യാകുമാരിജില്ലയിൽ നിന്നുൾപ്പെടെ വിവിധ ഭാഗങ്ങളിൽ ആളുകൾ ആറാട്ടു ഘോഷയാത്രയ്ക്കും ശിവേലിക്കും എത്തുമായിരുന്നു. താഴ്ന്നു തൊഴുതു വിനയാന്വിതനായി നീങ്ങുന്ന രാജാവ് അക്കാലത്ത് മങ്ങാത്ത കാഴ്ചയായിരുന്നു. ഒരിക്കൽ കോരിച്ചൊരിയുന്ന മഴയത്തും ഈ ഉടവാളുമായി അദ്ദേഹം ശംഖുമുഖം വരെ കാൽനടയാത്രയായി പോയ അനുഭവം പലർക്കുമുണ്ട്. പച്ചത്തൊപ്പിയും പച്ചരത്നക്കല്ലുമാലയും ധരിച്ചു നീങ്ങിയിരുന്ന അദ്ദേഹം ഒരിക്കൽ മാത്രം താടിവളർത്തി ആഡംബരങ്ങളില്ലാതെ ഘോഷയാത്രയിൽ പങ്കെടുത്തു. അമ്മ മഹാറാണിയുടെ വിയോഗത്തെത്തുടർന്നുണ്ടായ ദുഖാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു അത്. 

അദ്ദേഹത്തെതുടർന്നു വന്ന ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമയും ആചാരങ്ങൾ വിട്ടു വീഴ്ചവരുത്താതെ പിന്തുടർന്നു. അവസാന കാലത്ത് ആരോഗ്യപരമായ കാരണങ്ങളാൽ കാൽനടയാത്ര അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. കാർമാഗമാണു ശംഖുമുഖത്ത് എത്തിയിരുന്നത്. ഇപ്പോൾ മൂലം തിരുനാൾ രാമവർമയാണ് ഇന്ന് ആ ആചാരങ്ങളുടെ പിന്തുടർച്ചാവകാശി. തിരുവിതാംകൂർ രാജകുടുംബത്തിലെ സ്ത്രീകൾ ആറാട്ടു ഘോഷയാത്രയിൽ ഭരണാധികാരികളായിരുന്നാൽ പോലും പങ്കെടുക്കുന്ന പതിവില്ല. ഇതിന് അപവാദം സ്വാതി തിരുനാളിന്റെ അമ്മ ആയില്യം തിരുനാൾ ഗൗരി ലക്ഷ്മീഭായിയാണ്. തിരുവിതാംകൂറിന്റെ രാജ്ഞിയെന്ന നിലയിൽ അവർ ഉടവാളേന്തി ഒന്നുരണ്ടുതവണ ഘോഷയാത്രയിൽ പങ്കെടുത്തിരുന്നത്രേ.

English Summery : Sree Padmanabhaswamy Temple

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HERITAGE WALK
SHOW MORE
FROM ONMANORAMA