ADVERTISEMENT

തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ചരിത്രത്തോടൊപ്പം ചേർന്നു നിൽക്കുന്ന ധാരാളം ആരാധനാലയങ്ങളുണ്ട്. അതിൽ ഏറെ പ്രാധാന്യവും അപൂർവതകളും നിറഞ്ഞതാണ് മിത്രാനന്ദപുരം സമുച്ചയം. തിരക്കേറിയ തലസ്ഥാന നഗരത്തിനു നടുവിലെ ഈ പച്ചത്തുരുത്തിലെ ചരിത്രവും വർത്തമാനവും തിരഞ്ഞുള്ള യാത്ര.

പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയ്ക്കു സമീപത്ത് കല്ലുപാകിയ നടവഴിയുണ്ട്. അത് അവസാനിക്കുന്നത് കരിങ്കൽപടവുകൾ‌ക്കു മുന്നിലാണ്. പന്ത്രണ്ടു പടികൾ. അത് ഇറങ്ങിയാൽ പച്ചപ്പിന്റെ തണുപ്പ്. പന്തലിട്ടു നിൽക്കുന്ന അരയാലുകൾ, കൂവളങ്ങൾ‌, പേരറിയാത്ത വേറെ മരങ്ങളും ചെടികളും കുളവും നിറഞ്ഞ ഈ പറമ്പിന് വിശാലമായ കാവിന്റെ പ്രതീതിയാണ്. പ്രാചീനമായ ഏതോ കാലത്തിലൂടെയാണു നടക്കുന്നതെന്നു തോന്നി.

Mithrananthapuram-Trimurti-Temple5

ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ എന്നീ ത്രിമൂർത്തികൾ മുഖ്യ ദേവന്മാരായ മൂന്നു പ്രത്യേകം ക്ഷേത്രങ്ങളാണ് മിത്രാനന്ദപുരം   സമുച്ചയം. 

വിഷ്ണു, മഹേശ്വരൻ എന്നിവരുടെ ക്ഷേത്രങ്ങളാണ് ആദ്യം. കിഴക്കോട്ടാണു ദർശനം. ശംഖ്, ചക്ര, ഗദ, പദ്മം എന്നിവ ധരിച്ച ചതുർബാഹുവമായ വിഷ്ണു നിൽക്കുന്നു. ദേവന് അഭിമുഖമായി ശിലയിൽ തീർത്ത ഗരുഡ വിഗ്രഹം. ചെമ്പു മേഞ്ഞ വട്ട ശ്രീകോവിൽ. മണ്ഡപം, നാലമ്പലം. ഉപദേവനായി ഗണപതി.

സമീപത്താണു ശിവക്ഷേത്രം.ഒരു മതിലിന്റെ അകലം. ശിവലിംഗ പ്രതിഷ്ഠ. ചെമ്പുമേഞ്ഞ വട്ട ശ്രീകോവിൽ. ചുമർ ചിത്രങ്ങൾ പലതും മാഞ്ഞു തുടങ്ങിയിരിക്കുന്നു. വിശാലമായ ആലിന്റെ തണൽ. ആൽത്തറയിൽ പ്രദക്ഷിണം ചെയ്തിട്ടാണു പലരും ദർശനം നടത്തുന്നത്. കരിങ്കല്ലിൽ പണിത ക്ഷേത്രത്തിന്റെ പ്രദക്ഷിണ വഴികളിൽ കല്ലു പാകിയിരിക്കുന്നു. ആധുനിക തിരുവിതാംകൂറിന്റെ സൃഷ്ടാവ് എന്നറിയപ്പെടുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ 1748ലാണ് ഇവിടത്തെ മണ്ഡപവും നാലമ്പലവും പണിയിച്ചതെന്നു ക്ഷേത്ര രേഖകളിൽ കാണുന്നു.സൂര്യ നാരായണ മൂർത്തിയായിരിക്കാം ഇവിടത്തെ ആദ്യകാല പ്രതിഷ്ഠയെന്ന് ചരിത്രകാരൻ ഡോ. എം.ജി. ശശിഭൂഷൺ പറയുന്നു. ത്രിമൂർത്തികൾ സൂര്യദേവനെ പ്രീതിപ്പെടുത്താൻ ഇവിടെ യാഗം നടത്തിയിരുന്നതായും ഐതിഹ്യമുണ്ട്.  തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സംരക്ഷണത്തിലാണ് ക്ഷേത്രം.  

അഗസ്ത്യ തീർഥം

കല്ലുപാകിയ നടവഴികളിലൂടെ മുന്നോട്ട്. ഹരിതഭംഗി നിറഞ്ഞ ഏതോ ഉൾനാടൻ ഗ്രാമത്തിലൂടെ പോകുന്നതുപോലെ.  . ധാരാളം വൃക്ഷങ്ങളും വള്ളിപ്പടർപ്പുകളും നിറഞ്ഞ വഴിയരികിൽ വിശാലമായ കുളം. അഗസ്ത്യ തീർഥമെന്നാണത്രേ അറിയപ്പെടുന്നത്. ബ്രഹ്മ തീർഥം, വരാഹ തീർഥം എന്നീ പേരുകളുമുണ്ട്. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന്റെ തുടക്കത്തിനുള്ള മുളയിടൽ ചടങ്ങിനുള്ള വെള്ളവും മണ്ണും ആഘോഷ പൂർവം സംഭരിക്കുന്നത് ഇവിടെ നിന്നാണ്. മണ്ണുനീർ കോരൽ എന്നാണത് അറിയപ്പെടുന്നത്. നമ്പിമാർ എന്നറിയപ്പെടുന്ന ശാന്തിക്കാർ കുളിക്കുന്നത് ഇതിലാണ്. കുളത്തിലേക്കിറങ്ങാ‍ൻ പടവുകളുണ്ട്. കുളപ്പുരകളും.നീർക്കാക്കകളുൾപ്പെടെയുള്ള ജൈവ വൈവിധ്യത്തിന്റെ കലവറ. 

Mithrananthapuram-Trimurti-Temple

ബ്രഹ്മാവും ഉദ്ദിഷ്ട ഗണപതിയും

 നടവഴി അവസാനിക്കുന്നത് ഒരു ചെറിയ വാതിലിനു മുന്നിലാണ്. തൊട്ടടുത്തായി  ആൽത്തറയും നാഗ പ്രതിഷ്ഠയും. കല്ലിൽ തീർത്ത ചതുര ശ്രീകോവിൽ.  ചതുർബാഹുവായ ബ്രഹ്മാവിന്റെ ശിലാ വിഗ്രഹം. പുരാണങ്ങളിലെ സങ്കൽപങ്ങളിൽ നിന്നു വ്യത്യസ്തമായി ഒരു ശിരസ്സുമാത്രം. ധ്യാനത്തിലിരിക്കുന്നുവെന്നാണു സങ്കൽപം. ഉപദേവനായി ഗണപതി. ലക്ഷ്മീ സമേതനായ ഗണപതിയാണു പ്രതിഷ്ഠയെന്ന് മേൽശാന്തി കേശവൻ പോറ്റി പറഞ്ഞു.

അപ്പം മൂടലാണു ഗണപതിയുടെ പ്രധാന വഴിപാട്.  അതിനു വൻ തിരക്കാണ്.  3070 രൂപയാണു നിരക്ക്. 2025 വരെയുള്ള ബുക്കിങ് ആയിക്കഴിഞ്ഞതായി മിത്രാനന്ദപുരം ദേവസ്വം സബ്ഗ്രൂപ് ഓഫിസർ ആർ.ശ്യാംകുമാർ പറഞ്ഞു . ബ്രഹ്മാവിനെ പ്രാർഥിച്ച ശേഷമാണു മറ്റു ക്ഷേത്രങ്ങളിൽ ദർശനം നടത്തേണ്ടത്.

Mithrananthapuram-Trimurti-Temple3

നരിയടിച്ചാൻ കോട്ടയും രക്ഷസ്സും

സാധാരണയായി ക്ഷേത്രങ്ങളിൽ ബ്രഹ്മാവിന് വിഗ്രഹ പ്രതിഷ്ഠയില്ല. തിരുവനന്തപുരത്ത് കാന്തള്ളൂർ വലിയശാല ക്ഷേത്രം, തിരുവല്ലം പരശുരാമ ക്ഷേത്രം, എന്നിവിടങ്ങളിൽ ബ്രഹ്മ വിഗ്രഹങ്ങളുണ്ടെങ്കിലും ഉപദേവ സങ്കൽപമാണ്. മുഖ്യ ദേവനാണെന്നതാണു മിത്രാനന്ദപുരത്തിന്റെ അപൂർവത. അതിനു പിന്നിലെ കഥ ചരിത്രകാരൻ കിഴക്കേമഠം പ്രതാപൻ വിവരിക്കുന്നു:

‘പണ്ട് പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് കടന്നു പോയിരുന്നത് ഈ വഴിയിലൂടെയാണത്രേ. ബ്രഹ്മാവിന്റെ ക്ഷേത്രം ഇരിക്കുന്നതിനു സമീപത്തായിരുന്നു പടിഞ്ഞാറേ കോട്ട വാതിൽ. അവിടെ രാജ ഭടന്മാർ കാവൽ നിന്നിരുന്നു. വിജനമായ വഴിയായിരുന്നു അത്. ഇപ്പോഴത്തെപ്പോലെ റോഡും വീടുകളുമൊന്നും പരിസരത്ത് ഇല്ല. രാത്രിയായാൽ നഗരം ശൂന്യമാകും. ഒരിക്കൽ നഗരത്തിനെ നടുക്കിയ  ആക്രമണ പരമ്പരകളുണ്ടായി. അതിനു പിന്നിൽ രക്ഷസാണെന്നായിരുന്നു വിശ്വാസം. രാജകീയ വസ്ത്രങ്ങളണിഞ്ഞു പല്ലക്കിലെത്തിയ ഒരാൾ കാവൽ ഭടന്മാരെ ആക്രമിക്കുന്നതു പതിവായിരുന്നു. ചിലരൊക്കെ മരിച്ചു. അതുകാരണം കാവൽക്കാരെ കിട്ടാതായി.  ഒരിക്കൽ രണ്ടു ഭടന്മാർ ഇത്തരത്തിൽ മരിച്ചു. ഒരാൾ ഓടി രക്ഷപ്പെട്ടു.സംഭവത്തെപ്പറ്റി രാജകുടുംബത്തെ അറിയിച്ചത് അദ്ദേഹമാണത്രേ.  തുടർന്നു കൂപക്കര പോറ്റിയുടെ കാർമികത്വത്തിൽ ദേവ പ്രശ്നം വച്ചു. വലിയ ദിവാൻജിയെന്നറിയപ്പെട്ട രാജാകേശവദാസ്, അദ്ദേഹത്തിന്റെ രണ്ട് അനന്തരവന്മാർ, വേലുത്തമ്പി ദളവ എന്നിവർക്കു മോക്ഷം ലഭിച്ചിട്ടില്ലെന്നും അതിന്റെ അനന്തര ഫലമാണ് ഈ അനർഥങ്ങളെന്നും തെളിഞ്ഞു. അതിനു പരിഹാരം ചെയ്യുന്നതിനോടൊപ്പം കോട്ട വാതിൽ മാറ്റി സ്ഥാപിക്കാനും ആ സ്ഥലത്തു ബ്രഹ്മാവിന്റെ പ്രതിഷ്ഠ നടത്താനും നിർദേശിച്ചുവെന്നാണു കേട്ടിട്ടുള്ളത്. ആ കോട്ടയ്ക്കു പകരം നിർമിച്ചതാണ് ഇപ്പോഴത്തെ പടിഞ്ഞാറേ കോട്ട. ഇപ്പോൾ ആറാട്ടു ഘോഷയാത്ര കടന്നു പോകുന്നത് ഈ വഴിയിലൂടെയാണ്. പഴയ കോട്ടയ്ക്ക് നരിയടിച്ചാൻ കോട്ടയെന്നാണു പേര്.’

Mithrananthapuram-Trimurti-Temple2

 കാവൽക്കാരെ നരി ആക്രമിച്ചിരുന്നതായിട്ടാണ് അതുവരെ കരുതിയിരുന്നത് അതിനാലായിരിക്കണം ഈ പേരുവന്നത്. പഴയ കോട്ട വാതിലിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴില്ല. ഇപ്പോഴത്തെ കോട്ടവാതിലിന്റെ സമീപത്തെ വഴിയിലൂടെ നടന്നാൽ ബലിഷ്ഠമായ കരിങ്കൽ മതിലുണ്ട്. അത് പഴയ കോട്ടയുടെ സ്ഥാനത്താണെന്നാണു കരുതുന്നത്. ’

പദ്മനാഭ സ്വാമി ക്ഷേത്രവും മിത്രാനന്ദപുരവും

പദ്മനാഭ സ്വാമി ക്ഷേത്രവുമായുള്ള അഭേദ്യമായ ബന്ധമാണ് മിത്രാനന്ദപുരത്തിനു ചരിത്രത്തിൽ ഇടം നേടിക്കൊടുത്തത്. അതെപ്പറ്റി ചരിത്രകാരൻ എം.ജി.ശശിഭൂഷൺ പറയുന്നു:   

‘എട്ടരയോഗമാണ് ക്ഷേത്രത്തിലെ ആചാരപരമായ കാര്യങ്ങളിൽ അന്തിമ തീരുമാനമെടുത്തിരുന്നത്. അനിഴം തിരുനാൾ മാർത്താണ്ഡവർമയ്ക്കു മുൻപ് ക്ഷേത്രഭരണത്തിൽ ഈ യോഗത്തിന് അപ്രമാദിത്തമുണ്ടായിരുന്നു. പുഷ്പാഞ്ജലി സ്വാമിയാരാണ് യോഗത്തിന്റെ അധ്യക്ഷൻ. ക്ഷേത്രത്തിൽ പുഷ്പാഞ്ജലി നടത്തുന്നതിനു പുറമേ തന്ത്രിയുടെയും നമ്പിയുടെയും അസാന്നിധ്യത്തിൽ ആ ദൗത്യവും അദ്ദേഹത്തിനാണ്.  ആചാരപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനും അദ്ദേഹത്തിന്റെ സാന്നിധ്യം അനിവാര്യമാണ്. ശങ്കരാചാര്യ പരമ്പരിയുടെ പ്രതീകമായിട്ടാണ് പുഷ്പാഞ്ജലി സ്വാമിയാരെ കണക്കാക്കുന്നത്. അവരുടെ ആസ്ഥാനമാണ് മിത്രാനന്ദപുരം. എട്ടര യോഗം പലപ്പോഴും സമ്മേളിച്ചിരുന്നത് ഇവിടെയാണ്.  അതുകൊണ്ടുതന്നെ തിരുവിതാംകൂർ രാജാക്കന്മാരിൽ പലരും ഈ ക്ഷേത്രത്തിന് ഉദാരമായ സംഭാവനകൾ നൽകിയിട്ടുണ്ട്.’ ഇതിനെ സാധൂകരിക്കുന്ന ഒട്ടേറെ വട്ടെഴുത്തുകൾ ഇവിെടനിന്നു കിട്ടിയിട്ടുണ്ട്.

1168ൽ വേണാട്ടിലെ വീര ആദിത്യ വർമയ്ക്കു വേണ്ടി ഇവിടെ ഒരു ക്ഷേത്രം പണിഞ്ഞ് ശ്രീകൃഷ്ണ വിഗ്രഹം പ്രതിഷ്ഠിച്ചതായി ഒരു ലിഖിതത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സാളഗ്രാമങ്ങൾ, ഹസ്തി മുദ്രയുള്ള സ്വർണനാണയങ്ങൾ, നെല്ല് മുതലായ പാരിതോഷികങ്ങൾ സമർപ്പിച്ചതായാണു രേഖയിലുള്ളത്. 

മിത്രാനന്ദപുരത്തുവച്ച് രാമർ കേരള വർമ പുറപ്പെടുവിച്ച പല ഔദ്യോഗിക നിർദേശങ്ങളും നിയമരൂപത്തി‍ൽ ഉൾപ്പെടുത്തിയിട്ടുള്ളതായി തിരുവിതാംകൂർ രാജകുടുംബാംഗമായ അശ്വതി തിരുനാൾ ഗൗരിലക്ഷ്മീഭായി ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. ഇവിടത്തെ വിഷ്ണുക്ഷേത്ര നടയിൽ കണ്ടെടുത്ത വട്ടെഴുത്തിലുള്ള ശിലാ ലിഖിതത്തിൽ  1196ൽ വേണാട്ടു രാജാവായ മണികണ്ഠൻ രാമവർമ്മൻ ( വീര രാമവർമൻ) ക്ഷേത്രത്തിനു സംഭാവനകൾ നൽകിയതിനെ പരാമർശിക്കുന്നു. ബ്രഹ്മാക്ഷേത്രത്തിന്റെ ചുവരിലും ലിഖിതങ്ങളുണ്ട്. ഭക്തന്മാർ നൽകിയ സംഭാവനകളെക്കുറിച്ചാണു പരാമർശം. 

നടുവിൽ മഠവും വില്വമംഗലം ക്ഷേത്രവും

ബ്രഹ്മാവിന്റെ ക്ഷേത്രത്തിനു സമീപത്തെ പടവുകൾ കയറിയാൽ വില്വമംഗലം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രമായി. തുളസിച്ചെടികൾ നിറഞ്ഞ പ്രശാന്തമായ  പരിസരം. കമ്പി അഴികളിലൂടെ കുളത്തിന്റെ പച്ചപ്പ്. ഒരുഭാഗത്ത് രാധാമാധവ വിഗ്രഹം. സമീപത്തായി പഴയൊരു പുഷ്പാഞ്ജലി സ്വാമിയാരുടെ സമാധി. മുന്നോട്ടു പോയാൽ വട്ട ശ്രീകോവിലിൽ ശ്രീകൃഷ്ണ പ്രതിഷ്ഠ.

അനന്തപുരിയിൽ അനന്തശയന രൂപത്തിൽ മഹാവിഷ്ണുവിന്റെ ദർശനം ലഭിച്ചിട്ടുണ്ട് വില്വമംഗലം സ്വാമിയാർക്ക്. പ്രതിഷ്ഠയ്ക്കും നേതൃത്വം വഹിച്ചത് അദ്ദേഹമാണ്. പിന്നീട് ഇഷ്ടദേവനെ ഉപാസിച്ച്  ഇവിടെത്തന്നെ കഴിഞ്ഞുവത്രേ. അദ്ദേഹത്തിന്റെ സമാധിയാണ് ഈ ക്ഷേത്രത്തിലുള്ളത്. അതിനു മുകളിലാണു ശ്രീകൃഷ്ണ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. 

ശങ്കരാചാര്യ പരമ്പരയിൽ‌പെട്ട തൃശൂർ നടുവിൽ‌മഠത്തിന്റെ അധ്യക്ഷനാണ് വില്വമംഗലം സ്വാമിയാരുടെ പ്രതിപുരുഷനും പുഷ്പാഞ്ജലി സ്വാമിയാരുമായി അറിയപ്പെടുന്നത്. നടുവിൽ മഠത്തിന്റെ നിയന്ത്രണത്തിലുള്ള ഒട്ടേറെ ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്. മൂപ്പിൽ സ്വാമിയാർക്കു താമസിക്കാൻ ഇരുനില  കെട്ടിടം വില്വമംഗലം ക്ഷേത്രത്തോടു ചേർന്നുണ്ട്.ഇത് സംസ്ഥാന പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ്. നീലകണ്ഠ ഭാരതി യാണ് ഇപ്പോഴത്തെ മഠാധിപതി. വേദശാസ്ത്ര പണ്ഡിതനും തപസ്വിയുമാണദ്ദേഹം 

തമിഴ്നാട്ടിലുൾപ്പെട്ട കന്യാകുമാരി ജില്ലയിലെ മുഞ്ചിറ മഠാധിപതിക്കും അനിഴം തിരുനാൾ മാർത്താണ്ഡ‍ വർമയുടെ കാലം മുതൽ പുഷ്പാഞ്ജലി സ്വാമിയാരുടെ പദവിയുണ്ട്. ആറുമാസം വീതം ഇവർ ചുമതല പങ്കിടുന്നു. അദ്ദേഹത്തിനും ഈ പരിസരത്ത് സ്ഥലം അനുവദിച്ചിട്ടുണ്ട്. 

നമ്പി മഠങ്ങൾ

മിത്രാനന്ദപുരം ക്ഷേത്രത്തിനു സമീപത്താണ് പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൂജാരിമാരായ നമ്പിമാർ താമസിക്കുന്നത്. പുലർച്ചെ മൂന്നു മണിയോടെ കത്തിച്ചു പിടിച്ച കോൽ വിളക്കിന്റെ അകമ്പടിയിൽ ഓലക്കുട ചൂടി ഇവർ ക്ഷേത്രത്തിലെത്തുന്നതും ഉച്ചയ്ക്ക് അതുപോലെ മടങ്ങിപ്പോകുന്നതും ഇവിടത്തെ പതിവു കാഴ്ചകളിലൊന്നാണ്.  തന്ത്രി തരണനെല്ലൂർ ക്ഷേത്രാചാരങ്ങൾക്കെത്തിയാൽ താമസിക്കുന്നത് വടക്കേ നമ്പി മഠത്തിലാണ്. ഓടു പാകിയ  ഈ ഇരുനില കെട്ടിടവും സംസ്ഥാന പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ്. പുഷ്പാഞ്ജലി സ്വാമിയാരുമായി ആചാരപരമായ കാര്യങ്ങളിൽ ആശയ വിനിമയം നടത്തേണ്ടി വരുന്നതിനാലാണ് ഈ പരിസരത്തുതന്നെ ഇവരെയൊക്കെ താമസിപ്പിച്ചിരിക്കുന്നത്. വില്വമംഗലം ക്ഷേത്രത്തിന്റെ പടവുകൾ കയറിയാൽ ശംഖുമുഖം കടപ്പുറത്തേക്കുള്ള ആറാട്ടു റോഡായി. പച്ചപ്പിന്റെ കുളിരു മാഞ്ഞു. 

English Summery: Mithrananthapuram Trimurti Temple

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com