ADVERTISEMENT

ചിത്രമെഴുത്തിന്റെ തമ്പുരാൻ രാജാരവിവർമ വിടപറഞ്ഞിട്ട്  ഒക്ടോബർ രണ്ടിന് 114 വർഷം തികയുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ചിത്രകലാ ജീവിതത്തിലൂടെ ചരിത്രകാരൻ എം.ജി. ശശിഭൂഷൺ നടത്തിയ യാത്ര . സമ്പാദനം ആർ.ശശിശേഖർ 

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ പുനർജനിച്ച ദേശീയതയുടെ ഉണർവിന് സാംസ്കാരിക അടിത്തറ ഒരുക്കുന്നതിൽ രാജാ രവിവർമയുടെ ചിത്രങ്ങൾ വഹിച്ച പങ്ക് നിർണായകമായിരുന്നു. കൊളോണിയൽ ഭരണത്തിന്റെ അപ്രമാദിത്തത്തിൽ ആത്മാവ് നഷ്ടപ്പെട്ട നാളുകളിൽ ഒരു ജനതയെ ഉറക്കത്തിൽ‌നിന്ന് ഉണർത്തുന്നതായിരുന്നു അത്. ബങ്കിം ചന്ദ്ര ചാറ്റർജിയെയും വിവേകാനന്ദനെയും ടഗോറിനെയും പോലെ രവിവർമയും ബ്രിട്ടിഷ് റസിഡന്റുമാരുടെയും വൈസ്രോയിമാരുടെയും വെള്ളക്കാരായ ഉദ്യോഗസ്ഥ പ്രമാണിമാരുടെയും  സുഖലോലുപരായ രാജാക്കന്മാരുടെയും ഛായാചിത്രങ്ങൾ  വരച്ചു കൊണ്ടായിരുന്നു രവിവർമയുടെയും തുടക്കം. ഏറെ വൈകാതെ കലാകാരൻ പുരാണേതിഹാസങ്ങളിലെ അവിസ്മരണീയ മുഹൂർത്തങ്ങളിലേക്കും ദേശീയ നേതാക്കളിലേക്കും ദേവീദേവന്മാരുടെ ആദി രൂപങ്ങളിലേക്കും എത്തി.

സഹോദരനും ശിഷ്യനുമായ സി.രാജരാജ വർമയാകട്ടേ നാടുകളെയും നഗരങ്ങളെയും വൈവിധ്യമുള്ള മനുഷ്യരെയും തന്റെ ചിത്രീകരണങ്ങളിൽ ഉൾപ്പെടുത്തി. സങ്കീർണമായ മനുഷ്യ ജീവിതം അഭിമുഖീകരിക്കുന്ന അനിവാര്യ സംഘർഷങ്ങളെ അതിജീവിക്കുവാൻ സഹായിക്കുന്ന ഇതിഹാസ മുഹൂർത്തങ്ങൾ ഓർമിപ്പിക്കുന്ന നിർണായക ഘട്ടങ്ങളിൽ അവരെ തുണച്ച ദേവീദേവന്മാരുടെ അദൃശ്യ സാന്നിധ്യത്തെ അറിയിക്കുവാനും രവിവർമ സ്വന്തം രചനകളെ നിമിത്തമാക്കി. 

Museum

ബറോഡയിലെ ദൗത്യം

1880 മുതൽ 1890വരെയുള്ള ഒരു ദശകം രാജാ രവിവർമയെന്ന കലാകാരന്റെ സാഫല്യത്തിന്റെ നാളുകളായിരുന്നു. മാധവ റാവുവിന്റെ ക്ഷണപ്രകാരം ബറോഡ രാജ കുടുംബാംഗങ്ങളുടെ ചിത്രങ്ങൾ വരയ്ക്കാൻ നിയോഗിക്കപ്പെട്ട രവിവർമ പുരാണേതിഹാസങ്ങളിലെ അനശ്വര മുഹൂർത്തങ്ങളുടെ പുനരാവിഷ്കരണത്തിലേക്കു തിരി​ഞ്ഞു. രാമായണവും മഹാഭാരതവും ശാകുന്തളവും നളചരിതവുമെല്ലാം രവിവർമയുടെ ചിത്രീകരണ ലോകത്തെ നിറ സാന്നിദ്ധ്യങ്ങളായി. ശ്രീകൃഷ്ണ ജനനം,കംസനും മായയും, രാധാമാധവന്മാർ, കൃഷ്ണദൃഷ്ടി എന്നിവയാണ് ഇക്കാലത്തു വരച്ച കൃഷ്ണായന ചിത്രങ്ങൾ.

രാധാമാധവമാണ് ഇവയിൽ ഏറ്റവും പ്രശസ്തം. പുരുഷനിലെ സ്ത്രൈണതയും സ്ത്രീയിലെ പൗരുഷവും ഓർ‌മപ്പെടുത്തുന്ന ചിത്രം കൂടിയായിരുന്നു രവിവർമയുടെ രാധാ മാധവം. നാടകീയതയാണ് ഇതര ചിത്രങ്ങളുടെ സവിശേഷത. ആത്മാവിന്റെ പരിശുദ്ധിയിലേക്കുള്ള തുടർച്ചയായ പ്രയാണമായിരുന്നു ശ്രീകൃഷ്ണന്റെ കർമകാണ്ഡങ്ങളെല്ലാം. ബറോഡയിലെ ഫത്തേസിങ് മ്യൂസിയം കണ്ടിട്ടുള്ളവരോട് ഈ ചിത്രങ്ങൾ സൃഷ്ടിക്കുന്ന വിസ്മയാനുഭൂതിയെപ്പറ്റി  പറയേണ്ടതില്ല. 

സ്വന്തം പ്രസ് എന്ന സങ്കൽപം 

വിലകൊടുത്തു ചിത്രങ്ങൾ വാങ്ങി സൂക്ഷിക്കാൻ കഴിയാത്തവർക്കായി ചിത്രങ്ങളുടെ അച്ചടിച്ച പകർപ്പുകൾ തയാറാക്കി വിതരണം ചെയ്യണമെന്ന ആശയം അക്കാലത്തെ ദേശീയ നായകന്മാരിൽ നിന്നാണു രവിവർമയ്ക്കു ലഭിച്ചത്.    

പണം മുടക്കുവാൻ സന്നദ്ധരാകുമെന്നു പ്രതീക്ഷിച്ചവർ പിൻവാങ്ങിയപ്പോൾ രവിവർമതന്നെ അതുവരെ സ്വരൂപിച്ച പണം മുടക്കി ഒരു ലിത്തോഗ്രഫിക് പ്രസ് തുടങ്ങി ( 1894–95). അവിടെ പടർന്നു പിടിച്ച  പ്ലേഗും തുടർന്നുണ്ടായ അരാജകത്വവും അസ്വസ്ഥതകളും രവിവർമയുടെ സ്വപ്നങ്ങളെ താൽക്കാലികമായി തടസ്സപ്പെടുത്തി. ലോണെവാലെയ്ക്കടുത്തുള്ള മാൾവലിയിൽ രവിവർമ ലിത്തോഗ്രഫിക് പ്രസ് തുടങ്ങി. സഹോദരനായ സി.രാജരാജവർമയ്ക്കു പുറമേ കിളിമാനൂർ മാധവ വാരിയരും ശേഖര വാരിയരും ശ്രീറാം ജോഷിയും എം.വി. ധുരംധറും മറ്റും സഹായികളായുണ്ടായിരുന്നു. നൂറിലേറെ ചിത്രങ്ങൾ ഈ കാലയളവിൽ അച്ചടിക്കപ്പെട്ടു. 

രാധയും കൃഷ്ണനും, യശോദയും കൃഷ്ണനും, കൃഷ്ണലീല, ഗോപികമാരും ശ്രീകൃഷ്ണനും, ഗോപീ ഗ്രഹണം, ഗോപികമാരും ശ്രീകൃഷ്ണനും, വസ്ത്രാപഹരണം തുടങ്ങിയവ ശ്രീകൃഷ്ണ ചിത്രങ്ങളാണ് ഈ ലിത്തോഗ്രഫിക് പ്രസ്സിൽ നിന്നു പുറത്തുവന്നത്. . ഛായങ്ങളുടെ മിതത്വമോ പാശ്ചാത്തല ചിത്രീകരണങ്ങളിൽ സംയമനമോ പലപ്പോഴും ഉണ്ടായിരുന്നില്ല. ഈ ചിത്രപ്പകർപ്പുകളെ വിമർശിച്ചവരിൽ ആനന്ദകുമാര സ്വാമിയും സിസ്റ്റർ നിവേദിതയും ഉൾപ്പെട്ടിരുന്നു. 

ജനപ്രിയ കലയ്ക്കു വേണ്ടിയുള്ള അനുരഞ്ജനങ്ങൾ തന്റെ സത്കീർത്തിയെയും ബാധിച്ചേക്കുമെന്ന് തിരിച്ചറിഞ്ഞതോടെ പ്രസ്സിന്റെ ഉടമസ്ഥതയിൽ നിന്നു പിൻവാങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചു. പ്രസ്സിലെ പ്രധാന ഉദ്യോഗസ്ഥനായ ഫ്രിറ്റ്സ് സ്ലഷർ ( 1862– 1935) എന്ന ജർമൻ കാരനാണ് സ്ഥാപനം അദ്ദേഹം വിറ്റത്.  25,000 രൂപയെന്ന വിലയുടെ ആദ്യ ഗഡു മാത്രം കൈപ്പറ്റി. ഭാജിക്കുന്നുകളിലേക്കു പോകുന്ന വഴിയോരത്തായി രവിവർമ ലിത്തോഗ്രഫിക് പ്രസ് പ്രവർത്തിച്ചിരുന്ന വലിയ സൗധം നമുക്ക് ഇന്നും കാണാം. പ്രസ്സിനു പകരം വിദേശ മദ്യക്കുപ്പികൾ  സൂക്ഷിക്കുന്ന ഒരു ഗോഡൗണാണിവിടം ഇപ്പോൾ .

നടക്കാതെപോയ ആർട്ട് ഗാലറിയും മൈസൂരിലെ ചിത്രങ്ങളും 

മാൾവലിയിൽ നിന്നു മടങ്ങി സഞ്ചാരവും ചിത്രരചനയുമായി കഴിയുന്നനാളുകളിലാണ് തിരുവനന്തപുരത്ത് ഒരു ആർട്ട് ഗാലറി തുടങ്ങിക്കാണാൻ രവിവർമ ആത്മാർഥമായി ആഗ്രഹിച്ചത്. തന്റെ സേവനങ്ങളും അദ്ദേഹം ദിവാൻ ശങ്കര സുബ്ബയർക്ക് എഴുതിയ കത്തിൽ വാഗ്ദാനം ചെയ്തു. ആ നിർദേശങ്ങൾക്ക് അന്നത്തെ തിരുവിതാംകൂർ ഭരണകൂടം യാതൊരു പ്രാധാന്യവും നൽകിയില്ല. ഇതിനിടെ അപ്രതീക്ഷിതമായി ഒരു വഴിത്തിരിവ് അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായി. രവിവർമയുടെ രണ്ടു പേരക്കുട്ടികൾ തിരുവിതാംകൂർ രാജകുടുംബത്തിലേക്കു ദത്തെടുക്കപ്പെട്ടു. ഇളയരാജാവായിരുന്ന ചതയം തിരുന്നാളിന്റെ അഹിതത്തോടെ ആയിരുന്നു ഈ ദത്തെടുക്കൽ. 

മൈസൂർ രാജാവായ കൃഷ്ണരാജ വൊഡയാർ താൻ പുതിയതായി നിർമിക്കുന്ന ജഗമോഹന പാലസിൽ പ്രദർശിപ്പിക്കാൻ ഒൻപതു ചിത്രങ്ങൾ രവിവർമയോട് ആവശ്യപ്പെട്ടു.ദേവീ ഭക്തനായ രാജാവിനു വേണ്ടി  27,000 രൂപ പ്രതിഫലത്തിന് വരച്ച ചിത്രങ്ങളിലധികവും പരാശക്തിയുടെ വിഭിന്ന രൂപങ്ങളായിരുന്നു. മൈസൂർ രാജവംശത്തിലെ യാദവ ക്ഷത്രിയ പാരമ്പര്യത്തെപ്പറ്റി അറിവുള്ളതുകൊണ്ടു കൂടിയാകാം രവിവർമ ചിത്രങ്ങളിൽ രാമന്റെയും കൃഷ്ണന്റെയും അപദാനങ്ങളും ഉണ്ടായിരുന്നു. ശ്രീരാമന്റെ സേതുബന്ധനവും ദുര്യോധനന്റെ കൊട്ടാരത്തിൽ ദൂതുപറയാനെത്തുന്ന ശ്രീകൃഷ്ണനും ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു. രവിവർമയുടെ മാസ്റ്റർ പീസുകളുടെ കൂട്ടത്തിലാണ് കലാ ചരിത്രകാരന്മാർ ഈ രണ്ടു ചിത്രങ്ങളെയും ഉൾപ്പെടുത്തിയിരിക്കുന്നത്.

മഹാഭാരതത്തിലെ ഉദ്യോഗ പർവത്തിലെ നിർണായകമായ മുഹൂർത്തങ്ങളിലൊന്നാണ് കൃഷ്ണ ദൂത്. പാണ്ഡവർക്കു വേണ്ടി സംസാരിക്കാനെത്തിയ ശ്രീകൃഷ്ണനെ ബന്ധനസ്ഥനാക്കാൻ ബന്ധുക്കളുടെ വിലക്കുകൾ ധിക്കരിച്ച് ദുര്യോധനൻ ആജ്ഞാപിക്കുന്നു. താൻ ഒറ്റയ്ക്കല്ലെന്നും പ്രപഞ്ചത്തിന്റെ കാവൽക്കാർ തനിക്കൊപ്പമുണ്ടെന്നുമായിരുന്നു ശ്രീകൃഷ്ണന്റെ മേഘ ഗർജനം പോലുള്ള മറുപടി. ഉജ്വലമായ തേജപ്രസരംകൊണ്ട് സഭാഗൃഹത്തെ സ്തബ്ധമാക്കുന്ന ശ്രീകൃഷ്ണനെയാണ് രവിവർമ അസാശാധാരണ മികവോടെ ചിത്രീകരിച്ചത്. സ്വന്തം നാട്ടിൽ ഒരു ആർട്ട് ഗാലറി സ്ഥാപിക്കാൻ രാജാവിനോടും ദിവാനോടും നിവേദനം നടത്തിയിട്ടും ഫലപ്രാപ്തിയുണ്ടാകാത്തതിനാൽ വ്രണിതമായ ഒരു ക്ഷത്രിയന്റെ വീര്യം ഈ ചിത്രത്തിന്റെ സവിശേഷതകളിലൊന്നാണ്. 

രവിവർമയുടെ കൃഷ്ണ സങ്കൽപം 

ദേവകീ വസുദേവന്മാരുടെ മോചനവും കൃഷ്ണബലരാമന്മാരുടെ ലീലകളുമാണ് മൈസൂർ കൊട്ടാരത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള ഇതര ശ്രീകൃഷ്ണ ചിത്രങ്ങൾ. നാടകീയതയും വർണ സൗകുമാര്യതയുമാണ് ഈ ചിത്രങ്ങളുടെയെല്ലാം സവിശേഷതകൾ. 

യശോദ മുലയൂട്ടുന്ന ബാലകൃഷ്ണനും യശോദ ബാലകൃഷ്ണനെ ആഭരണങ്ങൾ ചാർത്തുന്നതും പൂതനാ മോക്ഷവും രാധാകൃഷ്ണ സമാഗമവും രാസലീലയും ഇക്കാലത്തു രിവവർമ വീണ്ടും വീണ്ടും വരച്ച ചിത്രങ്ങളിൽ ചിലതാണ്. സ്വകാര്യ ശേഖരങ്ങളുടെ സൂക്ഷിപ്പിലുള്ള ഈ ചിത്രങ്ങളെപ്പറ്റി കലാ വിദ്യാർഥികൾ അറിയുന്നത് അടുത്തകാലത്തു പ്രസിദ്ധീകരിച്ച രവിവർമ സമാഹാരങ്ങളുലൂടെയാണ്. 

രാജസ്ഥാനി ശൈലിയും പഹാഡി ശൈലിയും വരച്ചിട്ടുള്ള മിനിയേച്ചർ ചിത്രങ്ങൾ രവിവർമയ്ക്ക് അപരിചിതമായിരുന്നില്ല. തഞ്ചാവൂർ ശൈലിയോടാണ്  ഒരൽപമൊക്കെ താൽപര്യം കാണിച്ചത്.പ്രശസ്ത ശ്രീകൃഷ്ണ ക്ഷേത്രങ്ങളായ ഗുരുവായൂരിലും ഉഡുപ്പിയിലും രവിവർമ   പോയിട്ടുള്ളതായി നമുക്ക് അറിയാം. അവിടെക്കണ്ട ചിത്രീകരണങ്ങളും അദ്ദേഹം തിരസ്കരിക്കുകയായിരുന്നു. 

അമ്മ പറഞ്ഞ കഥകളിലൂടെയാവണം രവിവർമ ശ്രീകൃഷ്ണനെ മനസ്സിൽ പ്രതിഷ്ഠിച്ചത്. ധ്യാന ശ്ലോകങ്ങളും ശ്രീകൃഷ്ണ കർണാമൃതവും ഭാഗവതവും തീർച്ചയായും അദ്ദേഹത്തിന് അപരിചിതമാകാൻ ഇടയില്ല.

മധ്യമ മാർഗത്തിന്റെ വഴി

അഭ്യസ്തവിദ്യരായ ഇന്ത്യൻ സമൂഹത്തിന്റെ പാശ്ചാത്യവൽക്കരണ രീതി അനുപദം പിന്തുടരാൻ ആഗ്രഹിച്ച ആളായിരുന്നില്ല  രവിവർമ. എന്നിട്ടും ബ്രഹ്മ സമാജത്തിന്റെ പാശ്ചാത്യ ആഭിമുഖ്യവും ആര്യ സമാജത്തിന്റെ മൗലികവാദവും അദ്ദേഹത്തെ ആകർഷിച്ചിരുന്നില്ല. വിവേകാനന്ദൻ പ്രചരിപ്പിച്ച മധ്യമ മാർഗത്തോടായിരുന്നു അൽപമെങ്കിലും ചായ്‌വ് 

രവിവർമ ചിത്രങ്ങളിലെ സ്ത്രൈണ ഗാംഭീര്യം

ഒൻപതു മുഴം ചേല ചുറ്റുന്ന യശോദയും രാധയും സീതയും ദ്രൗപദിയും ദമയന്തിയും ഇന്ത്യൻ സ്ത്രീത്വത്തിന്റെ ഉജ്വല പ്രതീകങ്ങളായി രവി വർമ കണ്ടു. വികാരാർദ്രതയും സഹനശക്തിയും സമന്വയിച്ച  ആ സ്ത്രൈണ ഗാംഭീര്യത്തെയാണ് രവിവർമ തന്റെ പുരാണേതിഹാസ ചിത്രങ്ങളിലൂടെ ആവതരിപ്പിച്ചത്.  

ശകുന്തള, സീത, ദ്രൗപദി, തുടങ്ങിയ ഇതിഹാസ കഥാപാത്രങ്ങളെ അനശ്വരമാക്കുന്നതോടെയാണ് രവിവർമ ആ കാലഘട്ടത്തിലെ ഇന്ത്യൻ സഹൃദയത്വത്തിന്റെ ബഹുമാനത്തിനു പാത്രമാകുന്നത്. ആശാന്റെ ചിന്താവിഷ്ടയായ സീതയെന്നകാവ്യത്തിനു പോലും പ്രഛോദനമായത് വാൽമീകി മഹർഷിയുടെ ആശ്രമത്തിൽ വിശ്രമിക്കുന്ന സീതയുടെ ചിത്രമായിരുന്നു.ഇപ്പോൾ അത് മദിരാശി മ്യൂസിയത്തിലുണ്ട്.     

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com