ADVERTISEMENT

പുരാവസ്തു ഗവേഷണത്തിൽ കേരളം വളരെ പിന്നിലെന്ന് ചരിത്രകാരനും ഗവേഷകനുമായ ഡോ. എം.ജി. ശശിഭൂഷൺ. സ്വകാര്യ ഉടമസ്ഥതയിലുള്ള നൂറുകണക്കിനു പൈതൃക സ്മാരകങ്ങൾ നാൾ ചെല്ലും തോറും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ശാസ്ത്രീയ പര്യവേക്ഷണങ്ങളും ഉത്ഖനനങ്ങളും വളരെ അപൂർവമായി മാത്രമേ നടക്കുന്നുള്ളൂ. ചരിത്ര ഗവേഷണത്തിലും ഇത്തരം പ്രതിസന്ധികളുണ്ട്. കേരള ചരിത്രത്തെപ്പറ്റി സമഗ്രമായ ഒരു ഗ്രന്ഥം ഇതുവരെ രൂപപ്പെട്ടിട്ടില്ല. ഡോ. എം.ജി.എസ്.നാരായണനിൽനിന്ന് അത്തരമൊന്നു പ്രതീക്ഷിച്ചിരുന്നതാണ്. ചരിത്രവുമായി ബന്ധപ്പെട്ട പല ഗവേഷണങ്ങളും പക്ഷപാതപരമായി മാറുന്നത് നേരിട്ട് അനുഭവപ്പെട്ടിട്ടുണ്ട്. അതു ചൂണ്ടിക്കാട്ടുന്നവരെ വ്യക്തിപരമായി അപഹസിക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്– പുരാവസ്തു സംരക്ഷണം, ചരിത്ര ഗവേഷണം എന്നീ മേഖലകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് മനോരമ ഓൺലൈനോടു സംസാരിക്കുന്നു ശശിഭൂഷൺ.

H2
Shashi Bhooshan M G

പുരാവസ്തു സംരക്ഷണം

ചുവർ ചിത്രങ്ങൾ, ദാരുശിൽപങ്ങൾ, നിർമിതികൾ, നാണയങ്ങൾ, ലിഖിതങ്ങൾ ഇങ്ങനെ സമ്പന്നമായ ഒരു പുരാവസ്തു പാരമ്പര്യം നമുക്കുണ്ട്. സംരക്ഷിക്കപ്പെടേണ്ട സ്മാരകങ്ങളുടെ പത്തു ശതമാനം പോലും നോക്കിനടത്താൻ സംസ്ഥാന പുരാവസ്തു വകുപ്പിനു കഴിയാറില്ല. സാമ്പത്തിക പരിമിതികളും വിദഗ്ധരുടെ അഭാവവും പ്രതികൂലമായി. മറ്റൊന്ന്, രാഷ്്ട്രീയ നേതൃത്വങ്ങൾക്ക് ഈ മേഖലയിൽ കാര്യമായ താൽപര്യമില്ലാത്തതിനാൽ അതിരു കടന്ന ട്രേഡ് യൂണിയനിസം പ്രകടമാണ്. അതിനെ നിയന്ത്രിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾക്കു കഴിയാറില്ല. അതുകൊണ്ടുതന്നെ പലപ്പോഴും ഈ രംഗത്തെ വിദഗ്ധരല്ല അവയുടെ തലപ്പത്തു വരുന്നത്. പുരാവസ്തു വകുപ്പിലും പുരാരേഖാ വകുപ്പിലും ഇതാണു സ്ഥിതി.

കേരളത്തിലെ പുരാവസ്തുക്കളും പൈതൃകവും സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ഒന്നാംകിട സംരക്ഷിത സ്മാരകങ്ങളുടെ ചുമതല കേന്ദ്ര പുരാവസ്തു വകുപ്പിനും പ്രാദേശിക പ്രാധാന്യമുള്ള സ്മാരകങ്ങളുടെ ചുമതല കേരള സംസ്ഥാന പുരാവസ്തുവകുപ്പിനുമാണ്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള പദ്മനാഭപുരം കൊട്ടാരത്തിന്റെ സംരക്ഷണച്ചുമതലയും ചില പ്രത്യേക കാരണങ്ങളാൽ സംസ്ഥാന പുരാവസ്തുവകുപ്പിനാണ്.

നമ്മുടെ സ്മാരകങ്ങൾ സംരക്ഷിക്കാനായി തൃശൂർ ആസ്ഥാനമായുള്ള ഒരു ഭരണ സംവിധാനമാണ് കേന്ദ്ര പുരാവസ്തു വകുപ്പിനുള്ളത്. തിരുവനന്തപുരം ആസ്ഥാനമാക്കിയാണ് കേരള പുരാവസ്തുവകുപ്പിന്റെ പ്രവർത്തനം. ഇവയിൽ ചിട്ടയായ പ്രവർത്തനം കേന്ദ്ര പുരാവസ്തു വകുപ്പിന്റേതാണ്. ആന്ധ്രയിലും തമിഴ്നാട്ടിലും നിന്നുള്ള ഉദ്യോഗസ്ഥർ ചുമതലക്കാരായി എത്തുന്നതു ചിലപ്പോൾ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്.

തൃശൂർ വടക്കുന്നാഥ ക്ഷേത്രം കേന്ദ്ര പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരകമാണ്. സംരക്ഷണ പ്രവർത്തനങ്ങളുടെ ചുമതല നിർവഹിക്കുന്നത് തമിഴ്നാട്ടിൽ നിന്നുള്ള ഉദ്യോഗസ്ഥനാണെങ്കിൽ അയാൾ കൊണ്ടുവരുന്ന കരാറുകാരും അവിടെനിന്നുള്ളവരായിരിക്കുമല്ലോ. മധുരയിലോ ശ്രീരംഗത്തോ കുംഭകോണത്തോ ഉള്ള ക്ഷേത്രങ്ങളിൽനിന്നു വ്യത്യസ്തമായതും മര ഉരുപ്പടികൾക്കു പ്രാധാന്യമുള്ളതുമായ കേരളീയ ക്ഷേത്രങ്ങളുടെ സംരക്ഷണ പ്രവർത്തനങ്ങൾ അവർക്ക് അപരിചിതമാണെന്ന് ഈ ഉദ്യോഗസ്ഥർ ഓർക്കാറില്ല. വടക്കുനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരം സംരക്ഷിക്കുന്നതിൽ വലിയ പാകപ്പിഴകൾ ഉണ്ടാകാൻ അശ്രദ്ധയോടെയുള്ള ഇവരുടെ നടപടികൾ കാരണമായി. ഇതുതന്നെയാണ് തിരുവനന്തപുരത്തെ തിരുവല്ലം പരശുരാമ ക്ഷേത്രത്തിന്റെ കാര്യത്തിലും സംഭവിച്ചത്. ചരിത്രം പഠിക്കുന്നവരും പഠിപ്പിക്കുന്നവരും നാട്ടിൽ നടക്കുന്ന ഇത്തരം സംരക്ഷണ പ്രവർത്തനങ്ങൾ ശ്രദ്ധിച്ചാൽ നന്നാവും.

KRISHNAPURAM-PALACE---
കൃഷ്ണപുരം കൊട്ടാരം

ശാസ്ത്രീയ പര്യവേക്ഷണങ്ങളും ഉത്ഖനനങ്ങളും വളരെ അപൂർവമായി മാത്രമേ ഇപ്പോൾ നടക്കുന്നുള്ളൂ. അടുത്തകാലത്ത് ഒരു കോടതി വിധിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ഫറോക്ക് കോട്ടയിൽ നടന്ന പുരാവസ്തു പര്യവേക്ഷണവും ചെറിയ തോതിലുള്ള ഉത്ഖനനവും സ്വാഗതാർഹമാണ്. കൊട്ടിഘോഷിക്കപ്പെട്ട പട്ടണം ഉത്ഖനനം ദിശമാറിപ്പോയിരുന്നില്ലെങ്കിൽ കാര്യമായ നിഗമനങ്ങൾക്ക് വഴിയൊരുക്കുമായിരുന്നു. കൊല്ലത്തെ വാടിക്കടപ്പുറത്തു കണ്ടെത്തിയ ചൈനീസ് നാണയങ്ങളെപ്പറ്റി പഠനം നടത്തുവാൻ പുരാവസ്തു ഗവേഷണ വകുപ്പിനോ കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിനോ (കെസിഎച്ച്ആർ) കഴിഞ്ഞിട്ടില്ല. നാണയ വിദഗ്ധ ബീനാ സരസന്റെ പ്രവർത്തനങ്ങളാണ് കേരളീയരുടെ ജിജ്ഞാസയെ തെല്ലെങ്കിലും തൃപ്തിപ്പെടുത്തിയത്.

പുരാവസ്തു സംരക്ഷണത്തിന് ചില നിർദേശങ്ങൾ

നൂറുകണക്കിനു മഹാശിലാ സ്മാരകങ്ങൾ കേരളത്തിലുണ്ട്. അവ കേന്ദ്രീകരിച്ചുള്ള ഉത്ഖനനങ്ങൾക്കു മുൻഗണന നൽകണം. ഇടുക്കി ജില്ലയിലെ മറയൂരിലാണ് ഏറ്റവും കൂടുതൽ മഹാശിലാ സ്മാരകങ്ങൾ. ഇവ കേന്ദ്രീകരിച്ച് ഒരു ഓപൺ എയർ മ്യൂസിയം അടിയന്തരമായി ഉണ്ടാകണം. എടയ്ക്കലിലെ കൊത്തു ചിത്രങ്ങളും (engravings) മറയൂരിലെ ആദിമ ചിത്രങ്ങളും ശാസ്ത്രീയമായി സംരക്ഷിക്കപ്പെടണം. നമ്മുടെ ദാരുശിൽപ പാരമ്പര്യവും വിസ്മരിക്കപ്പെടരുത്. പുരാവസ്തു നിയമങ്ങൾ കർശനമായി പാലിക്കപ്പെടണം. വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് മദ്യശാലകളും ബാർ അറ്റാച്ച്ഡ് ഹോട്ടലുകളും സ്നാന സൗകര്യങ്ങളും മാത്രം പോരെന്ന് അധികൃതർ തിരിച്ചറിയണം. പുരാവസ്തു സ്ഥാപനങ്ങളുടെ പ്രാധാന്യം ലോകമെമ്പാടുമുള്ള സർക്കാരുകൾ എന്നേ അംഗീകരിച്ചു കഴിഞ്ഞു. ദൗർഭാഗ്യവശാൽ നമ്മൾ ഇനിയും അത് അംഗീകരിച്ചിട്ടില്ല,

Muniyara
മുനിയറ

‌‌ചരിത്ര ഗവേഷണമോ ദുർവ്യാഖ്യാനങ്ങളോ ? 

വർഷങ്ങൾക്കു മുൻപ് കേരളത്തിലെ ഒരു പ്രമുഖ സർവകലാശാലയിൽനിന്നുള്ള ഒരു പിഎച്ച്ഡി പ്രബന്ധം മൂല്യ നിർണയത്തിനായി എനിക്കു ലഭിച്ചു. ഫെഡറിക് ജയിംസൺ എന്ന ചിന്തകന്റെ പൊളിറ്റിക്കൽ അൺകോൺഷ്യസ് എന്ന കലാ സിദ്ധാന്തത്തെ അധികരിച്ച് ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, പ്രശസ്ത ചിത്രകാരൻ കെ.സി.എസ് പണിക്കരുടെ ഇന്ത്യൻ കർഷക ജീവിതം എന്നിവയുടെ താരതമ്യമായിരുന്നു ഗവേഷണ വിഷയം. ഒരു കലാ സിദ്ധാന്തത്തെ ന്യായീകരിക്കുന്നതിനായി എഴുത്തുകാരനെയും കലാകാരനെയും കുരിശിൽ തറയ്ക്കുന്നതാണ് ആ തീസിസിൽ കണ്ടത്. കെ.സി.എസ് പണിക്കരുടെ കലാസൃഷ്ടിയെയും ഖസാക്കിന്റെ ഇതിഹാസത്തെയും ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു.

കാസർകോട്ടെ അനന്തപുരം ക്ഷേത്രത്തിലെ ഗർഭഗൃഹത്തിൽ ഒരു ചിത്രമുണ്ട്. അതിനെ പശു കരയുന്ന ചിത്രമായാണ് പ്രസിദ്ധ ചിത്രകാരൻ കെ.കെ.മാരാർ തെറ്റിദ്ധരിച്ചത്. വാസ്തവത്തിൽ അതു ശിരസ്സ് ഛേദിക്കപ്പെട്ട മഹിഷാസുരന്റെ ചിത്രമാണ്. അതിനെ അതേപടി ഗവേഷണ പ്രബന്ധത്തിൽ ഒരു വലിയ കണ്ടെത്തലായി അവതരിപ്പിച്ചിരിക്കുകയായിരുന്നു. കഥ അറിയാതെയുള്ള ആട്ടം എന്നാണ് ആ ഗവേഷണ പ്രബന്ധത്തെ വിശേഷിപ്പിക്കേണ്ടത്. അതിന് പിഎച്ച്ഡി ലഭിക്കരുതെന്ന ആഗ്രഹം എനിക്കില്ലായിരുന്നു. എന്നാൽ ഞാൻ കണ്ടത്തിയ ഗൗരവമായ ചില തെറ്റുകൾ തിരുത്തി സമർപ്പിക്കണമെന്നു നിർദേശിച്ചു.

Muniyara-1-
മുനിയറ

അതു തിരുത്തിയില്ലെന്നു മാത്രമല്ല എന്നെ പരിശോധക സ്ഥാനത്തുനിന്നു സർവകലാശാല മാറ്റുകയാണുണ്ടായത്. ഗവേഷണ പ്രബന്ധം പുസ്തകമാക്കിയപ്പോൾ പരിശോധകൻ എന്ന നിലയിൽ ഞാൻ ചൂണ്ടിക്കാട്ടിയ മിക്ക തെറ്റുകളും തിരുത്താനുള്ള ‘മഹാമനസ്കത’യും കാട്ടി. ഗവേഷണം നടത്തിയ വ്യക്തിയോ അദ്ദേഹത്തിന്റെ സർവകലാശാലയിലെ സമവാക്യങ്ങളോ ഒന്നുമായിരുന്നില്ല പരിശോധകൻ എന്ന നിലയിൽ എന്റെ മുന്നിലെ പരിഗണനാ വിഷയങ്ങൾ. തീസിസിലെ കലാപരവും ചരിത്രപരവുമായ ഉള്ളടക്കമായിരുന്നു.

H3
sooranad kunjan pillai

എന്നാൽ പിൽക്കാലത്ത് ഇക്കാര്യം വിവാദമായപ്പോൾ ‘അക്ഷരം കൂട്ടി വായിക്കാമെന്നതുകൊണ്ടു മാത്രം ഒരാൾ പണ്ഡിതനാകുന്നില്ലെന്ന്’ എന്നെക്കുറിച്ച് ഒരു പരാമർശം ഉണ്ടായതായി ശ്രദ്ധയിൽപെട്ടു. ചരിത്ര ഗവേഷണം നേരിടുന്ന പ്രതിസന്ധികളിൽ ഒന്നാണിത്. അനായാസം ചെയ്യേണ്ട കാര്യമല്ല ഗവേഷണം. പുകഴ്ത്തലിനോ ഇകഴ്ത്തലിനോ ചരിത്ര പഠനത്തിലും ചരിത്ര രചനയിലും സ്ഥാനമില്ല. ഗവേഷകനു പക്ഷപാതവും അരുത്. സർവകലാശാലകൾ ഇത്തരം മാനദണ്ഡങ്ങളിൽ ഉറച്ചു നിന്നാലേ ചരിത്ര പഠനം ഗൗരവമായ ദിശയിലേക്കു നീങ്ങുകയുള്ളൂ. അങ്ങനെ ഒരു നിലപാടു സ്വീകരിക്കുന്നില്ലെങ്കിൽ ചരിത്രമെന്നതു വ്യാഖ്യാനം മാത്രമായി ചുരുങ്ങുമെന്ന് ഞാൻ ഭയപ്പെടുന്നു.

മാർത്താണ്ഡവർമ പ്രതിനായകനോ?

ഭരണാധികാരികളെ വിലയിരുത്തുമ്പോഴും ഇത്തരം ശ്രദ്ധ ആവശ്യമാണ്. അവർ ജീവിച്ച കാലവുമായി ബന്ധപ്പെടുത്തി വേണം അവരുടെ പ്രവർത്തനങ്ങളെ സമീപിക്കേണ്ടത്. അതിന് ഉദാഹരണം ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവെന്ന് അറിയപ്പെടുന്ന അനിഴം തിരുനാൾ മാർത്താണ്ഡ വർമയാണ്. അദ്ദേഹം ക്രൂരനായ ഭരണാധികാരിയായിരുന്നുവെന്ന് ഒരു പക്ഷമുണ്ട്. പഴയ കായംകുളം ആക്രമണത്തിന്റെ കഥകൾ കേട്ടു വളർന്ന എന്റെ മനസ്സിലും അങ്ങനെ ഒരു ചിത്രമാണ് ഉണ്ടായിരുന്നത് തീർച്ചയായും അദ്ദേഹം യുദ്ധരംഗത്ത് നിർദാക്ഷിണ്യ സമീപനം സ്വീകരിച്ച ഒരു ഭരണാധികാരിതന്നെ ആയിരുന്നു. എന്നാൽ ആ നിർദാക്ഷിണ്യത കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നെന്നു മറക്കരുത്.

പടനിലങ്ങളിലെ പടയണികളിൽനിന്ന്, ആസൂത്രിതവും അതിരൂക്ഷവുമായി മാറിയ യുദ്ധതന്ത്രങ്ങൾക്കാണ് 18 ാം നൂറ്റാണ്ടിലെ കേരളം സാക്ഷ്യം വഹിച്ചത്. സംഭവബഹുലമായ ഒരു കാലഘട്ടമായിരുന്നു അത്. ഇന്ത്യയിൽ ആധിപത്യത്തിനു ശ്രമിച്ചുകൊണ്ടിരുന്ന ഫ്രഞ്ചുകാരും ബ്രിട്ടിഷുകാരും ഒരുവശത്ത്, ആധിപത്യം നഷ്ടപ്പെടാതിരിക്കാൻ ശ്രമം നടത്തുന്ന ഡച്ചുകാർ മറുവശത്ത്. ഇവരെല്ലാം തിരുവിതാംകൂർ എന്ന രാജ്യത്തെ ലക്ഷ്യമിടുന്നു. ഇത്തരം ഘട്ടങ്ങളെയാണ് പ്രതിസന്ധിയുടെ കാലമായി ചരിത്രകാരന്മാർ വിലയിരുത്തുന്നത്. ഇത്തരം വെല്ലുവിളികളെ ഒരു ഭരണാധികാരി എങ്ങനെ അഭിമുഖീകരിക്കുന്നുവെന്നതു പ്രധാനമാണ്. അതിനെ വിദഗ്ധമായി അതിജീവിച്ചതാണ് മാർത്താണ്ഡവർമയെന്ന ഭരണാധികാരിയുടെ മികവ്.

H4
ഇളംകുളം കുഞ്ഞൻപിള്ള

നയതന്ത്ര വൈദഗ്ധ്യം കൊണ്ടാണ് അദ്ദേഹം ഇവരെയൊക്കെ നേരിട്ടത്. വിദേശ ശക്തികളെയൊന്നും അദ്ദേഹം പിണക്കാൻ ശ്രമിച്ചില്ല. ഇതിനിടെ ഡച്ചുകാർ ഇടഞ്ഞപ്പോൾ അദ്ദേഹവും ഇടഞ്ഞു. ലോകത്തെവിടെയും സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയ വ്യക്തികളും ഭരണാധികാരികളുമുണ്ട്. അവരെ ആ കാലഘട്ടത്തിൽനിന്ന് അടർത്തിയെടുത്ത് വിലയിരുത്താൻ ശ്രമിക്കരുത്. ഈ വിധത്തിൽ സമീപിക്കുമ്പോൾ നമുക്ക് ഒരു കാര്യം വ്യക്തമാകും ചരിത്രത്തിൽ പ്രതിനായകന്മാർ ഇല്ല. അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളും അവയെ അഭിമുഖീകരിക്കുന്ന വ്യക്തികളും സമൂഹങ്ങളുമേയുള്ളൂ.

കലകൾക്കുപിന്നിലെ രാഷ്ട്രീയ ചരിത്രത്തിനു കാതോർക്കുക

കലാ ആസ്വാദനം വ്യക്തികളെ എങ്ങനെ ചരിത്രത്തോട് അടുപ്പിക്കുമെന്നു വ്യക്തമാക്കിയത് ചുവർ ചിത്രങ്ങളെയും ദാരുശിൽപങ്ങളെയും കുറിച്ചുള്ള ഗവേഷണങ്ങളാണ്. എല്ലാ കലാരൂപങ്ങൾക്കു പിന്നിലും ഒരു ചരിത്രമുണ്ട്. അതു രാഷ്ട്രീയ ചരിത്രം തന്നെയാണ്. ഉദാഹരണത്തിന് കായംകുളം കൃഷ്ണപുരം കൊട്ടാരത്തിലെ ചുവർ ചിത്രങ്ങൾ. കേരളത്തിലെ ഏറ്റവും വലിയ ചുവർ ചിത്രങ്ങളിൽ ഒന്നായ ഗജേന്ദ്ര മോക്ഷം അവിടെയാണുള്ളത്. ആ കൊട്ടാരം ഉള്ളതുകൊണ്ടാണല്ലോ അവിടെ ചുവർ ചിത്രമുണ്ടായത്.

അപ്പോൾ കൊട്ടാരത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണം പ്രസക്തമാകുന്നു. അത് എത്തി നിൽക്കുന്നത് അനിഴം തിരുനാൾ മാർത്താണ്ഡവർമയെന്ന ഭരണാധികാരിയിലേക്കും കായംകുളം യുദ്ധത്തിലേക്കുമാണ്. ആ യുദ്ധത്തിന്റെ മുറിവുണക്കാൻ അദ്ദേഹവും അനന്തിരവൻ കാർത്തിക തിരുനാൾ രാമവർമയും പരിശ്രമിച്ചിരുന്നു. അതിന്റെ ഫലമാണ് അവിടത്തെ ചുവർ ചിത്രങ്ങൾ. പഴയ മധ്യ തിരുവിതാംകൂറിൽ ഉൾപ്പെടുന്ന പല ക്ഷേത്രങ്ങളിലെയും ചുവർ ചിത്രങ്ങൾക്കു പിന്നിൽ ഇങ്ങനെ ഒരു രാഷ്ട്രീയ ചരിത്രമുണ്ട്. തിരുവിതാംകൂറിൽ മാത്രമല്ല ലോകത്തെവിടെയുമുള്ള കലാരൂപങ്ങൾക്ക് ആസ്വാദകനോട് ഇത്തരത്തിലുള്ള അനേകമനേകം ചരിത്രഗാഥകൾ പങ്കുവയ്ക്കാനുണ്ടാകും. അതിനു കാതോർക്കാനാകണം..

heritage-walkGajendramoksham

മുലക്കരവും കുറേ യാഥാര്‍ത്യങ്ങളും

മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുള്ള ചിലരൊക്കെ പ്രസംഗിക്കുമ്പോൾ നവോത്ഥാന നായികയായി മുല മുറിച്ച നങ്ങേലിയെക്കുറിച്ചു പരാമർശിക്കാറുണ്ട്. കഥയറിയാതെ ചരിത്രവും പുരാവൃത്തങ്ങളും കൂട്ടിക്കുഴയ്ക്കുന്നതിന്റെ ഉദാഹരണമാണിത്. നങ്ങേലിയെന്ന ഒരു സ്ത്രീ ഇല്ലെന്നു ഞാൻ പറയില്ല. എന്നാൽ കേരളത്തിൽ ഒരിടത്തും മുലക്കരം എന്നൊരു സമ്പ്രദായമില്ലായിരുന്നു. അടിമസ്ത്രീകളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതിനു ജന്മി കൊടുത്ത കരത്തിനുള്ള പരിഹാസപ്പേരായിരുന്നു അത്. തരിസാപ്പള്ളിപട്ടയത്തിലെ മുലവില വേശ്യകളിൽനിന്നു പിരിച്ചെടുത്തതെന്നാണു ചില വ്യാഖ്യാതാക്കൾ പറയുന്നത്.അതും ശരിയല്ല.

നമ്മുടെ നാട്ടിൽ ചരിത്രം പുരാവൃത്തങ്ങളുട രൂപത്തിലാണ് പ്രചരിപ്പിച്ചിരുന്നത്. സങ്കൽപ ചരിത്രവും നാടോടി വിശ്വാസവും ചമൽക്കാര കൽപനകളും കൂടിച്ചേർന്നതാണ് പുരാവൃത്തം. ഫോക്ടെയിൽ, സേക്രഡ് ലോർ എന്നിങ്ങനെ മിത്തുകൾക്ക് ഇനിയും വകഭേദങ്ങളുണ്ട്. പരശുരാമൻ മഴു എറിഞ്ഞാണു കേരളം സൃഷ്ടിച്ചതെന്നത് സേക്രഡ് ലോറാണ്. മഹാബലി പ്രജകളെ കാണാൻ എല്ലാ കൊല്ലവും തിരുവോണത്തിന് കേരളത്തിൽ എത്തുമെന്ന വിശ്വാസം മിത്താണ്. പറയിപെറ്റ പന്തിരുകുലത്തിന്റെ അദ്ഭുത കഥകൾ നാടോടിക്കഥകളാണ്. ഈ വിവേചന ബുദ്ധിയോടെ വേണം പുരാവൃത്തങ്ങളെ സമീപിക്കേണ്ടത്. പുലച്ചിപ്പറമ്പിലെ നങ്ങേലിയുടെ കഥ ചരിത്രമാണെന്നു വിശ്വസിക്കുന്നവർ എല്ലായിടത്തും ഇതേകഥ മറ്റൊരു രൂപത്തിൽ പ്രചരിക്കുന്നുണ്ടെന്ന് അറിയണം. ‌മുല മുറിച്ച് ആത്മഹത്യചെയ്ത നങ്ങേലി ആലപ്പുഴയിലെ ചേർത്തലയിൽ മാത്രമല്ല തൃശൂരിലെ എയ്യാലിലുമുണ്ട്. ഒരേ കഥയ്ക്ക് ഭിന്ന പാഠഭേദങ്ങൾ ഉണ്ടാകുന്നത് ഫോക്‌ലോറുകളുടെ സാധാരണ സ്വഭാവമാണ്.

H1
M. G. S. Narayanan

വേണം സമഗ്രമായ ഒരുചരിത്ര ഗ്രന്ഥം

ഗൗരവപൂർണങ്ങളായ നിരീക്ഷണങ്ങൾ നമ്മുടെ ചരിത്രകാരന്മാർ എഴുതാൻ തുടങ്ങിയിട്ട് ഏഴു പതിറ്റാണ്ടുകളായി. കേരള ചരിത്രം എന്ന ശീർഷകത്തിൽ ധാരാളം പുസ്തകങ്ങളും പലരിൽനിന്നും ഉണ്ടായിട്ടുണ്ട്. എന്നാൽ സമഗ്രമായ ഒരു കേരള ചരിത്രം ഇനിയും ലഭിക്കേണ്ടിയിരിക്കുന്നു. അത്തരത്തിൽ ഒരു പുസ്തകം പ്രശസ്ത ചരിത്രകാരനും അധ്യാപകനുമായ ഡോ. എം.ജി.എസ്. നാരായണനിൽ നിന്നുണ്ടാകുമെന്നാണു ഞങ്ങളൊക്കെ പ്രതീക്ഷിച്ചിരുന്നത്. ഒട്ടേറെ വിദേശ സർവകലാശാലകളിലെ പ്രവർത്തന പരിചയം, ഇംഗ്ലിഷിലും സംസ്കൃതത്തിലുമുള്ള പാണ്ഡിത്യം, തമിഴ് ഭാഷയിലുള്ള അറിവ്, ചരിത്രത്തെ ആഴത്തിൽ അപഗ്രഥിക്കാനുള്ള മികവ് എന്നിവയൊക്കെ അദ്ദേഹത്തിന് അനുകൂല ഘടകങ്ങളാണ്. അദ്ദേഹം സ്വന്തമായി എഴുതിയില്ലെങ്കിൽക്കൂടി തിരഞ്ഞെടുത്ത ചില ശിഷ്യരെക്കൊണ്ട് എഴുതിച്ച് അദ്ദേഹം എഡിറ്റ് ചെയ്ത ഒരു പുസ്തകത്തിനെങ്കിലും സാധ്യതയുണ്ടായിരുന്നു. അതും നടന്നില്ല. അത്തരം ഒരു പരിശ്രമത്തിന് മാറിമാറിവന്ന സർക്കാരുകൾ നടപടി സ്വീകരിച്ചതുമില്ല. ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ അറിവുകൾ പ്രയോജനപ്പെടുത്താത്തത് കേരള ചരിത്രത്തിനുതന്നെ കനത്ത നഷ്ടമാണ്.

ഇവരെ മറന്നു പോകരുത്

കെ.പി. പദ്മനാഭ മേനോന്റെ ‘എ ഹിസ്റ്ററി ഓഫ് കേരള’ 1929 ൽ പുറത്തുവന്നുവെങ്കിലും ശീർഷകത്തോടു നീതി പുലർത്തുന്ന പുസ്തകമായി അതിനെ കണക്കാക്കാൻ കഴിയില്ല. കൊച്ചി രാജ്യ ചരിത്രത്തെയാണ് പത്മനാഭ മേനോന്റെ മാസ്റ്റർപീസായി സ്വീകരിക്കാൻ കഴിയുന്നത്. കേരള ചരിത്രത്തിന്റെ ഇരുളടഞ്ഞ ഏടുകളെപ്പറ്റി പിന്നീടുണ്ടായ നിരീക്ഷണങ്ങളിൽ പ്രധാനം പ്രഫ. ഇളംകുളം കുഞ്ഞൻപിള്ളയുടേതായിരുന്നു. നൂറ്റാണ്ടു യുദ്ധത്തെയും കുലശേഖര സാമ്രാജ്യത്തെയും മരുമക്കത്തായത്തിന്റെ ഉൽപത്തിയേയും ജന്മി സമ്പ്രദായത്തെയും കുറിച്ച് അദ്ദേഹം നടത്തിയ പഠനങ്ങളിൽ അവസാനം പറഞ്ഞതൊഴിച്ചുള്ളതെല്ലാം ഇന്ന് തിരസ്കരിക്കപ്പെട്ടിരിക്കുകയാണ്. ചരിത്ര പഠനത്തെ ഐതിഹ്യങ്ങളിൽനിന്നു മോചിപ്പിക്കുവാൻ അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ പിൽക്കാലത്ത് എ. ശ്രീധരമേനോനും ഡോ.എം.ജി.എസ്. നാരായണനും മാതൃകയായി.

ചരിത്രത്തെ ഗൗരവമായി സമീപിച്ച ചില വ്യക്തികൾ വിസ്മരിക്കപ്പെട്ടിട്ടുണ്ട്. അതിൽ പ്രഫ. ഇളംകുളം കുഞ്ഞൻപിള്ളയും ഡോ.ശൂരനാട് കുഞ്ഞൻപിള്ളയും ഉൾപ്പെടുമെന്നതു ദൗർഭാഗ്യകരമാണ്. ഭാഷയുടെ ചരിത്രം വിശദമാക്കാൻ ദേശചരിത്രം കൂടി അറിഞ്ഞിരിക്കണമെന്ന കാഴ്ചപ്പാടിന്റെ പ്രതിനിധികളായാണ് ഇളംകുളത്തെയും ശൂരനാടനെയും കാണേണ്ടത്. ഇവരിൽ ക്രാന്തദർശിയായ ചരിത്രകാരൻ ഇളംകുളമാണ്. ഹൃദയശുദ്ധിയുള്ള പണ്ഡിതനായിരുന്നു ശൂരനാട് കുഞ്ഞൻപിള്ള.

ക്ലേശപൂർണമായിരുന്ന ഇവരുടെ വഴി തിരഞ്ഞെടുത്ത പണ്ഡിതന്മാർ പിന്നീടും ഉണ്ടായി. എൻ.വി. കൃഷ്ണവാരിയർ ഉദാഹരണം. കേരള ചരിത്രത്തോടു താൽപര്യമുണ്ടായിരുന്ന എൻവി മലയാള കാവ്യപാരമ്പര്യത്തെക്കുറിച്ചും വൃത്തശാസ്ത്രത്തെക്കുറിച്ചും അഗാധമായ അറിവുള്ള പണ്ഡ‍ിതനായിരുന്നു. എം.പി. ശങ്കുണ്ണിനായരെയും കെ. ഉണ്ണിക്കിടാവിനെയും തീർച്ചയായും ഈ ഗണത്തിൽ പെടുത്താം. മലയാളം മധ്യകാലത്തമിഴിന്റെ ഒരു ശാഖയല്ലെന്നും തെലുങ്ക്, കർണാടകം തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകൾ പോലെ മലയാളവും മൂല ദ്രാവിഡ ഭാഷയുടെ ഒരു സ്വതന്ത്ര ശാഖയാണെന്നും നിരന്തരം വാദിച്ച ഒരു പണ്ഡിതനായിരുന്നു ഉണ്ണിക്കിടാവ്. ഡോ. പുതുശേരി രാമചന്ദ്രൻ കവി മാത്രമായിരുന്നില്ല, ഭാഷാ ഗവേഷകനും കേരള ചരിത്രകാരനുമായിരുന്നു. കേരളത്തിലെ മധ്യകാല ശാസനങ്ങളും ക്ഷേത്ര ലിഖിതങ്ങളും പുതിയൊരു കാഴ്ചപ്പാടിൽ അവതരിപ്പിക്കാൻ പുതുശേരിക്കു സാധിച്ചു. എൻ.ആർ. ഗോപിനാഥപിള്ള, നടുവട്ടം ഗോപാലകൃഷ്ണൻ തുടങ്ങിയവരെയും ഈ പട്ടികയിൽ ഉൾപ്പെടുത്തണം.

ചരിത്ര പഠനത്തിന്റെ ഭാവിയും സാധ്യതകളും

ബിരുദ പഠനത്തിനും ബിരുദാനന്തര പഠനത്തിനും വരുന്ന വിദ്യാർഥികളുടെ ഐച്ഛിക വിഷയങ്ങളിലൊന്നാണു ചരിത്രം. മലയാളം പഠിക്കുവാൻ എത്തുന്ന വിദ്യാർഥികൾക്കും ഉത്തരം എഴുതാനുള്ള ഒരു പേപ്പർ എന്ന നിലയിൽ കേരള ചരിത്രം പഠിക്കേണ്ടതുണ്ട്. ആർക്കിയോളജിയെയും മ്യൂസിയോളജിയെയും ആർട് ഹിസ്റ്ററിയെയും ചരിത്രവുമായി ബന്ധപ്പെടുത്തി പഠിപ്പിക്കുവാൻ തുടങ്ങിയിട്ട് ഇവിടെ ഏറെക്കാലമായിട്ടില്ല. കോംബിനേഷൻ കോഴ്സുകൾക്കു കൂടുതൽ പ്രാധാന്യം നൽകാൻ നമ്മുടെ സർവകലാശാലകൾ തയാറായാൽ ചരിത്ര പഠനത്തിനു പുതിയൊരു ദിശാബോധം നൽകാൻ കഴിയും.

വികസന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന രാഷ്ട്രീയ നേതാക്കന്മാർക്കു പോലും ചരിത്രപഠനം വരും നാളുകളിൽ അനിവാര്യമാകും. ഇന്നലെകളുടെ തുടർച്ചയാണ് ഇന്നെന്നും ഇന്നിന്റെ തുടർച്ചയാണ് നാളെയെന്നും മറക്കാതിരിക്കാൻ ചരിത്ര പഠനം സഹായിക്കും. രാജഭരണത്തിന്റെ നാളുകളിൽ ഇന്ത്യയിൽ നിലനിന്നിരുന്ന അർധ ജനാധിപത്യത്തെപ്പറ്റിയും ജനങ്ങളുടെ ആവലാതികൾക്കു പരിഹാരം കണ്ടെത്താൻ കഴിയാതെപോയ ഭരണാധികാരികളുടെ പരാജയത്തെപ്പറ്റിയും കേരള ചരിത്രത്തിൽനിന്നു മാത്രമല്ല ഇന്ത്യാ ചരിത്രത്തിൽനിന്നും പാഠം ഉൾക്കൊള്ളാൻ കഴിയണം.

പിടാകകളിൽ നിന്നുള്ള പ്രതിനിധികൾ പരാതി പറയാൻ എത്തിയാൽ, രാജാവ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണെങ്കിലും അതു നിർത്തി ജനങ്ങളുടെ ആവലാതികൾ കേൾക്കണമെന്നായിരുന്നു തിരുവിതാംകൂറിലെ അലിഖിത നിയമം. കപിലവസ്തുവിലെ രാജാവായ ശുദ്ധോദനൻ (ശ്രീബുദ്ധന്റെ പിതാവ്) ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട രാജാവായിരുന്നു. ക്ഷത്രിയകുലത്തിൽ ജനിച്ചയാൾക്കു മാത്രമേ രാജാവാകാൻ കഴിയൂ എന്ന നിയമം ഉണ്ടായിരുന്നില്ല. ആട്ടിടയൻമാരിൽനിന്നും മുക്കുവൻമാരിൽനിന്നും കച്ചവടക്കാരിൽനിന്നും രാജവംശങ്ങൾ ഉണ്ടായ വൃത്താന്തമാണ് ഇന്ത്യാ ചരിത്രം പറയുന്നത്. പിൽക്കാലത്ത് ചില രാജവംശങ്ങൾ തങ്ങൾക്കു മറ്റുള്ളവരെക്കാൾ വംശ പാരമ്പര്യം ഉണ്ടെന്ന് അഭിമാനിക്കാൻ തുടങ്ങി.

രാജപുരോഹിതരുടെ വ്യാജസ്തുതികളിൽ ഭ്രമിച്ചുപോയവരുടെ പതന കഥകൾ ഇന്ത്യാ ചരിത്രത്തിൽ സുലഭമാണ്. പതിനൊന്നാം നൂറ്റാണ്ടോടുകൂടി കരിന്തിരി കത്താൻ തുടങ്ങിയ ഇന്ത്യയുടെ പ്രതാപത്തിന് സംഭവിച്ചതെന്തെന്നു മനസ്സിലാക്കാൻ ചരിത്ര പഠനം കുറച്ചൊന്നുമല്ല സഹായിക്കുന്നത്. രാജാക്കന്മാരെ ശാക്തേയ തന്ത്രത്തിൽ അഭിരമിക്കുവാൻ പ്രേരിപ്പിക്കുകയായിരുന്നു അന്നത്തെ രാജപുരോഹിതന്മാർ. ഖജുരാഹോയും കോണാർക്കും ഈ കാലഘട്ടത്തിന്റെ സ്മാരകങ്ങളാണ്. വൈദേശികാക്രമണങ്ങളും വൈദേശിക ഭരണവുമായിരുന്നു അനന്തരം ഉണ്ടായത്. യുദ്ധതന്ത്രങ്ങൾ നവീകരിക്കുന്നതിനു പകരം ശാക്തേയ സാധനകളിൽ ഏർപ്പെട്ടാൽ വിജയം സാധ്യമാകുമെന്നു രാജാക്കന്മാർ തെറ്റിദ്ധരിച്ചു. ഇന്നലെകളുടെ ഇത്തരം ശക്തിദൗർബല്യങ്ങൾ തിരിച്ചറിയാൻ ചരിത്ര പഠനം സഹായിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com