350 വർഷത്തോളം പഴക്കം; പഴശ്ശിരാജ അന്തിയുറങ്ങിയ മണിമാളികയില്‍ രാജാവിനെ പോലെ താമസിക്കാം

keloth-tharavadu2
SHARE

മീശ പിരിക്കുന്ന നായകന്മാരെപ്പോലെ തന്നെ ഒരുകാലത്ത് സിനിമകളില്‍ പഴയ തറവാടുകളും ഒരു പ്രധാന റോളില്‍ എത്തിയിരുന്നു. ഇന്നും അതിനു കുറവൊന്നുമില്ല. കേരളത്തിലെ  ആഡ്യത്വം നിറഞ്ഞ പല തറവാടുകളും വെള്ളിത്തിരയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ഇങ്ങനെ പ്രശസ്തമായ തറവാടുകളില്‍ ഒന്നാണ് വയനാട്ടിലെ കേളോത്ത് തറവാട്. 

കൽപ്പറ്റ - പനമരം റോഡിൽ ചെറുകാട്ടൂരിൽ സ്ഥിതിചെയ്യുന്ന ഒരു നായർ തറവാടാണിത്. മൂന്നര നൂറ്റാണ്ടു പഴക്കമുണ്ട് ഈ നാലുകെട്ടിന്. മലയാളം, തമിഴ്, കന്നട ഭാഷകളിൽ ഇറങ്ങിയ പ്രേത സിനിമയായ അമ്മ, അനിൽകുമാർ സംവിധാനം ചെയ്ത തുടി തുടങ്ങി നിരവധി ടെലിഫിലിമുകള്‍ക്കും സീരിയലുകള്‍ക്കും സിനിമകള്‍ക്കും ഇവിടം ലൊക്കേഷനായിട്ടുണ്ട്. ഇന്ന് വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികൾ സന്ദർശിക്കുന്ന വയനാട്ടിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണിവിടം. 

keloth-tharavadu

സഞ്ചാരികള്‍ക്ക് താമസിക്കാം

വയനാട്ടിൽ പനമരത്ത് സഞ്ചാരികളെ കാത്ത് നെഞ്ചുവിടർത്തി നിൽക്കുകയാണ് കേളോത്ത് തറവാട്. മരമച്ചുകളും  പഴയ വാസ്തുരീതികളും അതേപടി നിലനിർത്തിയിട്ടുണ്ടെങ്കിലും യാത്രികർക്കായി ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് ഈ തറവാട്ടിൽ. അടുത്തുള്ള പുഴയിൽ കുളിയുമാകാം. വലിയ സംഘത്തിനും സൗകര്യപ്രദം. വിശാലമായ ഇടനാഴികളിലും ചരൽ പാകിയ മുറ്റത്തും ഗാനസന്ധ്യകളുമായി സായാഹ്നങ്ങൾ ആസ്വദിക്കാം. തറവാടിന്റെ തന്നെ കൃഷിയിടങ്ങളിൽ സന്ദർശനവുമാകാം. 

പഴശ്ശിരാജ താമസിച്ച വീട്

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കോട്ടയം രാജവംശത്തിന്‍റെ ഭരണത്തിന്‍ കീഴിലായിരുന്നു വയനാട്. അന്നത്തെ നായര്‍പ്രമാണിയായിരുന്ന കുപ്പത്തോട് നായർക്ക് പതിച്ചുകിട്ടിയ സ്ഥലത്താണ് കേളോത്ത് തറവാട് പണിതുയര്‍ത്തിയത്. കുപ്പത്തോടും  പാക്കം, പുൽപള്ളി പ്രദേശവും കുപ്പത്തോട് നായർ കുടുംബത്തിന്‍റെ അധീനതയിലായിരുന്നു. 

കോട്ടയം തമ്പുരാക്കന്മാർ വയനാട് സന്ദർശനവേളയിൽ കേളോത്ത് തറവാട്ടിൽ താമസിച്ചിരുന്നത്രേ. മാത്രമല്ല, ബ്രിട്ടീഷുകാരുമായി പോരാട്ടം നടത്തിയിരുന്ന സമയത്ത് കേരളസിംഹം പഴശ്ശിരാജയും തറവാട്ടിൽ താമസിച്ചിരുന്നതായി പറയപ്പെടുന്നു. 

വെണ്ണക്കല്ലും ഗുണമേറും മരങ്ങളും

അക്കാലത്ത് ലഭിച്ചിരുന്ന ഏറ്റവും ഗുണമേന്മയേറിയ മരങ്ങളും വെട്ടുകല്ലും വെണ്ണക്കല്ലും ഉപയോഗിച്ചാണ് തറവാട് പണിതിരിക്കുന്നത്. ഒരു കൊച്ചു കൊട്ടാരം എന്നുതന്നെ പറയാം. വീടിനു നാലുകെട്ടും നടുമുറ്റവും കൂടാതെ പടിഞ്ഞാറ്റം, തെക്കിനി, കിഴക്കിനി, വടക്കിനി എന്നീ നാല് ഭാഗങ്ങളുമുണ്ട്. കേരളത്തിന്‍റെ തനതായ വാസ്തുവിദ്യ ഉപയോഗിച്ചാണ് നിര്‍മാണം. വലിയൊരു മീറ്റിങ് പോലും നടത്താന്‍ കഴിയുന്നത്ര വലിയ കോലായയും വലിപ്പമേറിയ മുറികളും മൂന്നാമത്തെ നിലയിൽ വിശാലമായ ഒരു ഹാളുമുണ്ട്. മുന്‍പ് ഇവിടം സന്ദര്‍ശിച്ച രാജാക്കൻന്മാർ നൽകിയ കട്ടിലും കസേരയും ഇവിടെ ഇന്നും സൂക്ഷിച്ചിട്ടുണ്ട്. 

ഒരു കാലത്ത് 32 ആനകളും നിരവധി കുതിരകളും തറവാടിനു സ്വന്തമായുണ്ടായിരുന്നത്രേ. പിൽക്കാലത്ത് തറവാട്ടിലെ അംഗങ്ങൾ വസ്തുക്കൾ ഭാഗം ചെയ്ത് പിരിഞ്ഞു. 1998 ൽ നടന്ന ഭാഗം വെക്കലില്‍ കുപ്പത്തോട് ലക്ഷ്മി അക്കമ്മയ്ക്കാണ് വീടും ചുറ്റുമുള്ള ഭൂമിയും ലഭിച്ചത്.

English Summary: Keloth Tharavadu Heritage villa in Wayanad

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA