ADVERTISEMENT

പഴമയുടെ പ്രൗഢിയും െഎതിഹ്യപ്പെരുമയും ഒത്തുചേർന്ന നിരവധി ഇല്ലങ്ങളും മനകളും തറവാടുകളുമുണ്ട് കേരളത്തിൽ. അവയുടെ വിശേഷങ്ങളും സൗന്ദര്യവും ആസ്വദിക്കാൻ സഞ്ചാരികളുമെത്താറുണ്ട്. അതിലൊന്നാണ് തൃശൂർ ജില്ലയിൽ മുല്ലശ്ശേരിയിലുള്ള ചങ്കരം കുമരത്ത് വടക്കേയിൽ തറവാട്. ചുറ്റും കളപ്പുരകളും പടിപ്പുരയുമുള്ളു വലിയ നിർമിതിയാണത്. പതിനാറു കെട്ടായിരുന്ന പഴയ വടക്കേയിൽ തറവാട് പിൽക്കാലത്ത് രണ്ടു കെട്ടുകൾ പൊളിച്ചു മാറ്റി എട്ടുകെട്ടായി ചുരുക്കി. തറവാടിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക്.

പഴയ പതിനാറു കെട്ട് പൊളിച്ച് എട്ടുകെട്ടാക്കിയ നിർമിതിയിൽ പല പരിഷ്കരണങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും പഴമയുടെ പ്രൗഢി അതേപോലെ നിര്‍ത്തിയിട്ടുണ്ട്. ഇരുനിലയും മച്ചും കൂടിയ ഇൗ തറവാട്ടിൽ രണ്ട് നടുമുറ്റവും മൂന്ന് കോണിപ്പടികളും വരാന്തകളുമുണ്ട്. നടുമുറ്റത്തിനോട് ചേർന്നുള്ള മുറികളിൽ വായു സഞ്ചാരത്തിനായി വാതായനങ്ങളും കാണാം. കൈപ്പിടികൾ ഇല്ലാത്ത കോണിപ്പടികളും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. രണ്ടു നടുമുറ്റങ്ങളിൽ ഒന്ന് ചെറുതും മറ്റേത് വലിയ ദീർഘചതുരാകൃതിയിലുള്ള നടുമുറ്റവുമാണ്. 

ettukettu-tharavad7
നടുമുറ്റവും മട്ടുപ്പാവും

അകായിയിലെ നടുമുറ്റത്തിന്റെ തൂണുകളിൽ മനോഹരമായ കൊത്തുപണികളും മരത്തട്ടിൽ പല തരത്തിലുള്ള പുഷ്പാലങ്കാരമുള്ള കൊത്തുപണികളും തൂണുകളിൽ നാഗരൂപവും കാണാം. വലിയ കാർഷിക പാരമ്പര്യത്തിന്റെ ഉടമകളായിരുന്നു ചങ്കരം കുമരത്തുകാർ. പഴയ കാലത്ത് വെള്ളം തേവാനായി ഉപയോഗിച്ചിരുന്ന തേക്കുചക്രം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. പത്തടിയിലേറെ ഉയരം വരുന്ന തേക്കുചക്രം ഇന്ന് ഈ അകത്തളത്തിന് അലങ്കാരമാണ്. കിടപ്പുമുറിയിൽ അരയന്നത്തിന്റെ കൊത്തുപണികളുള്ള നിലക്കണ്ണാടിയും കാണാം. പല ടെലി ഫിലിമുകളും മറ്റും വടക്കേയിൽ തറവാട്ടിൽ ചിത്രീകരിച്ചിട്ടുണ്ട്. 

ചങ്കരം കുമരത്ത് തറവാട്ടുകാരുടെ വിശേഷങ്ങളിലേക്ക്

ചങ്കരം കുമരത്ത് തറവാട്ടുകാർ മുല്ലശ്ശേരിയിലെ പേരുകേട്ട തീയ ഹിന്ദു കുടുംബക്കാരാണ്. വലിയ ഭൂവുടമകളും ജന്മികളുമായ ഇവർക്ക് മുല്ലശ്ശേരിയിൽ എട്ടുകെട്ടുകളോടും നാലു കെട്ടുകളോടും കൂടിയ വീടുകൾ പണ്ടേയുണ്ട്. അസാധാരണമായ നേതൃപാടവമുള്ള ചങ്കരം കുമരത്തെ കാരണവരായിരുന്നു ചങ്കരം കുമരത്ത് പാറൻ. തറവാടിന്റെയും തന്റെ മുൻഗാമികളുടെയും ചരിത്രവും പ്രധാന കാരണവന്മാരുടെ ജനന മരണ തീയതികളും ശീലങ്ങളും നാട്ടിലെ വിശേഷങ്ങളും ‘ജ്ഞാപക ബുക്ക്’ എന്ന നീണ്ട ഡയറിക്കുറിപ്പിൽ കുമരത്ത് പാറൻ കുറിച്ചിട്ടിട്ടുണ്ട്. അക്കാലത്ത് മലയാള മനോരമയുടെ വരിക്കാരനും എസ്എൻഡിപി യോഗത്തിന്റെ നൂറു രൂപ മെമ്പറുമായിരുന്നു അദ്ദേഹം. ബ്രിട്ടിഷ് ഭരണകാലത്ത് വോട്ടു ചെയ്യുവാനുള്ള അവകാശം ഭൂപ്രഭുക്കൻമാർക്കാണ് ഉണ്ടായിരുന്നത്. ചങ്കരം കുമരത്തെ പാറന് അക്കാലത്ത് വോട്ടവകാശം ഉണ്ടായിരുന്നു. പാറന്റെ പത്രവായനയോടുള്ള  അഭിരുചിയാവാം മകനായ സി. കൃഷണന് ലഭിച്ചത്.  പിൽക്കാലത്ത് സാമൂഹിക പരിഷ്കർത്താവും പത്രപ്രവർത്തകനും വക്കീലും കാലിക്കറ്റ് ബാങ്കിന്റെ ഉടമയും ബുദ്ധമത പ്രചാരകനുമായി കൃഷ്ണൻ വക്കീൽ.

ettukettu-tharavad8
ജാലക കാഴ്ച്ച

കൃഷ്ണൻ വക്കീലിന്റെ അനുജൻ പാറന്റെ മകൻ ധർമരത്നത്തിന്റെ കുടുംബമാണ് ഇപ്പോൾ തറവാട്ടിലുള്ളത്. ധർമരത്നത്തിന്റെ മകൻ പാറൻകുട്ടിയും ഭാര്യ പൂവത്തുംകടവിൽ സതീരത്നവും മകൻ ഹരീഷും കുടുംബവുമാണ് തറവാട് സംരക്ഷിച്ചു പോരുന്നത്. ധർമ്മരത്നം മുല്ലശ്ശേരി ബസ് സർവീസ് നടത്തിയിരുന്നു. ഏഴ് ബസുകൾ ഉണ്ടായിരുന്നു. മുല്ലശ്ശേരി റൂട്ടിലെ ആദ്യ ബസ് സർവീസും ഇതായിരുന്നു. 

ഹിന്ദു സ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ തുടങ്ങിയതും ചങ്കരം കുമരത്ത് തറവാട്ടുകാരാണ്. കൊല്ലവർഷം ഒആയിരത്തി മുപ്പത്തൊന്നാമാണ്ടിൽ പടിഞ്ഞാറെയിലെ ചങ്കരം കുമരത്ത് പാറനും പഴയ വടക്കേയിലെ കുഞ്ഞയ്യപ്പനും കിഴക്കേയിലെ പാറനും ജനങ്ങളുടെ സഹായത്തോടെയാണ് സ്കൂൾ കെട്ടിടം നിർമിച്ചത്. ആദ്യം ലോവർ പ്രൈമറി ആയി തുടങ്ങിയ വിദ്യാലയം 1903 ലാണ് അപ്പർ പ്രൈമറി ആയി ഉയർത്തിയത്. മഹാത്മാഗാന്ധിയുടെ പത്നി കസ്തൂർബ ഗാന്ധി, ശ്രീ നാരായണ ഗുരു, കുമാരനാശാൻ, സത്യവ്രത സ്വാമികൾ എന്നിവർ സ്കൂൾ സന്ദർശിച്ചിട്ടുണ്ട്. 

ettukettu14
ഹിന്ദു സ്കൂൾ മുല്ലശ്ശേരി

ചരിത്രത്തിലേക്ക്

കൃഷ്ണൻ വക്കീൽ ചങ്കരം കുമരത്ത് പാറന്റെയും പൂവത്തും കടവിൽ ഉണ്ണൂലിയുടെയും മൂത്ത മകനായാണ്.1867 ജൂൺ പതിനൊന്നാം തീയതി സി. കൃഷണൻ ജനിച്ചു. പ്രാഥമിക വിദ്യഭ്യാസത്തിനു ശേഷം കോഴിക്കോട്ടെ തന്റെ സഹോദരി ഭർത്താവായ കല്ലിങ്ങൽ മഠത്തിൽ രാരിച്ചൻ മൂപ്പന്റെ മേൽനോട്ടത്തിൽ പഠനം തുടർന്നു. സ്കൂൾ വിദ്യഭ്യാസ കാലത്തു തന്നെ പത്രപാരായണത്തിലും ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കുന്നതിലും അതീവ തല്പരനായിരുന്നു അദ്ദേഹം. കോഴിക്കോട് നിന്ന് മെട്രിക്കുലേഷൻ പരീക്ഷ പാസായി ഉപരിപഠനത്തിനായി മദിരാശിക്കു പോവുകയും അവിടുത്തെ പ്രസിഡൻസി കോളേജിൽ നിന്നും 1895 ൽ ബി.എ പരീക്ഷ പാസാവുകയും ചെയ്തു. ബി.എ പoന ക്കാലത്ത് മദിരാശിയിലെ പ്രധാന ഇംഗ്ലീഷ് പത്രങ്ങൾ വായിക്കുകയും അഭിപ്രായങ്ങൾ എഴുതുകയും ചെയ്തു. കൃഷ്ണൻ വക്കീൽ തന്റെ പ്രവർത്തന മണ്ഡലം കോഴിക്കോടാക്കി. ലക്ഷ്മി വിലാസം എന്ന പേരിൽ ഒരു വീടും പാറൻ സ്ക്വയർ എന്ന പേരിൽ പിതാവിന്റെ സ്മരണക്ക് ഒരു ഹാളും അദ്ദേഹം പണിയുക ഉണ്ടായി.ആ കെട്ടിടത്തിൽ എസ്.എൻ.ഡി.പി ക്ലബും വായനശാലയും പ്രവർത്തിച്ചിരുന്നു. 

ettukettu-tharavad1
മിതവാദി പത്രം - തൃശൂർ അപ്പൻ തമ്പുരാൻ സ്മാരകത്തിൽ നിന്ന് ലഭിച്ചത്

ജാതീയതയ്ക്കെതിരായും തൊട്ടു കൂടായ്മ തീണ്ടി കൂടായ്മ എന്നീ അയിത്താചാരങ്ങൾക്കുമെതിരെ ശബ്ദമുയർത്തിയ നവോത്ഥാന ചിന്തകൾ കൃഷ്ണൻ വക്കീലിനെ വേറിട്ടൊരു ശബ്ദത്തിനു ഉടമയാക്കി. മദ്രാസ് മെയിലിൽ 'മലബാറിലെ ജാതി മുഷ്ക്' എന്ന തലക്കെട്ടോടെ ഒരു ലേഖനം എഴുതി അയിത്തമെന്ന ദുരാചാരത്തിനെതിരെയുള്ള പ്രതിഷേധമായിരുന്നു അത്.1913 ൽ മിതവാദി പ്രസിദ്ധീകരണം തുടങ്ങി. കോഴിക്കോട് നിന്ന് തിയരുടെ വക  ഒരു മലയാള മാസിക എന്ന പേരിൽ 1913 ൽ പ്രസിദ്ധീകരണവും തുടങ്ങി. മിതവാദി പ്രിന്റിങ് അച്ചുകൂടവും സ്ഥാപിച്ചു.  

മിതവാദി പത്രാധിപരായിരിക്കെ സമൂഹത്തിന്റെ നാനാതുറയിലെ പ്രഗൽഭ വ്യക്തിത്വങ്ങളുമായി സമ്പർക്കം കൃഷ്ണൻ വക്കീലിനുണ്ടായി. കുന്ദലത നോവലെഴുതിയ അപ്പു നെടുങ്ങാടിയുമായി കൃഷ്ണൻ വക്കീലിന് മദിരാശിയിൽ വച്ച് പരിചയം ഉണ്ടായിരുന്നു നെടുങ്ങാടി ബാങ്ക് അപ്പു നെടുങ്ങാടിയുടേതായിരുന്നു. കാലിക്കറ്റ് ബാങ്ക് എന്ന ബാങ്ക് കൃഷ്ണൻ വക്കീൽ ആരംഭിച്ചു. മുല്ലശ്ശേരി തലശ്ശേരി കൊച്ചി എന്നിവിടങ്ങളിൽ ബ്രാഞ്ചുകളും ഉണ്ടായി. 

ettukettu-tharavad5
അടുക്കള വരാന്ത

ആലുവ അദ്വൈതാശ്രമത്തിന്റെ 'ധർമ്മ കർത്താ'വായി 1919 ൽ ശ്രീനാരായണ ഗുരു കൃഷ്ണൻ വക്കീലിനെ നിയമിച്ചു.1927 ൽ ഒക്ടോബറിൽ സ്വാതന്ത്യ സമര പരിപാടികൾക്കായി മഹാത്മാ ഗാന്ധിജി കോഴിക്കോടെത്തിയപ്പോൾ പൊതുജന ഫണ്ട് പണക്കിഴിയായി സമ്മാനിക്കാനുള്ള ഒരുക്കങ്ങൾ നടന്നത് പാറൻ സ്ക്വയറിൽ ആയിരുന്നു. 1905 ജൂലായ് മാസത്തിൽ കവിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന കുമാരനാശാനുമായി ലക്ഷ്മി വിലാസത്തിൽ താമസിച്ചു കൊണ്ട് കൃഷ്ണൻ വക്കീൽ ആശയ വിനിമയം നടത്തിയിരുന്നു. 

ettukettu-tharavad6
നാലുകെട്ട്

ശിവഗിരി മഠത്തിൽ ശാരദ പ്രതിഷ്ഠയെ തുടർന്ന് മൂന്ന് ദിവസം നീണ്ടു നിന്ന യോഗത്തിന്റെ വാർഷിക സമ്മേളനത്തിൽ അദ്ധ്യക്ഷനായ സി. കൃഷ്ണൻ ഇംഗ്ലീഷിൽ ഉജ്ജ്വലമായൊരു പ്രസംഗം നടത്തി. എസ് എൻ ഡി.പിയുടെ ഏഴാം വാർഷിക പൊതുയോഗങ്ങളിൽ കൃ ഷണൻ വക്കീലാണ് അധ്യക്ഷ പദം അലങ്കരിച്ചത്. തളി ക്ഷേത്രത്തിലേക്കുള്ള വഴി ഈഴവർക്ക് അടച്ചതിനെ സൂചിപ്പിച്ചുള്ള തീണ്ടൽ പലക കൃഷ്ണൻ വക്കീൽ എടുത്തു മാറ്റി. പാറൻ സ്ക്വയറിൽ മഹാത്മാഗാന്ധി ,ആനി ബസൻ്റ് ,ബാബു രാജേന്ദ്രപ്രസാദ്, പണ്ഡിറ്റ്മദൻ മോഹൻ മാളവ്യ, മഞ്ചേരി രാമയ്യർ ,കെ.എം പണിക്കർ ,ഉള്ളൂർ എസ് പരമേശ്വരയ്യർ ,സഹോദരൻ അയ്യപ്പൻ, ടി.കെ. മാധവൻ ,പുത്തേഴത്ത് രാമൻ മേനോൻ എന്നി യുഗപ്രഭാവൻമാർ പ്രസംഗിച്ചിട്ടുണ്ട്. മൂർക്കോത്ത് കുമാരൻ സി.വി. കുഞ്ഞിരാമൻ എന്നിവർ മിതവാദിയാൽ എഴുതാറുണ്ടായിരുന്നു. 

ettukettu-tharavad2
കൃഷ്ണൻ വക്കീലിൻ്റെ കൈപ്പട

ചരമാനന്തരം കേരള വർമ്മ വലിയകോയി തമ്പുരാനെയും എ.ആർ രാജ രാജ വർമ്മ എന്നി പ്രതിഭാ വിലാസങ്ങളെ കുറിച്ച് മൂർക്കോത്ത് കുമാരൻ പ്രൗഢ ലേഖനങ്ങൾ എഴുതിയത് മിതവാദിയുടെ പ്രശസ്തി ഉയർത്തി. ഇന്ദുലേഖയുടെ രചിയിതാവ് ഒയ്യാരത്ത് ചന്ദുമേനോൻ്റെ ലഘു ജീവചരിത്രവും ഖണ്ഡ: ശ പ്രസിദ്ധീകരിച്ചത് മിതവാദിയിലാണ്. സിലോണിൽ നിന്ന് മഹാബോധി ബുദ്ധസംഘത്തെ കേരളത്തിലേക്ക് ക്ഷണിച്ച് വരുത്തി കേരളീയ ബുദ്ധ സംഘം സ്ഥാപിച്ചു. ഏങ്ങണ്ടിയൂർ കൊല്ലം പെരിങ്ങോട്ടുകര കോതപറമ്പ് എന്നീ സ്ഥലങ്ങളിൽ ബുദ്ധ മിഷന് ശാഖകൾ ഉണ്ടായി.

ettukettu-tharavad3
എട്ടുകെട്ടിലെ ഒരു കെട്ട്

1925-ൽ പാറൻ സ്ക്വയറിൽ കേരളം കണ്ട ഏറ്റവും വലിയ ബുദ്ധമത സമ്മേളനം നടന്നു. ബുദ്ധമത പ്രചാരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മിതവാദിയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. കാൽ നൂറ്റാണ്ടോളം മിതവാദി പത്രം നന്നായി പ്രവർത്തിച്ചു.അതിനു ശേഷം മലയാള പത്രലോകത്ത് നിന്ന് മിതവാദി പത്രം കാലയവനികയിലേക്ക് മറയുകയുണ്ടായി. 1938 നവംബർ 29 ന് ഈ ചരിത്ര പുരുഷൻ ഇഹലോക വാസം വെടിഞ്ഞു .ചങ്കരം കുമരത്ത് പടിഞ്ഞാറെയിൽ തറവാടായിരുന്ന കൃഷ്ണൻ വക്കീലിന്റെ സമ്പത്തെല്ലാം പല സാമ്പത്തിക ഇടപാടുകൾക്കായി പല കൈ മറഞ്ഞു. കൃഷ്ണൻ വക്കീലിന്റെ മൂത്ത മകൻ ഉണ്ണി ഉപരി പഠനത്തിനായി ജർമനിയിൽ പോവുകയും അവിടെ ലീസൽ എന്ന ജർമൻ യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. ജർമൻ യുവതിയായ ലീ സലിന് ജനിച്ച കുഞ്ഞിന് ചങ്കരം കുമരത്തെ തറവാട്ടു കാർന്നവരു ടെ പേരായ പാറൻ എന്നാണ് നാമകരണം ചെയ്തത്. 

ettukettu-tharavad4
നിലക്കണ്ണാടി

പാറനും ഒരു ജർമൻ യുവതിയെ വിവാഹം കഴിച്ചു. പാറന്റെ മകൻ രാമൻ തന്റെ മുത്തശ്ശനായ കൃഷ്ണൻ വക്കീലിന്റെ കുടുംബത്തെ അന്വേഷിച്ച് 35 വർഷം മുൻപ് കേരളത്തിലെത്തുകയും ചങ്കരം കുമരത്ത് തറവാടിന്റെ ഒരു ശാഖയായ ചങ്കരം കുമരത്ത് വടക്കേയിൽ എത്തുകയും ചെയ്തു. കോഴിക്കോട് നിന്ന് മുത്തച്ഛന്റെ പ്രതിമ അദ്ദേഹം ചങ്കരം കുമരത്ത് വടക്കേയിൽ സ്ഥാപിച്ചു.

English Summary:  Changaram Kumarath Tharavad Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT