യക്ഷിപ്പാലയും നാലുകെട്ടും; കഥകളുറങ്ങുന്ന മന
Mail This Article
ഐതീഹ്യങ്ങളും കെട്ടുകഥകളും ധാരാളമുണ്ട് സൂര്യകാലടി മനയെ കുറിച്ച്. ആ കഥകൾ തേടിയുള്ള യാത്രകൾക്ക് പാലപ്പൂവിന്റെ മണമാണ്. പഴയ പ്രതാപത്തിനു കോട്ടമൊന്നും വരാതെ സംരക്ഷിക്കുന്ന സൂര്യകാലടി മന പൗരാണികത തേടി യാത്ര തിരിക്കുന്ന സഞ്ചാരപ്രിയരുടെ കണ്ണിനു വിരുന്നാകുമെന്ന കാര്യത്തിൽ സംശയമേതുമില്ല. യക്ഷി പാലയും യക്ഷിപ്പറമ്പുമൊക്കെയുണ്ടായിരുന്ന ഈ നാലുകെട്ട് കേരളത്തിന്റെ തനതു വാസ്തുവിദ്യയുടെ മകുടോദാഹരണമാണ്. കാണാൻ ഒരുപാട് കാഴ്ചകളും പറയാൻ ഒരുപാട് കഥകളുമുള്ള സൂര്യകാലടി മനയിലേക്ക് ഒരു യാത്ര പോകാം. വിശ്വാസങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഈ മണ്ണിനെ കുറിച്ച് കൂടുതലറിയാം.
സൂര്യകാലടി മനയിലേക്ക്
കോട്ടയം നഗരത്തിൽ നിന്നും കുറച്ചു മാറി കുമാരനല്ലൂരിനു സമീപമുള്ള ചവിട്ടുവരിയിൽ ഇറങ്ങിയാൽ സൂര്യകാലടി മനയിലേക്കുള്ള വഴി കാണാം. ചവിട്ടുവരിയിൽ നിന്നും ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ മതി, മീനച്ചിലാറിന്റെ തീരത്തു തലയെടുപ്പോടെ നിൽക്കുന്ന സൂര്യകാലടി മനയിലെത്താം. കാലമിത്ര കഴിഞ്ഞിട്ടും മനയുടെ പ്രൗഢിയ്ക്കു യാതൊരു തരത്തിലുള്ള കോട്ടവും സംഭവിച്ചിട്ടില്ല. ഇളമുറക്കാർ, വരും തലമുറയ്ക്കും നാടിനും കൈമാറാനായി പണ്ടുണ്ടായിരുന്നതു പോലെ തന്നെ ഈ പൗരാണിക സൗധത്തെ സംരക്ഷിച്ചു പോരുന്നുണ്ട്. മനയ്ക്കു സമീപമായി നിലകൊള്ളുന്ന യക്ഷി പറമ്പിനു പറയാൻ ഏറെ കഥകളുണ്ട്. ഈ കഥകൾ പറയാനായി അതിഥികളെ കാത്തിരിക്കുകയാണ് സൂര്യകാലടി മന. ഇവിടുത്തെ ഗണപതിപ്രതിഷ്ഠ ലോകപ്രസിദ്ധമാണ്.
തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുനാളാണ് കേരളീയ വാസ്തു വിദ്യാപ്രകാരമുള്ള ഈ നാലുകെട്ട് പണികഴിപ്പിച്ചത്. ഈ നിർമിതിയ്ക്കു ഏകദേശം ഇരുനൂറ് വർഷത്തിന്റെ പഴക്കമുണ്ടെന്നു കരുതപ്പെടുന്നു. മീനച്ചിലാറിന്റെ കരയിൽ സ്ഥിതി ചെയ്യുന്നതു കൊണ്ടുതന്നെ തണുത്ത കാറ്റിന്റെ കരങ്ങൾ എപ്പോഴും വന്നാശ്ലേഷിക്കും. ഒരുകാലത്തു പാലപ്പൂവിന്റെ സൗരഭ്യം നിറച്ചിരുന്നു യക്ഷിപ്പാല ഇന്നവിടെയില്ലെന്നതൊഴിച്ചാൽ യക്ഷിപ്പറമ്പും നാലുകെട്ടും പഴയ കാലത്തിന്റെ ശേഷിപ്പുകളായി അവിടെ നിലകൊള്ളുന്നുണ്ട്. ഏതൊരു സഞ്ചാരിയും കാണേണ്ട കാഴ്ചകളിലൊന്നാണ് ഒരുകാലത്തു മന്ത്രതന്ത്രങ്ങൾ മുഴങ്ങികൊണ്ടിരുന്ന സൂര്യകാലടി മന.
ഐതീഹ്യത്തിലേക്ക്
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിലാണ് സൂര്യകാലടി മനയെക്കുറിച്ചുള്ള കഥയുള്ളത്. അതിപ്രകാരമാണ്, ഒരിക്കൽ കാലടി മനയിലെ ഭട്ടതിരിയും അദ്ദേഹത്തിന്റെ സുഹൃത്തായ നമ്പൂതിരിയും തൃശൂർ പൂരം കാണാൻ പോയി. യക്ഷിപ്പറമ്പ് കഴിഞ്ഞു വേണമായിരുന്നു അവർ പോകേണ്ടിയിരുന്നത്. സമയമപ്പോൾ രാത്രിയോടടുത്തിരുന്നു. ആ സമയത്തു സുന്ദരികളായ രണ്ടു യുവതികൾ അവർക്കു സമീപത്തേക്കു വരികയും അസമയത്തെ അതിലൂടെയുള്ള യാത്ര അപകടകരമാണെന്നും തങ്ങളുടെ മനയിൽ താമസിച്ചു നാളെ കാലത്തെ യാത്ര തിരിക്കാമെന്നു ഇരുവരോടും പറയുകയും ചെയ്തു. ഇതുകേട്ട നമ്പൂതിരിയും ഭട്ടതിരിയും യുവതികളെ അനുഗമിച്ചു.
നിത്യവും ദേവീ മാഹാത്മ്യം ചൊല്ലുന്ന ശീലമുള്ള ആളായിരുന്നു നമ്പൂതിരി. അന്ന് രാത്രിയും തന്റെ കയ്യിലുണ്ടായിരുന്ന ദേവീമാഹാത്മ്യം ചൊല്ലി, പുസ്തകം അദ്ദേഹം തനിക്കരികിൽ തന്നെ വെച്ചു. ആ സമയത്താണ് യുവതി മുറിയിലേയ്ക്കു കയറി വന്നത്. വന്നപ്പോൾ തന്നെ നമ്പൂതിരിയുടെ സമീപത്തായി ഇരിക്കുന്ന ദേവീമാഹാത്മ്യ പുസ്തകം മാറ്റി വെയ്ക്കാൻ അവൾ ആവശ്യപ്പെട്ടു. സംശയം തോന്നിയ നമ്പൂതിരി ദേവീമാഹാത്മ്യം കയ്യിലെടുത്തു. ആ സമയം അപ്പുറത്തെ മുറിയിൽ നിന്നും മനുഷ്യ രക്തം ഊറ്റികുടിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു.
ദേവീമാഹാത്മ്യം നെഞ്ചോടു ചേർത്തുപിടിച്ചു നമ്പൂതിരിയെ യക്ഷിയ്ക്കു ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. നേരം പുലർന്നപ്പോഴാണ് താൻ ഒരു കരിമ്പനയുടെ മുകളിൽ ആണ് ഇരിക്കുന്നതെന്നു നമ്പൂതിരിയ്ക്കു മനസിലായത്. അവിടെ നിന്നും ഇറങ്ങിയ നമ്പൂതിരി തൊട്ടപ്പുറത്തുള്ള കരിമ്പനയുടെ ചുവട്ടിൽ ഭട്ടതിരിയെ അന്വേഷിച്ചു ചെന്നപ്പോൾ തലമുടിയും രക്തത്തുള്ളികളും എല്ലിൻ കഷണങ്ങളും കണ്ടു. തിരിച്ചു പോയ നമ്പൂതിരി, ഭട്ടതിരിയുടെ മനയിലെത്തി കാര്യങ്ങളെല്ലാം അദ്ദേഹത്തിന്റെ ഗർഭിണിയായ ഭാര്യയോടു പറഞ്ഞു.
വർഷങ്ങൾ കടന്നുപോയി, ഇതിനിടയിൽ ഭട്ടതിരിയുടെ ഭാര്യ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. കുഞ്ഞിന്റെ ഉപനയന സമയത്തു അവൻ തന്റെ അച്ഛനെ കുറിച്ച് അന്വേഷിച്ചു. ഭട്ടതിരിയുടെ ഭാര്യ നടന്ന സംഭവങ്ങളെല്ലാം മകനോട് വിവരിച്ചു. പ്രതികാരം ചെയ്യണമെന്നു മനസിലുറപ്പിച്ച ആ ബാലൻ സൂര്യനെ തപം ചെയ്ത് ഉഗ്രവിധികൾ സ്വായത്തമാക്കി. സൂര്യനെ തപസു ചെയ്ത ബാലൻ, പിന്നീട് സൂര്യ ഭട്ടതിരിയെന്നും കാലടി മന പിന്നീട് സൂര്യകാലടി മന എന്നുമറിയപ്പെട്ടു. ഭഗവാൻ നൽകിയ വരങ്ങളാൽ അജയ്യനായ ബാലൻ, തന്റെ മന്ത്രസിദ്ധിയാൽ പിതാവിനെ വധിച്ച യക്ഷിയെ മാന്ത്രികവിദ്യയാൽ മുന്നിലെത്തിക്കുകയും കത്തുന്ന ഹോമ കുണ്ഡത്തിൽ ഹോമിച്ച്, മനയുടെ പുറത്തു ദേവതാരൂപത്തിൽ കുടിയിരുത്തുകയും ചെയ്തു.
English Summary: Suryakaladi Mana Cultural Centres in Kottayam