ADVERTISEMENT

നിധിക്ക് തുല്യമായ അമൂല്യവസ്തുക്കളുടെ ശേഖരം, ചരിത്രം തുടിക്കുന്ന കഥകൾ എന്നു വേണ്ട സകലതും അറിയുവാനും കാണുവാനും പഴമ നിറഞ്ഞ തറവാട് മുറ്റത്തേക്ക് എത്തിച്ചേരണം. രാജകാലത്തിന്റെ ഓർമകൾ അവശേഷിപ്പിക്കുന്ന കൊട്ടാരങ്ങളും കോട്ടകളും ഇന്നത്തെ തലമുറയോട് വിളിച്ചു പറയുന്നത് നാടിന്റെ ചരിത്രമാണ്. ഈ ശേഷിപ്പുകളിലൂടെ യാത്ര ചെയ്താൽ ഒരുപാടുണ്ട് മനസ്സിലാക്കാൻ. പൈത‍ൃക കാഴ്ചകൾ നിറഞ്ഞ തായംകുളങ്ങര വാരിയത്തെ വിശേഷങ്ങൾ അറിയാം.

thayamkulangara-wariyam-6
പടിഞ്ഞാറെക്കെട്

കേരളത്തിലെ മുപ്പത്തിരണ്ട് ബ്രാഹ്മണ ഗ്രാമങ്ങളിൽ ഒന്നായ പെരുവനം ഗ്രാമത്തിലെ തായംകുളങ്ങര വാരിയത്തിന് നൂറ്റിമുപ്പത് വർഷത്തെ പഴക്കം കണക്കാക്കാം. തായംകുളങ്ങര ക്ഷേത്രത്തിനോട് ചേർന്നാണ് തായംകുളങ്ങര വാരിയം. സുബ്രഹ്മണ്യ പ്രതിഷ്ഠയോടുകൂടിയ തായംകുളങ്ങര ക്ഷേത്രം ചിറ്റൂർ മനയുടെ ഊരായ്മയിൽപ്പെടുന്ന ഒരു ക്ഷേത്രമാണ്‌. തായംകുളങ്ങര ക്ഷേത്രത്തിലെ കഴകം ചെയ്യുന്നവരെ തായംകുളങ്ങര വാരിയക്കാർ എന്ന് അറിയപ്പെടുന്നു. 

thayamkulangara-wariyam-10
നാലുകെട്ട്

ചേർപ്പ് ഭഗവതിയുടെയും തട്ടകത്തമ്മയായ മേക്കാവ് ഭഗവതിയുടെയും പറകൾ വാരിയത്തേക്ക് ഉണ്ട്. മേക്കാവ് ഭഗവതിയുടെ പറ നടക്കുമ്പോൾ കോമരവും സംഘവും വാരിയത്തിന്റെ നാലു കെട്ടിലാണ് കല്പന പറയുക. കർക്കിടക മാസത്തിൽ മേക്കാവ് ഭഗവതിയുടെ പറയെടുപ്പ് രാത്രി ചിറ്റൂർ മനയിൽ അവസാനിച്ചാൽ പിറ്റേന്ന് രാവിലെ തുടങ്ങുക തായംകുളങ്ങര വാരിയത്ത് നിന്നാണ്.

പൈതൃക പ്രൗഢി നിറഞ്ഞയിടം

തികഞ്ഞ ചിട്ടയോടു കൂടി നിർമിച്ചിട്ടുള്ള ഇത്തരം തറവാടുകൾ ക്ഷേത്ര സംബന്ധിയായ ഒരു ജീവിതത്തിന്റെ  നേർ മുഖങ്ങൾ കാണിച്ചു തരുന്നവയാണ്.

thayamkulangara-wariyam-11
നടുമുറ്റവും അറ വാതിലും

വാസ്തു ശാസ്ത്രത്തിൽ ഒരു ഗൃഹത്തിന്റെ തെക്കുപടിഞ്ഞാറെ ഭാഗം ഉയർന്നിരിക്കണം എന്ന് പറഞ്ഞതുപോലെ വാരിയത്തിന്റെ പടിഞ്ഞാറെ ഭാഗവും ഇരുനിലയും മച്ചോടും കൂടി ഉയർത്തിയിരിക്കുകയാണെങ്കിൽ മേൽക്കൂര തന്നെ ഉയർത്തി മുകളിലേക്ക് നില ഇല്ലാതെ തെക്ക് ഭാഗം ഉയർത്തിയിരിക്കുകയാണ്. നാലുകെട്ടായ നിർമിതിയിൽ തെക്കിനി വടക്കിനി തുടങ്ങിയവ തറയ്ക്കുമേൽ തറയായി ഉയർത്തി കെട്ടാതെ ഒറ്റനിരപ്പിൽ കിടക്കുകയാണ്. പടിഞ്ഞാറ്റിനിയിൽ അറയും അറയുമ്മവും കോണിയകവും മുകൾ നിലയിൽ കിടപ്പു മുറികളും അതിന് മുകളിൽ മച്ചുമുണ്ട്. നടുമുറ്റത്തിലെ തൂണുകളിൽ ഇലയുടെ ആകൃതി തന്നെ പല തരത്തിൽ കൊത്തുപണികളുണ്ട്. 

thayamkulangara-wariyam-13
ഇരുനിലയായുള്ള പടിഞ്ഞാറെ കെട്ടും ഓടിനാൽ മേൽക്കൂര ഉയർത്തിയ തെക്കേ കെട്ടും

അഷ്ടദിക്കുകളിൽ തെക്ക് പടിഞ്ഞാറുള്ള നിരൃതി കോണിൽ നിന്നും വടക്ക് കിഴക്കുള്ള ഈശാന കോണിലേക്ക് പോകുന്ന വായുവിന്റെ സഞ്ചാരപഥത്തെയാണ് കർണ സൂത്രം എന്ന് പറയുന്നത്. വാരിയത്ത് തെക്ക് പടിഞ്ഞാറെ അകത്ത് നിന്ന് കോണിയകം കൂടി നാലുകെട്ടിനുള്ളിൽ കൂടി വടക്കിനി ചുമർ കടന്ന് ഈശാന കോണായ  വടക്ക് കിഴക്ക് മൂലയിലുള്ള അടുക്കള വഴി വായുവിന് സഞ്ചരിക്കാനുള്ള മാർഗം വ്യക്തമായി കാണുവാൻ സാധിക്കും. പഴയ കാല ഭവന നിർമാണത്തിൽ കർണസൂത്രം നിർബന്ധമായുള്ള  ഒന്നാണ്.

നിലവറയും അറയും

നെല്ലിനെ ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പ്രതീകമായാണ് കരുതുന്നത്. പഴയ വീടുകളിൽ ഏറ്റവും പവിത്രമായ സ്ഥാനത്താണ് നെല്ല് സൂക്ഷിക്കുന്നത്. അറ എന്നാണ് ഇതിനെ പറയുന്നത്. വാരിയത്തിന്റെ പടിഞ്ഞാറെ കെട്ടിൽ നടുഭാഗത്തായാണ് അറയുടെ സ്ഥാനം. ചില സ്ഥലങ്ങളിൽ വീടിന് പുറത്ത് പത്തായപ്പുരകളിലും അറ കാണാം. അറയ്ക്ക് മുമ്പിലുള്ള ഉമ്മറത്തെ അറയുമ്മറം എന്നും പറയുന്നു. പൂജാ മുറികൾ നിലവിൽ വരുന്നതിന് മുൻപ് അറയ്ക്ക് മുമ്പിൽ വിളക്ക് കൊളുത്തലാണ് പതിവ്. കൊയ്ത്തിനു ശേഷം ആദ്യം കൊയ്തെടുക്കുന്ന കതിർ കറ്റ വീട്ടിൽ കയറ്റുന്നത് തന്നെ നിലവിളക്കും നിറയും വച്ചു കൊണ്ടാണ്. 

thayamkulangara-wariyam-2

ഇല്ലം നിറ കഴിഞ്ഞ ക്ഷേത്രത്തിൽ നിന്നും കൊണ്ടുവരുന്ന നെൽക്കതിർ ചാണകം കൂട്ടി ആലിലയും ചേർത്ത് അറ വാതിലിൽ പതിപ്പിക്കുന്നു. ഇവിടുത്തെ അറ വാതിലിലും പല കാലങ്ങളിലായി പതിപ്പിച്ച നെൽക്കതിരുകൾ കാണാം. ചേർപ്പ് ചേനം ഭാഗത്തായി മുപ്പത്തിമൂന്ന് പറ നിലം തായംകുളങ്ങര വാരിയത്തിന് ഉണ്ടായിരുന്നു. വർഷത്തിൽ രണ്ട് തവണ മേടമാസത്തിലും മകരമാസത്തിലുമായിരുന്നു കൊയ്ത്ത്. അറയിൽ നെല്ല് സൂക്ഷിക്കുന്നു. നിരപ്പലക കൊണ്ടുള്ള വാതിലുകൾ അറയിലുണ്ട്.

thayamkulangara-wariyam-9

അറയുടെ താഴെയുള്ള മുറിയാണ് നിലവറ. നിലവറയെന്നും നിലവറ കുണ്ടെന്നും ഇതിനെ പറയുന്നു. ഭൂമിക്ക് താഴെയാണ് നിലവറയുടെ സ്ഥാനം. ആറ് അടി താഴ്ചയും ആറ് അടി വീതിയും പത്ത് അടി നീളവും നിലവറയ്ക്കുണ്ട്.  നിലവറ മരം കൊണ്ട് തട്ടിട്ട് അതിന് മുകളിൽ അറ പണിയുന്നു. അറ വാതിൽ തുറക്കുന്ന നേരത്ത് നിലവറ അഴികളിലൂടെ നടുമുറ്റത്തെ ഒരു നേർത്ത വെളിച്ചം നിലവറയിലേക്ക് വരുമെങ്കിലും പൊതുവേ ഇരുട്ടടഞ്ഞ ഒരു അകമാണ് നിലവറ.

thayamkulangara-wariyam-4
ആട്ടുകട്ടിലും നടുമുറ്റവും

ഉപ്പിലിട്ടത് കൊണ്ടാട്ടങ്ങൾ എന്നിവ സൂക്ഷിക്കുന്ന സ്ഥലം. അറയോട് ചേർന്നാണ് കോണി മുറി. അടുത്ത കാലത്തായി കോണി മുറി യുടെ ഒരു ഭാഗം പൂജാമുറിയായി പരിണമിച്ചിട്ടുണ്ട്. മുകൾ നിലയിൽ രണ്ട് കിടപ്പുമുറികളും ഓവകങ്ങളും ഉണ്ട്. അതിന് മുകളിലായി മണ്ണ് തേച്ചിട്ടുള്ള മച്ച് നെല്ല് ഉണക്കുവാനായി ഉപയോഗിക്കുന്നു.

താമരപ്പൂവിന്റെ ആകൃതിയിലെ അടുക്കള കൂട്

അടുക്കളക്കിണറും മരത്തുടിയും കൊട്ടത്തളവും വിറകടുപ്പും ചൂട്ടഴിയും ഒറ്റത്തടിയിൽ തീർത്ത ചിരവ കൊണ്ടും സമ്പന്നമാണ് അടുക്കള. താമരപ്പൂവിന്റെ ആകൃതിയിലാണ് അടുക്കളക്കൂട് നിർമിച്ചിരിക്കുന്നത്. വാരിയത്തെ ഊണിന് കൊണ്ടാട്ടങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ചുണ്ടങ്ങ കയ്പക്ക കൊള്ളി മുളക് പയറ് ചക്ക അരി കൊണ്ടാട്ടം അരി പപ്പടം എന്നിവയെല്ലാം വാരിയത്തെ നിത്യ വിഭവങ്ങളാണ്.

thayamkulangara-wariyam-3
താമരപ്പൂവിൻ്റെ ആകൃതി കൊത്തിയ അടുക്കള കൂട്

തായംകുളങ്ങര വാരിയക്കാരുടെ ചരിത്രത്തിലേക്ക്

തിരുവുള്ളക്കാവ് വാരിയത്തിൽ നിന്നും എത്തിയവരാണ് തായംകുളങ്ങര വാരിയക്കാർ. ക്ഷേത്രത്തിലേക്കാവശ്യമായ പൂക്കൾ ശേഖരിക്കുക പൂമാല കെട്ടുക ക്ഷേത്രം വൃത്തിയാക്കുക നേദ്യത്തിന് അരി അളന്ന് കൊടുക്കുക ഇല്ലം നിറയ്ക്ക് നെൽക്ക റ്റകളും മാവ് പ്ലാവ് ആൽ മുള തുടങ്ങിയ ഇലകൾ എത്തിക്കൽ വിഷുവിന് കണി ഒരുക്കൽ തുടങ്ങി ക്ഷേത്ര സംബന്ധമായ ഓരോന്നും വാരിയംകാരുടെ ചുമതലയാണ്.

thayamkulangara-wariyam-1
ഇരുനിലയായ പടിഞ്ഞാറെ കെട്ടും മച്ചും

തുളസി തെച്ചി ചെമ്പരത്തി എരുക്ക് നന്ത്യാർവട്ടം തുടങ്ങിയ പൂജാപുഷ്പങ്ങൾ വാരിയത്തിന്റെ തൊടിയിലുണ്ട്. കുളിച്ച് ശുദ്ധമായേ പൂവ് പിറക്കാവൂ. അഴിച്ചിട്ട മുടിയോടെ പൂമാല കെട്ടരുത് .പൂമാല കെട്ടുമ്പോൾ സംസാരിക്കരുത്. തെച്ചിപ്പൂവിന്റെ നാര് കളഞ്ഞതിശേഷമെ പൂജയ്ക്ക് ഉപയോഗിക്കാവൂ എന്നിങ്ങനെ നിബന്ധനകളുണ്ട്.

thayamkulangara-wariyam-5
വളര്/ നാസിക

തെച്ചിമൊട്ടിനാൽ മാല കെട്ടിയാൽ പൊട്ടനായ കുട്ടി ഉണ്ടാവും എന്നീ വിശ്വാസങ്ങൾ പൂമാല കെട്ടലിൽ ഉണ്ട്. പഴയ കാലങ്ങളിൽ ക്ഷേത്രത്തിലെ നേദ്യച്ചോറാണ് വാരിയങ്ങളിലേക്ക് കൊണ്ടുവന്നിരുന്നത് ഇന്ന് ശമ്പളമായി അത് പരിണമിച്ചു. ദർഭയിലും വാഴനാരിലുമുള്ള പിരിച്ചുകെട്ടലും ഒറ്റ നാര് വലിച്ചുള്ള ഉണ്ട മാല കെട്ടലും പതിവ് ഉണ്ട്.  

മരുമക്കത്തായം നിലനിൽക്കുന്ന വാരിയം

വാരിയർ കുടുംബങ്ങളിൽ കഴകം പാരമ്പര്യ അവകാശമാണ്. മരുമക്കത്തായം നിലനിൽക്കുന്ന വാരിയത്ത് പെൺമക്കളുടെ പിൻതുടർച്ചക്കാരാണ് അവകാശികൾ. തായം കുളങ്ങര വാരിയത്തിന്റെ രണ്ട് തായ് വഴികൾ ആയിരുന്നു മാധവി വാരസ്യാരും സഹോദരി ശ്രീദേവി വാരസ്യാരും. മാധവി വാരസ്യാരുടെ താഴ്വഴിയാണ് ഇവിടെ ഇപ്പോൾ നിലനിൽക്കുന്നത്. 

മച്ചിലെ കാഴ്ച്ച
മച്ചിലെ കാഴ്ച്

മാധവി വാരസ്യാരുടെ മക്കളായ പാർവതി വാരസ്യാരും ഇക്കാളി വാരസ്യാരും ഇവിടെ താമസിച്ചിരുന്നു. ബാക്കി ഉള്ളവർ വാരിയത്ത് നിന്ന് ഭാഗം കഴിഞ്ഞ് മാറി താമസിച്ചവരാണ്. ഇപ്പോൾ ഏറ്റവും പ്രായക്കൂടുതലുള്ളത് തായംകുളങ്ങര വാരിയത്തെ അനുജത്തി വാരസ്യാരാണ്. പാർവതി വാരസ്യാരുടെ മകളായ വൽസല വാരസ്യാരും മക്കളുമാണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്. വൽസല വാരസ്യാരുടെ ഭർത്താവ് പരേതനായ ചന്ദ്രശേഖര വാര്യർ കുട്ടനെല്ലൂർ തേലക്കുളങ്ങര വാരിയത്തെ അംഗമാണ്.

English Summary: Thayamkulangara Wariyam Heritage Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com