ADVERTISEMENT

ഡിസംബറിലെ ഒരു വ്യാഴാഴ്ച രാവിലെ ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ പ്ലാറ്റ്ഫോമിൽ നിറയെ മനുഷ്യരുണ്ടായിരുന്നു. ആരും ആരെയും ഗൗനിച്ചില്ല, കുശലം ചോദിച്ചില്ല, എന്തിന് ഒരു പുഞ്ചിരി പോലും പരസ്പരം കൈമാറിയില്ല. എട്ട് മുപ്പതിന് ഏറനാട് എക്സ്പ്രസ് കിതച്ചെത്തിയപ്പോൾ യാത്രക്കാർ ധൃതിപ്പെട്ട് അവരവരുടെ കമ്പാർട്ടുമെന്റുകൾ കണ്ടെത്തി അതിലേക്ക് ഊളിയിട്ടു. ആറ് മണിക്കൂറിന് ശേഷം അതേ ട്രെയിൻ തലശേരി സ്റ്റേഷനിലെത്തിയപ്പോഴും പ്ലാറ്റ്ഫോമിൽ ആലുവയിലെപ്പോലെ മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലാത്ത മനുഷ്യരുടെ കൂട്ടമുണ്ടായിരുന്നു. പക്ഷേ അവർക്കിടയിൽ മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലെങ്കിലും നിറഞ്ഞ ചിരിയോടെ ഓടിവന്ന് കെട്ടിപിടിക്കാനും യാത്ര സുഖമായോ എന്ന് ചോദിക്കാനും കൂട്ടിക്കൊണ്ട് പോകാനും രണ്ട് മനുഷ്യർ വേറെയുണ്ടായിരുന്നു. ധന്യയും അനിയൻ ബൈജുവും. യാത്രയിൽ ഒപ്പമുണ്ടായിരുന്ന സുരേന്ദ്രൻ ചേട്ടന്റെയും ഭാര്യ ഷാനിതയുടെയും ബന്ധുക്കളാണ്. പക്ഷേ ഒറ്റ മിനിറ്റ് കൊണ്ട് അവരെനിക്കും ഉറ്റവരായി. 

theyyam4
വിശാൽ

 

എന്തുകൊണ്ടാണ് കോടാനുകോടി മനുഷ്യർക്കിടയിൽ ചിലർ മാത്രം സൗഹൃദത്തിലാകുന്നത്, പരസ്പരം ഹൃദയബന്ധുക്കളാകുന്നത്. ആരൊക്കെ ആർക്കൊക്കെ പ്രിയപ്പെട്ടവരാകണമെന്ന നിയമം ആരുടെ നിശ്ചയമാണ്. പലപ്പോഴും ആശയക്കുഴപ്പത്തിലാക്കിയ ആ ചോദ്യവുമായാണ് തലശേരിക്കടുത്ത് ആറാംമൈലിലെ ധന്യയുടെ വീടിന് മുന്നിലെത്തിയത്. കാറിൽ നിന്നിറങ്ങും മുൻപേ കണ്ടു, ഏറെക്കാലമായി കാത്തിരുന്ന ആരോ തിരിച്ചെത്തിയ സന്തോഷത്തോടെ വരവേൽക്കാനൊരുങ്ങി നിൽക്കുന്ന ഒരു കുടുംബത്തെ. സ്വന്തം വീട്ടിൽപ്പോലും ലഭിക്കാനിടയില്ലാത്ത കരുതലും കാത്തിരിപ്പും കണ്ടപ്പോൾ മനസൊന്ന് തുടിച്ചു. ജീവിക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഈ വീടാകെ നിറഞ്ഞുനിൽക്കുന്നുണ്ടല്ലോ എന്ന് ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചു.   

theyyam7
ചിത്രങ്ങൾ: സുരേന്ദ്രൻ കെ.ജി

 

theyyam1
ചിത്രങ്ങൾ: സുരേന്ദ്രൻ കെ.ജി

തെയ്യങ്ങളെക്കുറിച്ച് കേട്ടുതുടങ്ങിയിട്ട് എത്രയോ കാലങ്ങളായിരിക്കുന്നു. മാറിമാറിയെത്തിയ തെയ്യങ്ങൾക്ക് പിന്നാലെ ഓടിയും നിന്നും രൗദ്രതയിൽ പേടിച്ചും സൗമൃതയിൽ കുളിർത്തും അനുഗ്രഹത്തിൽ തളിർത്തും രാവെളുക്കുവോളം കഴിച്ചിട്ടുണ്ട്. ദൈവത്തറയിലെ തെയ്യക്കോലത്തിനുള്ളിലെയും പുറത്തെയും നേരനുഭവങ്ങൾ കേൾക്കാനും കാണാനുമായിരുന്നു ഇത്തവണത്തെ കണ്ണൂർ യാത്ര. തെയ്യം കെട്ടുന്നവർ വേഷമഴിച്ചു കഴിഞ്ഞാൽ കണ്ണൂരുകാർക്ക് കോലധാരികളാണ്. രാവെളുക്കുവോളം നിറഞ്ഞാടി ആയുസും ആരോഗ്യവും ഹോമിച്ചവരാണ് മിക്കവരും. പ്രായമാകും മുന്‍പ് വാർദ്ധക്യം ബാധിക്കുന്ന ശരീരത്തിനുള്ളിൽ പക്ഷേ കൊട്ടും പാട്ടുമായി നിറഞ്ഞാടിയ യൗവനം ഇരമ്പുന്ന ഒരു മനസുണ്ടാകുമെന്ന് പുറപ്പെടും മുന്‍പ് കണ്ണൂരുകാരനായ ഒരു സുഹൃത്ത് പറഞ്ഞിരുന്നു. 

theyyam6
വിശാൽ

 

theyyam5
വിശാൽ പിണറായി

എഴാം വയസിൽ അണ്ടല്ലൂർ കാവിൽ ലവകുശൻമാരുടെ വേഷം കെട്ടിതുടങ്ങിയതാണ് പിണറായി കിഴക്കുംഭാഗം സ്വദേശിയായ പ്രദീപൻ പിണറായി. പെരുവണ്ണാൻ സമുദായത്തിൽ പരമ്പരാഗതമായി തെയ്യം കെട്ടുന്നവരുടെ തറവാടാണ് പ്രദീപിന്റേത്. മുത്തശ്ശൻ ചാത്തു അണ്ടല്ലൂരിൽ നാൽപത് വർഷത്തോളം ദൈവത്താറായി. തെയ്യം കലാകാരൻമാർക്ക് മരുമക്കത്തായ സംവിധാനമായതിനാൽ മുഖ്യവേഷങ്ങൾ ചെയ്യുന്നത് ആ വഴിക്കുള്ളവരാണ്. അച്ഛൻ കുഞ്ഞിക്കണ്ണൻ ബിസിനസിനൊപ്പം സമയം പോലെ തെയ്യം കെട്ടാനും പോകുമായിരുന്നു. തെയ്യം കെട്ടുന്നതും ആടുന്നതുമൊക്കെ കണ്ട് വളർന്നതിനാൽ തനിക്ക് പ്രത്യേക പരിശീലനമൊന്നും ആവശ്യമുണ്ടായിരുന്നില്ലെന്ന് പ്രദീപൻ പറയുന്നു.  

theyyam2
പ്രദീപൻ പിണറായി

 

ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് പ്രദീപൻ തിരക്ക് കുറച്ചെങ്കിലും മകൻ വിശാൽ പിണറായി സജീവമായി രംഗത്തുണ്ട്. വിശാൽ മൂന്നാംക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി തെയ്യം കെട്ടുന്നത്. അമ്മാവൻമാരുടെ കൂടെയായിരുന്നു ഇറങ്ങിത്തുടങ്ങിയത്. പിന്നീട് തെക്കൻകരിയാത്തിന്റെ കൂടെയുള്ള കുട്ടിത്തെയ്യമായ കൈക്കോടനായി. വണ്ണാൻ സമുദായത്തിലുള്ളവർ മാത്രം കെട്ടുന്ന  തെയ്യങ്ങളിലൊന്നാണ് തെക്കൻ കരിയാത്ത്. ഒമ്പതാം ക്ലാസ്സ് വരെ കുട്ടിത്തെയ്യമായി തുടർന്നു. കുട്ടിത്തെയ്യമാണെങ്കിലും തെയ്യമിറങ്ങുന്നതിനുള്ള പുറപ്പാടുകളൊക്കെ സമാനമാണ്. പിന്നീട് തിരുവപ്പനും മുത്തപ്പനും മണത്തറപ്പോതിയുമൊക്കെയായി ദൈവത്തറകളിൽ നിറഞ്ഞാടി. 

 

23 വയസേയുള്ളു വിശാലിന്. പക്ഷേ തെയ്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഒരു അറുപതുകാരന്റെ ഗൗരവത്തോടെയാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്. തെയ്യത്തിന് പിന്നിൽ അടിയുറച്ച വിശ്വാസമുണ്ടെന്ന് ഈ ചെറുപ്പക്കാരൻ ചൂണ്ടിക്കാണിക്കുന്നു. വിട്ടുവീഴ്ച ചെയ്യാനൊന്നുമില്ല, അത് പൂർണമായും കീഴടങ്ങലാണ്, സമർപ്പിക്കലാണ്. കാണികളിൽ പരിചയക്കാരുണ്ടെങ്കിലും ആരും മനസിലേക്ക് കടക്കില്ല.  

 

കളിയാട്ടത്തിനിറങ്ങിയാൽ മനസ് മറ്റൊരു തലത്തിലാകുമെന്നും അതങ്ങനെ സംഭവിക്കുകയാണെന്നും വിശാൽ പറയുന്നു. തെയ്യങ്ങളോട് സങ്കടങ്ങൾ പറയാനെത്തുന്നവർ ഒരുപാടുണ്ട്. അവരെ അനുഗ്രഹിച്ച് സമാധാനിപ്പിച്ചയച്ചാണ് തെയ്യം പിൻവാങ്ങേണ്ടത്. പിറ്റേവർഷം അതേ ആൾക്കാർ സന്തോഷത്തോടെ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമായെന്ന് അറിയിക്കുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ടെന്ന് പ്രദീപനും വിശാലും ഒരുപോലെ പറയുന്നു. ആദ്യമായി തെയ്യം കാണാനെത്തുന്ന ഒരാൾക്ക് ഒന്നും മനസിലായെന്ന് വരില്ല. ഓരോ തെയ്യത്തിന്റെ വരവിലും ഓരോ കഥയുണ്ട്. മറ്റ് ക്ഷേത്രകലകളിലെപ്പോലെ പരസ്പരസംഭാഷണങ്ങളില്ല. ഒരു തെയ്യമിറങ്ങിക്കഴിഞ്ഞ് പിന്നാലെ അടുത്ത തെയ്യമെത്തും. അതോടെ ആദ്യമിറങ്ങിയ തെയ്യം ഭക്തരെ അനുഗ്രഹിച്ച് പിൻവാങ്ങും. നവംബർ പകുതിയോടെയാണ് വടക്കൻ കേരളത്തിൽ കളിയാട്ടങ്ങൾ തുടങ്ങുന്നത്. ഫെബ്രുവരി പകുതിയോടെ അവസാനിക്കുമെങ്കിലും ചിലയിടങ്ങളിൽ ഏപ്രിൽ മെയ് വരെ അത് നീളും. 

 

തെയ്യത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ കാര്യങ്ങൾ മുതൽ പ്രദീപനും മകൻ വിശാലും വിശദീകരിച്ചു. കൂടുതൽ യുവാക്കൾ തെയ്യം കെട്ടാനെത്തണമെന്നും പഴയ ആൾക്കാർ വിശ്രമിക്കട്ടെ എന്നുമാണ് അറുപതിലെത്തുന്ന പ്രദീപൻ പിണറായിയുടെ അഭിപ്രായം. പ്രദീപൻ എന്ന അച്ഛന് മകനെക്കുറിച്ച് അഭിമാനമുണ്ട്, പാരമ്പര്യത്തിൽ ഊന്നിനിന്നുകൊണ്ട് തെയ്യക്കോലത്തിലേക്ക് അവൻ  സ്വയം ഇറങ്ങിവന്നതിന്.. വിശാലിന് പ്രദീപൻ എന്ന അച്ഛനും അമ്മാവൻമാരുമടങ്ങുന്ന കുടുംബത്തെയോർത്തും അഭിമാനമുണ്ട്. തെയ്യം കെട്ടിയിറങ്ങുക എന്നത് തങ്ങളുടെ അവകാശമാണെന്നും അതൊരു നിയോഗമാണെന്നും എല്ലാ തെയ്യം കലാകാരൻമാരെയും പോലെ വിശാലും വിശ്വസിക്കുന്നു. കാരണം അവർക്കത് ജീവിതമാണ്, അവരുടെ ജീവനുമാണ്. ആചാരവിധിപ്രകാരം ഗുരുക്കൻമാരെയും ദൈവങ്ങളെയും വണങ്ങിയിറങ്ങിയാൽ പിന്നെ അതുവരെയുണ്ടായിരുന്ന വ്യക്തിയില്ല. അമാനുഷികമായ ഒരു ശക്തിയാൽ നിയന്ത്രിക്കപ്പെടുകയാണ് തങ്ങളെന്ന് പ്രദീപനും വിശാലും ഉൾപ്പെടുന്ന തെയ്യം കലാകാരൻമാർ പറയുന്നു. കാഴ്ചക്കാർക്ക് തെയ്യങ്ങൾ അദ്ഭുതതശക്തികളുള്ള പ്രത്യക്ഷദൈവങ്ങളാണ്. അതവരുടെ ഗ്രാമദേവതകളാണ്. 

 

മണിക്കൂറുകളോളം തെയ്യക്കോലത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന ഒരു മനുഷ്യനെക്കുറിച്ച് കണ്ടിരിക്കുന്നവർ പക്ഷേ ചിന്തിക്കാറില്ല. നേരത്തോട് നേരമായാലും ഭക്ഷണം കഴിക്കാതെ പ്രാഥമികകൃത്യങ്ങൾ പോലും ചെയ്യാതെ ഉയർത്തിക്കെട്ടിയ കൈകളൊന്നഴിച്ച് താഴ്ത്താതെ തങ്ങൾക്ക് മുന്നിൽ നിറഞ്ഞ് നിന്നാടാൻ ദൈവങ്ങൾക്കല്ലാതെ ആർക്ക് കഴിയുമെന്ന് അവർ ചോദിക്കുന്നു. അതുകൊണ്ട് തന്നെ വിശപ്പും ദാഹവും ഉറക്കവുമില്ലാത്ത മുത്തപ്പന്റെയും പോതിയുടെയും മുച്ചിലോട്ട് ഭഗവതിയുടെയും ഗുളികന്റെയും പൊട്ടന്റെയും മുന്നിൽ ഒരു പിടി ആവശ്യങ്ങളുമായി എപ്പോഴും ആൾക്കൂട്ടമുണ്ടായിരിക്കും. അങ്ങനെ രാവും പകലുമില്ലാതെ നീളുന്ന കളിയാട്ടക്കളരികളിൽ  തെയ്യങ്ങളും മനുഷ്യരും ഉത്സവം തീർത്തുകൊണ്ടേയിരിക്കും.

തുടരും...

English Summary: Experience the Theyyam Ritual Artform at Kannur 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com