വർഷങ്ങളുടെ പഴക്കം; പുതുമയിൽ തിളങ്ങി മാന്തിട്ട മന

manthitta-mana7
മാന്തിട്ട മന
SHARE

നൂറ്റാണ്ടുകൾ പഴക്കമുള്ള മനയുടെ കാഴ്ചയും െഎതിഹ്യ കഥകളും തേടി എത്തുന്ന സഞ്ചാരികൾക്ക് എന്നും പ്രിയപ്പെട്ടയിടമാണ് തൃശൂരിലെ മാന്തിട്ട മന. പഴമയും െഎതിഹ്യ പെരുമയും നിറ‍ഞ്ഞ ഇവിടേക്ക് സന്ദര്‍ശകർ എത്തിച്ചേരാറുണ്ട്. മാന്തിട്ട മനയുടെ കൂടുതൽ വിശേഷങ്ങൾ അറിയാം.

സന്ദേശ കാവ്യമായ ഭ്രമര സന്ദേശത്തിൽ പ്രതിപാദിക്കുന്ന മാന്തിട്ട മന പാരമ്പര്യം കൊണ്ടും പാണ്ഡിത്യ മഹിമ കൊണ്ടും ഇന്നും വെങ്കിടങ്ങിൽ തല ഉയർത്തി നിൽക്കുന്നു. സുപ്രസിദ്ധ കവി വര്യനായ പൂഞ്ഞാറ്റിൽ അവിട്ടം തിരുന്നാൾ രാമവർമ്മ വലിയ രാജയുടെ കൃതിയാണ് ഭ്രമര സന്ദേശം. കൊല്ലവർഷം 1083 ൽ രചിക്കപ്പെട്ട ഈ സന്ദേശ കാവ്യത്തിൽ കവിയുടെ ജന്മദേശമായ പൂഞ്ഞാർ മുതൽ നായികയുടെ ഗൃഹം നിൽക്കുന്ന വെങ്കിടങ്ങ് എന്ന ദേശം വരെയും മാന്തിട്ടമനയിലെ ന്യായ പണ്ഡിതനായ കുഞ്ചു നമ്പൂതിരിയെയും വർണ്ണിച്ചിരിക്കുന്നു. സന്ദേശ വാഹകനായ ഭ്രമരം പൂഞ്ഞാറിൽ നിന്നും പുറപ്പെട്ട് ഈരാറ്റുപേട്ട ഭരണങ്ങാനം പാല ഏറ്റുമാനൂർ വൈക്കം കൊച്ചി തൃശൂർ കൂടിയാണ് വെങ്കിടങ്ങിൽ എത്തുന്നത്. ഭ്രമര സന്ദേശത്തിൽ മാന്തിട്ടമനയെയും കുഞ്ചു നമ്പൂതിരിയെയും ഇങ്ങനെ വർണിച്ചിരിക്കുന്നു.

മൽപ്രാണത്രാണന                 

 മധുപമേ !

കേൾക്ക'മാന്തിട്ട'

 യെന്നായ്

വിപ്രാഗാരം വിഗതകലുഷം

കാൺകമാർഗ്ഗാന്തി - 

  കത്തിൽ

സ്വപ്രാഗത്ഭ്യത്തി-

                       കവൊടവിടെ

ത്താർക്കികന്മാരിലേറ്റം

സുപ്രാമാണ്യം പെടുമൊരു 

                                   ധരാ -

ദേവനുണ്ടുല്ലസിപ്പൂ

.............................

അദ്ദേശത്തില്ല -

               പരനൊരുവൻ

കുഞ്ചുനമ്പൂരിയെപ്പൊ-

ലദ്ദേഹത്തിൻ കഴലിണ          

                                  വിശേ-

ഷിച്ചു നീയോർത്തിടേണം...

അതി മനോഹര നിർമിതി ആയിരുന്ന മാന്തിട്ട മന എട്ടുക്കെട്ടായിരുന്നു. 1985 ൽ മാന്തിട്ട മന പൊളിച്ചു മാറ്റുകയും പത്തായപ്പുരകളിലായും പുതിയ ഭവനങ്ങൾ പണിതും ഇവിടുത്തെ അംഗങ്ങൾ താമസം തുടങ്ങി. പഴയ കാലത്ത് ഉണ്ടായിരുന്ന മനയുടെ കുളങ്ങൾ കുളപ്പുരകൾ പത്തായപ്പുര പടിപ്പുര തുടങ്ങിയവ ഇന്നും നിലനിൽക്കുന്നുണ്ട്.

manthitta-mana3

മാന്തിട്ട മനയിലെ കാർണവരായിരുന്ന വിഷ്ണു നമ്പൂതിരിയുടെയും എളങ്ങല്ലൂർ മനയിലെ നങ്ങേലി അന്തർജ്ജനത്തിന്റെയും മക്കളായ ശാസ്ത്ര ശർമൻ നമ്പൂതിരി ശങ്കരൻ നമ്പൂതിരി വിഷ്ണു നമ്പൂതിരി എന്നിവർ മൂന്ന് ശാഖകളായി മാറി താമസിച്ചു. ഇവരിൽ ശാസ്ത്ര ശർമൻ എന്ന നമ്പ്യാത്തൻ നമ്പൂതിരിയുടെയും ഏപ്പുറത്ത് ഉമ അന്തർജ്ജനത്തിന്റെയും മക്കളായ വിഷ്ണു നമ്പൂതിരി നാരായണൻ നമ്പൂതിരി ശാസ്ത്ര ശർമൻ നമ്പൂതിരി ശങ്കരനാരായണൻ നമ്പൂതിരി എന്നിവരാണ് ഇവിടെ ശാഖകളായി വസിക്കുന്നത്. മനയോടനുബന്ധിച്ച് ഇവർ മക്കളും പേരക്കുട്ടികളുമായി താമസിക്കുന്നു.

manthitta-mana8
മാന്തിട്ട മന

വിഷ്ണു നമ്പൂതിരിയും കുടുംബവും താമസിക്കുന്ന പത്തായപ്പുരയുടെ നടശ്ശാല പൂമുഖമായി മാറി. പൂമുഖത്തിന് പുറകിലായി അടുക്കള . ഇടനാഴിയിലൂടെയാണ് അടുക്കളയും മുറികളും വേർതിരിക്കുന്നത്‌. നമ്പൂതിരി സ്ത്രീകൾ വേളി കഴിഞ്ഞ് വരുമ്പോൾ മരം കൊണ്ടുള്ള കാൽപ്പെട്ടിയുമായാണ്  ഭർതൃഗൃഹത്തിൽ വരിക. മാന്തിട്ട മനയിൽ ഇത്തരം കാൽപ്പെട്ടികൾ നിരവധി ഉണ്ട്. തലയും കാലും കൊത്തി പണിത ആമയുടെ ആകൃതിയിലുള്ള ആവണപ്പലക സന്യാസിമാർക്കും സാധാരണ ആവണപ്പലക മറ്റുള്ളവരുമാണ് സാധാരാണ ഉപയോഗിക്കുക. ഇത്തരം ആവണ പലക ഇന്നും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഗർഭകാലത്ത് ഏഴാം മാസത്തിൽ നടത്തുന്ന പുംസവനം എന്ന ചടങ്ങിൽ വായിക്കുന്ന തോലുകൊണ്ട് നിർമിച്ച വീണയും 90 വർഷം പഴക്കമുള്ള തേങ്ങ, ഭസ്മക്കൊട്ട, മാടമ്പി വിളക്ക്, പായ അഴകൾ, മരത്തട്ടുകൾ തുടങ്ങിയ പഴയ കാലത്തിന്റെ സ്മരണകൾ തുടിക്കുന്ന പലതും ഇന്നും ഇവിടെ കാണാം.

manthitta-mana1
പൊളിച്ചു മാറ്റിയ മാന്തിട്ട മനയുടെ ചിത്രം

മനയിൽ  ഒന്നിലേറെ കുളങ്ങളുണ്ട്

നമ്പൂതിരി സമുദായത്തെ സംബന്ധിച്ചിടത്തോളം കുളങ്ങൾക്ക് വലിയ പ്രാധാന്യം ഉണ്ട്. മനപ്പറമ്പിൽ പല കാര്യങ്ങൾക്കായി ഒന്നിലേറെ കുളങ്ങളും കാണാം. പഴയ കാലത്ത് പൊതു വഴിയിലൂടെ നടന്നാൽ തന്നെ ശുദ്ധം മാറുകയും കുളത്തിൽ മുങ്ങി കുളിച്ചാലാണ് ശുദ്ധമാവുക എന്നതാണ് സമ്പ്രദായം. രണ്ട് നേരത്തെ കുളിയും മൂന്ന് സന്ധ്യാ വന്ദനവും രാവിലത്തെ സന്ധ്യാവന്ദനത്തിന് ശേഷം ഗായത്രിയോ ഓത്തോ ചൊല്ലിയുള്ള നമസ്കാരം തേവാരം മുതലായവ നമ്പൂതിരിക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. വെയിലും നിലാവും കാറ്റും കൊണ്ട ഉറവയുള്ള കുളത്തിലെ ജലത്തെ മാത്രമാണ് ശുദ്ധജല മായി കണക്കാക്കിയിരുന്നത്. ശൗചത്തിന് ഒരു കാലത്ത് മണ്ണ് വേണം എന്ന് നിർബന്ധമായിരുന്നു. കുളത്തിൽ മണ്ണ് സൂക്ഷിക്കുന്ന ഒരു കൽത്തൊട്ടി ഇവിടെ ഇന്നും കാണാം. ശൗചത്തിന് നിശ്ചിത എണ്ണം മണ്ണ് എന്ന കണക്കും ഉണ്ട്. ആചമനം തളിച്ചു കുളിക്കൽ ഇത്യാദികൾ കുളിയോടൊപ്പം നടന്നു പോന്നിരുന്നു. കുളപ്പുരയുടെ അകങ്ങളിൽ  മരകൂടിനുള്ളിൽ കുളിക്കാവശ്യമായ വസ്തുക്കൾ സൂക്ഷിക്കുന്നു.  കുളിച്ച് ശുദ്ധമായി വന്ന് ഈറൻ മാറുന്നതിനും വെള്ളം പിഴിഞ്ഞ് ശുദ്ധമായ വസ്ത്രങ്ങൾ തോരയിടുന്നതും കുളപ്പുര മുറിയിലാണ്.

heritage-avana-palaka
സന്യാസിമാർ ഉപയോഗിക്കുന്ന ആവണ പലക

സൂര്യനമസ്കാരത്തിനായി കരിങ്കല്ലിൽ തീർത്ത നമസ്കാരക്കലും കുളത്തിനോട് ചേർന്നുണ്ട് .നടുക്ക്‌ ഒരു മുറിയും ഇരു വശങ്ങളിലായി വലിയ കടവുകളും അതിനും വശങ്ങളിലായി ചെറിയ കടവുകൾ എന്ന രീതിയിലാണ് കുളപ്പുരയിൽ പടവുകളുടെ നിർമ്മാണം .കുളത്തിലേക്ക് ഇറക്കി ജലത്തിനോട് തൊട്ടു നിൽക്കുന്ന രീതിയിലാണ് മേൽക്കൂര നിൽക്കുന്നത്. ഒന്നിലേറെ കുളങ്ങൾ മാന്തിട്ട മനയിൽ ഉണ്ട്. മഴ നനയാതെ കുളക്കടവിലേക്ക് പോകാനായി മാന്തിട്ട കുഞ്ചു നമ്പൂതിരിക്ക് വേണ്ടി നിർമിച്ചതാണ് പത്തായപ്പുരയോട് ചേർന്ന കുളം. പാത്രങ്ങൾ കഴുകുന്നതിന് മാത്രമായി ഉള്ള പാത്രക്കുളത്തിനും കുളപ്പുര ഉണ്ട്.

ചരിത്രമുറങ്ങുന്ന മന

വെങ്കിടങ്ങ് സെന്ററിൽ പഴയ കാലത്ത് ഒരു തണ്ണീർ പന്തൽ മാന്തിട്ട മന വകയായി ഉണ്ടായിരുന്നു. തണ്ണീർ പന്തലിന്റെ നടത്തിപ്പിനായി ഉപയോഗിച്ച കിണർ ഇന്നും വെങ്കിടങ്ങിലും സംഭാരം കലക്കുന്നതിനായി ഉപയോഗിച്ച ഒറ്റ കരിങ്കല്ലിൽ തീർത്ത വലിയ കൽത്തൊട്ടി ഇല്ല പറമ്പിലും കാണാം. മാന്തിട്ട മനയിൽ കൊല്ലവർഷം 1052 ൽ പണ്ഡിതനായ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും കിരാങ്ങാട്ട് മനയിലെ പാർവതി അന്തർജനത്തിന്റെയും ദ്വിതീയ പുത്രനായി ശ്രീ ശാസ്ത്ര ശർമ്മൻ എന്ന പേരിലറിയപ്പെടുന്ന കുഞ്ചു നമ്പൂതിരി ഭൂജാതനായി. ഉപനയനത്തോടെ ഇല്ലത്തിന് തൊട്ടടുത്തുള്ള വലിയമ്പലം ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിൽ വച്ചായിരുന്നു വേദപഠനം. പതിനഞ്ച് വയസ്സുവരെ സംഹിത പദം എന്നിവ പഠിച്ച് തൃശൂർ ബ്രഹ്മസ്വം മഠത്തിൽ വേദത്തിൽ ഉപരി പഠനത്തിന് ചേർന്നു. കുഞ്ചു നമ്പൂതിരിയുടെ അമ്മാത്തായ ( അമ്മയുടെ ഭവനം) കി രാങ്ങാട്ട് മനയിൽ അവിടെ താമസിച്ചിരുന്ന രാമ ശാസ്ത്രികളിൽ നിന്ന് വ്യാകരണവും ന്യായവും പഠിച്ചു. കൊടുങ്ങല്ലൂർ കോവിലകത്താണ് ന്യായ ശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയത്.കൊടുങ്ങല്ലൂർ കോവിലകത്ത് നിന്ന് പണ്ഡിത രാജ ബിരുദം നൽകി.

manthita-mana
വഴിയമ്പലത്തിൽ ഉപയോഗിച്ചിരുന്ന കൽത്തൊട്ടി

കൊച്ചി രാജാവിനാൽ താർക്കിക തിലക ബിരുദം നൽകി ബഹുമാനിതനായ കുഞ്ചു നമ്പൂതിരി കൊച്ചിക്കാവ് തമ്പുരാട്ടിയെയാണ്  പത്നിയായി വരിച്ചത്. ന്യായ പണ്ഡിതൻമാർ നിരവധി പേർ ഉണ്ടായിരുന്നുവെങ്കിലും കുഞ്ചുനമ്പൂതിരിയുടെ  പ്രൗഢ ഗ്രന്ഥങ്ങൾ അതിലെല്ലാം മികച്ചു നിന്നു.ഗംഗാതരംഗിണി നചരത്ന മാലിക നൂതനാലോകം ചാതക സന്ദേശം എന്നീ ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചതാണ്. ക്രോഡ പത്ര ശൈലിയിലുള്ള പ്രൗഢ വാദ ഗ്രന്ഥങ്ങളാണ് നച രത്നമാലികയും നൂതനാലോകവും.1902 ൽ തൃപ്പൂണിത്തുറയിലെ സംസ്കൃത പാഠശാലയിൽ ന്യായാചാര്യനായി നിയോഗിക്കപ്പെട്ട കുഞ്ചു നമ്പൂതിരിക്ക് അച്യുതപ്പൊതുവാൾ രാമവാരിയർ വലിയ മംഗലം കേശവൻ ഇളയത് തറക്കൽ ശങ്കുണ്ണി വാരിയർ കുട്ടഞ്ചേരി മനു മൂസ്സ് രാമൻ നമ്പ്യാർ തുടങ്ങിയവർ ശിഷ്യരുമായിരുന്നു.

manthitta-mana9
കുളക്കടവിൽ നിന്ന് തൊടിയിലേക്കുള്ള കാഴ്ച്ച

വലിയമ്പലം ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിന്റെ ഊരായ്മക്കാരിൽ ഒരു ഊരായ്മക്കാരാണ് മാന്തിട്ട മനക്കാർ.പതിയാർകുളങ്ങര കരുവന്തല ക്ഷേത്രത്തിലേക്ക് പറകളും മാന്തിട്ട മനയിൽ നിന്നുണ്ട്. മനപ്പറമ്പിൽ ഒരു കാവും കാവിനോട് ചേർന്ന് ഇല്ലത്തെ തേവാര മൂർത്തികളായ ഭഗവതി മഴ കൊള്ളുന്ന മണികണ്ഠൻ എന്നീ പ്രതിഷ്ഠകളും ഉണ്ട്.

manthitta-mana5

ചിങ്ങമാസത്തിൽ നിറ എന്നൊരു കാർഷിക ആചാരം നിലനിന്നിരുന്നു. രാത്രിയോടെ ഒരു കതിർക്കറ്റ കൊയ്തു വന്ന് പടിപ്പുരയിൽ വയ്ക്കുന്നു .പിറ്റേന്ന് രാവിലെ ഗൃഹനാഥൻ വിളക്കിൻ്റെ അകമ്പടിയോടെ ഇല്ലത്തേക്ക് കയറ്റുന്നു. തിരുവോണ ദിവസമാണെങ്കിൽ ഈ ചടങ്ങിന് മുഹൂർത്തം നോക്കൽ ഇല്ല. മറ്റൊരു ദിവസമാണ് നിറ എങ്കിൽ മുഹൂർത്തം നോക്കുന്നു.ഓണക്കാലത്ത് നാലോണ നാളിനുള്ളിൽ ഓണസദ്യയും പകർച്ചയും കൊടുക്കൽ പതിവുണ്ടായിരുന്നു. ചരിത്ര മുറങ്ങുന്ന കൽക്കിണറുകളോടും കുളങ്ങളോടും കൂടി വെങ്കിടങ്ങിൽ മാന്തിട്ട മന ഇന്നും തിളങ്ങി നിൽക്കുന്നു

English Summary: Manthitta Mana Naalukettu Vengidang in Thrissur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS