sections
MORE

നൂൽമഴപെയ്യുന്ന പൂഞ്ചിറ

SHARE
ilaveezha-poonchira3.
മൂന്നുമലകൾ  കോട്ടവിരിക്കുന്ന മനോഹര പ്രദേശമാണ് ഇലവീഴാപ്പൂഞ്ചിറ.നീലാകാശത്തു തൊട്ടു നിൽക്കുന്ന  മനോഹരമായ  പുൽമേടുകൾ.

മതങ്ങളാണ് മല കയറാൻ  പഠിപ്പിച്ചത്. മലമുകളിൽ കുടിയിരിക്കുന്ന  ദൈവത്തെ തേടി ഒരു പാട് മലകൾ കീഴടക്കിയിട്ടുണ്ട്. എന്നാൽ  ഒരു സംശയം ബാക്കിയാവുന്നു.. എന്തിനായിരിക്കും ദൈവങ്ങൾ മലമുകളിൽ കുടിയിരിക്കുന്നത്.മഞ്ഞും  മഴയും കുളിർക്കാറ്റും ചൊരിയുന്ന   മലമുകളിൽ. .മോക്ഷ ത്തിനും  പുണ്യത്തിനും അപ്പുറം കാഴ്ച എന്ന  പ്രതീക്ഷയുമായി യാത്ര ആരംഭിച്ചു..മഴ നനഞ്ഞും.. മഞ്ഞിൽ കുളിച്ചും...  കാഴ്ചകളിൽ മതിമറന്നു കുന്നുകളും മലകളും കീഴടക്കിയ യാത്ര..  ആ യാത്രകളിൽ  എന്നും  നിറഞ്ഞു നിൽക്കുന്നതാണ് ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രകൾ... എത്ര  തവണ  പോയി  എന്ന്  കൃത്യമായി അറിയില്ല..പക്ഷെ ഓരോയാത്രകളും പുതുമ ഉള്ളത് തന്നെ ആയിരുന്നു.. 

ഏതു നേരവും  തഴുകിയെത്തുന്ന കുളിർ കാറ്റ്  മലനിരകളെ പൊതിഞ്ഞുസംരക്ഷിക്കാൻ സ്വയം മൂടുപടമാകുന്ന  കോടമഞ്ഞ്, ഇടയ്ക്കിടെ വിരുന്നെത്തുന്ന നൂൽമഴ.. ഇലവീഴാപൂഞ്ചിറയെ സുന്ദരിയാക്കാൻ ഇത്രെയൊക്കെ തന്നെ ധാരാളം.  പേരിൽ  കൗതുകം നിറ‍ഞ്ഞിരിക്കുന്ന ഈ  സുന്ദരിയെ ഒന്ന് കാണാൻ  കൊതിക്കാത്തവർ ചുരുക്കം.  നയനങ്ങളെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍. ജീപ്പും ബൈക്കും മാത്രം എത്തിച്ചേരുന്ന ഒരിടം.. എന്നാൽ പൊട്ടിപ്പൊളിഞ്ഞു  കിടക്കുന്ന ഈ വഴികളിലൂടെയുള്ള യാത്ര ഇലവീഴാപ്പൂഇഞ്ചിറയെ വ്യത്യസ്തമാക്കുന്നു.

മൂന്നുമലകൾ  കോട്ടവിരിക്കുന്ന മനോഹര പ്രദേശമാണ് ഇലവീഴാപ്പൂഇഞ്ചിറ ,സമുദ്ര നിരപ്പിൽ നിന്നും 3200 അടി  ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.  മാന്‍കുന്ന്, കൊടിയത്തൂര്‍ മല, തോണിപ്പാറ   ഈ  മൂന്നു  മലകൾ വിരിക്കുന്ന സൗന്ദര്യം പറഞ്ഞറിയിക്കാൻ കഴിയില്ല. പൂഞ്ചിറയിൽ എത്തിയാൽ ആദ്യം കാണുന്ന  കാഴ്ച  നീലാകാശത്തു തൊട്ടു നിൽക്കുന്ന  മനോഹരമായ  പുൽമേടാണ് . പുൽമേട്ടിലൂടെ  നടന്നുനീങ്ങുമ്പോൾ കാതുകളിൽ ചൂളംമീട്ടുന്ന കാറ്റ്..   കാറ്റിനൊപ്പം  പുൽമേടിനെ കുളിരണിയിക്കാനെത്തുന്ന നൂൽമഴ..   ഇലവീഴാപൂഞ്ചിറയിലെ എന്റ യാത്രയിൽ  കൂട്ടിനായി എപ്പോഴും നൂൽമഴയുണ്ടാരുന്നു.. എന്നാൽ ഈ തവണ മഴ എന്നെ നനയിച്ചില്ല.എങ്കിലും തണുപ്പിന്റ ലഹരി നന്നായി ആസ്വദിച്ചു. നാലോ അഞ്ചോ ജില്ലകളിലെ കാഴ്ചകളാണ് ഇലവീഴാ പൂഞ്ചിറയിൽനിന്നു  കാണാൻ സാധിക്കുന്നത്.

ഇലവീഴാ പൂഞ്ചിറയിൽനിന്നുള്ള ഉദയവും അസ്തമയവും കാണുക എന്നത് ഭാഗ്യമയി കരുതുന്നവരുമുണ്ട്.ആത്രയ്ക്കും മനോഹരമാണ്.

കുന്നിൻ മുകളിൽ പഴയ തീവണ്ടി ബോഗികൊണ്ട് സ്ഥാപിച്ച ഒരു  വയർലെസ് സ്റ്റേഷൻ ഉണ്ട്.. 

ilaveezha-poonchira4..
ഇലവീഴാ പൂഞ്ചിറയിൽനിന്നുള്ള ഉദയവും അസ്തമയവും കാണുക എന്നത് ഭാഗ്യമയി കരുതുന്നവരുമുണ്ട്.ആത്രയ്ക്കും മനോഹരമാണ്.

ഇവിടുത്തെ കാറ്റിനോട്  മത്സരിച്ചു ഇവിടെ നിലനിക്കാൻ ഈ ബോഗിക്കെ കഴിയു.. 

ഇലവീഴാപൂഞ്ചിറയെ ചുറ്റിപ്പറ്റി   ഐതീഹ്യങ്ങൾ ഏറെയാണ്.  ജന്മം  തന്നെ ഒരു ഐതീഹ്യമായ  നാട്ടിൽ ഐതിഹ്യ കഥകൾക്ക് പഞ്ഞമുണ്ടാകാൻ വഴിയില്ലല്ലോ.. ഐതീഹ്യകഥകളിലേയ്ക്ക് കടക്കാം . പഞ്ചപാണ്ഡവന്മാർ ഇവിടെ താമസിച്ചിരുന്നു  എന്നും പാഞ്ചാലിക്ക് കുളിക്കുന്നതിനായി മനോഹരമായ  ഒരു ചിറ ഇവിടെ നിർമ്മിച്ചിരുന്നു എന്നും വിശ്വസിക്കുന്നു. ഭീമസേനൻ കാറ്റിന്റെ  സഹായത്തോടു കൂടി ഇലകളെ പറത്തിവിടുകയും ചിറയിൽ അങ്ങനെ പൂക്കൾ മാത്രം വീഴാൻ ഇടയാക്കുകയും ചെയ്തു എന്ന ഐതീഹ്യവുമുണ്ട്.  വനവാസകാലത്തു ശ്രീരാമനും സീതാദേവിയും ലക്ഷ്മണകുമാരനോടൊത്തു ഇവിടെ താമസിച്ചിരുന്നതായും വിശ്വസിക്കുന്നു..   ശ്രീരാമനെ മോഹിച്ച ശൂർപ്പണഖ എന്നാരാക്ഷസി തന്നെ  വരിക്കാൻ ശ്രീരാമനോട് ആവശ്യപ്പെടുകയും എന്നാൽ തന്റെ അനുജൻ ലക്ഷ്മണനെ വരിക്കാൻ  ശ്രീരാമൻ  പറയുകയും രാക്ഷസിയെ തിരിച്ചറിഞ്ഞ ലക്ഷ്മണൻ രാക്ഷസിയുടെ മാറും മൂക്കും ഛേദിക്കുകയും ചെയ്തു . ഈ സംഭവം നടന്നതും ഇലവീഴാപൂഞ്ചിറയിൽ വെച്ചാണെന്നും നാട്ടുകാർ  തലമുറകളായി വിശ്വസിച്ചു  പോരുന്നു.. 

കാഴ്ചകൾക്കൊപ്പം ഐതീഹ്യങ്ങളുടെ പരിശുദ്ധി കൂടിയാവുമ്പോൾ പൂഞ്ചിറ പകരുന്നത് ഒരു ദിവ്യ അനുഭൂതി കൂടിയാണ്....അത് അനുഭവിച്ചു തന്നെ അറിയണം.. സർവ സൗന്ദര്യവും എടുത്തുകാട്ടി സഞ്ചാരികളെ മാടിവിക്കുന്ന പൂഞ്ചിറയുടെ വിളി ഇനിയുംകേൾക്കാത്ത സഞ്ചാരികളെ  കാഴ്ചകളുടെ കൗതുകങ്ങളിലേയ്ക്ക് കൂട്ടുകൂടാം.

പൂഞ്ചിറയിൽ ഇരുട്ടുവീഴാൻ തുടങ്ങി.. ഇനി  മടങ്ങണം.. കാഴ്ചകൾക്കൊണ്ടു  മോക്ഷം കിട്ടിയ മനസുമായി പൂഞ്ചിറയോടു യാത്ര പറഞ്ഞു ഞങ്ങൾ  ഇറങ്ങി.. തഴുകി ഉണർത്തുന്ന ഇളം കാറ്റിന്റ കുളിരിൽ ഇനിയും വരണമെന്ന് മനസ്സിലുറപ്പിച്ചു. 

ilaveezhapoonchira
പൂഞ്ചിറയിൽ ഇരുട്ടുവീഴാൻ തുടങ്ങി.. ഇനി  മടങ്ങണം.

സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം  നവംബർ -മാർച്ച് 

എത്തിച്ചേരാൻ 

ഈരാറ്റുപേട്ട മുട്ടം റൂട്ടിൽ 20കിലോമീറ്റെർ ദൂരം  സഞ്ചരിച്ചാൽ ഇവിടെയെത്താവുന്നതാണ്. 

അടുത്തുള്ള  ബസ്റ്റാന്റ് -തൊടുപുഴ 

*ഇവിടെ പോസ്റ്റു ചെയ്യുന്ന യാത്രാവിവരണങ്ങളും ചിത്രങ്ങളും വിഡിയോകളും മലയാള മനോരമയുടേതല്ല. പകർപ്പവകാശവും പൂർണ ഉത്തരവാദിത്തവും രചയിതാവിനാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA