ഐതീഹ്യം ഉണർത്തും 'കട്ടിക്കയം'

KATTAKAYAM-NEW
SHARE

ഓരോ യാത്രയിലെയും കാഴ്ചകൾ മനം നിറക്കുമ്പോൾ, കഥകൾ കൗതുകമുണർത്തുമ്പോൾ, ചരിത്രം അറിവ് പകരുമ്പോൾ, ഓരോ സഞ്ചാരിയും സ്വയം മറച്ചുവയ്ക്കുന്ന ഒന്നുണ്ട് സ്വന്തം നാട്. നാട്ടിലെ കാഴ്ചകൾക്ക് സൗന്ദര്യം പോരത്രെ... കഥകൾക്ക് കൗതുകം പോരത്രെ... അങ്ങനെ സ്വയം മറച്ചു പിടിച്ച കാഴ്ചകളിലേക്കുള്ള ഒരു തിരിച്ചു പോക്കായിരുന്നു കട്ടിക്കയം വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര.

ഐതീഹ്യങ്ങളും പ്രകൃതി ഭംഗിയും കെട്ടുപിണഞ്ഞുക്കിടക്കുന്ന മേലുകാവ് പഞ്ചായത്തിലാണ് കട്ടിക്കയം വെള്ളച്ചാട്ടം നിലകൊള്ളുന്നത്. തികച്ചും ചരിത്ര പ്രാധാന്യമുള്ള പ്രദേശമാണ് മേലുകാവ്. ഈ പഞ്ചായത്തിലെ എരുമാപ്ര, ഇടമറുക് എന്നീ സ്ഥലങ്ങളിൽ നിന്ന് പുരാതന റോമൻ നാണയങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്. ഇവിടെയുള്ള മലകളും കുന്നുകളും അരുവികളും പുൽമേടുകളും ഇവിടെ പ്രചരിക്കുന്ന ഐതീഹ്യ കഥകളും ഈ നാടിന്റെ പ്രൗഢി വിളിച്ചോതുന്നവയാണ്.

ഈരാറ്റുപേട്ടയിൽ നിന്നും പതിനാറുകിലോമീറ്റർ അകലത്തിൽ ഇല്ലിക്കകല്ലിനടുത്തായാണ് സൗന്ദര്യം തുളുമ്പുന്ന കട്ടിക്കയം. വാഹനം ഇറങ്ങിയാൽ ഒരു അരകിലോമീറ്റർ നടക്കാനുണ്ട്. പക്ഷെ മുഷിയില്ല. വഴിയിലെ കാഴ്ചകളില്‍ ആകാംക്ഷ ഇരട്ടിച്ചു. തികച്ചും വന്യസൗന്ദര്യം തുളുമ്പുന്ന വഴികൾ. ലക്ഷ്യ സ്ഥാനത്തെക്കു നടന്നുനീങ്ങി. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ കുത്തനെയുള്ള ഇറക്കമാണ്. ഇറക്കത്തിൽ അരികിലായി പടവുകളുണ്ട്. രണ്ടു വശത്തും കാടുപിടിച്ചു കിടക്കുന്ന ആ പടവുകൾക്ക് അനേകം കാൽപാടുകളുടെ കഥപറയുവാനുണ്ടെന്നു തോന്നി.

പടിയിറങ്ങുമ്പോൾ തന്നെ അലതല്ലി വീഴുന്ന വെള്ളത്തിന്റെ ശബ്ദം കേൾക്കാം. ആ ശബ്ദത്തിലലിഞ്ഞു ഞങ്ങൾ വെള്ളച്ചാട്ടത്തിന്റെ അടുത്തെത്തി. ഉയരത്തിൽ നിന്നും പതിയുന്ന വെള്ളം, വെളുത്ത പളുങ്ക് വാരി വിതറുന്ന കാഴ്ചയാണ് ഞങ്ങളെ വരവേറ്റത്. ആ ദൃശ്യവിസ്മയം എത്ര നേരം അങ്ങനെ നോക്കിനിന്നു അറിയില്ല.

പരിശുദ്ധിയുടെ പൊൻതിളക്കവുമായി വെള്ളത്തിലിറങ്ങാൻ ഞങ്ങളെ മോഹിപ്പിച്ച കാഴ്ച. പിന്നൊന്നും നോക്കേണ്ടി വന്നില്ല. സഞ്ചാരികൾക്കു നുകരാൻ നയനമനോഹരമായ സൗന്ദര്യ കാഴ്ചകള്‍ക്കപ്പുറം കട്ടക്കയതിനു ചില ഐതീഹ്യ കഥകളും കൂടി പറയുവാനുണ്ട്. ഇലവീഴാപൂഞ്ചിറയിൽ താമസിച്ചിരുന്ന പാണ്ഡവന്മാർ കുളിക്കാനായി ഇവിടെ വന്നിട്ടുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. സൗന്ദര്യവും ശാന്തതയും ഇഷ്ടപ്പെടുന്നവർക്ക് ഒരുദിവസം മുഴുവൻ ചിലവഴിച്ചാലും മുഷിപ്പുള്ളവാകാത്ത സ്ഥലമാണ് കട്ടിക്കയം എന്ന് നിസംശയം പറയാം. കട്ടിക്കയം ഒരു തിരിച്ചറിവായിരുന്നു. മറച്ചുവെച്ച സൗന്ദര്യത്തെ കണ്ടറിഞ്ഞ യാത്ര. പടിയിറങ്ങുമ്പോൾ കയറ്റം നന്നെ മടുപ്പിച്ചു. എങ്കിലും ഓർമകളുടെ മധുരത്തിലലിഞ്ഞ യാത്ര ആയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS CORNER
SHOW MORE
FROM ONMANORAMA