sections
MORE

വട്ടവടയിൽ ചെന്ന് രാപ്പാർക്കാം...

3vattavada
SHARE

ഒരു പ്ലാനുമില്ലാതെ പുറത്തുപോയി വരാമെന്ന് പറഞ്ഞു വണ്ടിയെടുത്തിറങ്ങിയതാ... ഏതോ ഒരു നിമിഷത്തിൽ മൂന്നാർ മനസ്സിലേക്ക് വന്നു... എല്ലാ യാത്രയിലെയും പോലെ കൂടുതലൊന്നും ചിന്തിച്ചില്ല...വാളറ വെള്ളച്ചാട്ടം മുതൽ വഴി നിറഞ്ഞു വാഹനങ്ങൾ... അവധിക്കാലം ആഘോഷമാക്കാൻ മല കയറിയവർ ചലനമറ്റ് കിടക്കുന്നു... ബൈക്ക് ആയതിനാലുള്ള വിടവുകളിലൂടെ തിരുകിക്കയറി ഞാൻ രംഗമൊഴിഞ്ഞു... മൂന്നാറിലും സമാനസ്ഥിതി... പെട്ടന്ന് വട്ടവട ഓർമ്മ വന്നു.

2vattavada
photo courtesy : Joe Kudakallumkal

ശീതകാല പച്ചക്കറികളുടെ വിളനിലമായ വട്ടവട...45 കിലോമീറ്റർ. തിരിച്ചു വരുമ്പോൾ ടോപ്‌ സ്റ്റേഷനിലും ഹാജർ വെക്കാം എന്ന് തീരുമാനിച്ചു. യാത്ര എക്കോ പോയിന്റ് കഴിഞ്ഞതും മഴയുടെ രംഗപ്രവേശം... കേറി നിൽക്കാൻ ഒന്നുമില്ലാത്തത് കൊണ്ട് അത്യാവശ്യം നനഞ്ഞു... മൂന്നാറിൽ മഴനനഞ്ഞു ബൈക്ക് ഓടിച്ചാൽ ഉള്ള അവസ്ഥ... കൈകളിലേക്ക് മരവിപ്പ് പടർന്നു തുടങ്ങിയിരിക്കുന്നു... ജാക്കറ്റ് ഉള്ളതുകൊണ്ട് തണുപ്പ് കാര്യമായി ബാധിച്ചില്ല...എല്ലപ്പെട്ടി എത്തിയപ്പോൾ കണ്ട വഴിയോരക്കടയിൽ കയറി ചായക്ക് പറഞ്ഞു കൂടെ ചൂട് ബജിയും... ബജിക്ക് വീണ്ടും മുളക് ചോദിച്ച ഏതോ ഒരാളോട് കടക്കാരൻ " അതേ ഈ മുളകുപൊടി വെറുതെ കിട്ടുന്നതല്ല കിലോക്ക് 80 എണ്ണിക്കൊടുത്തു വാങ്ങിയതാണത്രേ "... ശ്ശെടാ ഇതറിഞ്ഞിരുന്നേൽ പോരുന്നതിനു മുൻപ് വീട്ടിൽ നിന്ന് കുറച്ചു മുളകുപൊടി കൊണ്ടുവരായിരുന്നു ഞാൻ യാത്ര തുടർന്നു...

പാമ്പാടും ഷോല ചെക്‌പോസ്റ്റിൽ നല്ല തിരക്കുണ്ട് റൈഡേഴ്‌സ് എല്ലാവരും മൂന്നാറിലുണ്ട്... ഓഫീസർ ഒരാൾ തന്നെയാണ് എഴുത്തുക്കുത്തും ചെക്‌പോസ്റ്റ് ഉയർത്തലുമെല്ലാം നടത്തുന്നത്. ചെക്‌പോസ്റ്റിൽ വെച്ചിരിക്കുന്ന ക്യാമറയുടെ പ്രത്യേകതകളെക്കുറിച്ചു വിവരിക്കുന്ന മറ്റൊരോഫീസറും... 8 ജിബി മെമ്മറി കാർഡ് ഇട്ടിരിക്കുന്ന ക്യാമറയാണത്രെ... പോകുന്ന എല്ലാ വാഹനങ്ങളുടയും ചിത്രം സെൻസർ മുഖേന പകർത്തും പോലും, ആഹാ കൊള്ളാല്ലോ... ഇതെല്ലാം കേട്ട് അക്ഷമരായി ഗേറ്റ് തുറക്കാവോ എന്ന് ചോദിക്കാനുള്ള മടിയോടെ കുറച്ചു പേർ കേട്ടുനിൽക്കുന്നു... ഗേറ്റിനപ്പുറത്തേക്ക് വണ്ടി നിർത്താനോ ചിത്രങ്ങളെടുക്കാനോ പാടില്ല അടുത്ത ചെക്ക് പോസ്റ് കഴിഞ്ഞേ നിർത്താൻ പറ്റൂ... പോകുന്ന വഴിയിലെല്ലാം മുകളിൽ പറഞ്ഞ രീതിയിലുള്ള ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്... അതുകൊണ്ട് ആവശ്യമില്ലാതെ പെറ്റികേസ് വാങ്ങി തലയിൽ വെക്കരുതെന്ന കർശന നിർദ്ദേശവും... പല വളവുകളിലും ഗാർഡ്‌ നിൽപ്പുണ്ട്‌... ഫോറസ്റ്റ് ബംഗ്ലാവുകൾ ഇതിനുള്ളിൽ തന്നെ... താമസത്തിനു മുൻകൂട്ടി ബുക്കിങ് ആവശ്യമാണ്.

111vattavada
photo courtesy : Joe Kudakallumkal

കൊവിലൂർ ടൗണിൽ എത്തിയപ്പോൾ തന്നെ കാർഷിക ഗ്രാമത്തിന്റെ ഭംഗി മനസ്സിനെ കുളിർപ്പിച്ചു... പച്ച നിറത്തിന്റെ കുറേ വൈവിധ്യങ്ങൾ തട്ടുതട്ടായി അടുക്കിയിട്ടിരിക്കുന്നു...ചിത്രകാരന്റെ ഭാവനയിൽ നിന്നും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ സഹ്യന്റെ മടിത്തട്ടിൽ വരച്ചു ചേർത്ത മനോഹര ചിത്രം... ഒറ്റനോട്ടത്തിൽ അങ്ങനേ തോന്നു... മണ്ണിനോടും മഴയോടും, മരം കോച്ചുന്ന തണുപ്പിനോടും, കാട്ടുമൃഗങ്ങളോടും പടവെട്ടി ജീവിതം സ്വർഗ്ഗതുല്യമാക്കുന്ന നാടിനെ അടുത്തറിയാമിനി.

ടിപ്പുസുൽത്താന്റെ പടയോട്ടകാലത്ത് ആക്രമണത്തിൽ നിന്നു രക്ഷ തേടി തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കുടിയേറിയവരാണ് വട്ടവട നിവാസികൾ. ഒൗദ്യോഗികമായി വട്ടവട കേരളത്തിന്റെ ഭാഗമാണെങ്കിലും മനസ്സുകൊണ്ടിവർ ഇന്നും തമിഴ് മക്കളാണ്. പിന്തുടരുന്നതും തമിഴ് സംസ്കാരമാണ്. തമിഴും മലയാളവും ചേർന്ന ഭാഷയാണ് ഉപയോഗിക്കുന്നത്.

കൊടുമുടികളും, കീഴ്ക്കാംതൂക്കായ പാറകളും, കുന്നുകളും, താഴ്വരകളും ചെറിയ സമതലങ്ങളും നിറഞ്ഞതാണ് വട്ടവടയുടെ ഭൂപ്രകൃതി... ക്യാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ്, ബീന്‍സ്,വെളുത്തുള്ളി തുടങ്ങിയവയാണ് വട്ടവടയില്‍ കൃഷി ചെയ്യുന്ന പ്രധാന വിളകള്‍... സമുദ്രനിരപ്പില്‍ നിന്ന് 3500 മുതല്‍ 8500 അടിവരെ ഉയരത്തിലുള്ള പ്രദേശങ്ങള്‍ ഇവിടെയുണ്ട്.

1vattavada
photo courtesy : Joe Kudakallumkal

കൊവിലൂർ എന്നെഴുതിയ ബോർഡിനപ്പുറമാണ് വട്ടവടയുടെ ലോകം. കമ്പുപാകി, മണ്ണുപൊത്തി, ചാണകം മെഴുകിയെടുക്കുന്ന വീടുകൾ. പൊതുവേ, വീടുകളെല്ലാം ഒരിടത്ത് കേന്ദ്രീകരിച്ച് ബാക്കിയുള്ള ഭൂമിയിൽ കൃഷി ചെയ്യുകയാണ് വട്ടവടക്കാർ. ഇവിടെ പോലീസിന് യാതൊരു റോളും ഇല്ലാത്ത അവസ്ഥയാണ്. വട്ടവട നിവാസികൾക്ക് അവരുടേതായ നിയമവും ഭരണാധികാരിയുമുണ്ട്. നാട്ടുപ്രമാണിയും മന്ത്രിമാരുമടങ്ങുന്ന അഞ്ചംഗ സംഘമാണ് വഴക്കും പരാതികളും തീർക്കുന്നത്. ഈ നാട്ടുകൂട്ടത്തെ ഇവിടുത്തുകാർ ‘മന്ത’ എന്നു വിളിക്കുന്നു. വാദം കേട്ട് ചെറിയ ശിക്ഷ നടപ്പാക്കാനും ശാസിക്കാനും പൂർണ അധികാരം ‘മന്ത’യിലെ അംഗങ്ങൾക്കുണ്ട്. അവസാനമില്ലാത്ത അദ്ഭുതങ്ങളുടെ ഒളിത്താവളമാണ് ഈ നാട്.

മഴ വീണ്ടും വഴിമുടക്കി, ഇനി തിരിച്ചു വണ്ടിയോടിച്ചാൽ ഞാൻ പാലായിൽ എത്തിച്ചേരാൻ പാടുപെടും. എന്താ വഴിയെന്നാലോചിച്ചു അടുത്തുകണ്ട മൺവീടിന്റെ സൈഡിൽ വണ്ടി ഒതുക്കി മൺഭിത്തിൽ മണി എന്ന പേരും നമ്പരും തെളിച്ചെഴുതിട്ടുണ്ട് വിളിച്ചു കാര്യം പറഞ്ഞു. മറുപടി പറ്റില്ല എന്നായിരുന്നാദ്യം, ഞാൻ ഈ വീടിന്റെ മുറ്റത്താണ് എന്ന് പറഞ്ഞപ്പോൾ ഒന്നയഞ്ഞു. ഒരാളെ പറഞ്ഞുവിടാം എന്നുപറഞ്ഞു ഫോൺ വെച്ചു. 

വീട്ടിൽ വിളിച്ചു കാര്യമവതരിപ്പിച്ചു. ആപ്പിൾ കിട്ടുമെങ്കിൽ കുറച്ചു വാങ്ങിച്ചിട്ട് നാളെ ഉച്ചക്ക് മുൻപ് വീട്ടിൽ കേറിക്കോണന്ന് ഹൈക്കമാൻഡ് ഉത്തരവിട്ടു.

മണിയുടെ മകൻ സുരേഷ് മഴയും നനഞ്ഞു വന്നു, ഒരുകാര്യമേ പറഞ്ഞോളൂ. പുറത്താർക്കും കൊടുക്കാറില്ല നേരത്തെ കൃഷി ഉണ്ടായിരുന്നപ്പോൾ താമസിക്കാനായി ഉണ്ടാക്കിയതാണ്. കാട്ടുപന്നി രാത്രിയിൽ കേറിവരും ശല്യമൊന്നുമില്ല ഒന്നു ശ്രദ്ധിച്ചാൽ മതി. അപ്പോഴാണ് ശരിക്കുമോന്നു കണ്ണോടിച്ചത് മൊത്തം കാടുതന്നെ, വന്ന വഴികളിലൊന്നും വീടുകളൊന്നും കണ്ടതായി ഓർക്കുന്നുമില്ല. റോഡ് സൈഡിൽ ആണെന്ന് മാത്രം. 'ശരി വരുന്നത് വരട്ടെ, എത്ര തരണം ഇന്നിവിടെ തങ്ങാൻ'. '300 രൂപ', ഞാൻ സമ്മതം മൂളി കച്ചോടമുറപ്പിച്ചു... കാറ്റാടി മരം കൊണ്ട് നിർമ്മിച്ച കട്ടിലും, തലയിണയായി ചാക്കിൽ നിറച്ച എന്തോ ഉണക്കപ്പുല്ലും... മണ്ണുകൊണ്ട് മെഴുകിയ തറയും... തീ കൂട്ടാൻ ഒരടുപ്പും കുറേ ഉണക്ക ചുള്ളികളും പുറത്തൊരു ടോയ്ലറ്റും... ഇതായിരുന്നാ ഒറ്റമുറി വീടിന്റെ അവസ്ഥ... സംഭവം കൊള്ളാം... "കൂട്ടിന്‌ വേണേൽ ഞാൻ വരാം പേടിയുണ്ടേൽ" സുരേഷിന്റെ വാക്കുകൾ, സ്നേഹപൂർവ്വം നിരസിച്ചു കൊണ്ട് പറഞ്ഞു കൊവിലൂർ ടൗൺ വരെ പോണം നനഞ്ഞത് മാറ്റാൻ എന്തേലും വാങ്ങണം വൈകിട്ടത്തേക്കുള്ള ഭക്ഷണവും...

ഒരുപാട് സംസാരിക്കുന്ന സുരേഷിനോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു...ഭക്ഷണം കഴിച്ചു വന്നപ്പോൾ തണുപ്പ് മാറ്റാൻ തീ ഇട്ടു... ഇടക്ക് കാട്ടുപന്നിയുടെ വരവ്‌ ഉണ്ടാകുമോ എന്ന ചിന്ത വന്നപ്പോൾ പുറത്തിറങ്ങി നോക്കി... നക്ഷത്രങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ചന്ദ്രന് പതിവിൽ കൂടുതൽ വലിപ്പം ഉണ്ടെന്നുതോന്നി. നിലാവെളിച്ചത്തിൽ മുങ്ങിക്കുളിച്ച കൊവിലൂർ നിശബ്ദമായി ഉറങ്ങുന്നു... എപ്പോഴോ ഞാനും നിദ്രയിലേക്ക് വീണു... 

ഉദയസൂര്യന്റെ തിളക്കം സകല തണുപ്പും മാറ്റി... സുരേഷിനെ വിളിച്ചു താക്കോൽ നൽകി വീണ്ടും വരാം എന്ന് പറഞ്ഞിറങ്ങി... 

പാമ്പാടുംഷോല ചെക്‌പോസ്റ്റിൽ വീണ്ടും പഴയ ഓഫീസർ, " നീ വന്ന വഴിക്കു കാട്ടുപോത്തിനെ കണ്ടില്ലേ" എന്ന ചോദ്യവും...ഞാൻ പോണ വഴിക്കു ഒരെലി പോലും വരില്ലെന്ന് ഞാനും.

4vattavada
photo courtesy : Joe Kudakallumkal

ടോപ്പ് സ്റ്റേഷനിൽ ഏറ്റവും നല്ല ദൃശ്യം രാവിലെയാണ് തിരക്കും വളരെ കുറവ്... പ്രഭാതം മിഴിതുറക്കുമ്പോൾ ശോഭ കൂടുന്ന മലമടക്കുകൾ. ഏഴ് ആയപ്പോൾ ചെന്ന എന്നോട് പാസ്സ് തന്ന മുരുകേശൻ പറഞ്ഞു "നീലക്കുറിഞ്ഞി ഒരെണ്ണം പൂത്തിട്ടുണ്ട്"...അതുകാണിച്ചുതരാൻ എന്നോടൊപ്പം വ്യൂ പോയിന്റ് വരെ വന്ന ആ മനുഷ്യനോട് മനസ്സ് നിറഞ്ഞു നന്ദി പറഞ്ഞു...12 വർഷം കൂടുമ്പോൾ കൂട്ടത്തോടെ പൂക്കുന്ന നീലക്കുറിഞ്ഞി ഇപ്പോൾ ഒരു ചെടിയിൽ മാത്രം മൊട്ടിട്ടപ്പോൾ ഇതിപ്പോൾ എനിക്കായ് മാത്രം പൂത്തപോലെ തോന്നി. വ്യൂ പോയിന്റിൽ നിന്ന് തിരിച്ചുള്ള കയറ്റം ആ തണുപ്പത്തും എന്നെ തളർത്തിക്കളഞ്ഞു.

ആപ്പിളിന് പകരം ഒരു കെട്ട് ക്യാരറ്റ് വാങ്ങി... വീട്ടിൽ കേറണല്ലോ... അതും ബാഗിലിട്ട് വണ്ടി എടുത്തു... പുതിയ കുറേ ഓർമകളുമായി.

NB:- വട്ടവട പോകുന്നവർ മൂന്നാറിൽ നിന്ന് ആവശ്യത്തിന് ഇന്ധനം കരുതുക... 

റൂട്ട് :- പാലാ - തൊടുപുഴ - നേര്യമംഗലം - അടിമാലി - മൂന്നാർ - മാട്ടുപ്പെട്ടി ഡാം - കുണ്ടള ഡാം - ടോപ്പ് സ്റ്റേഷൻ - പാമ്പാടുംഷോല നാഷണൽ പാർക്ക് - കൊവിലൂർ - വട്ടവട.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA