ഒരു നോർവീജിയൻ സ്വപ്നയാത്ര

norvey2
SHARE

ഈ നോർവേ യാത്രയിൽ കൗച്സർഫിങ് (couchsurfing) ഉപയോഗിച്ചാണ് പ്ലാൻ ചെയ്തത്. കൗച്സർഫിങ് എന്നത് ലോകമെമ്പാടുമുള്ള രണ്ടു ലക്ഷം സിറ്റികളിലായി പരന്നു കിടക്കുന്ന പന്ത്രണ്ടു മില്യണിൽ അധികമുള്ള സഞ്ചാരികളുടെ ഒരു സൗഹൃദ കൂട്ടായ്മയാണ്. യാത്രകൾ പ്ലാൻ ചെയ്യുവാനും, നമ്മൾ പോകുന്ന സ്ഥലത്ത് അന്നേദിവസം പോകുന്ന ആളുകളെ കണ്ടുപിടിക്കുവാനും എല്ലാമിത് ഉപയോഗിക്കാം.

norvey12

നോർവേ യാത്രയുടെ വിശദമായ പ്ലാൻ യാത്രക്ക് ഒരു മാസം മുൻപ്, കൗച്-സർഫിങ്ങിൽ പോസ്റ്റു ചെയ്തിരുന്നു. അതിലൂടെ അതേ ദിവസങ്ങളിൽ സഞ്ചരിക്കുന്ന ചില ആളുകളെ പരിചയപ്പെടാൻ കഴിഞ്ഞു. അമേരിക്കയിലെ യൂറ്റായിൽ നിന്നും 50 വയസ്സിനു മുകളിൽ പ്രായമുള്ള മാർക്കും ആനിയെയും ന്യൂയോർക്കിൽ നിന്നുള്ള ഡീലനും മിഷേലിനേയും പരിചയപ്പെട്ടു. നിരവധി ചർച്ചകൾക്ക് ശേഷം ഞങ്ങൾ കെജെറാഗ് മല കയറുവാനുള്ള തീയതി തീരുമാനിച്ചു. കൗച്-സർഫിങ്ങിലൂടെ തന്നെ ഒരു ഹോസ്റ്റിനെയും കണ്ടുപിടിച്ചു. (കുറഞ്ഞ ചിലവിൽ സ്ഥലങ്ങൾ കാണിച്ചുതരാൻ തയാറായിട്ടുള്ള, കൗച്-സർഫിങ്ങിൽ അംഗങ്ങളെയാണ് “ഹോസ്റ്റ്” എന്ന് പറയുന്നത്) ടൂർ കമ്പനിയിൽ ഗൈഡായി ജോലി ചെയ്യുന്ന നോർവേകാരനായ ആൻഡ്രൂവാണ് ഹോസ്റ്റ്. ആള് പത്തിലധികം തവണ കെജെറാഗ് മലകൾ കയറി ഇറങ്ങി പരിചയം ഉള്ളതാണ്. രാവിലെ ഹോട്ടലിൽ നിന്നും പിക്കുചെയ്‌ത്‌ സ്ഥലം കാണിച്ചു, തിരിച്ചു ഹോട്ടലിൽ ഡ്രോപ്പ് ചെയ്യാൻ ഒരു ആൾക്ക് 800NOK നിരക്കിൽ (ഏകദേശം 6500 രൂപ) ആൻഡ്രുവിന്റെ അടുത്ത് ഡീൽ ഉണ്ടാക്കി.

norvey13

സ്റ്റാവെജറിൽ നിന്നും രണ്ടു മണിക്കൂറോളം യാത്രയുണ്ട് കെജെറാഗിലേക്ക്. പോകുന്ന വഴി ബാക്കി ഉള്ളവരെയും പിക്കുചെയ്തു. അങ്ങനെ ഒരു മണിക്കൂർ ഡ്രൈവ് ചെയ്ത് ഞങ്ങൾ ഹോള എന്ന സ്ഥലത്തെത്തി. ഇവിടുന്ന് ഫെറി കയറി വേണം പോകാൻ. 78 ആളുകൾ ഫെറിക്കായി കാത്തു നിൽക്കുന്നുണ്ട്. ചുറ്റും പച്ചപ്പും മലകളും നിറഞ്ഞ മനോഹരമായ സ്ഥാലമാണ്. പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ഫെറി വന്നു. വണ്ടിയുമായി ഞങ്ങൾ ഫെറിക്കുള്ളിൽ കയറി. ഒരേസമയം നൂറിലധികം വണ്ടികൾ കയറ്റാൻ പറ്റുന്ന കൂറ്റൻ ഫെറിയാണിത്. ഫെറിയുടെ താഴത്തെ നിലയിൽ വണ്ടി പാർക്ക് ചെയ്‌ത്‌ മുകളിലത്തെ നിലയിൽ പോയി ഇരിക്കാം. ഉള്ളിൽ നല്ലൊരു കാന്റീൻ ഉണ്ട്. അവിടുന്ന് കാപ്പിയും വാങ്ങി മുകളിലത്തെ നിലയിലെ ബാൽക്കണിയിൽ ഇറങ്ങി നിന്നു. നല്ല തണുത്ത കാറ്റുണ്ടെങ്കിലും Lysefjord കായലിന്റെയും അതിനു ചുറ്റുമുള്ള മലകളുടെയും സൗന്ദര്യം കണ്ടാൽ ഉള്ളിൽ കയറി ഇരിക്കാൻ തോന്നില്ല. ഏകദേശം ഒന്നര മണിക്കൂർ യാത്രയുണ്ട്. പോകുന്ന വഴികളിൽ ചെറുതും വലുതുമായ അനേകം വെള്ളച്ചാട്ടങ്ങൾ കാണാം. പ്രെകിസ്റ്റോളനിലെ (preikestolen) 604 മീറ്റർ പൊക്കത്തിലുള്ള പൾപ്പിറ്റ് റോക്കും (pulpit rock) കാണാം. നോർവേയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് fjords-്ന്റെ പല ഭാഗങ്ങളിൽ കയറുവാനായി. ഹൈക്കേഴ്സിനുവേണ്ടി ചില സ്ഥലങ്ങളിൽ ഫെറിക്ക് സ്റ്റോപ്പ് ഉണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് "ഫ്ലോർലി 4444" (കുത്തനെയുള്ള 4444 പടികൾ കയറി കുന്നിൻ മുകളിൽ കയറൽ) ആരോഗ്യം അനുവദിക്കുമോയെന്ന് അറിയാത്തത് കൊണ്ട് ഞാൻ അവിടെ ഒന്നും പോയില്ല.

norvey11

അങ്ങനെ അവസാനം Lysefjord-ന്റെ അറ്റത്തു എത്തി. അവിടുന്ന് വീണ്ടും ഡ്രൈവ് ചെയ്തത് 26 ഹെയർ പിൻ വളവുകൾ ചുറ്റി  "ഈഗിൾസ് നെസ്റ്റ്" എന്ന kjeragനു താഴെയുള്ള പാർക്കിംഗ് ഏരിയായിൽ എത്തി. "ഈഗിൾസ് നെസ്റ്റ്" എന്നത് ഇവിടെ ഉള്ള റെസ്റ്റോറന്റിന്റെ പേരാണ്. കുന്നിൻ ചരിവിൽ തടിയിൽ നിർമ്മിച്ചിരിക്കുന്ന ഈ കെട്ടിടത്തിൽ നിന്നും Lysefjordന്റെ അതിമനോഹരമായ വ്യൂ കാണാൻ കഴിയും. അവിടുന്ന് കുറച്ചു സ്‌നാക്‌സ് ഒക്കെ വാങ്ങി ബാഗിൽ വച്ച്, ടോയ്‌ലെറ്റിൽ ഒക്കെ പോയി, ജാക്കറ്റ് ഇട്ട് മലകയറാൻ തയാറായി. 

Norway Travel

10 ഡിഗ്രിയിൽ താഴെയാണ് താപനില. നല്ല തണുത്ത കാറ്റും. ഭാഗ്യത്തിന് മഴയില്ല. കയറുന്നതിനു മുൻപ് ആൻഡ്രു ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും ദൂരത്തെ പറ്റിയും സ്ഥലത്തിന്റെ പ്രേത്യേകതകളെ പറ്റിയും ചെറുതായി ഒന്ന് വിവരിച്ചു. അങ്ങനെ രാവിലെ 8.30 നു ഞങ്ങൾ മല കയറ്റം ആരംഭിച്ചു. തറയിൽ കല്ലുകൾ അടുക്കി വഴി മാർക്ക് ചെയ്തു വച്ചിട്ടുണ്ട്. അതുകൊണ്ടു വഴി തെറ്റില്ല.

norvey14

13 കിലോമീറ്ററാണ്കയറി ഇറങ്ങാൻ ഉള്ളത്. എങ്ങനെ പോയാലും ഒരു സൈഡിലേക്ക് രണ്ടര മണിക്കൂർ എടുക്കും. ആദ്യത്തെ ഒന്നര കിലോമീറ്റർ കുത്തനെ കയറ്റം ആണ്. പിന്നെ രണ്ടു കിലോമീറ്ററോളം വലിയ കുഴപ്പം ഇല്ല. വീണ്ടും കുത്തനെ കയറ്റം, ഇറക്കം, കയറ്റം അങ്ങനെ പോകും. മുകളിലേക്ക് പോകുംതോറും തണുപ്പ് കൂടി വരും. കുത്തനെയുള്ള സ്ഥലങ്ങളിൽ പിടിച്ചു കയറാൻ ചങ്ങലകൾ പിടിപ്പിച്ചിട്ടുണ്ട് അതിൽ പിടിച്ചു കയറണം. ഹിക്കിങ് പോൾസ് ഉള്ളത് വലിയ അനുഗ്രഹമായി. ഞങ്ങൾക്ക് വേണ്ടി ആൻഡ്രു അത് കൊണ്ടുവന്നിരുന്നു. ഇടയ്ക്ക് ബ്രേക്ക് എടുത്തും ചെറിയ സ്നാക്കുകൾ കഴിച്ചും അരുവികളിൽ നിന്നും വെള്ളം കോരികുടിച്ചും മുന്നോട്ടു പോയി. പോകുന്ന വഴിയിൽ പല സ്ഥലങ്ങളിലും മേഞ്ഞു നടക്കുന്ന ആടുകളെ കാണാം കൂടാതെ കണ്ണീരുപോലെ ശുദ്ധമായ വെള്ളം ഒഴുകുന്ന അരുവികളും ചെറിയ വെള്ള ചാട്ടങ്ങളും വലുതും ചെറുതുമായ ധാരാളം മാഞ്ഞുപാളികളും വഴികളിൽ കാണാം. പ്രകൃതി  ഭംഗിയെപ്പറ്റി പറയാൻ വാക്കുകളില്ല. അത്രയ്ക്ക് മനോഹരം. ആ കാഴ്ചകളാണ് മുന്നോട്ടു നടക്കുവാനുള്ള ശക്തി തരുന്നത്.

norvey9

അങ്ങനെ അവസാനം ലക്ഷ്യ സ്ഥാനത്തു എത്തി. "kjeragbolten" എന്ന  ഈ കല്ലിന്റെ മുകളിൽ കയറുവാൻ വേണ്ടിയാണ് എല്ലാവരും കഷ്ടപ്പെട്ട് ഇവിടെ വരെ വരുന്നത്. 

norvey8

എന്താണ് ഇതിന്റെ പ്രേത്യേകത?

norvey5

kjerag രണ്ടു മലകൾക്കു ഇടയിൽ പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഉറച്ചുപോയ ഒരു ചെറിയ കല്ലാണ് ഇത്. ഇതിൽ എന്താ എത്ര വലിയ കാര്യം എന്നാവും അല്ലെ?  കഷ്ടിച്ച് ഒന്നര സ്‌ക്വയർ ഫീറ്റ് മാത്രം നില്ക്കാൻ സ്ഥലമുള്ള ഈ കല്ലിന്റെ തൊട്ടു താഴെ വെറും 984 മീറ്റർ താഴ്ചയുണ്ട്. അതായതു ഒരു കിലോമീറ്ററിന് വെറും 16 മീറ്റർ കുറവ്. വീണാൽ പിന്നെ തപ്പി പോകേണ്ട ആവശ്യം ഇല്ല. മാത്രമല്ല, ഉരുണ്ട മുകൾഭാഗം ഉള്ള ഈ കള്ളിന്റെ മുകളിലേക്ക് ഇരുന്നു നിരങ്ങിയോ, ചാടിയോ വേണം കയറാൻ. പിടിച്ചു കയറാനോ നിൽക്കണോ യാതൊരു സുരക്ഷാ സവിധാനങ്ങളും ഇല്ല.

ഇതിലോട്ടു കയറൽ നല്ല ധൈര്യം വേണ്ട പണിയാണ്. സൈഡിൽ ഒരു കൊളുത്തുണ്ട് അതിൽ പിടിച്ചു ഒരു കാൽ മുന്നോട്ടു വച്ച്, ഇരുന്നുകൊണ്ട് അടുത്ത കാൽ വച്ച് വേണം കയറാൻ, ഒരുപാടു തവണ ഇവിടെ കയറിയിട്ടുള്ള ആൻഡ്രു, രണ്ടു പ്രാവശ്യം ഞങ്ങൾക്ക് ഏറ്റവും സേഫായി കയറേണ്ട രീതി കാണിച്ചു തന്നു. കൂടാതെ ഞങ്ങക്ക് ധൈര്യം തന്നു. kjeragboltenനു വേറൊരു പേരും കൂടി ഉണ്ട്. "ലക്കി സ്റ്റോൺ". ഇന്നുവരെ ഒരാൾ പോലും അതിന്റെ മുകളിൽ നിന്ന് വീണിട്ടില്ല. (അഹങ്കാരം കാണിച്ചു വീണവരും, ആത്മഹത്യ ചെയ്യാൻ ചാടിയവരും ഒഴികെ). അതുകൊണ്ടു ധൈര്യമായി കയറിക്കോളൂ, ആ ആദ്യത്തെ ഒരു ആൾ നീ ആവില്ല. കല്ലിനു മുകളിൽ നിൽക്കുമ്പോൾ താഴോട്ട് നോക്കാതെ ഇരുന്നാൽ മാത്രം മതി."

norvey7

കയറുന്നതിനു മുന്നേ സൈഡിൽ ഇരുന്നു ഞാൻ താഴോട്ട് ഒക്കെ ഒന്ന് നോക്കി. അഗാധമായ കുഴി വേറെ പ്രത്യേകിച്ചു ഒന്നുമില്ല നെറ്റ് നോക്കിയാലോ അതിമനോഹരമായ Lysefjordന്റെ നീല ജലാശയവും മല നിരകളും.

norvey4

kjeragboltenന്റെ മുകളിൽ കയറാൻ തയാറായി. ഷൂവിന്റെ അടിയിലെ ചെളിയും മണ്ണും, ഐസും എല്ലാം തട്ടിക്കളഞ്ഞു വൃത്തിയാക്കി. തറയിൽ എല്ലാം ചെറിയ നനവുണ്ട്, അതുകൊണ്ടു വളരെ സൂക്ഷിക്കണം. നല്ല റബ്ബർ ഗ്രിപ്പുള്ള, ഹിക്കിങ് ഷൂ ഇങ്ങനെ ഉള്ളതിന് വളരെ അത്യാവശ്യം ആണ്. ശരിയായ അക്‌സെസറികൾ ഇല്ലാതെ വലിഞ്ഞു കയറുമ്പോളാണ് കൂടുതലായും അപകടങ്ങൾ ഉണ്ടാവുന്നത്. ആൻഡ്രു കാണിച്ചു തന്ന അതേ രീതിയിൽ ഓരോ ചുവടും വളരെ ശ്രദ്ധയോടെ വച്ച്, മുകളിൽ കയറി. നിന്നുകൊണ്ട് ഫോട്ടോക്ക് പോസ് ചെയ്തു. അതു കഴിഞ്ഞ് കയ്യിൽ ഉണ്ടായിരുന്ന ഗോപ്രോയിൽ ഒരു സെൽഫി എടുത്തു. ചെറിയ വെപ്രാളത്തിൽ എടുത്തോണ്ടാവും, പടം അത്ര ക്ലിയർ ആയില്ല.  കല്ലിന്റെ പുറത്തു ഒന്നിരുന്നു. എന്നിട്ടു ഇരുന്നുകൊണ്ട് ഒരു നിമിഷം ഒന്ന് താഴേക്ക് നോക്കി.....പേടിപ്പെടുത്തുന്ന താഴ്ച! നിൽക്കുമ്പോൾ താഴേക്ക് നോക്കാത്തത് നന്നായിയെന്ന് തോന്നി. എഴുന്നേറ്റു കല്ലിൽ നിന്നും വളരെ സാവധാനം ഇറങ്ങി... കൂടെ ഉണ്ടായിരുന്ന മിഷേൽ ഞാൻ കയറുന്നതിന്റെയും ഇറങ്ങുന്നതിന്റെയും ഒരു വിഡിയോ എടുത്തിട്ടുണ്ട്. ഫോട്ടോഗ്രാഫർ ആൻഡ്രു ആണ്.

norvey3

കല്ലിന്റെ മുകളിൽ കയറുന്ന വിഡിയോ ഇവിടെ കാണാം 

Climbing Above Kjeragbolten

കുറച്ചു മാറി മലമുകളിൽ നിന്നും കുറച്ചു ആളുകൾ വിങ് സ്യുട്ട് ഇട്ടു താഴേക്ക് ചാടുന്നുണ്ട്. താഴ്ത്തേക്കു ചാടി Lysefjord ന്റെ സൈഡിൽ പോയി ലാൻഡ് ചെയ്യുന്നു. കുറെ ഫോട്ടോകൾ ഒക്കെ എടുത്ത ശേഷം ഞങ്ങൾ അടുത്ത പ്രധാന വ്യൂ പോയിന്റിലേക്കു നടന്നു. ഇവിടെ നിന്നും Lysefjord ന്റെ കിലോമീറ്ററുകൾ നീളമുള്ള അതിമനോഹരമായ വ്യൂ കാണാം. ഒരുപാട് സിനിമാ പാട്ടുകളും മറ്റും ഷൂട്ട് ചെയ്തിട്ടുള്ള സ്ഥലമാണിത്. എത്ര കണ്ടാലും കൊതി തീരാത്ത അവിടെ നിന്ന് നോർവെയുടെ ഭംഗി ശരിക്കു ആസ്വദിച്ച ശേഷം തിരിച്ചു മലയിറങ്ങി.

യാത്രയുടെ മുഴുവന്‍ വീഡിയോ

Kjerag Hiking From Stavanger Norway

അഞ്ചു മണിേയാടുകൂടി തിരികെ താഴെയെത്തി. തിരിച്ചുപോകുന്ന സമയത്ത് ഫെറിയില്ല. അതുകൊണ്ടു കാറിൽ തന്നെയാണ് തിരിച്ചു വന്നത്. വരുന്ന വഴിയിൽ മനോഹരങ്ങളായ ഗ്രാമപ്രദേശങ്ങളും പുൽമേടുകളും വെള്ളച്ചാട്ടങ്ങളും കാണാൻ സാധിച്ചു. പറഞ്ഞാലും തീരില്ല. രാത്രിയോടെ ഞങ്ങൾ സിറ്റിയിലെത്തി ശേഷം എല്ലാവരുമൊത്ത് ഭക്ഷണം കഴിച്ച് പിരിഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS CORNER
SHOW MORE
FROM ONMANORAMA