വയലടയിലേക്ക്....

kozhikode-vayalada-beauty
SHARE

വയലടയിലേക്ക് ഞങ്ങളുടെ യാത്ര മാറ്റാൻ തീരുമാനിച്ചത് അവിടുത്തെ പ്രകൃതിസൗന്ദര്യം ഒന്നുകൊണ്ടു മാത്രമായിരുന്നു. യാത്ര തിരിക്കുമ്പോൾ പക്ഷേ ഒന്നും തന്നെ നിശ്ചയിച്ചുണ്ടായിരുന്നില്ല. ഒരുപാടു തവണ വഴിതെറ്റി. എങ്കിലും ഗൂഗിൾ മാപ്പിന്റെയും നല്ലവരായ മലയാളികളുടെയും സഹായത്തോടെ ഞങ്ങൾ ശരിയായ റൂട്ടിൽ എത്തി.

തട്ടുതട്ടായി തിരിച്ച കൃഷിയിടങ്ങൾ. പ്രധാനമായും തെങ്ങാണ് ഉയർന്നുകണ്ടത്. തെങ്ങിനു പോലും പ്രത്യേകതകൾ ഏറെയായിരുന്നു. ഒാരോ തെങ്ങിനും ഒാരോ തട്ടു പോലെയായിരുന്നു. അങ്ങനെ വരിവരിയായി കല്ലുകൊണ്ട് കെട്ടിനിരന്നു നിൽക്കുന്ന തെങ്ങിൻതടങ്ങൾ. ഇതുപോലെത്തന്നെ കൈതച്ചക്ക പോലുളള ഫലവർഗ കൃഷികളും അവിടം മനോഹരമാക്കി. പോകുന്ന വഴികളിൽ ഒക്കെയും തന്നെ ഞങ്ങളെ ഇതിൽക്കൂടുതൽ ആകർഷിച്ചത് പാടങ്ങളായിരുന്നു. ഇവിടെ നിന്നും പ്രധാന ഉദ്ദേശം സെൽഫി എടുക്കലായിരുന്നു എങ്കിലും ഒരു സെൽഫി കൊണ്ടു പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല ആ മനോഹാരിത എന്ന് ഞങ്ങൾക്ക് പിന്നീട് മനസ്സിലായി അവിടെനിന്ന് ഉളളിലേക്ക് പോകുംതോറും തണുപ്പ് വർധിച്ചു.

കടലപാക്കറ്റും വാങ്ങി ഞങ്ങൾ തിരിച്ചു. അപ്പോഴേക്കും ഞങ്ങളാകെ തണുത്ത് വിറയ്ക്കാൻ തുടങ്ങിയിരുന്നു. പോരാത്തതിന് കോരിച്ചൊരിയുന്ന മഴയും. കുറച്ചങ്ങു ചെന്നപ്പോഴേക്കും വണ്ടികൊണ്ടുപോകാൻ പറ്റാതെയായി. ഞങ്ങൾ ഇറങ്ങിനടന്നു.

കുറ്റിച്ചെടികളും പടർന്നുപന്തലിച്ചു നിൽക്കുന്ന വൻമരങ്ങളും വരിവരിയായി ഞങ്ങളെ സ്വാഗതം ചെയ്തു നിന്നതുകൊണ്ട് മഴ അറിഞ്ഞില്ല. വലിയ പാറക്കെട്ടുകളും മറ്റും താണ്ടി മലയുടെ ഉച്ചിയിൽ എത്തി വയലടയുടെ പ്രകൃതി സൗന്ദര്യം മനസ്സറിഞ്ഞു കവരുവാൻ ഞങ്ങൾ മത്സരം വച്ച് കയറിക്കൊണ്ടിരുന്നു. ഒടുവിൽ മഴ നനഞ്ഞ്, നനഞ്ഞ കോഴികളെപ്പോലെ ആ ശ്രമം ഞങ്ങൾ വിജയകരമാക്കി.

പ്രകൃതി ഞങ്ങൾക്കു വേണ്ടി ഒരുക്കി വച്ചിരുന്ന വിഭവങ്ങൾ പറഞ്ഞറിയിക്കാവുന്നതിലും ഏറെയാണ്. ഒന്നോ രണ്ടോ വാക്കിലോ വരികളിലോ അത് തീരില്ല. ആ കുന്നിന്റെ ഉച്ചിയിൽ നിന്നും ഞങ്ങൾ താഴോട്ട് നോക്കി ആ നാടു മുഴുവൻ അവിടം നിന്ന് കാണാമായിരുന്നു. ആ അനുഭവം ഞങ്ങൾക്ക് പുതിയതായിരുന്നു. ചരിഞ്ഞുനില്‍ക്കുന്ന പാറക്കെട്ടുകളിലൂടെ, വള്ളിപ്പടർപ്പുകളിലൂടെ വെള്ളം കുത്തനെ ഒഴുകിക്കൊണ്ടിരിക്കുകയാണ്.

മഴ നനഞ്ഞുകൊണ്ട് ധാരാളം സെൽഫികള്‍ ഞങ്ങൾ എടുത്തു. അപ്പോഴേക്കും കോട അധികമായി. ഒന്നും കാണാൻ പറ്റാതെയായി. മാത്രവുമല്ല മൊബൈൽ ക്യാമറയിൽ ഈർപ്പം കയറി വയലടയുടെ സൗന്ദര്യം പകർത്താൻ പോലും കഴിയാതെയായി. പക്ഷേ ഞങ്ങൾ എടുത്ത സെൽഫികൾക്ക് ഫെയ്സ്ബുക്കിൽ കിട്ടിയ ലൈക്ക്സ്, കണ്ട് ഞങ്ങൾ തന്നെ ഞെട്ടി. അത് ഞങ്ങളെക്കണ്ടായിരുന്നില്ല ആ ലൈക്ക് മുഴുവനും അവരിട്ടത് കോഴിക്കോടിന്റെ സ്വന്തം വയലടയ്ക്കായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS CORNER
SHOW MORE
FROM ONMANORAMA