കോട മഞ്ഞിൻ പുതപ്പണിഞ്ഞ് .. കാരിയാട് ടോപ്പ്...

KARIYAD-TOP8NEW
SHARE

ഇടുക്കി ജില്ലയിലെ വാഗമണ്ണില്‍നിന്ന് ഈരാറ്റുപേട്ട റോഡില്‍ നാലു കിലോമീറ്റർ സഞ്ചരിച്ചാൽ കരിയാട് ടോപ്പ് എന്ന പ്രകൃതി കനിഞ്ഞരുളിയ സ്വർഗ്ഗത്തിൽ എത്താം. മലനിരകളെ കീറിമുറിച്ച് വളഞ്ഞ് പുളഞ്ഞ് പോകുന്ന പാതയും അതിലെ ഒഴുകിനടക്കുന്ന വാഹനങ്ങളുടെ പ്രയാണവും അടുത്ത മലനിരകളിൽ നിന്നുള്ള പ്രധാന കാഴ്ചയാണ്. ഹരിതാഭമായ മലനിരകളെ കോടമഞ്ഞിൻ പുതപ്പണിഞ്ഞും, കാറ്റിൽ മഞ്ഞു മേഘങ്ങൾ പഞ്ഞിക്കെട്ടുകൾ പോലെ പാറി നടക്കുന്നതും ഇവിടെ സർവസാധാരണമായ കാഴ്ചകളാണ്. മഴക്കാലമാകുന്നതോടെ മലനിരകളിൽ നിന്നെല്ലാം ഉടലെടുക്കുന്ന ചെറുതും വലുതുമായ അനേകം വെള്ളച്ചാട്ടങ്ങൾ ഈ പ്രദേശത്തെ കൂടുതൽ സുന്ദരമാക്കുന്നു.

KARIYAD-TOP2

നല്ല മഴയുള്ള ദിവസമായിരുന്നു ഇവിടേക്കുള്ള ഞങ്ങളുടെ സഞ്ചാരം. ജീപ്പ് തൊടുപുഴയും, കാഞ്ഞാറും പിന്നിലാക്കി ലക്ഷ്യം മാത്രം മുന്നിൽകണ്ട് വാഗമണ്ണിലെത്തി ഭക്ഷണവും കഴിച്ച് ഈരാറ്റുപേട്ട വഴിയെ മൂടൽമഞ്ഞിന്റെ അകമ്പടിയോടെ ലക്ഷ്യത്തിലേക്ക് പോകുമ്പോൾ വഴി നീളെ ആർത്ത് ഉല്ലസിച്ച് മലമുകളിൽ നിന്നും പതിക്കുന്ന സുന്ദര വെള്ളച്ചാട്ടങ്ങൾ, പലയിടത്തും ഞങ്ങളെ വണ്ടി നിർത്തിച്ചു. എവിടെ നോക്കിയാലും മാനം മുട്ടെ തല ഉയർത്തി നിൽക്കുന്ന ഗിരിശൃംഗങ്ങൾ, അവരെ കീറിമുറിച്ച് നിർമിച്ചിരിക്കുന്ന വഴിയായത് കൊണ്ട് ഒരുവശം അഗാധമായ ഗർത്തവും കൂടെ വഴി മറച്ച് മഞ്ഞും. ഇൗ സമയം ഓർമവരിക പപ്പു ചേട്ടന്റെ ഡയലോഗാണ്, കടുകിന്മണി വ്യത്യാസത്തില്‍ ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ മാറിയാല്‍ മതി... വണ്ടീം ഞമ്മളും തവിട് പൊടീ...

KARIYAD-TOP4

സലിം എന്ന തേരാളി ഇതെല്ലാം വളരെ ശ്രദ്ധയോടെ തരണം ചെയ്ത് ലക്ഷ്യത്തിലെ വഴിവക്കിലെ വ്യൂ പോയിന്റിലെത്തി. വണ്ടി ഒതുക്കി കാഴ്‌കളിലേക്ക് ഊളയിട്ടു.

KARIYAD-TOP10

ചുറ്റും ഭീമാകാരമായ മലനിരകൾ, ചുരങ്ങൾ താണ്ടി ഇഴഞ്ഞ് വരുന്ന വാഹനങ്ങൾ, താഴ്വാരങ്ങളിൽ നിന്നും ഉയർന്ന് പൊങ്ങുന്ന കോടമഞ്ഞിൻ കൂട്ടങ്ങൾ ഇൗ കാഴ്ചകളിലൂടെ സഞ്ചരിക്കുമ്പോളാണ് അടുത്തു തന്നെ ഉള്ള മലയിലെ ഒരു റിസോർട്ടും അവിടേക്കുള്ള കലിപ്പ്‌ വഴിയും കണ്ണിൽ ഉടക്കിയത്.

KARIYAD-TOP3

എന്നാൽ പിന്നെ ആ വഴിയെ തന്നെ, നടത്ത മത്സരം ആരംഭിച്ചു. ആയിരം അടിയോളം ഉയത്തിലേക്ക്‌ കല്ലും മണ്ണും നിറഞ്ഞ വഴിയെ ചാറ്റൽ മഴയുടെ അകമ്പടിയോടെ കയറുക അൽപ്പം ദുഷ്കരം ആയിരുന്നെങ്കിലും അവിടുത്തെ ഓരോ വ്യൂ പോയിന്റിലെയും കാഴ്ചകൾ മുന്നോട്ടുള്ള പ്രയാണത്തിന് ഉണർവേകി. ഹൃദ്യമായ കാഴ്ചകൾ കണ്ട് മല മുകളിലെത്തി. ഭാഗികമായി പൂർത്തീകരിച്ച ചെറിയ ഒരു റിസോർട്ട്, വിശാലമായി നിരപ്പാക്കിയ കൂറേ മലയുടെ ഭാഗങ്ങളും ഇവിടെനിന്നുള്ള ദൃശ്യങ്ങൾ താഴെ വ്യൂ പോയിന്റിൽ നിന്നും കണ്ട കാഴ്ചകളുടെ 360 ‍ഡിഗ്രി ഡിജിറ്റൽ പതിപ്പായി കാണാം. അത്രക്ക് മനോഹരം.

KARIYAD-TOP6

ദൂരെ മലയുടെ മുകളിൽ നിന്നും വെള്ളിയരഞ്ഞാണം പോലെ ചുരത്തിലേക്ക്‌ പതിക്കുന്ന വെള്ളച്ചാട്ടവും അതിന് അരികിലൂടെ അരിച്ച് നീങ്ങുന്ന നമ്മുടെ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കൊമ്പനും എല്ലാം ഒരു വിസ്മയ കാഴ്ചകൾ തീർക്കുന്ന ഇൗ കരിയാട് ടോപ്പ് കേരളത്തിലെ തന്നെ ടോപ്പ് കാഴ്ചകൾ പകർന്ന് തരുന്നൊരിടമായി അനുഭവിച്ചറിയാൻ ഒരേ മനസ്സുള്ള കൂട്ടുകാരോടൊപ്പം കൂടി ആവുമ്പോൾ പറയാനുണ്ടോ നിറവും ഭംഗിയും ഏറുക തന്നെ ചെയ്യും. ആ ഭംഗിയുടെ കൊടുമുടിയിൽ നിന്നും പോരുമ്പോൾ അതു വരെ ചന്നം ചിന്നം പെയ്തിരുന്ന മഴ പെരുമഴയായി മാറിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS CORNER
SHOW MORE
FROM ONMANORAMA