ആനപ്രേമികള്‍ക്കു ദൃശ്യവിരുന്നൊരുക്കി ആനക്കുളം

anakulam-new
SHARE

"ആനക്കുളത്തേക്ക് ഒരു ട്രിപ്പ് പോയാലോ"...???

രഞ്ജുവിന്റെ ഈ ചോദ്യം കേട്ട അന്നു തൊട്ടേ ചോദിക്കുന്നതായിരുന്നു അവിടെ എന്താ കാണാൻ ഉള്ളതെന്ന്. കാണേണ്ട കാഴ്ചകളെ ആദ്യം കേട്ടറിയലല്ല, പോയി അനുഭവിച്ചറിയണം എന്നുള്ള അവന്റെ മറുപടി കിട്ടിയതോടെ എന്റെ ചോദ്യങ്ങൾക്ക് ഫുൾസ്റ്റോപ്പ് വീണു. കൂടെ ആ യാത്രക്കുള്ള ഉന്മേഷം കൂടുകയും ചെയ്തു. അവസാനം ട്രിപ്പ് ഉറപ്പിച്ചപ്പോൾ ഞങ്ങൾ 16 പേർ തയ്യാറായി.

.

anakulam-00

ഞാനും മോനി ചേച്ചിയും പിള്ളേരും പിന്നെ ആനന്ദും ഉച്ചക്ക് 1.30 നു അങ്കമാലി എത്തണം എന്ന് കണക്കാക്കി ഇവിടുന്ന് ട്രെയിൻ കയറാൻ ചെന്നു. അല്ലേലും നല്ലകാര്യത്തിന് ഇറങ്ങുമ്പോൾ ഇന്ത്യൻ റെയിൽവേക്ക് പണ്ടേ അസുഖമാ... ട്രെയിൻ 3 മണിക്കൂർ ലേറ്റ്. പോരാത്തതിന് നല്ല മഴയും. ദിവസങ്ങൾ വെച്ച് ഞങ്ങൾ കൂട്ടി കിഴിച്ച് ഉണ്ടാക്കിയ സകല പ്ലാനിങ്ങും ഇന്ത്യൻ റയിൽവേ ഒരു നിമിഷം കൊണ്ട് തട്ടിയെടുത്തു.

annakulam2

വീട്ടിലേക്ക് തന്നെ തിരിച്ചാലോ എന്ന് ആലോചിക്കുമ്പോഴാണ് ഞങ്ങൾക്ക് മുമ്പേ പോയ രഞ്ജു വിളിക്കുന്നത്. എന്തു തന്നെ ആയാലും ഇവിടെ എത്തണം എന്ന അവന്റെ വാക്ക് കേട്ടപ്പോൾ ഇന്ത്യൻ റെയിൽവേക്ക് ഒരുലോഡ് പുച്ഛം നൽകി തോൽക്കില്ല എന്ന മട്ടിൽ പുറത്തെ മഴയെയും കൊഞ്ഞനം കാട്ടി ട്രെയിനിന്റെ വിൻഡോ സീറ്റിൽ തന്നെ ഇരിപ്പുറപ്പിച്ചു.

.

അങ്ങനെ അങ്കമാലി എത്തി ആനവണ്ടി കാര്യാലയത്തിൽ പോയി അടിമാലിയിലേക്കുള്ള വണ്ടി അന്വേഷിച്ചപ്പോൾ, ദേ കിടക്കുന്നു അടുത്ത കുരിശ്...

anakulam2

മൂപ്പര് സ്റ്റാന്റ് വിട്ടിട്ട് നേരം ഒരുപാട് ആയത്രെ. പിന്നെ പെരുമ്പാവൂരിലേക്ക് കയറി അവിടുന്ന് അടിമാലിയിലേക്ക്...

'അടിമാലി എപ്പോ എത്തും ചേട്ടാ' എന്ന് ഡ്രൈവറോട് ചോദിച്ചതും അടുത്ത പണി കിട്ടി എന്നറിഞ്ഞതും ഒപ്പമായിരുന്നു. കാരണം, 7.30 നുള്ള അടിമാലി - ആനക്കുളം ലാസ്റ്റ് ബസ് കിട്ടില്ല... അത്രതന്നെ

ഞങ്ങളുടെ ഭീകര ചർച്ച കണ്ട് ഡ്രൈവർ കാര്യം തിരക്കി. കാര്യം പറഞ്ഞപ്പോൾ മൂപ്പര് ഒരു ചിരി, പിന്നെ കുട്ടികളെയും ഞങ്ങൾ രണ്ടg ലേഡീസിനെയും കണ്ട് സഹതാപം തോന്നി ആശ്വാസ വാക്കും.

'എന്റെ വീട് ആനക്കുളം അടുത്താണ്, ബസ്സ് അടിമാലിയിൽ നിന്ന് പിന്നെയും 10 കിലോമീറ്റർ കൂടി കൊണ്ടാക്കാം, പ്രശ്നമില്ല, അപ്പോയേക്കും നിങ്ങൾ അവിടുന്ന് അവരോട് ഒരു ഓട്ടോ അയക്കാൻ പറയൂ. അടിമാലിയിൽ നിന്ന് ഓട്ടോ കിട്ടില്ല' എന്ന് പറഞ്ഞു.

anakulam1

രഞ്ജുവിനെ വിളിച്ച് ഒരു ഓട്ടോ പറഞ്ഞയക്കാനും പറഞ്ഞ് ആ 2 മണിക്കൂർ ബസ് യാത്ര പുറത്തെ കോടമൂടിയ കാഴ്ചകളും പിള്ളേരോടൊത്തുള്ള കുസൃതികളുമായി ചിലവഴിച്ചു.

.

'അടിമാലി പഞ്ചായത്തിലേക്ക് സ്വാഗതം' എന്ന ബോർഡ് കണ്ടത് മുതൽ കണ്ണിനെ കുളിരണിയിപ്പിക്കുന്ന കാഴ്ചകളായിരുന്നു. ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ ഇരുട്ടിന്റെ അരണ്ട വെളിച്ചത്തിൽ കാണാൻ ഒരു പ്രത്യേക അനുഭൂതിയായിരുന്നു. കൂട്ടിന് ഊട്ടിയെ തോല്പിക്കും വിധം തണുപ്പും. പല്ലുകൾ തമ്മിൽ കൂട്ടിമുട്ടാൻ ഉള്ള മത്സരം കുറച്ച് മുമ്പേ ആരംഭിച്ചിരുന്നു.

.

8.15 ന് അടിമാലിയിലെത്തിയപ്പോൾ ഞങ്ങളെ കാത്ത് ഓട്ടോ കിടക്കുന്നുണ്ടായിരുന്നു.

ഇരുട്ടും തണുപ്പും കൂടുന്നതിനനുസരിച്ച് ഞങ്ങളുടെ വിശപ്പും കൂടുന്നുണ്ടായിരുന്നു. ക്ഷീണം കാരണം കുട്ടികൾ ഓട്ടോയിൽ കയറിയ ഉടനെ ഉറങ്ങി. ഓട്ടോയിൽ ഇനിയും ഒന്നര മണിക്കൂറിലേറെ പോകാനുണ്ടെന്ന് കേട്ടപ്പോൾ "ഏത് നേരത്താണോ ഈശ്വരാ ഇറങ്ങി പുറപ്പെട്ടെ" എന്ന് മനസ്സിൽ ഒരു നിമിഷം സ്വയം പ്രാകി.

.

ആനക്കുളത്ത് നല്ല അട്ടയുണ്ടെന്ന് ഓട്ടോക്കാരൻ ചേട്ടായി പറഞ്ഞപ്പോൾ ഭയം തോന്നിയെങ്കിലും പുറമേ കാണിച്ചില്ല. കാരണം ചേച്ചി ഇത് അറിഞ്ഞാൽ പിന്നെ തിരിച്ച് പോരുന്നത് വരെ എന്നെ ട്രോളും.

'ആനകളെ കാണാൻ പറ്റോ ചേട്ടാ...??' എന്ന ചോദ്യത്തിന് നിരാശ കലർന്ന മറുപടിയാണ് ലഭിച്ചത്.

'2 ദിവസമായിട്ട് നല്ല മഴയാ.. അതുകൊണ്ട് കാട്ടിൽ നിന്ന് തന്നെ അവർക്ക് വെള്ളം കിട്ടും. അവ ഇറങ്ങാൻ ചാൻസ് കുറവാണ് ' ഇതുകേട്ട ഞങ്ങളുടെ മൗനം ശ്രദ്ധിച്ചത് കൊണ്ടാകാം ആശ്വസിപ്പിക്കാൻ വേണ്ടി, 'നിങ്ങൾക്ക് ഭാഗ്യമുണ്ടേൽ കാണാം' എന്നും പറഞ്ഞു. ഇതുവരെ വന്ന വഴിയിൽ ഭാഗ്യം ഏഴയലത്ത് വന്നിട്ടില്ലാത്തത് കൊണ്ട് ചേട്ടായി പറഞ്ഞത് മൂളിക്കേൾക്കാനെ കഴിഞ്ഞുള്ളൂ...

.

അവസാനം താമസസ്ഥലത്ത് എത്തിയപ്പോൾ ഓട്ടോ ചേട്ടായിക്ക് 900 രൂപയും കൊടുത്ത് ചാടിയിറങ്ങി ' പരിചയപ്പെടൽ ഒക്കെ പിന്നെ, ഫുഡ് ഈസ് ഫസ്റ്റ് ' എന്ന് പറഞ്ഞ് നേരെ കിച്ചണിലേക്ക് ഓടി. വയർ നിറയെ ഫുഡ് അടിച്ച് ഏമ്പക്കവും വിട്ട് കളിയും തമാശകളുമായി ആ രാത്രിയുടെ യാമങ്ങളെ ഒരുപിടി ഓർമ്മകളുമായി എന്നന്നേക്കും ഹൃദയത്തിന്റെ ഒരു മൂലയിൽ ഒളിപ്പിച്ചു വെച്ചു.

.

"ദേ, ആനയെ കാണണമെങ്കിൽ പോരൂ... ആന ഇറങ്ങിയിട്ടുണ്ട് " എന്ന് ആരോ പറയുന്നത് കേട്ടതേ ഓർമ്മയുള്ളൂ... ഉറക്കത്തിലേക്ക് ഊളിയിടാൻ വെമ്പിയിരുന്ന എല്ലാരും കൂടി ഓടെടാ ഓട്ടം... അവിടെ എത്തിയപ്പോൾ ഞങ്ങളെക്കാൾ മുമ്പ് ചിലർ അവിടെ സ്ഥാനം പിടിച്ചിട്ടുണ്ട്... '

aanakulam1

മുന്നിലെ കാഴ്ച കൗതുകം നിറഞ്ഞതായിരുന്നു.. 3 ആനകളും 5 കുഞ്ഞുങ്ങളും ദേ മറുപുറത്ത് പുഴയിൽ ഇറങ്ങി തുമ്പിക്കയ്യും നീട്ടി വെള്ളം കുടിക്കുന്നു, കുളിക്കുന്നു...

കൂടെ ഉണ്ടായിരുന്ന ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരൻ അവരുടെ രീതികളെ കുറിച്ച് ചെറുവിവരണം തന്നു. തിരിച്ച് റൂമിലേക്ക് നടന്നപ്പോയാണ് അട്ടയുടെ ശല്യം മനസ്സിലാകുന്നത്. അപ്പോഴാ ശരിക്കും തോന്നിയെ ആനക്കുളം എന്നതിലേറെ അട്ടക്കുളം എന്ന പേരാ നല്ലത് എന്ന്.

കൂട്ടത്തിൽ ചിലരുടെ നിലവിളി കേട്ടപ്പോഴാണ് എന്നെക്കാളും വലിയ അട്ട പേടികൾ കൂട്ടത്തിൽ ഉണ്ട് എന്ന് മനസ്സിലായി. റൂമിൽ തിരിച്ചെത്തി കുറച്ച് നേരം സംസാരിച്ചിരിക്കാനെ കഴിഞ്ഞുള്ളൂ. ക്ഷീണം കാരണം പെട്ടെന്ന് ഉറങ്ങിപ്പോയി.

ഉറങ്ങിയാൽ പിന്നെ ബോംബ് പൊട്ടിയാലും അറിയാത്ത ഞാൻ എണീക്കുന്നത് പുറത്തു നിന്ന് ബഹളം കേട്ടിട്ടാണ്. കണ്ണ് തിരുമ്മി പുറത്തേക്ക് നോക്കിയപ്പോൾ എല്ലാവരും തൊട്ടടുത്തുള്ള പുഴയിൽ. കിച്ചണിൽ പോയി ഒരു ഗ്ലാസ് ചായയും കുടിച്ച് നേരെ അവരുടെ അടുത്തേക്ക് വിട്ടു..

പാറക്കെട്ടുകൾക്കിടയിലൂടെ കലിതുള്ളി വരുന്ന പുഴയുടെ ഭംഗി വർണനങ്ങൾക്കും അതീതമായിരുന്നു.

ഔട്ടിങ്ങിനു പോകാനുള്ള ജീപ്പ് വന്നിട്ടുണ്ട് എന്ന് ചേട്ടായി വന്നു പറഞ്ഞപ്പോഴാണ് എല്ലാരും പുഴയിൽ നിന്നും കയറുന്നത്. യാത്രകൾ പലതും പോയിട്ടുണ്ടെങ്കിലും ജീപ്പിന്റെ മുകളിൽ കയറിയിരുന്ന് കാട്ടിനുള്ളിലൂടെയും പുഴയ്ക്ക് കുറുകെയും കട്ട ഓഫ് റോഡിലൂടെയും ഉള്ള ഈ പോക്ക് ഇതുവരെ അനുഭവിച്ചതിൻ നിന്നും വ്യത്യസ്തമായിരുന്നു...

ആനക്കുളത്തിന്റെ ഓരോ ചലനവും കാഴ്ചയിൽ പതിപ്പിച്ച് ചെറിയ വെള്ളച്ചാട്ടങ്ങൾ കണ്ട് തുടങ്ങിയ യാത്ര ഒരു വലിയ വെള്ളച്ചാട്ടത്തിനടുത്താണ് അവസാനിച്ചത്. വലിയ ഉരുളൻ കല്ലുകളിലൂടെ കയറിൽ പിടിച്ച് നടന്നും തൂക്ക് പാലത്തിലൂടെ നടന്നും അതിനടുത്ത് എത്തി. തിരിച്ച് ജീപ്പിൽ റൂമിൽ വന്നു പെട്ടെന്ന് തന്നെ യാത്ര തിരിക്കാനുള്ള പരിപാടികൾ ആരംഭിച്ചു. അടുത്ത യാത്രയിൽ വീണ്ടും കാണാം ' എന്ന യാത്രാ മൊഴിയല്ലാതെ യാത്രയിൽ കൂടുകൂട്ടിയ ഞങ്ങൾ പരസ്പരം വേറെന്ത് പറയാൻ. അങ്ങനെ എല്ലാവരോടും യാത്രയും പറഞ്ഞ് 3.30 നു അടിമാലിയിൽ നിന്ന് ബസ്സ് കയറി.

യാത്രയിലെ വഴിയോര കാഴ്ചകൾ കണ്ണിൽ പതിയുമ്പോഴും മനസ്സിൽ നിറയെ കഴിഞ്ഞുപോയ നിമിഷങ്ങളായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS CORNER
SHOW MORE
FROM ONMANORAMA