മുറ്റത്തെ മുല്ല, റോസ്‌മല

rosemala1
SHARE

രണ്ടാം ശനി, ഞായർ, തിങ്കളാഴ്ച ഹർത്താലും. മൺസൂൺ കഴിഞ്ഞു കേരളത്തിന്റെ ഭൂപ്രകൃതി അതിന്റെ സൗന്ദര്യത്തിന്റെ പാരമ്യത്തിൽ നിൽക്കുന്ന ഒക്ടോബർ മാസം ഇങ്ങനെ ഒരു അവധി ഒത്തുവന്നതിൽ ഒരുപാട് സന്തോഷിച്ചു. വയനാട്ടിലെ ബാണാസുര മലകൾ കഴിഞ്ഞ വർഷവും ഈ സൗന്ദര്യം കാട്ടി കൊതിപ്പിച്ചണ്. ചിന്നാറിലെ വശ്യപാറയും മൺസൂൺ കഴിയുമ്പോൾ പോകുവാനുള്ള സ്ഥലങ്ങളുടെ കൂട്ടത്തിൽ ഇടംപിടിച്ചിരുന്നു. ഇവയെല്ലാം കോർത്തിണക്കി മൂന്നു ദിവസത്തെ യാത്രയ്ക്ക് ഒരുങ്ങി കൂട്ടാളികളെയും ഒപ്പിച്ചതാണ്. അപ്രതീക്ഷിതമായിട്ടാണ് മാനത്തു കാർമേഘം ഉരുണ്ടുകൂടി പദ്ധതികളെല്ലാം തകിടം മറിഞ്ഞത്. മൂന്നു ദിവസം വെറുതേ പോയല്ലോ എന്ന ചിന്തയിൽ വെള്ളിയാഴ്ച ബാങ്കിൽ ജോലിക്കിടെ സംസാരിക്കുമ്പോളാണ് വിവേകാനന്ദൻ സാർ റോസ്മലയ്ക്ക് വിട്ടാലോന്നൊരു ഐഡിയ പറയുന്നത്. ഇവിടെ വന്ന കാലം മുതൽ സാറിന്റെ വായിൽനിന്ന് എപ്പോഴും കേൾക്കുന്ന രണ്ടു വാക്കുകൾ ആണ് റോസ്മലയും കുറ്റാലവും. ആളെ പരിചയപ്പെടുത്തിയില്ലല്ലോ, ഞങ്ങടെ ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജർ ആണ് 'വിവേക്' എന്ന് സ്വയം അഭിസംബോധന ചെയ്യുന്ന വിവേകാനന്ദൻ സർ. ആളുടെ ഒരു കസിൻ റോസ്മലയിൽ ഒരു റബർ തോട്ടമൊക്കെ പരിപാലിച്ച് നാട്ടുകാരനായി ജീവിക്കുകയാണ്. തോട്ടത്തിന്റെ നടുവിൽ ഒരു ചായ്പ്പിൽ നല്ല നാടൻ കോഴിക്കറിയും കപ്പയുമൊക്കെ അടിച്ച് ഒരു രാത്രി അന്തിയുറങ്ങാം, അതാണ് സർ എനിക്കു വച്ചു നീട്ടിയ വാഗ്ദാനം. കൊല്ലംകാരൻ ആയിട്ടും ഇതുവരെ റോസ്മലയിൽ പോയിട്ടില്ല എന്നുള്ളതുകൊണ്ട് മറ്റൊന്നുമാലോചിക്കാതെ ഞാൻ ഡബിൾ ഓക്കേ പറഞ്ഞു. 

യാത്രയിൽ കൂടെയുള്ള മറ്റു രണ്ടു പേരെക്കൂടി പരിചയപ്പെടുത്താം, ഞങ്ങളുടെ പഴയ ബ്രാഞ്ച് മാനേജർ വിനോദ് സർ, പിന്നെ നേരത്തെ സൂചിപ്പിച്ച വിവേക് സാറിന്റെ കസിൻ ശ്രീജിത്ത് അണ്ണൻ. അടുത്ത ദിവസം രാവിലെ ആറു മണിക്കു തന്നെ തയാറാവാൻ എല്ലാവരെയും പറഞ്ഞേൽപ്പിച്ചു.

rosemala2

ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും കൂടെ വരാറുള്ള മഴ ഇത്തവണയും പതിവ് തെറ്റിച്ചില്ല, രാവിലെ തന്നെ തകർത്തു പെയ്യുകയാണ്. എന്നാലും എല്ലാവരും പറഞ്ഞ സമയത്തു തന്നെ റെഡി ആയി. 6.30 നു തന്നെ കുണ്ടറ പിന്നിട്ടു. കൊട്ടാരക്കരയും പുനലൂരുമൊക്കെ പിന്നിട്ടപ്പോഴേക്കും വിശപ്പിന്റെ വിളി വന്നു തുടങ്ങി. തെന്മലയ്ക്കടുത്ത് നാടൻ ഭക്ഷണം കിട്ടുന്ന ചെറിയ കടകളുണ്ടെന്നു ശ്രീ അണ്ണന്റെ അനുഭവസാക്ഷ്യം. ഉറുകുന്ന് എത്തിയപ്പോൾ ചൂടു ദോശ ചുടുന്ന ഒരു ചായക്കട കണ്ണിൽപ്പെട്ടു. നല്ല തട്ടുദോശയും ചമ്മന്തിയും ഓംലെറ്റുമായി പ്രാതൽ കുശാലായി. ഭക്ഷണം കഴിഞ്ഞു തെന്മലയും 13 കണ്ണറ പാലവും പിന്നിട്ടു കഴുതുരുട്ടിയിൽ എത്തി. അമ്പനാട് എസ്റ്റേറ്റിൽ പോകാനാണ് രാവിലെ തന്നെ ചാടിപ്പുറപ്പെട്ടത്. കഴുതുരുട്ടിയിൽ നിന്ന് 14 കിലോമീറ്റർ ദൂരം ഉണ്ട് കൊല്ലം ജില്ലയിലെ ഒരേയൊരു തേയിലത്തോട്ടമായ അമ്പനാട് എസ്റ്റേറ്റിലേക്ക്. പ്രൈവറ്റ് വാഹനങ്ങൾക്ക് മുൻകൂർ അനുമതി വേണം എസ്റ്റേറ്റിൽ കടക്കാൻ. ചെറിയ വെള്ളച്ചാട്ടങ്ങളിലേക്കുള്ള കല്ലുപാകിയ വഴിലൂടെ കാർ പോകില്ല. അതുകൊണ്ടുതന്നെ ശ്രീ അണ്ണന്റെ സുഹൃത്ത് ബിനു ചേട്ടന്റെ ജീപ്പ് പറഞ്ഞിരുന്നു. കഴുതുരുട്ടിയിലെ പുതിയ റെയിൽവേ സ്റ്റേഷനു സമീപം വാഹനം പാർക്ക് ചെയ്തപ്പോളെക്കും ബിനു ചേട്ടൻ എത്തി. ദേശീയപാതയിലൂടെ കുറച്ചു ദൂരം മുന്നോട്ട് പോയി ഇടത്തു തിരിഞ്ഞ് എസ്റ്റേറ്റ് റോഡിലേക്ക് കയറി. ഹാരിസൺസ് മലയാളം പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള റബർ എസ്റ്റേറ്റ് ആണ് ആദ്യം. മഴക്കാലമായതുകൊണ്ടുതന്നെ മലഞ്ചെരിവിലൂടെ ഒഴുകി വരുന്ന കുഞ്ഞരുവികളൊക്കെ ജീവൻ വച്ചിട്ടുണ്ട്. അത്തരം രണ്ടു ചെറു വെള്ളച്ചാട്ടങ്ങൾ ആദ്യം സന്ദർശിച്ചു. യാത്രാവസാനമാകാം വെള്ളച്ചാട്ടത്തിലെ കുളി എന്ന് തീരുമാനിച്ചതിനാൽ അവിടെ ഫോട്ടോ എടുപ്പ് മാത്രമാക്കി.

rosemala4

എസ്റ്റേറ്റ് റോഡിലെ കയറ്റം കയറുമ്പോൾ മുകളിലൂടെ കൂടംകുളത്തുനിന്നു വൈദ്യുതി കൊണ്ടുവരുന്ന കൂറ്റൻ ലൈനുകൾ ഞങ്ങളെ കടന്നു പോയി.  മലമുകളിൽ എത്തിയപ്പോൾ അടച്ചിട്ട ഒരു ഗേറ്റ്. അനുവാദം കൂടാതെ വരുന്ന സഞ്ചാരികൾക്ക് പ്രവേശനമില്ല. നാട്ടുകാരനായ ബിനു ചേട്ടൻ ഉള്ളതുകൊണ്ട് ഞങ്ങൾക്കു മുന്നിൽ ആ ഗേറ്റ് തുറക്കപ്പെട്ടു. ഇവിടുന്നങ്ങോട്ട് 'ട്രാവൻകൂർ റബർ ആൻഡ് ടീ കമ്പനി' യുടെ ഉടമസ്ഥതയിലുള്ള അമ്പനാട് എസ്റ്റേറ്റ് ആണ്. സാധാരണ നമ്മൾ കാണുന്ന ടീ എസ്റ്റേറ്റുകളിൽനിന്നു വിഭിന്നമാണ് ഇവിടുത്തെ രീതി. മറ്റിടങ്ങളിൽ തേയിലച്ചെടികളുടെ ഇടയിൽ സിൽവർ ഓക്ക് മരങ്ങളാണ് വച്ചുപിടിപ്പിക്കുന്നതെങ്കിൽ ഇവിടെ നാണ്യ വിളകളായ ഗ്രാമ്പൂ, ഓറഞ്ച്, കുരുമുളക് എന്നിവ മുതൽ തെങ്ങും കവുങ്ങും വരെ വച്ചു പിടിപ്പിച്ചിരിക്കുന്നു. റോഡ് ഒഴികെ ഒരിഞ്ചു സ്ഥലം പോലും അവിടെ വെറുതെ കിടക്കുന്നില്ല.

rosemala7

തേയിലക്കാടുകളുടെ ഇടയിൽ കാണുന്ന ലായങ്ങളും ക്രിസ്തീയ ദേവാലയവും പിള്ളയാർ കോവിലും പ്രാഥമിക ആരോഗ്യ കേന്ദ്രവുമാണ് ഇവിടെ ആകെയുള്ള സൗകര്യങ്ങൾ. ഇടയ്ക്കു മനോഹരമായ താഴ്‌വരയുടെ കാഴ്ച തരുന്ന ഒരു വ്യൂ പോയിന്റും കടന്നു പോയി. യാത്ര അവസാനിച്ചത് ടിആർ & ടി കമ്പനിയുടെ ടീ ഫാക്ടറിക്കു മുന്നിലാണ്. ബ്രിട്ടിഷുകാരുടെ കാലം മുതൽ പ്രവർത്തിക്കുന്ന ഫാക്ടറിയാണത്. യന്ത്രങ്ങളും നിർമാണ രീതിയുമെല്ലാം അന്നത്തേതു തന്നെ. മുൻപ് പലതവണ കണ്ടതാണെങ്കിലും ഫാക്ടറിയുടെ ഉള്ളിൽ കയറി തേയിലക്കൊളുന്ത് ചായപ്പൊടിയാകുന്ന ഓരോ ഘട്ടവും ഒരിക്കൽക്കൂടി കണ്ടറിഞ്ഞു. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള തേയിലപ്പൊടി കയറ്റുമതിക്ക് ഉള്ളതാണ്. രണ്ടാം തരം എന്നു പറഞ്ഞു നമുക്ക് വിൽക്കുന്ന പൊടി വാങ്ങാതിരി

ക്കുന്നതാണ് ബുദ്ധി എന്ന് അനുഭവസ്ഥർ പറഞ്ഞു (പായ്ക്കിങ്ങിൽ നിൽക്കുന്ന അണ്ണാച്ചിയെ സോപ്പ് ഇട്ടു സാമ്പിൾ വാങ്ങിക്കൊണ്ടു വന്ന തേയിലപ്പൊടി ഇട്ടു ചായ തിളപ്പിച്ചപ്പോൾ അതു ബോധ്യമായി).

അമ്പനാട് നിന്നു പ്രിയ എസ്റ്റേറ്റ് വഴി അച്ചൻകോവിലിലേക്ക് കാനനപാത ഉണ്ട്. ഒന്നാന്തരം ഓഫ് റോഡ് യാത്ര. ഞങ്ങൾക്ക് തിരിച്ചു ചെന്നിട്ട് റോസ്മലയിൽ പോകാനുള്ളതാണ്. മാത്രമല്ല കുളിയും തേവാരവും കഴിഞ്ഞു താഴെ കഴുതുരുട്ടിയിൽ ചെന്നിട്ടേ ഭക്ഷണം കിട്ടൂ. അതുകൊണ്ടു തിരിച്ചു മലയിറക്കം തുടങ്ങി. പണ്ട് എസ്റ്റേറ്റ് കാന്റീൻ പ്രവർത്തിച്ചിരുന്ന ഒരു കെട്ടിടത്തിൽഇന്ന് ഒരു ലഘുഭക്ഷണശാല ഉണ്ട്. അത് വല്ലപ്പോഴുമേ തുറക്കാറുള്ളു. അതിന്റെ നടത്തിപ്പുകാരിയെ വിളിച്ചു വരുത്തി കട തുറപ്പിച്ചു കുറച്ചു ബിസ്കറ്റും കൊറിപ്പും വാങ്ങി അകത്താക്കി. കുളിക്കാൻ ചെറിയ ഒരു വെള്ളച്ചാട്ടം അടുത്തുണ്ട്. ടാർ റോഡിൽനിന്ന് അര കിലോമീറ്ററോളം കല്ലു നിറഞ്ഞ വഴിയിലൂടെ പോകണം. തെളിഞ്ഞ തണുത്ത വെള്ളം. അവിടെ ഞങ്ങൾ മാത്രം. നല്ലൊരു കുളി പാസ്സാക്കിയപ്പോളേക്കും മഴ വീണ്ടുമെത്തി. രണ്ടു മണിയോടെ കഴുതുരുട്ടിയിൽ എത്തി ഒരു ഹോട്ടലിൽനിന്നും ഉച്ച ഭക്ഷണം കഴിച്ചു ബിനു ചേട്ടനോട് യാത്ര പറഞ്ഞ് ആര്യങ്കാവിലേക്ക് തിരിച്ചു.

rosemala5

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ പഞ്ചായത്തിലെ ഒരു മലയോര ഗ്രാമമാണ് റോസ്മല. റബർ കൃഷിയുമായി കുടിയേറിയവരാണ് നാട്ടുകാർ. ആര്യങ്കാവിൽനിന്ന് ശെന്തുരുണി വന്യജീവി സങ്കേതത്തിലൂടെ 12 കിലോമീറ്റർ ഓഫ് റോഡ് യാത്ര ചെയ്തു വേണം അവിടെ എത്താൻ. രാവിലെയും വൈകിട്ടുമുള്ള കെഎസ്ആർടിസി ഓർഡിനറി സർവീസ് ഒഴിച്ചാൽ അവിടേക്കു പോകാൻ ജീപ്പ് തന്നെ ശരണം. ആള് നിറഞ്ഞു കഴിഞ്ഞാൽ യാത്ര തിരിക്കുന്ന സർവീസ് ജീപ്പുകളോ ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 500 രൂപ കൊടുക്കേണ്ട വാടക ജീപ്പുകളോ ആര്യങ്കാവിൽനിന്ന് കിട്ടും. ആര്യങ്കാവ് പഞ്ചായത്താണ് അടുത്ത് ഉള്ളതെങ്കിലും റോസ്മല പ്രദേശം കുളത്തൂപ്പുഴ പഞ്ചായത്തിലാണ്. തെന്മല-പരപ്പാർ അണക്കെട്ട് വരുന്നതിനു മുമ്പ് ഇവിടേക്കുള്ള റോഡ് മാർഗം കുളത്തുപ്പുഴയിൽ നിന്നായിരുന്നു. അണക്കെട്ട് വന്നതോടെ റോഡ് വെള്ളത്തിലായി. പിന്നെ ആര്യങ്കാവിലേക്കുള്ള നടപ്പാതയായിരുന്നു ഏക ആശ്രയം. 1993 ൽ ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം നടത്താനാണ് കാട്ടിനുള്ളിലൂടെ ഇന്നു കാണുന്ന വഴി വെട്ടിയത്. പക്ഷേ വനനിയമം കർക്കശമായതു കൊണ്ട് ആ വഴി കോൺക്രീറ്റ് ചെയ്യാതെ കല്ലും ചെളിയുമൊക്കെയായി തുടരുന്നു. ഇന്ത്യയിലെ ആദ്യ സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനം എന്ന പദവി കേരളം നേടിയപ്പോൾ അതിൽ ഏറ്റവും അവസാനം കയറിക്കൂടിയ ഒരു ഇടം കൂടിയാണ് റോസ്മല. ഇവിടെ വൈദ്യുതി എത്തിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. ആര്യങ്കാവിൽനിന്ന് ഈ കാട്ടുപാതയ്ക്ക് അരികിലൂടെ ഭൂഗർഭ കേബിൾ വഴിയാണ് വൈദ്യുതി മുകളിൽ എത്തിക്കുന്നത്. അതിനായി എടുത്ത കുഴി മൂടിയതും മഴയും കൂടി ആയപ്പോൾ അവിടേക്കുള്ള യാത്ര അത്യന്തം ദുസ്സഹമായിരുന്നു.

ആര്യങ്കാവിൽനിന്ന് വനാതിർത്തി വരെ ടാർ റോഡ് ആണ്. അവിടെനിന്ന് റോസ്മലക്കാരൻ ആയ രാധാകൃഷ്ണൻ അണ്ണന്റെ ഫോർ വീൽ ജീപ്പിൽ യാത്ര തുടർന്നു. കുറച്ചുദൂരം പിന്നിടുമ്പോൾ രാജാകൂപ്പ് എന്ന സ്ഥലത്തേക്ക് തിരിയുന്ന വഴി കാണാം. കാടിന്റെ നടുവിലെ ഒരു ജനവാസപ്രദേശമാണത്. കെഎസ്ആർടിസി ബസ് അവിടെ പോയിട്ടാണ് തിരിച്ചു റോസ്മലയിലേക്കു വരുന്നത്.

rosemala6

ആനത്താരയും ചെങ്കുത്തായ കയറ്റങ്ങളും ചെറുതും വലുതുമായ അരുവികളും മൂടൽമഞ്ഞു മൂടിയ ശെന്തുരുണി വന്യജീവി സങ്കേതത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയും പിന്നിട്ട് മലയിറക്കം തുടങ്ങി. കാടതിർത്തി തീരുന്നിടത്തു തന്നെ വീടുകൾ കണ്ടു തുടങ്ങി. റോഡിന്റെ വശങ്ങളിലൊക്കെ റബർ തോട്ടങ്ങൾ, മോഹൻലാൽ ഫാൻസ് റോസ്മല യൂണിറ്റിന്റെ ഫ്ലക്സ് ബോർഡുകൾ, പഴയ ഒരു കെട്ടിടത്തിലെ റേഷൻ കട എന്നിവയൊക്കെ പിന്നിട്ട് മൂന്നും കൂടിയ ഒരു കലയിലെത്തി. ഇതാണ് റോസ്മല. ബസ് ഇവിടെ വരെ ആണുള്ളത്. ചെറിയ രണ്ടു ചായക്കടകളും ഉപ്പു തൊട്ടു കർപ്പൂരം വരെ കിട്ടുന്ന ഒരു നാടൻ പലചരക്ക് കടയുമാണ് അവിടെ ആകെ ഉള്ളത്. ശ്രീ അണ്ണന്റെ തോട്ടവും പുരയുമെല്ലാം അടുത്തു തന്നെയാണ്. ഒരു ദശാബ്ദത്തിലേറെയായി ഇവിടെയുള്ള കക്ഷി നാട്ടുകാർക്കെല്ലാം സുപരിചിതനാണ്. അവിടെ കാത്തുനിന്ന മുരളി അണ്ണന്റെ കയ്യിലേക്ക് ആര്യങ്കാവിൽ നിന്നു വാങ്ങിയ അത്താഴത്തിനുള്ള വസ്തുക്കൾ ഏല്പിച്ചു യാത്രയുടെ ക്ഷീണം മാറാൻ ഓരോ ചായയും കുടിച്ചു. (ശ്രീ അണ്ണന്റെ തോട്ടത്തിന്റെ സൂപ്പർവൈസർ ആണ് മുരളി അണ്ണൻ, ആളുടെ വീട്ടിലാണ് രാത്രി ഭക്ഷണം തയാറാക്കുന്നത്). റബർ തോട്ടത്തിനിടയിലുള്ള ഇന്നത്തെ ഞങ്ങളുടെ സത്രത്തിൽ ബാഗ് ഇറക്കി വച്ച് അൽപനേരം വിശ്രമിച്ചു.

പച്ചവിരിച്ച മലകളും തെളിഞ്ഞ ആകാശവും തണുത്ത കാറ്റുമൊക്കെ ആയിരുന്നു രണ്ടു ദിവസം മുമ്പു വരെ ഇവിടുത്തെ കാലാവസ്ഥ. ഇപ്പോൾ ഉച്ച മുതൽ തുടങ്ങിയ ചാറ്റൽമഴയാണ്. വെറുതെ ചുരുണ്ടുകൂടി ഇരുന്നിട്ട് കാര്യമില്ലല്ലോ. പരപ്പാർ അണക്കെട്ടിന്റെ വ്യൂ പോയിന്റാണ് ഇവിടുത്തെ പ്രധാന കാഴ്ച. മറ്റുള്ളവർ കുടയും ഞാൻ ഒരു റെയിൻകോട്ടുമായി നടക്കാനിറങ്ങി. മഴയത്ത് ഒരു ചൂടു ചായ കുടിക്കാനുള്ള മോഹം കൊണ്ട് വീണ്ടും ചായക്കടയിലേക്ക്. അവിടെ നാട്ടുവർത്തമാനവുമായി ഒരു കൂട്ടം പഴയ തലമുറക്കാർ. ചായയും കൂടെ ചൂട് ഉള്ളിവടയും അകത്താക്കി. വൈകുന്നേരം ആയതുകൊണ്ട് പള്ളിയിലെ ബാങ്ക് വിളിയും അമ്പലത്തിലെ സന്ധ്യാ കീർത്തനവുമൊക്കെ മൈക്കിലൂടെ കേൾക്കുന്നുണ്ട്. അമ്പലവും ക്രിസ്തീയ ദേവാലയങ്ങളും മുസ്‌ലിം പള്ളിയും ഈ കൊച്ചു മലമുകളിൽ ഉണ്ട്. ബസ് സ്റ്റോപ്പിൽനിന്നു മുന്നിലേക്ക് നടക്കുമ്പോൾ വ്യൂ പോയിന്റിലേക്കുള്ള സൂചനാ ബോർഡ് കാണാം. ഇവിടുന്നു ഒരു കിലോമീറ്ററോളം നടന്നുവേണം മലമുകളിലെ വ്യൂ പോയിന്റിൽ എത്താൻ. ഇടയ്ക്കു വനം വകുപ്പിന്റെ ടിക്കറ്റ് കൗണ്ടറും ഇക്കോ ഷോപ്പും ഉണ്ട്. അവിടുന്ന് 20 രൂപ ടിക്കറ്റ് എടുത്തു മുകളിൽ എത്തുമ്പോൾ വ്യൂ പോയിന്റും  പഴയ ഒരു റേഡിയോ സ്റ്റേഷനും. സ്റ്റേഷന്റെ ടവറിലേക്കു പ്രവേശനമില്ല. വ്യൂ പോയിന്റിലെ കാഴ്ച വിവരണാതീതമാണ്. മഴയും ഇരുട്ട് മൂടാൻ തുടങ്ങിയതും കാരണം ക്യാമറ നിരാശനായിരുന്നു. കാഴ്ച മറച്ചു കൊണ്ട് ഒരു മരവും നിൽപ്പുണ്ട്. വാച്ച് ടവറിനു സമീപത്ത് ഒരു പ്രവാസി വിരുതൻ ഭൂമി കൈക്കലാക്കാൻ നിർമിച്ച അമ്പലത്തിന്റെ കെട്ടിടം കാണാം. പക്ഷേ നിയമ പോരാട്ടത്തിനൊടുവിൽ ആ ഭൂമി വനം വകുപ്പിനു ലഭിച്ചു. അതിനും താഴെയായി ഒരു ഒറ്റയടിപ്പാത കാണാം. ഇരുട്ട് വീണ വഴിയിലൂടെ തിരിച്ചു വീട്ടിലേക്കു നടന്നു. 

അടുത്ത ദിവസം അധികം വൈകാതെ തന്നെ തിരിച്ചു പോകണം. രാധാകൃഷ്ണൻ അണ്ണനെ വിളിച്ചു രാവിലെ 7.30നു ജീപ്പുമായി വരാൻ പറഞ്ഞിരുന്നു. വനം വകുപ്പിൽ നിന്നും കഴിഞ്ഞ ദിവസം അനുമതി വാങ്ങിയിരുന്നതുകൊണ്ടു ശെന്തുരുണി കാട്ടിലെ പള്ളിവാസൽ വരെ പോകാനായിരുന്നു പദ്ധതി. കൂട്ടിനു ശ്രീ അണ്ണന്റെ എസ്റ്റേറ്റിലെ പണിക്കാരും റോസ്മല നാട്ടുകാരും കാടറിവുമുള്ള സദാനന്ദൻ അണ്ണനും തങ്കനും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം വ്യൂ പോയിന്റ് കാണാൻ പോയ വഴിയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു ചെങ്കുത്തായ ഇറക്കം ഇറങ്ങി താഴ്‌വാരത്തെത്തണം ആദ്യം. കോൺക്രീറ്റ് റോഡ് തീരുന്നിടത്തു നിന്ന് വലിയ ഉരുളൻ കല്ലുകളുടെ മുകളിലൂടെ ആണ് ജീപ്പിന്റെ യാത്ര. അവസാന റബർ തോട്ടവും പിന്നിട്ട് വാഹനം ശെന്തുരുണി വന്യജീവി സങ്കേതത്തിലേക്കു കയറി. അതിനുള്ളിലാണ് ശെന്തുരുണി പാക്കേജ് എടുത്തു വരുന്നവർക്ക് താമസിക്കാനുള്ള കോട്ടേജ്. തെന്മലയിൽ നിന്ന് എസി മഹീന്ദ്ര ഥാർ ജീപ്പിൽ ഇവിടേക്കുള്ള യാത്രയും കോട്ടേജിലെ താമസവും ട്രെക്കിങ്ങും ഭക്ഷണവും എല്ലാം ചേർത്ത് 2 പേർക്ക് 7500 രൂപ ആണ് നിരക്ക്. അധികം ഉള്ള ഓരോരുത്തർക്കും 1500 രൂപ വച്ച് കൊടുക്കണം. മറ്റു രണ്ടു സ്ഥലങ്ങളിലും താമസസൗകര്യമുണ്ട്. പഴയ കുളത്തൂപ്പുഴ റോഡ് ആണ് ഇത്. വന്യജീവി സങ്കേതം ആക്കിയതിൽ പിന്നെ സംരക്ഷിത പ്രദേശമാണ്. ആനകളുടെ വിഹാര ഭൂമിയും കടന്നു ജീപ്പ് പള്ളിവാസൽ എത്തി. ഇവിടെ വരെയേ ഇപ്പൊ വാഹനം വരികയുള്ളു. അവിടെ പള്ളിവാസൽ തങ്ങൾ എന്ന വ്യക്തിയെ അടക്കിയ ഖബറിടം കാണാം. പണ്ട് കൊടുംവനം ആയിരുന്ന ഇതുവഴി കടന്നുപോയപ്പോൾ ഇവിടെ വീണു മരിച്ചതാണ് തങ്ങൾ എന്നാണ് പറയപ്പെടുന്നത്. ബ്രിട്ടിഷ് കാലത്തു കാട്ടിനുള്ളിൽ ഉണ്ടായിരുന്ന ചെറിയ വിശ്രമകേന്ദ്രങ്ങളിൽനിന്നു കൊണ്ടുവന്ന കല്ലുകൾ അടുക്കി ആണ് ഖബറിടം ഒരുക്കിയത്. ഏതു മതത്തിൽപ്പെട്ടവരായാലും ഇവിടെ വരുന്നവരെല്ലാം ഈ ഖബറിടത്തിൽ ത

ിരി തെളിച്ചിട്ടേ പോകാറുള്ളൂ. സമീപം ഒരു കാട്ടുചോല ഒഴുകുന്നുണ്ട്, അവിടെ കുളിക്കാം. മുന്നിലേക്കുള്ള വഴി അവസാനിക്കുന്നത് പരപ്പാർ അണക്കെട്ടിന്റെ റിസർവോയറിൽ ആണ്. ചോല കടന്നു കാട്ടിനുള്ളിലൂടെ കുറേ ദൂരം പോകുന്നിടത്താണ് കല്ലടയാർ ഉത്ഭവിക്കുന്നത്. കാടിനുള്ളിൽ ബ്രിട്ടിഷുകാർ നിർമിച്ച, കടുത്ത വേനലിലും വറ്റാത്ത 'ദർഭക്കുളം' ഉണ്ട്. 

അങ്ങനെ ആവശ്യത്തിന് അട്ടകടിയൊക്കെ കൊണ്ട് തിരിച്ചു ജീപ്പിൽ കയറി. ഒരു ദിവസം കൊണ്ട് പരിചയപ്പെട്ട കുറച്ചു മനുഷ്യരോട് യാത്ര പറഞ്ഞു വീണ്ടും വരുമെന്ന് ഉറപ്പും കൊടുത്തു റോസ്മലയോട് വിടപറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS CORNER
SHOW MORE
FROM ONMANORAMA