sections
MORE

കാട്ടാനകളുടെ വഴിത്താരയിലൂടെ ഒരേകാന്ത യാത്ര

palkulamedu
SHARE

ഇടുക്കിയിൽ ഒരു ഓഫ് റോഡ് പോയാലോ...? മഴനിറഞ്ഞു നിൽക്കുന്ന ഇടുക്കി വനത്തിന്റെ വശ്യത തൊട്ടറിയുന്ന യാത്ര. ചിത്രങ്ങളിൽ മാത്രം കണ്ടു മനം നിറഞ്ഞ പാൽക്കുളമേടിന്റ സൗന്ദര്യത്തിലേക്ക് മനസും വണ്ടിയും തിരിഞ്ഞു. ചെറുതോണിയിൽ എത്തിചേർന്നപ്പോൾ തണുപ്പിന് മേമ്പൊടിയായി മഴപെയ്തു തുടങ്ങി. ജാക്കറ്റിന്റെ കട്ടി കാരണം നനഞ്ഞ മഴയൊന്നും തണുപ്പിച്ചില്ല. ആദ്യം കണ്ട കടയിൽ കയറി ഒരു കുപ്പി വെള്ളം വാങ്ങി ഒപ്പം കുറച്ചു സ്നാക്ക്‌സും.  മലമുകളിലേക്കുള്ള ഓഫ് റോഡിന്റെ കവാടത്തിൽ എത്തിയപ്പോൾ ഒരിക്കൽ കൂടി വഴി ചോദിച്ചു. വഴി ഇതു തന്നെയാണ് ഒറ്റയ്ക്കുള്ള യാത്ര അത്ര നല്ലതല്ലന്നായിരുന്നു മറുപടി. മറുപടി കൂടുതൽ ഊർജം പകർന്നതല്ലാതെ ഭയപ്പെടുത്തിയതേയില്ല.

palkulamedu5

വഴിയിൽ ജീപ്പ് കയറിപോയ ടയർ പാടുകൾ കാണാം. ജീപ്പ് കടക്കാൻ മാത്രം വീതിയുള്ള വഴി അതും റോഡ് ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അൽപ ദൂരം സഞ്ചരിച്ചപ്പോൾ ഹെയർപിൻ വളവുകളെന്നപോലെ വളഞ്ഞുപുളഞ്ഞ വഴി. മഴ പെയ്തു കിടക്കുന്ന വളവുകളിൽ വണ്ടി വല്ലാതെ കഷ്ടപ്പെട്ടാണ് കയറിയത് ക്ലച്ച് കേബിൾ അൽപം പഴയതായതു കൊണ്ട് ചെറിയ പേടി തോന്നി. ഒരു വളവിൽ ആനപ്പിണ്ടം കണ്ടപ്പോൾ വണ്ടി ഓഫ് ആക്കി. ഒറ്റയ്ക്കുള്ള യാത്ര വേണ്ടയെന്നു പറഞ്ഞ വാക്കുകൾ എന്റെ കാതിൽ തുടരെ മുഴങ്ങി. കരിവീരന്മാർ മറഞ്ഞിരിപ്പുണ്ടോ എന്നറിയാൻ ചുറ്റും ഭയത്തോടെ കണ്ണോടിച്ചു നോക്കി.

palkulamedu4

ഭയം തോന്നിയെങ്കിലും യാത്ര തുടർന്നു. ഓരോ വളവുകളെത്തുമ്പോഴും വണ്ടി ഓഫ് ആക്കി ചെവി കൂർപ്പിക്കും ചില്ലകളോടിയുന്ന ശബ്ദങ്ങൾ കേൾക്കുന്നുണ്ടോ എന്ന്. വഴിയിൽ പലയിടത്തും കൊമ്പിന്റെ ബലം നോക്കിയ പാടുകൾ ‌പല മൺതിട്ടകളിലും കാണാമായിരുന്നു ഇല്ലിയും ചെറു മരങ്ങളും അവർക്കിരയായത് വഴിയിൽ കാണാമായിരുന്നു ഒന്നു ഉറപ്പിച്ചു ആനയിറങ്ങിയിട്ടുണ്ട്.

മഴയും കാറ്റും ശക്തിപ്പെട്ടു. ചീവീടുകളുടെ കൂട്ടനിലവിളിയും വണ്ടിയുടെ എൻജിൻ സൗണ്ടും കൂടിയായപ്പോൾ ശരിക്കും ഒരു ഹൊറർ മൂട്. ചുറ്റും നിൽക്കുന്ന മരങ്ങളും ചെടികളും കാറ്റിൽ ആടി ഉലയുന്ന കാഴ്ച. ആനകൾ ഇറങ്ങി വരുന്നതും ഈ വഴി തന്നെയാണെന്നുള്ള ചിന്ത പലതവണ മനസ്സിലേക്ക് കടന്നുകൂടി. എന്തായാലും ഇവിടെ വരെ വന്നെങ്കിൽ വഴി തീരുന്നത് വരെ പോയിട്ടേ വരൂ എന്നുറപ്പിച്ചു.

palkulamedu1

വഴിയുടെ വീതി വച്ചു നോക്കിയാൽ ബൈക്ക് തിരിക്കാൻ പോലും കുറച്ചു സമയം എടുക്കും. പലയിടത്തും ആന വന്ന്‌ തകർത്തിട്ട കമുകുകൾ കാണാം വഴി നീളെ ആനപിണ്ഡവും അതുകാണുമ്പോഴെല്ലാം ഭയത്തെ മറക്കാൻ  കുറച്ചു കഷ്ടപെട്ടു. ലക്ഷണം കണ്ടിട്ട് ഒരു വണ്ടിയും ഇന്നു മല കയറിയതായി തോന്നുന്നില്ല. നിറഞ്ഞു നിൽക്കുന്ന പുൽമേടുകൾക്കിടയിലൂടെ പെരുമഴ നനഞ്ഞ് ഓരോ വളവുകളും താണ്ടി യാത്ര തുടർന്നു.

വഴിയാണോ പുഴയാണോ എന്ന് പോലും തോന്നി മലവെള്ളത്തിന്റ ശക്തിയിൽ പാറക്കെട്ടുകൾ  വഴിയിലൂടെ ആർത്തലച്ചൊഴുകുന്നു. പലവട്ടം തോന്നി വണ്ടി ഇവിടെ ഉപേക്ഷിക്കേണ്ടി വരുമോയെന്ന്. വണ്ടി കയറിചെന്നപ്പോൾ വിശാലമായ പുൽമേടുകൾ കാണാൻ തുടങ്ങി. ഇവിടം കൊണ്ട് തീർന്നു എന്ന് കരുതി നോക്കുമ്പോൾ വഴി മുൻപോട്ട് നീണ്ടുനിവർന്നു കിടക്കുന്നു. ഒരിക്കൽ കൂടി ചിന്തിച്ചു ഈ കൊടുംകാട്ടിൽ ഞാന്‍ ഒറ്റക്കാണല്ലോ കൂട്ടിന്‌ മഴ മാത്രം. ഏകാന്തത എന്നും ഇഷ്ടപെടുന്ന ഞാൻ കൂട്ടിന് ആരെയെങ്കിലും കണ്ടാൽ മതിയെന്ന അവസ്ഥയിലായി ഒന്നു ചുറ്റും നോക്കി തൊണ്ട പൊട്ടിക്കൂവി ആരു കേൾക്കാൻ എവിടെ കേൾക്കാൻ. ചീവീടുകൾ പോലും വായടച്ചിരിക്കുന്നു... 

ജാക്കറ്റിൽ നിന്നും മഴവെള്ളം ശരീരത്തിലേക്ക് അരിച്ചിറങ്ങാൻ തുടങ്ങിയിരിക്കുന്നു. വിറച്ചുകൊണ്ടു തന്നെ വണ്ടി എടുത്തു ഓരോ വളവുകളും വളരെ ശ്രദ്ധയോടെ കടന്ന് ചെന്നു നിന്നത് ഒരു വലിയ മലയുടെ ചുവട്ടിലാണ്. മഴക്ക് ശമനമായിരിക്കുന്നു. വഴി അവസാനിക്കുന്നില്ല മലയുടെ ഒരു വശം ചേർന്ന് താഴോട്ട്  ഇറങ്ങിപ്പോകുന്നു. എന്തായാലും വണ്ടി നിർത്തി അടുത്ത് കണ്ട പാറയിൽ കയറി നീണ്ടു നിവർന്നു കിടന്നു ആ പുൽമേടുകളിലൊന്നും ആനയില്ല എന്ന് തിരിച്ചറിഞ്ഞു. വഴി ചോദിച്ച ചേച്ചി തന്ന മറുപടിയാണ് എന്നെ ഇങ്ങനെയാക്കിയത്. ഒരാളുടെ വാക്കുകൾ നമ്മുടെ സഞ്ചാരത്തെ എത്രത്തോളം സ്വാധീനിക്കുമെന്നു തിരിച്ചറിഞ്ഞ യാത്രയായിരുന്നു.

ആനകളെ കണ്ടില്ലെങ്കിലും അവർക്കിടയിലൂടെ അവരറിയാതെ യാത്ര ചെയ്ത ഒരനുഭവമായിരുന്നു. വെള്ളം തേടി ഞാൻ ബാഗ് എടുത്തപ്പോഴാണ് അറിഞ്ഞത്  വെള്ളം, വാങ്ങിയ കടയിൽ തന്നെ വെച്ചു മറന്നിരിക്കുന്നു. ഒന്നും നോക്കിയില്ല പുൽമേടിലൂടെ നടന്നു പതഞ്ഞൊഴുകുന്ന കാട്ടരുവി കണ്ടു വേണ്ടുവോളം വെളളം കുടിച്ചു. ക്ഷീണം മാറിയപ്പോൾ ട്രെക്കിങ്ങ് സ്പോട്ട് ആയ മല കയറാൻ തീരുമാനിച്ചു അതത്ര എളുപ്പമായിരുന്നില്ല മഴ പെയ്ത് നനഞ്ഞ നടപ്പാതകൾ വഴുക്കലുള്ളതായിരുന്നു എങ്കിലും കയറി.

palkulamedu3

ഉയരത്തിൽ എത്തുംതോറും പലവിധ ചിന്തകൾ മനസിലേക്ക് വന്നു. തിരിഞ്ഞു നോക്കുമ്പോൾ കാണുന്ന കാഴ്ച മനസ്സുനിറക്കുന്നതും ഒപ്പം ഭയപ്പെടുത്തുന്നതുമായിരുന്നു ഒന്നു വീണാൽ വിളി കേൾക്കാൻ പോലും ഒരു മനുഷ്യജീവിയും ഈ ഭൂമിയിലെങ്ങുമില്ല. മുകളിലേക്കു നോക്കിയപ്പോൾ വീണ്ടും കയറണമെന്നു തന്നെ തോന്നി അൽപം കൂടി മുകളിലെത്തിയപ്പോൾ ഇനി എങ്ങനെ തിരിച്ചിറങ്ങും എന്നായി ചിന്ത. കുറച്ചധികം നേരം ആ വന്യത ആസ്വദിച്ചിരുന്നു. മഴയും കാർമേഘങ്ങളും വഴി മാറി പോയിരിക്കുന്നു സൂര്യൻ പുഞ്ചിരിക്കാൻ തുടങ്ങിയിരിക്കുന്നു.

ഈ ആകാശക്കാഴ്ചയ്ക്ക് ഇത്രയും  ശോഭയുണ്ടായിരുന്നോയെന്നു തോന്നിപോയി. ഏറ്റവും സുന്ദരമായ കാഴ്ച്ച കഷ്ട്ടപെട്ടു ചവിട്ടിക്കയറുന്ന ഓരോ പടവുകൾക്കും മുകളിൽ നിന്നാണെന്ന് ആരോ പറഞ്ഞ വാചകങ്ങൾ മനസിലൂടെ കടന്ന് പോയി. തിരിച്ചിറങ്ങാൻ സമയമായി വണ്ടിയുടെ അടുത്തെത്തിയപ്പോൾ ഒന്നൂടെ നോക്കി ഈ വാഹനം എന്നേ വഴിയിൽ ഇറക്കാതെ ഇവിടെ എത്തിച്ചല്ലോ. മടക്കയാത്രയിൽ  തികഞ്ഞ സംതൃപ്തിയല്ലാതെ തെല്ലും ഭയമില്ലായിരുന്നു. എന്റെ കണ്ണുകൾ വഴി പറഞ്ഞുതന്ന ചേച്ചിയെ തിരഞ്ഞു ജീവനോടെ തിരിച്ചെത്തിയെന്നറിയിക്കാൻ കണ്ടില്ല. ഒരു പകൽ മുഴുവൻ ഭയപ്പെടുത്തിയ പാൽക്കുളമേടിനോട് നിറഞ്ഞ മനസ്സോടെ വിട പറഞ്ഞു.

                                  

      

NB: ഓഫ് റോഡ് റൈഡിങ് ഇഷ്ടമുള്ളവർക്ക് പോകാൻ പറ്റിയ സ്ഥലമാണ് പാൽക്കുളമേട് ബൈക്ക്, ജീപ്പ് മാത്രം പോകും മഴയുള്ളപ്പോൾ പോയാൽ വേറിട്ടൊരനുഭവമായിരിക്കും. വെള്ളവും ഭക്ഷണവും കരുതുക.

റൂട്ട് : ചെറുതോണി അടിമാലി റൂട്ടിൽ ചുരുളിയിൽ നിന്നാണ് പാൽക്കുളമേടിന് തിരിയുന്നത്. തൊടുപുഴ -മൂലമറ്റം - കുളമാവ് ഡാം - ചെറുതോണി - ചുരുളി - പാൽക്കുളമേട്.

ചെറുതോണി - പാൽക്കുളമേട് 2Okm 

ഓഫ് റോഡ്  5-8 km.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA