മഞ്ഞു വീഴുന്ന ബെത്‌ലഹേം

516427404
SHARE

കിഴക്കന്‍ മല തേടിയിറങ്ങിയത് ചെറിയൊരു സ്വപ്നത്തിന്റെ പിറകെയുള്ള യാത്രയുടെ ഭാഗമായായിരുന്നു, യാത്രകള്‍ സമ്മാനിച്ച സൗഹൃദങ്ങള്‍ തേടിയും. മൂന്നാറിലെ മലമുകളില്‍ ഈ സൗഹൃദങ്ങള്‍ കയറിക്കൂടിയിട്ടു വർഷങ്ങളായി. ഒരാഗ്രഹം പോലെ നീണ്ടു പോയതല്ലാതെ ആ മല കയറാന്‍ വർഷങ്ങളെടുത്തു. ഓരോ യാത്രയിലും നമ്മളറിയാതെ നമുക്കു വേണ്ടി ഒരുക്കി വച്ചിട്ടുള്ള കാഴ്ചകളുണ്ട്, അനുഭവങ്ങളുണ്ട്, കഥാപാത്രങ്ങളുണ്ട്.

munnar2

യാത്രയില്‍ കൂട്ടായിട്ടുള്ളത് ആനവണ്ടി മാത്രമാണ്. ബെത്‌ലഹേമിലേക്കാണ് യാത്ര. മഞ്ഞു വീഴുന്ന കാറ്റും കാപ്പിയുടെ മണമുള്ള പൂക്കളുമുള്ള താഴ്‌വര. വാക്കുകള്‍ കൊണ്ടു പൂർണമായും വരച്ചുകാട്ടാനാവാത്ത സ്വർഗം. തമിഴന്റെ സംസ്ക്കാരമുള്ള എല്ലപ്പെട്ടിയില്‍നിന്ന് അങ്ങ് ദൂരെ കാണുന്ന മലമുകളിലേക്ക് കൈചൂണ്ടിയപ്പോള്‍ ശരീരത്തിനു മുൻപേ വേഗത്തില്‍ മനസ്സവിടെ എത്തിയിരുന്നു. േകരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തി പങ്കിടുന്ന മലനിരകളിലാണ് ബെത്‌ലഹേം. 

munnar3

കോട്ടഗുഡി മലനിര‍. കൊളുക്കുമലയുടെയും മീശപ്പുലിമലയുടെയും മേൽനോട്ടക്കാരന്റെ ഭാവത്തില്‍ അവന്‍ തലയുയർത്തി നിൽക്കുന്നു. കോട്ടഗുഡിയുടെ ഈ ബെത്‌ലഹേമാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയുന്ന സ്വകാര്യ ക്യാംപിങ് കൂടാരം.

munnar8

ബെത്‌ലഹേമിലെ ഓരോ ജീവനും ജീവിതത്തിനും കാഴ്ചകൾക്കും ഓരോ കഥയുണ്ടായിരുന്നു. അതിനൊക്കെ കാവലാളായി അവനും.

munnar4

കറുത്ത മേഘങ്ങള്‍ മൂന്നാറിന്റെ സ്വന്തം പട്ടുനൂല്‍ മഴയായി കണ്ണെത്താ ദൂരത്തോളം വരുന്ന മലനിരകൾക്ക് മേലെ പെയ്തിറങ്ങുന്നത് സ്വപ്നതുല്യമായ കാഴ്ചയാണ്. കാലാവസ്ഥകള്‍ മാറിമറയുന്നു എന്ന മട്ടിലായിരുന്നു വെയിലിന്റെ കടന്നു കയറ്റം. പെട്ടെന്ന് ആകാശം പീലിവിടർത്തി ഏഴു വർണങ്ങളുടെ നിറക്കൂട്ട്‌ സമ്മാനിച്ചു.

munnar1

ഇരുട്ടു വീണ മാനത്തെ നക്ഷത്രങ്ങൾക്കു ചുവട്ടില്‍ വിറകിലെരിയുന്ന തണുപ്പിനു ചുറ്റും ഞാനും ബെത്‌ലഹേമിലെ കഥാപാത്രങ്ങളും ഇരുന്ന് ചൂടു കാഞ്ഞു. കൂടെ മാമലകൾക്കപ്പുറത്ത് നിന്ന് ഒഴുകി വന്ന സംഗീതവും.

munnar7

കഥാപാത്രങ്ങളിലെ അശോപ്പനും ലിമിയും കഴിഞ്ഞ യാത്രയിലെ അനുഭവങ്ങളിലൂടെ ഒരു പര്യടനം നടത്തിയപ്പോള്‍ നീട്ടി വളർത്തിയ മുടിയുടെ തുഞ്ചില്‍ പിടിച്ച്‌ മനു പറഞ്ഞത് എന്റെ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളായിരുന്നു. ഉത്തരങ്ങൾക്കും ചോദ്യങ്ങൾക്കുമിടയില്‍ ആ രാത്രി അവസാനിച്ചപ്പോള്‍ കമ്പിളിക്കടിയില്‍ ചുരുണ്ടുകൂടാന്‍ അവനുണ്ടായിരുന്നു കൂട്ടിന്....ഹൾക്കു! അവനാണ് എന്നെ തട്ടിയുണർത്തിയത്.

munnar6

ദൂരെ കൊളുക്കുമലയിൽ വിരിയുന്ന താമരമൊട്ടുപോലുള്ള സൂര്യനെ കാണാന്‍ ഒരു ചെറിയ മലകയറ്റം. ആ കയറ്റം മാനത്തെ തൊട്ടപ്പോള്‍ കാൽക്കീഴിലാണ് ഭൂമിയെന്നു തോന്നി. തിരിച്ചിറങ്ങാന്‍ തോന്നാത്ത വിധം കോടമഞ്ഞെന്നെ വരിഞ്ഞു പിടിച്ചിരുന്നു. ഈ ആലിംഗനത്തില്‍ പ്രേമമാണോ കാമമാണോ കോടയാല്‍ നാണം മറച്ച പ്രകൃതിയോട് എന്നുള്ളതിന് എനിക്കുത്തരമില്ല.

താഴെ ബെത്‌ലഹേം അടുത്ത അതിഥിക്ക് വേണ്ടി തയാറെടുക്കുന്നു. മലയിറങ്ങാന്‍ സമയമായി. ഈ ബെത്‌ലഹേമിനോടും ഹൾക്കുവിനോടും സുഹൃത്തുക്കളോടും യാത്ര പറഞ്ഞു. മലയിറങ്ങുമ്പോള്‍ ഓർമയുടെ ഭൂപടത്തില്‍ രേഖപ്പെടുത്താവുന്ന ഒരു ദിവസമുണ്ട് കയ്യില്‍. ബെത്‌ലഹേമിനെ കാണാൻ ഇനിയുമെത്തും. തിരിച്ചുവരവിൽ ഈ സ്വർഗ്ഗത്തിനു ഞാനൊരു പട്ടുനൂല്‍ കുപ്പായം തയ്ച്ചുതരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS CORNER
SHOW MORE
FROM ONMANORAMA