sections
MORE

കുറഞ്ഞ ചിലവിൽ പറക്കാം യൂറോപ്പിലേയ്ക്ക്

10europe
SHARE

യൂറോപ്യൻ നഗരങ്ങളെ കുറഞ്ഞ ചിലവിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ ഞാനും സുഹൃത്ത് സമദും കൂടി പ്രാഗ്, ആംസ്റ്റർഡാം, പാരീസ്, സൂറിക് എന്നീ നഗരങ്ങളിലേക്ക് ഞങ്ങളുെട ആദ്യ യൂറോപ്പ് യാത്ര പ്ലാൻ ചെയ്തു. 

2europe

പ്രാഗ് (Prague, Czech Republic)

******

7europe

ചെക്ക് റിപ്പബ്ലിക് എംബസിയിൽ നിന്ന് ഷെൻഗെൻ വിസ എടുത്തതുകൊണ്ടു തന്നെ അവിടെയായിരുന്നു ആദ്യം ഇറങ്ങേണ്ടിയിരുന്നത്. പ്രാഗ് എയർപോർട്ടിൽനിന്ന് അവിടത്തെ കറൻസിയായ ചെക്ക് ക്രോൺ വാങ്ങിയ ശേഷം അടുത്തുള്ള ബസ്റ്റോപ്പിൽനിന്ന് ഒരു ദിവസത്തേക്ക് ബസും ട്രാമും മെട്രോയും ഉപയോഗിക്കാൻ പറ്റുന്ന മൾട്ടി പാസ്‌ എടുത്തു. അതുപയോഗിച്ചു ബസിൽ ബിസിനസ്‌ സെന്ററും കലാപരിപാടികൾ നടക്കാറുള്ള സ്ഥലവുമായ വേനസ്ലാസ്(Wenceslas) സ്‌ക്വയറിൽ എത്തി. ന്യൂ ടൗൺ എന്നറിയപ്പെടുന്ന അവിടെയൊന്നു കറങ്ങി സ്ട്രീറ്റ് ഷോ കണ്ടു. ഇൻഫർമേഷൻ കൗണ്ടറിൽനിന്ന് കിട്ടിയ വിവരങ്ങളുടെ സഹായത്തോടെ നടന്ന്, ഇപ്പോഴും പ്രവർത്തിക്കുന്ന, 1410 ൽ സ്ഥാപിച്ച അസ്ട്രോണമിക്കൽ (Astronomical) ക്ലോക്കിന് അടുത്തെത്തി. തൊട്ടടുത്ത്‌ ഓൾഡ്‌ ടൗൺ സ്‌ക്വയറിൽ ഫെയറിടെയ്ൽ രൂപത്തിൽ ഉള്ള ട്വിൻ ചർച്ച് കാണാം. അവിടെനിന്നു ജൂതശ്മശാനങ്ങളും മറ്റുമുള്ള തെരുവിലൂടെ നടന്ന് വിൾട്ടാവ(Vltava) നദിയുടെ തീരത്തെത്തി. അവിടെ കണ്ട ബസിൽ കയറി നദിക്കരയിലൂടെ സഞ്ചരിച്ചു പൗരാണിക കെട്ടിടങ്ങളുടെ മധ്യത്തിൽ നവീന മാതൃകയിൽ പണികഴിപ്പിച്ച ഡാൻസിങ് ബിൽഡിങ് കണ്ടശേഷം ചാൾസ് ബ്രിഡ്ജിലേക്ക് തിരിച്ചു. 

5europe

വിൾട്ടാവ നദിക്ക് കുറുകെ ചാൾസ് നാലാമൻ രാജാവ് 15 -ാം നൂറ്റാണ്ടിൽ നിർമിച്ച സ്റ്റോൺ ബ്രിജിലൂടെ (ചാൾസ് ബ്രിജ്) അക്കരയ്ക്കു നടന്നു. സിറ്റി ഓഫ്‌ ഹൺഡ്രഡ് ബ്രിജ് എന്നും വിളിപ്പേരുള്ള പ്രാഗിൽ 1841 വരെ ഈ ഒരു പാലം മാത്രമേ ഉണ്ടായിരുന്നുള്ളു വിൾട്ടാവ നദി മുറിച്ചു കടക്കാൻ. പാലത്തിന്റെ കമ്പികളിൽ ഉള്ള പൂട്ട് ആളുകൾ നിത്യഹരിത സ്നേഹത്തിന്റെ ചിഹ്നമായി കൊളുത്തുന്നതാണ്. പാലത്തിലെ പാതയ്ക്കരികിൽ ചിത്രം വരക്കലും വാദ്യോപകരണങ്ങൾ വായിക്കലും മറ്റും നടക്കുന്നുണ്ട്. മറുകരയിൽ ഉള്ള ചർച്ചും കണ്ട് പെർട്ടിൻ ഹില്ലിലേക്കു പോയി. പെർട്ടിൻ ടവറിലേക്കുള്ള കേബിൾകാർ  നിർത്തി വച്ചിരുന്നതിനാൽ അവിടെയുള്ള പൂന്തോട്ടം കണ്ടു. വസന്തകാലമായതിനാൽ പൂക്കൾ (Cherry blossom) വിരിഞ്ഞിട്ടുണ്ട്. തിരികെ ട്രാമിൽ പ്രാഗ് കാസിൽ (Castle) നോക്കി സഞ്ചാരം തുടർന്നു. വഴിയിൽ സൈനികരുടെ ഓർമയ്ക്കായി നിർമിച്ച ചിറകുള്ള സിംഹത്തെ കാണാം. മെട്രോസ്റ്റേഷനിൽ നിന്നു കുറച്ചു നടന്ന് പടവുകൾ കയറി പ്രാഗ് കാസിൽ കവാടത്തിൽ എത്തിയപ്പോൾ, 'City of hundred spires' എന്നറിയപ്പെടുന്ന, നൂറിലേറെ മിനാരങ്ങൾ ഉള്ള നഗരത്തിന്റെ അതിമനോഹരമായ ദൃശ്യം. കനത്ത സുരക്ഷയാണവിടെ. ബാഗ്‌ പരിശോധിച്ച ശേഷം അകത്തേക്ക് വിട്ടു. ഒൻപതാം നൂറ്റാണ്ടിൽ ഉണ്ടാക്കിയ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ കാസിൽ ഏറ്റവും വലിയ പഴയകാല കാസിൽ എന്ന രീതിയിൽ ഗിന്നസ്ബുക്കിൽ ഇടം പിടിച്ചിരിക്കുന്നു. കോട്ടയ്ക്കു പിന്നിൽ പൂന്തോട്ടവും ഉണ്ട്. 

1europe

നേരം ഇരുട്ടിയപ്പോൾ അവിടെ നിന്നിറങ്ങി, ബുക്ക്‌ ചെയ്ത ചെറിയ ഹോസ്റ്റലിലേക്ക് പോയി. പ്രായം ചെന്ന ചെക്കുകാരനോട് ഇംഗ്ലിഷിൽ വഴി ചോദിച്ചത് മനസ്സിലായില്ലെങ്കിലും കക്ഷി ചെക്ക്‌ ഭാഷയിൽ വേറെ ഒരാളോടു ചോദിച്ചും ഫോൺ വിളിച്ചും ഹോസ്റ്റലിൽ എത്തിച്ചു. അദ്ദേഹത്തോട് അവരുടെ ഭാഷയിൽ നന്ദി പറഞ്ഞു റൂമിൽ കയറി. രാവിലെ അഞ്ചു മണിക്കുള്ള മെട്രോ പിടിച്ച്  7.10 നുള്ള ഫ്ലൈറ്റിൽ ആംസ്റ്റർഡാമിനു പോകാൻ വേണ്ടി എയർപോർട്ടിലേക്ക്‌ തിരിച്ചു. ഹോളണ്ടിലെ ആംസ്റ്റർഡാമിലേക്ക്‌ യാത്ര തുടർന്നു. 

Exp ; Pass - 110 Czk, Hostel - 270 Czk, Flight - 1000 Czk.  (1 Czk = 2.9 Inr)

ആംസ്റ്റർഡാം (Amsterdam,  Netherlands)

*************

ഷിഫോൾ (Schiphol) എയർപോർട്ടിൽനിന്ന് one day multi pass + keukenhof ടിക്കറ്റ്‌ എടുത്തു ക്യുകനോഫ് തുലിപ് ഗാർഡനിൽ എത്തി സൗജന്യലോക്കറിൽ ബാഗൊക്കെ വെച്ച് അകത്തു പ്രവേശിച്ചു. മാർച്ച്‌ പകുതി മുതൽ മെയ്‌ പകുതി വരെയുള്ള തുലിപ് സീസണിൽ മാത്രം തുറക്കുന്ന, 79 ഏക്കറിൽ ഉള്ള ഈ ഗാർഡനിൽ ഏഴ് ദശലക്ഷത്തോളം പൂക്കൾ വസന്തകാലത്തിൽ വിരിയിക്കുന്നു. നൂറോളം കമ്പനികളും അഞ്ഞൂറോളം കർഷകരും വിവിധ ഇനത്തിൽപ്പെട്ട പൂക്കളെ ഇരുപതോളം വരുന്ന ഫ്ലവർ ഷോകളിൽ പ്രദർശിപ്പിക്കുന്നു. ഗാർഡന് പുറത്തായാണ് തുലിപ് പടങ്ങൾ. വിശാലമായ നടപ്പാതയുടെ ഇരുവശത്തുമായി വ്യത്യസ്ത ഇനത്തിൽ പെട്ട തുലിപ് ചെടികളിൽ വിവിധ വർണങ്ങളിലുള്ള പൂക്കളും, വസന്തകാല പൂക്കളും (Cherry blossom), തടാകങ്ങളും മറ്റും കണ്ടശേഷം സെൻട്രൽ ഏരിയയിലേക്ക് ബസ്‌ കയറി. 

13

‌സൈക്കിളുകൾക്ക് പ്രാധാന്യം കൊടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ നഗരമായ ഇവിടെ സൈക്കിൾ പാതയും പാർക്കിങ് സൗകര്യവും ഗാരേജുകളും ഉണ്ട്. നിരപ്പായ സ്ഥലമായതിനാലും കാർ യാത്ര ദുഷ്കരമായതിനാലും കോട്ടും സ്യുട്ടുമൊക്കെ ഇട്ട് സൈക്കിളിലാണ് കൂടുതലാളുകളുടെയും യാത്ര. ചരിത്രത്തിനും കലയ്ക്കും പ്രാധാന്യമുള്ള റിജിക് (Rijks) മ്യൂസിയവും വിൻസെന്റ് വാൻഗോഗിന്റെ ചിത്രകലയ്ക്ക് പ്രാധാന്യമുള്ള വാൻഗോഗ് (Van Gogh) മ്യൂസിയവും നവീന കലയ്ക്ക് പ്രാധാന്യമുള്ള സ്റ്റെഡ്‌ലീക് (stedelijk) മ്യൂസിയവും ഉള്ള മ്യൂസിയം സ്ക്വയറിലാണ് ബസ്‌ ഇറങ്ങിയത്‌. അവിടെയുള്ള 'I AMSTERDAM' ചിഹ്നവും മറ്റും കണ്ടശേഷം മെട്രോയിൽ സെൻട്രൽ സ്റ്റേഷനിലേക്ക് പോയി. അവിടെ ലോകത്തിലെ ആദ്യത്തെ സെക്സ് മ്യൂസിയം കണ്ട ശേഷം ട്രാമിൽ ഡാം സ്ക്വയറിൽ എത്തി. അവിടെയാണ് റോയൽ പാലസും ന്യൂ ചർച്ചും (new Kerk) ഉള്ളത്. പാലസിന് മുന്നിലുള്ള മൈതാനത്തു സൈക്കിളിൽ പ്ലക്കാർഡുകൾ പിടിച്ചു നിൽക്കുന്ന പ്രതിഷേധക്കാരെ കണ്ടു. വ്യഭിചാരം, മയക്കുമരുന്ന്, ഗർഭഛിദ്രം തുടങ്ങിയവയെല്ലാം അനുവദനീയമായ ഇവിടെ ജയിൽപുള്ളികൾ കുറവാണ്. സെൻട്രൽ സ്റ്റേഷനിൽ തിരികെ വന്ന് സൈക്കിൾ യാത്രക്കാരെയടക്കം മറുകരയിൽ എത്തിക്കുന്ന ഫെറിയിലെ യാത്ര ആസ്വദിച്ചു. 

6europe

800 വർഷം പഴക്കമുള്ള ആംസ്റ്റർഡാമിലെ ഏറ്റവും പഴയ കെട്ടിടമായ ഓൾഡ്‌ ചർച്ചിലാണ് (Old Kerk) പിന്നീട് എത്തിയത്. അതിനോട് ചേർന്നാണ് 'റെഡ് ലൈറ്റ് ഡിസ്ട്രിക്ട് '. റൂമിനോട് ചേർന്നുള്ള കണ്ണാടിക്കൂടുകളിലെ ചുവന്ന വെട്ടത്തിലും ബാൽക്കണിയിലുമൊക്കെയായി ശരീരഭാഗങ്ങൾ കാട്ടി മാടി വിളിക്കുന്ന നിശാസുരഭികളെയും സെക്സ് പ്രദർശനങ്ങൾ നടക്കുന്ന ബാറുകളെയും കൊണ്ട് രാത്രികളെ ഊർജസ്വലമാക്കുന്ന ആ തെരുവിൽ ഉലാത്തിയ ശേഷം രാത്രി ചാർജിങ്, ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉള്ള ഫ്ലിക്സ് ബസിൽ ഫ്രാൻസിലെ പാരിസിലേക്ക് യാത്ര തുടർന്നു.. 

Exp; Pass - 13€,  garden - 16€,  Musium - 5€, Bus - 15€. (1 Eur = 75 Inr)

 

പാരിസ്

********

12europe

ഏഴ് മണിക്കൂർ ബസ്‌ യാത്ര ചെയ്ത് ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസിലെ ബാർസ സ്റ്റേഷനിലാണ് എത്തിയത്. അടുത്തുള്ള പള്ളിയിൽനിന്ന് ഫ്രഷ്‌ ആയി നമസ്കാരമൊക്കെ കഴിഞ്ഞു മെട്രോസ്റ്റേഷനിൽ നിന്ന് ഒരു ദിവസത്തേക്കുള്ള ടിക്കറ്റ്‌ എടുത്ത്‌ നേരെ സാക്കർ കൂറിലേക്ക് (Sacre Coeur )വിട്ടു. റോമൻ കാത്തലിക് ചർച്ചായ, പാരിസ് നഗരത്തിന്റെ ഏറ്റവും ഉയർന്ന ഭാഗത്തുള്ള ചർച്ചിലേക്ക് 300 ഓളം പടവുകൾ ഉണ്ടെങ്കിലും കുത്തനെയുള്ള ഫണ്ണികുലാർ റയിലിൽ കയ്യിലുള്ള പാസ്‌ ഉപയോഗിച്ച് മുകളിൽ എത്തി. ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ് ചിത്രീകരിച്ച വലിയ മൊസയ്ക്കും (Apse Mosaik) 19 ടൺ ഭാരമുള്ള പള്ളിമണിയും ഇവിടെയുണ്ട്. ഇവിടെ നിന്നാൽ നഗരഭംഗിയും ദൃശ്യമാകും. 

ഒട്ടേറെ മ്യൂസിയങ്ങൾ ഉള്ള യൂറോപ്പിൽ ഞങ്ങൾ കയറിയത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ചിട്ടുള്ള, ലോകത്തിലെ ഏറ്റവും വലുതും ചരിത്രസ്മാരകവുമായ ലൗർ (Loure) മ്യൂസിയത്തിൽ മാത്രമാണ്. 12 ാം നൂറ്റാണ്ടിലെ ലൗർ പാലസിനോട് ചേർന്നുള്ള മ്യൂസിയത്തിൽ ഗാലറികളെ ഈജിപ്ത്യൻ, റോമൻ, ഗ്രീക്ക് തുടങ്ങിയ വിഭാഗങ്ങളായി വേർതിരിച്ചിരിക്കുന്നു. അതിൽ ലിയനാർഡോ ഡാവിഞ്ചി 16 ാം നൂറ്റാണ്ടിൽ വരച്ച മൊണാലിസയും (Mona Lisa) ബിസി 100 ലെ വീനസിന്റെ പ്രതിമയും (Venus De Milo) ആണ് സന്ദർശകരെ കൂടുതൽ ആകർഷിക്കുന്നത്. അവിടെ നിന്നും യൂറോപ്പിലെ നവീന കലയുടെ വലിയ മ്യൂസിയമായ പോംപിടു (Pompidou)  കണ്ട ശേഷം നൂറ് വർഷത്തോളം പഴക്കമുള്ള ഗ്രാൻഡ് മോസ്കിൽ ജുമാ നമസ്‌കാരത്തിനായി പോയി. പിന്നീട് അടുത്തുള്ള ലക്സംബർഗ് (Luxembourg) പാലസിനോട് ചേർന്നുള്ള ലക്സംബർഗ് ഗാർഡനിൽ വിശ്രമിച്ച ശേഷം മറ്റൊരു കാത്തലിക് ചർച്ചായ നോട്രഡാമിൽ (Notre Dame) എത്തി. ഫ്രഞ്ച് കരവിരുതിൽ നിർമിച്ച ഈ വലിയ പള്ളി വളരെ പ്രശസ്തമാണ്. 

ലോകപ്രശസ്തമായ ഈഫൽ (Eiffel) ടവറിലാണ് പിന്നീടെത്തിയത്. 1889 ൽ ഇരുമ്പ് കൊണ്ട് നിർമിച്ച 324 മീറ്റർ പൊക്കമുള്ള ടവർ 40 കൊല്ലത്തോളം ലോകത്തിലേറ്റവും വലുതായിരുന്നു. 2015-16 ലെ തീവ്രവാദി ആക്രമങ്ങളെത്തുടർന്നു സന്ദർശകരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും നല്ല തിരക്കുണ്ടായിരുന്ന ഫെൽ ടവറിന്റെ മുകളിലെ ഒബ്സെർവഷൻ ഡെസ്കിൽനിന്നു നഗരത്തിന്റെ സൗന്ദര്യം ആസ്വദിച്ചു. രാത്രി 8 മണിക്ക് ആരംഭിച്ച ലൈറ്റ് ഷോയിൽ മിന്നിത്തിളങ്ങിയ ടവറിനെ കൺകുളിർക്കെ കണ്ട ശേഷം ആഡംബര ഷോപ്പിങ് തെരുവായ ചാംപ്സ് എലിസീസിന് (Champs Elysees) അടുത്തുള്ള പോർട്ട്‌ മല്ല്യോട്ടിൽനിന്നു സ്വിറ്റ്സർലൻഡിലെ സൂറിക്കിലേക്ക് ബസ്‌ കയറി. 

Exp; pass - 11. 65€,  Musium - 15€,  Eiffel - 17€,  Bus - 25€

 

 

സൂറിക് (Zurich, switzerland)

11europe

ബസിൽ 10 മണിക്കൂർ യാത്ര ചെയ്ത് സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ നഗരമായ സൂറിക്കിൽ എത്തി. അവിടെയും വൺഡേ nine o'clock പാസ്‌ എടുത്ത്‌ നഗരത്തിന്റെ നെറുകയിൽ ഉള്ള യൂട്ടലിബെർഗ് (Uetliberg) മലമുകളിൽനിന്നു നഗരത്തിന്റെയും നദികളുടെയും വിശാലമായ ദൃശ്യം വീക്ഷിച്ചു. മൂടൽമഞ്ഞ് മാറുമ്പോൾ ദൂരെയായി മഞ്ഞിൽ കുളിച്ച ആൽപ്സ് പർവതനിരകൾ കാണാമായിരുന്നു. അവിടെ നിന്നു തിരിച്ചിറങ്ങി നഗരമധ്യത്തിൽ ലിമ്മത് നദിക്കരയിnz ലിൻഡോഫ്(Lindenhof) പാർക്കിൽ കുറച്ചു നേരം വിശ്രമിച്ച ശേഷം, ബുക്ക്‌ ചെയ്തിരുന്ന ഗെസ്റ്റ് ഹൗസിലേക്ക് തിരിച്ചു. ഒരു ഇറ്റലിക്കാരന്റെ സഹായത്തോടെ റൂം കണ്ടുപിടിച്ചു സ്വന്തമായി ചെക്ക്‌ ഇൻ ചെയ്യേണ്ടി വന്നു. പിന്നീട് ട്രെയിനിൽ യുറോപ്പിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ റൈൻ ഫാളിലേക്ക് (Rhein fall) പുറപ്പെട്ടു. ഒരു മണിക്കൂർ യാത്രയിലുടനീളം വളരെ ഭംഗിയുള്ള കാഴ്ചകൾ കണ്ടു. വെള്ളച്ചാട്ടത്തിനു മധ്യത്തിലുള്ള പാറയിലേക്ക് ബോട്ടിൽ യാത്ര ചെയ്ത്, പടവുകളിലൂടെ മുകളിലെത്തി പാൽ പോലുള്ള വെള്ളച്ചാട്ടത്തിന്റെ ഭംഗി ആവോളം ആസ്വദിച്ചു. മറുകരയിലേക്ക് നടന്ന് ചുറ്റുപാടും വ്യൂ പോയിന്റുകളും കണ്ട ശേഷം തിരികെ റൂമിലെത്തി.

പിറ്റേന്ന് രാവിലെ ട്രെയിൻ സ്റ്റേഷനിൽ എത്തി ഐസ് കാണാൻ എവിടെ പോകണം എന്ന് തിരക്കി. തൊട്ടടുത്തുള്ള ബസ്‌ സ്റ്റേഷനിൽനിന്ന, ഐസ് പാലസ് ഉള്ള Jungfraujoch യും റെക്കോർഡ് ഉയരത്തിൽ കുത്തനെ കയറുന്ന ട്രെയിൻ ഉള്ള Pilatus ഉം നയന മനോഹരമായ Rigi ഉം ഒഴിവാക്കി Titlis ടൂർ പാക്കേജ് ബുക്ക്‌ ചെയ്തു. ആദ്യം പോയത്‌ ആൽബിസ് എന്ന മനോഹരമായ മലമ്പാതയിലൂടെയാണ് ആ ഭൂപ്രദേശത്ത്‌ (Cantons) സ്വിസ് ആൾക്കാരുടെ ഭംഗിയുള്ള വീടുകൾ കാണാം. പിന്നീട് എത്തിയത് അടുത്ത നഗരമായ ലൂസേണിൽ (Lucern) ആണ്. 1792 ലെ ഫ്രഞ്ച് വിപ്ലവസമയത്ത്‌ ഫ്രഞ്ച് രാജകുടുംബത്തെ രക്ഷിക്കാനായി ജീവൻ വെടിഞ്ഞ സ്വിസ് സൈനികരുടെ ഓർമയ്ക്കായി തടാകത്തിനു മുകളിൽ പാറയിൽ കൊത്തിയ സിംഹവും (Dying Lion) ലൂസേൺ നദിയും കണ്ടുകഴിഞ്ഞു ഓൾഡ് ടൗണിൽ എത്തി. 14 ാം നൂറ്റാണ്ടിൽ തടിയിൽ തീർത്ത ചാപ്പൽ ബ്രിഡ്ജിലൂടെ നടന്നു മറുകര എത്തി വ്യാപാരസമുച്ചയങ്ങളും ക്ലോക്ക് മ്യൂസിയവും കണ്ടശേഷം എൻഗേൽബെർഗിലെ ടൈറ്റിലിസ് മലയിൽ എത്തി. 

താഴെ കവാടത്തിൽനിന്ന് മഞ്ഞ് മൂടിയ മലനിരകൾക്ക് മുകളിലൂടെ പോകുന്ന കേബിൾ കാറിന്റെ ആദ്യ സ്റ്റോപ്പ് സൗജന്യമായി പ്രവേശിക്കാവുന്ന ഗ്ലേസിയർ പാർക്ക്‌ ആണ്. വിശാലമായ ദൃശ്യം തരുന്ന കറങ്ങുന്ന കേബിൾ കാറിൽ(Rotair) നെറുകയിൽ എത്തി. നല്ല കാറ്റ് ഉണ്ടായിരുന്നതിനാൽ ഐസ് ഫ്ലയർ നിർത്തി വെച്ചിരുന്നു എങ്കിലും ആടിയുലയുന്ന പാലത്തിലൂടെ(Cliff walk) നടന്ന് അവിടെയുള്ള ദൃശ്യഭംഗി ആസ്വദിച്ചു ഐസിൽ കളിച്ചു നടന്നു. ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ ഷൂട്ട്‌ ചെയ്ത ലൊക്കേഷൻ ആയതു കൊണ്ട് ചിത്രത്തിന്റെ ഫ്ലക്സ് അവിടെ ഉണ്ട്. തണുത്തുറഞ്ഞ ഐസ് ഗുഹയിലൂടെ (Glacier Cave) നടന്നു കഴിഞ്ഞ് കുറെ നേരം അവിടെ ചിലവഴിച്ചശേഷം തിരികെ മടങ്ങി. മെട്രോയിൽ സൂറിക് എയർപോർട്ടിൽ എത്തി രാത്രി ഫ്ലൈറ്റിൽ ദുബായ്ക്കു പുറപ്പെട്ടു. 

10europe

Exp; Pass - 26 Chf, Boat - 15 Chf, Tour - 160 Chf, Room - 210 Aed(for 2) (1 Chf = 65. 45 Inr)(1 Dh = 17. 4 Rs)

യൂറോപ്പിലേക്കുള്ള ആദ്യയാത്രയുടെ ആകാംക്ഷയും മാതൃഭാഷ മാത്രം ഉപയോഗിക്കുന്നവരുടെ ഇടയിലെ ചെറിയ ബുദ്ധിമുട്ടുകളും കബളിപ്പിക്കപ്പെടലുകളും രസകരങ്ങളായ അനുഭവങ്ങളും അടക്കം ഓർത്തിരിക്കാൻ ഏറെ സന്തോഷനിമിഷങ്ങൾ സമ്മാനിച്ചതായിരുന്നു ഈ യാത്ര. ബസും ഫ്ലൈറ്റുമെല്ലാം മുൻപേ ബുക്ക്‌ ചെയ്തിരുന്നതിനാൽ സമയത്ത്‌ എത്തുമോ എന്നുള്ള ഉത്കണ്ഠ ഉണ്ടായിരുന്നു. ആതിഥേയരും പല വിധത്തിൽ സഹായിക്കാൻ സന്മനസ് കാട്ടി. ദുബായ് പ്രവാസത്തിനിടെ അവധി കിട്ടിയ 10 ദിവസത്തെ യാത്ര ഇനിയും തുടരുകയാണ്... 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS CORNER
SHOW MORE
FROM ONMANORAMA