പ്രേതാത്മാക്കളുള്ള ക്ഷേത്രം; പുഷ്പിതമായ ടോക്കിയോ

492763580
SHARE

ദുബായിൽ നിന്ന് രാവിലത്തെ ഫ്ലൈറ്റിൽ 9 മണിക്കൂർ യാത്ര ചെയ്തു രാത്രി 11 മണിക്ക് ടോക്യോയിലെ ഹനീടാ എയർപോർട്ടിൽ എത്തി. അവിടെ ഞങ്ങളെ വരവേറ്റത് ഇമിഗ്രേഷനിലെ നീണ്ട നിരയാണ്. ഡ്യൂട്ടി മാറുന്ന സമയം ആയതുകൊണ്ടാകണം കൗണ്ടർ പലതിലും ആളില്ല. രണ്ടര മണിക്കൂർ എടുത്തു പുറത്തിറങ്ങാൻ. എല്ലാം ക്ലിയർ ആക്കി കൊടുത്തത് കൊണ്ട് ഭാഗ്യം പോലെ ഒന്നും ചോദിച്ചില്ല. പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് അറിഞ്ഞത് പബ്ലിക്‌ ട്രാൻസ്പോർട്ട് രാവിലെ 5 മണിക്കേ തുടങ്ങൂവെന്ന്. എയർപോർട്ട് ടെർമിനലിൽ നിരത്തി ഇട്ടിട്ടുള്ള കസേരകളിൽ കിടന്നും ഇരുന്നും ഉറങ്ങുന്ന യാത്രക്കാരുടെ ഇടയിൽ ഞങ്ങളും സ്ഥലം പിടിച്ചു. അവിടെയുള്ള ലോക്കറിൽ ബാഗെല്ലാം വെച്ച് രാവിലെയുള്ള മോണോറയിലിൽ സിറ്റിയിലേക്ക് തിരിച്ചു.

1tokyo

വസന്തകാലത്തെ പ്രധാന ആകർഷണമായ ചെറിപ്പൂക്കൾ വിരിഞ്ഞ യുനോ (Ueno) പാർക്കിലാണ് ആദ്യം എത്തിയത്. ആയിരത്തിലധികം ചെറി മരങ്ങൾ ഉള്ള പാർക്കിനോട് ചേർന്ന് തടാകവും മ്യൂസിയങ്ങളും മൃഗശാലയും ഉണ്ട്. രാവിലെ ആയതുകൊണ്ട് സന്ദർശകർ കുറവാണ്. പാർക്കിനകത്ത് നടപ്പാതയോട്‌ ചേർന്നുള്ള വഴിയോര കച്ചവട സ്ഥാപനങ്ങൾ തുറന്നിട്ടില്ല. ജപ്പാന്റെ ദേശീയ പുഷ്പമായ ചെറിപ്പൂക്കൾ, മരങ്ങളിൽ ഇല വരുന്നതിനു മുൻപ് ഒരാഴ്ചത്തെ കാലാവധിയിൽ വിടരുകയും കൊഴിയുകയും ചെയ്യും.

7-new-tokyo

മരത്തിന്റെ അടിമുടി പൂത്തു നിൽക്കുന്ന പൂക്കൾ നയനമനോഹരമാണ്. അവിടെ നിന്നും ടോക്യോവിലെ പുരാതന ബുദ്ധക്ഷേത്രമായ സെൻസോജിയിൽ (Sensoji) എത്തി. അങ്കണത്തിലേക്ക് പ്രവേശിക്കാനുള്ള രണ്ടു കവാടങ്ങൾക്കിടയിലെ 200 മീറ്റർ നടപ്പാതയുടെ വശങ്ങൾ നിറയെ കച്ചവടക്കാരാണ്. അഞ്ചു തട്ടായി കാണുന്ന പഗോഡയും വർണ്ണ മത്സ്യങ്ങൾ നിറഞ്ഞ ചെറിയ അരുവിയും പൂത്ത ചെറി മരങ്ങളും ക്ഷേത്രത്തിനോട് ചേർന്നുണ്ട്. അവിടത്തെ ആചാരരീതികളും കലാനിർമ്മിതികളും കണ്ടശേഷം ടോക്കിയോ സ്കൈട്രീയിലേക്ക് (sky tree) തിരിച്ചു. പൊക്കത്തിൽ ദുബായിലെ ബുർജ് ഖലീഫക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുള്ള ഈ ടവറിന്റെ ഉയരം 634 മീറ്ററാണ്. പ്രക്ഷേപണത്തിനായി ഉപയോഗിക്കുന്ന ടവറിൽ റസ്റ്റോറന്റും രണ്ടു ഒബ്സെർവഷൻ ഡക്കും ഉണ്ട്. 350 മീറ്റർ പൊക്കത്തിലുള്ള ഡക്കിൽ നിന്ന് നഗരവീക്ഷണം നടത്തി. അവിടെയുള്ള ഗ്ലാസ്‌ ഫ്ലോറിൽ കയറി നിന്നാൽ താഴെയുള്ള വ്യൂ കിട്ടും.

6-new-tokyo

1920 ൽ നിർമിച്ച മൈജി ജംഗ്(Maiji Jingu) എന്ന ഷിന്റോ ക്ഷേത്രത്തിലേക്കാണ് പിന്നീട് പോയത്‌. ലോകത്തിൽ ഏറ്റവും കൂടുതൽ തീർത്ഥാടകർ സന്ദർശിക്കുന്ന വിശ്വാസകേന്ദ്രമാണിത്. ജപ്പാന്റെ പുരാതനവും, 80%ആൾക്കാർ വിശ്വസിക്കുന്നതുമായ ഷിന്റോ മതത്തിനു ഒരു സൃഷ്ടാവോ ദൈവിക ഗ്രന്ഥമോ മതനിഷ്ഠകളോ ഇല്ല. കാമി എന്നറിയപ്പെടുന്ന ദൈവികശക്തി ഉള്ള ആൾക്കാരെ ഇവർ ആരാധിക്കുന്നുണ്ട്. മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന വചനം അക്ഷരാർത്ഥത്തിൽ ഇവിടെ ദർശിക്കാം.

2tokyo

170 ഏക്കറിൽ മൈജി രാജാവിന്റെയും പത്നിയുടെയും ഓർമക്കായി, ജനങ്ങൾ സംഭാവന ചെയ്ത ലക്ഷക്കണക്കിന് മരങ്ങളുടെ നടുവിൽ ആണ് ഈ ക്ഷേത്രം. മരങ്ങളുടെ ഇടയിലൂടെ നടന്ന് ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ പഴയ കാലത്തുള്ള വൈൻ ബാരലുകൾ അടുക്കി വെച്ചിരിക്കുന്നു. വിശ്രമിക്കാനും ഇവിടെ സൗകര്യമുണ്ട്. പ്രകൃതിയെ സ്നേഹിക്കുന്ന ഇവിടുത്തെ ആൾക്കാരുടെ ആഘോഷങ്ങൾ വിളവെടുപ്പിന്റെ സമയത്താണ്. അവിടെ നിന്ന് വാങ്ങുന്ന തകിടിൽ ആഗ്രഹം എഴുതി നിർദിഷ്ട സ്ഥലത്തുള്ള പലകയിൽ കെട്ടിയിട്ടാൽ അത് സഫലമാകും എന്നാണ് വിശ്വാസം. വളരെ രസകരമായ ആഗ്രഹങ്ങൾ ആണ് തകിടിൽ കാണാൻ കഴിഞ്ഞത്.

3-newtokyo

അടുത്തുണ്ടായിരുന്ന കസേരയിൽ വിശ്രമിക്കാൻ ഇരുന്ന ഞാൻ ഉറങ്ങിപ്പോയപ്പോൾ ഒരാൾ വന്ന് പ്രേതാത്മാക്കൾ ഉള്ളതുകൊണ്ട് ഇവിടെ ഉറങ്ങാൻ പാടില്ലെന്ന് പറഞ്ഞു. പിന്നെ അവിടെ കൂടുതൽ കറങ്ങി നിൽക്കാതെ ലോകത്തിലെ ഏറ്റവും വലിയ മീൻ മാർക്കറ്റ് കാണാൻ പോയി.

4-new-tokyo

വളരെ വലിയ മാർക്കറ്റിനോട് ചേർന്ന് വിവിധതരം മീൻ കൊണ്ടുണ്ടാക്കുന്ന വിഭവങ്ങൾ ലഭിക്കുന്ന ഹോട്ടലുകളും വഴിക്കച്ചവടക്കാരും ആണ്. അവിടത്തെ പ്രധാന വിഭവമായ സൂഷി ഹോട്ടലിൽ കയറി ഓർഡർ ആഹാരം ചെയ്തു. പച്ച മീനും പ്രത്യേകതരം ചോറും രണ്ടു തരം സോസും കുറച്ചു പച്ചക്കറിയും ഒക്കെ അടങ്ങിയ വിഭവം. പല മുറകൾ പയറ്റിയെങ്കിലും പകുതി പോലും നമുക്ക് കഴിക്കാൻ സാധിച്ചില്ല. ഗ്രില്ലും ഫ്ലെമും ചെയ്ത മീൻ വിഭവങ്ങൾ അവിടെ ലഭ്യമാണ്.

ടോക്കിയോ ടവർ കാണലായിരുന്നു അടുത്ത ലക്ഷ്യം. ഉയരത്തിൽ ജപ്പാനിൽ രണ്ടാം സ്ഥാനത്തുള്ള ടവറിന്റെ പൊക്കം 332.9 മീറ്ററാണ്. ടവറിനടുത്തുള്ള പാർക്കിൽ ചെറിബ്ലോസ്സവും വിശ്രമസൗകര്യവും മറ്റും ഉണ്ട്. അവിടെ നിന്ന് ലോകത്തിലെ ഏറ്റവും തിരക്കേറിയ ജങ്ഷൻ ഷിബുയ(shibuya crossing)യിൽ എത്തി.

ഫാസ്റ്റ് ആൻഡ്‌ ഫ്യൂരിയസ് 2 എന്ന സിനിമയിൽ ആൾക്കാർക്കിടയിലൂടെയുള്ള ഡ്രിഫ്റ്റിങ് ഇവിടെയാണ് ചിത്രീകരിച്ചത്. സിഗ്നലിനും വിസിൽ മുഴക്കുന്ന ട്രാഫിക് പോലീസിനും അനുസരിച്ചു പല ദിശയിലേക്ക് നൂറുക്കണക്കിന് ആൾക്കാരാണ് റോഡ്‌ മുറിച്ചു കടക്കുന്നത്.

തിരക്കുള്ള സമയത്തു ആയിരക്കണക്കിന് ആളുകൾ ഒരേ സമയം റോഡ്‌ മുറിച്ചു കടക്കുന്നു. അവരുടെ താളത്തിനനുസരിച്ചു നമ്മളും ക്രോസു ചെയ്ത് അടുത്തുള്ള ഒരു ഹൈപ്പർ മാർക്കറ്റിൽ കയറി. എന്തെങ്കിലും വാങ്ങാം എന്ന് വിചാരിച്ചാൽ സാധനത്തിനെക്കുറിച്ച് വിവരിക്കാനോ വില പറയാനോ ഒന്നും ഇംഗ്ലീഷ് അറിയാവുന്ന ആരും തന്നെ ഇല്ല. എഴുതി വെച്ചിട്ടുള്ള വിവരങ്ങൾ ആണെങ്കിൽ അവരുടെ ഭാഷയിലും. ഏതായാലും ജപ്പാൻ നിർമിത സാധനങ്ങൾ കണ്ട ശേഷം തിരികെ എയർപോർട്ടിലേക്ക് പോയി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS CORNER
SHOW MORE
FROM ONMANORAMA