കൊടും കാട്ടിലൂടെയുള്ള യാത്ര

Ranipuram
SHARE

സുഹൃത്തിന്റെ കല്യാണം കൂടാനാണ് കാസർകോട് എത്തിയത്. കല്യാണം കഴിഞ്ഞപ്പോഴാണ് തോന്നിയത് റാണിപുരത്തേക്ക് പോകാമെന്ന്. ഇപ്പോൾ നല്ല കാലാവസ്ഥയാണ്. കാസർകോട്  മഴ തകർത്തു പെയ്യുന്നു. മഴയും മഞ്ഞും മൂടിയ റാണി സുന്ദരിയായിരിക്കും. മഴയും മഞ്ഞും പെയ്യുന്ന മലകളിൽ കയറാൻ വല്ലാത്തൊരു ഇഷ്ടമാണ്. സമുദ്ര നിരപ്പിൽ നിന്ന് 750 മീറ്റർ ഉയരമാണ് ഈ മലയ്ക്കുള്ളത്. മുൻപ് മാടത്തുമല എന്നറിയപ്പെട്ടിരുന്ന സ്ഥലം. കാഞ്ഞങ്ങാട്– പാണത്തൂർ റൂട്ടിൽ പനത്തടി നിന്നും ഏകദേശം 10 കി ലോ മീറ്റർ ദൂരമുണ്ട്. രാവിലെ 8 മണിക്ക് കാഞ്ഞങ്ങാട് നിന്നും റാണിപുരത്തേക്ക് ഒരു ബസ് ഉണ്ട്. 9.30 കഴിയുമ്പോൾ മലമുകളിലെത്തും. ബസ് സ്റ്റോപ്പിൽ നിന്നും ഏതാണ്ട് അര കിലോമീറ്റർ അകലെയാണ് ടിക്കറ്റ് കൗണ്ടർ. 30 രൂപയാണ് എൻട്രി ഫീസ്. 3 km കാട്ടിലൂടെ ട്രെക്കിങ് നടത്തിയാണ് മലയുടെ നെറുകയിൽ എത്തുന്നത്. 8 മണിമുതൽ പ്രവേശനം അനുവദിക്കും.

ഏഴു മണി കഴിഞ്ഞപ്പോൾ അവിടെ എത്തി. നല്ല മഴ. പന്തിക്കാൽ എന്ന സ്ഥലം വരെ  ജീപ്പ് ഉണ്ടാകും. അവിടെ നിന്നും നടക്കാനുണ്ട് ടിക്കറ്റ് കൗണ്ടർ വരെ. സമയം നോക്കിയപ്പോൾ 7.30 നല്ല മഴയും. ഏതാണ്ട് നാല് കിലോമീറ്റർ കഴിഞ്ഞപ്പോഴേക്ക് ആവേശം ചോർന്നു തുടങ്ങി. വഴിയിൽ ഇരുന്നും ബിസ്ക്കറ്റും വെള്ളവുമൊക്കെ അകത്താക്കിയും പന്തിക്കാൽ എത്തിയപ്പോഴേക്ക് സമയം 9.15 കുറച്ചു പേർ നിൽക്കുന്നു. അവർ പറഞ്ഞു ബസ് ഇപ്പോൾ വരുമെന്ന്. ഇനീം 3 km ഉണ്ട്. ബസിൽ പോവാം. ബസ് നിർത്തുന്നിടത്തു നിന്ന് അര കിലോമീറ്റർ നടന്ന് എൻട്രൻസിൽ എത്തിയപ്പോഴേക്ക് 10 മണി ആയി. മുകളിലേക്ക് പോകാൻ ഞാൻ മാത്രം. കാട്ടിൽ നടപ്പാതയുടെ വശങ്ങളിൽ അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ കൈവരികൾ സ്ഥാപിച്ചിട്ടുണ്ട്. മഴക്കാലമായതിനാൽ അട്ട ഉണ്ടാകും. ടിക്കറ്റ് കൗണ്ടറിന്റെ അടുത്തു നിന്നും ഒരു പൊതി ഉപ്പു കിട്ടി. തുണിയിൽ പൊതിഞ്ഞത്.  മുൻപ് എപ്പോഴോ പോയി വന്ന ആരോ ഉപേക്ഷിച്ചതാ. അട്ടയെ പ്രതിരോധിക്കാൻ ഇരിക്കട്ട

നടക്കും തോറും അദ്ഭുതകാഴ്ചകൾ കൂടി വന്നു. കൊടും കാട്ടിലൂടെയാണ് ട്രെക്കിങ് തുടങ്ങുന്നത്. ഏറെ വൈകാതെ കാടിന്റെ സ്വഭാവം മാറും. പുൽമേടുകളിൽ എത്തും. പുൽമേട് തുടങ്ങുന്നിടത്ത് വഴി രണ്ടായി. മുകളിലേക്ക് കയറി കുറച്ച് ചെന്നപ്പോൾ ഓല മേഞ്ഞ ഒരു വിശ്രമകേന്ദ്രം കണ്ടു. മഴ വീണ്ടും ശക്തമാവാൻ തുടങ്ങുന്നു. ശക്തമായ മഞ്ഞും. കുറച്ചു നേരം അവിടിരുന്നു. വഴികൾ നാലായി പിരിഞ്ഞുകിടക്കുന്നു. നാലാമത്തെ വഴിയിലൂടെ യാത്ര തുടർന്നു.

ഉള്ളിൽ ചെറിയ പേടി ഇല്ലാതില്ല. തനിച്ച് ഈ കാട്ടിൽ...മഴയും മഞ്ഞും...ആനയും മറ്റു മൃഗങ്ങളും ഉണ്ടാവുന്ന സ്ഥമാണ്. നിലവിളിച്ചാൽ പോലും പുറത്തു കേൾക്കാൻ സാധ്യതയില്ല. പക്ഷെ ഈ കാടിന്റെ സൗന്ദര്യം എന്നെ മുന്നോട്ട് നടക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. എന്തൊക്കെയോ വിസ്മയങ്ങൾ ഈ റാണി കാത്തുവച്ചിരിക്കുന്നതായി തോന്നലില്‍ മടക്കയാത്രയ്ക്കൊരുങ്ങി. അടുത്ത കാലത്ത് നടത്തിയ ഏറ്റവും മനോഹരമായ ഒരു യാത്രയുടെ അതിമനോഹരമായ ഓർമകളുമായി....നന്ദി റാണീ ഇത്ര സുന്ദരമായ ഒരു ദിവസം സമ്മാനിച്ചതിന്....!!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS CORNER
SHOW MORE
FROM ONMANORAMA