ബൈക്കിലൂടെ 2 ദിവസം കൊണ്ട്, 3 സംസ്ഥാനങ്ങളും, 2 നാഷണൽ പാർക്കുകളും

9ooty5-1
SHARE

ഊട്ടിക്ക് പല തവണ പോയിട്ടുണ്ടെങ്കിലും മുള്ളി വഴി യാത്ര ഇതാദ്യമായിരുന്നു. യാത്രയ്ക്ക് കൂട്ടായി എത്തിയത് ബൈക്കും. രാവിലെ 5.30 ന് തന്നെ വീട്ടിൽ നിന്നും ഇറങ്ങി (അങ്കമാലി). പാലക്കാട് വഴി അട്ടപ്പാടി, അവിടെ നിന്ന് മുള്ളി -മഞ്ചൂർ വഴി ഊട്ടി. ഇതായിരുന്നു ഏകദേശ രൂപരേഖ. രാവിലെ ട്രാഫിക് മുറുകുന്നതിനു മുൻപ് തന്നെ പാലക്കാട് കടക്കാൻ കഴിഞ്ഞു. അവിടെ നിന്നും പ്രാതലും കഴിച്ചു. യാത്ര തുടർന്നു.

1bandipur-1

പുതിയ റോഡുകള്‍, ജീവിതത്തിൽ തന്നെ ആദ്യമായിട്ട് ഓടിച്ചു കയറുന്ന വഴികൾ. അതുകൊണ്ടു തന്നെ ആകാംക്ഷ കൂടുതലായിരുന്നു. 

അട്ടപ്പാടിയിലേക്ക് തിരിയുന്നതോടു കൂടി വലിയ ഹൈവേകളോട് വിടപറയുകയാണ്. അട്ടപ്പാടി മുതൽ മുള്ളി വരെ തിരക്കില്ലാത്ത ചെറിയ റോഡുകളാണ്. പ്രകൃതിയോട് ചേർന്നു നിൽക്കുന്ന ഗ്രാമങ്ങളും സാധരണക്കാരായ ജനങ്ങളും. കാഴ്ചകളിലേക്ക് കടക്കുമ്പോൾ പത്തിരുപതു വര്‍ഷം പിന്നോട്ട് യാത്രചെയ്ത പോലെ തോന്നി.

5kak-1

കാഴ്ചകൾ ആസ്വദിച്ച് പതിയെയാണ് അവിടം പിന്നിട്ടത്. ഇതിനിടെ കേരളാ - തമിഴ്നാട് ചെക്ക്പോസ്റ്റുകൾ കടന്നുപോയി.

മുള്ളിയിൽ നിന്നും മഞ്ചൂർ വഴിയാണ് ഊട്ടിയിലെത്തുക. കാടും ഹെയർ പിന്നുകളും താണ്ടിയുള്ള ആ യാത്രയിൽ ഉച്ചയൂണ് വരെ കഴിക്കാൻ മറന്നു. വൈകിട്ടോടെ ഞങ്ങൾ ഊട്ടിയിൽ എത്തി.

12ooty10-1
ഉൗട്ടിയിലെ കാഴ്ച

വഴിയിൽ നിന്നും ജോൺ എന്ന സുഹൃത്തിനെയും കിട്ടി. അദ്ദേഹം ഊട്ടിയിലെ കുറച്ചു നല്ല അനുഭവങ്ങളും അവിടുത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും പങ്കുവച്ചു. ബൈക്കിലൂടെയുള്ള യാത്രയായതിനാൽ മനോഹരകാഴ്ചകൾ മനംനിറച്ച് ആസ്വദിക്കാൻ സാധിച്ചു. കാടിന്റ ഉള്ളിലേക്ക് പോകുന്തോറും തണുപ്പു ശരീരത്തിലേക്ക് തുളച്ചുകയറുന്നതുപോലെയായിരുന്നു. തണുപ്പിനെ ചൂടുപിടിപ്പിക്കാൻ ജാക്കറ്റ് സഹായിച്ചു.

8ooty3-1
ഉൗട്ടി

ഓൺലൈൻ വഴി  ഒരു റൂം തരപ്പെടുത്തിയിരുന്നു. റൂമിലെത്തി ഒന്ന് ഫ്രഷ് ആയി. അടുത്ത  ലക്ഷ്യം ഭക്ഷണം തന്നെയായിരുന്നു. ഗോബി ബജ്ജിയും അടുത്തുള്ള ഒരു ഹോട്ടലിൽ നിന്നും ചപ്പാത്തിയും ഗോബി മഞ്ചൂരിയും കഴിച്ചു ഉഷാറായി. ശേഷം മാർക്കറ്റ് റോഡിലൂടെ കുറച്ചു കറങ്ങി നടന്നു. യാത്രയുടെ ക്ഷീണം ശരീരത്തെ അലട്ടുന്നുണ്ടായിരുന്നു.

3gobi-1
രുചിയൂറും ഗോബി മഞ്ചൂരി

അന്നത്തെ പരിപാടികൾ അവസാനിപ്പിച്ചു തിരികെ റൂമിലെത്തി. കാഴ്ചകൾ പിറ്റേ ദിവസത്തേക്ക് മാറ്റിവച്ചു. നന്നായി ഉറങ്ങി. രാവിലെ അലാറത്തിന്റ അലമുറയോടെ ഉറക്കമുണർന്നു. കാഴ്ചകൾ തേടി ഇന്ന് എവിടേക്ക് യാത്ര തുടങ്ങണം എന്ന ചിന്തയായിരുന്നു. മസിനഗുഡി ലക്ഷ്യമാക്കിയായിരുന്നു പിന്നീടുള്ള യാത്ര.

4house-1

മുതുമലയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഏഴു കിലോമീറ്റര്‍ സഞ്ചരിച്ചാൽ മസിനഗുഡിയിൽ എത്തിച്ചേരാം. വന്യത തുളുമ്പുന്ന ഗ്രാമമാണ് മസിനഗുഡി. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന താഴ്‍വരകളും പൊന്തക്കാടുകളും തലയെടുപ്പൊടുകൂടി നിൽക്കുന്ന വ‍ൃക്ഷങ്ങളും ഭയപ്പെടുത്തുമെങ്കിലും വന്യ സൗന്ദര്യം ആസ്വദിക്കുന്നവരുടെയും സാഹസികത രക്തത്തില്‍ അലിഞ്ഞവരുടെ ഇഷ്ടസങ്കേതമാണ് മസിനഗുഡി.

6mudumalai
മുതലമല റോഡ്

കുറച്ചു ചെറിയ കടകളും റിസോര്‍ട്ടുകളും പൊലീസ് സ്‌റ്റേഷനും ഒരു ക്ഷേത്രവും ചേര്‍ന്ന ഒരു ചെറിയ ഗ്രാമമാണിവിടം. തമിഴ്‌നാട് -കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മുതുമല ദേശീയോദ്യാനത്തിനടുത്താണ് മസിനഗുഡി സ്ഥിതി ചെയ്യുന്നത്. കാനാനസുന്ദരിക്ക് യാത്ര പറഞ്ഞു.

7masin-1
മസിനഗുഡി

മസിനഗുഡിയിൽ നിന്നും മുതുമല നാഷണൽ പാർക്ക് വഴി ബന്ദിപ്പുർ ആയിരുന്നു അടുത്ത ലക്ഷ്യം. കർണാടക അതിർത്തി കഴിഞ്ഞതോടെ വഴിയോരങ്ങളില്‍ മാനുകളും, മയിൽക്കൂട്ടങ്ങളും ദൃശ്യ വിരുന്നൊരുക്കി.

1bandipur-1
ബന്ദിപൂർ

യാത്രയിലെ കാഴ്ചകൾക്ക് സൗന്ദര്യം നൂറിരട്ടിയായിരുന്നു. അതിമനോഹരമായ കാഴ്ചകളായിരുന്നു റോഡിന് ഇരുവശവും കാത്തിരിക്കുന്നത്.

2bandipur2-1
ബന്ദിപൂർ കാഴ്ച

ബന്ദിപ്പുർ എത്തി അവിടുത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് മടക്കയാത്രയ്ക്കൊരുങ്ങി. മനംനിറയെ കാഴ്ചകളും റബറൈയിസ്ഡ് ഹൈവേയിലൂടെയുള്ള സുഖമുളള യാത്രയും ഒരുക്കിയിരിക്കുന്ന മുത്തങ്ങ വഴി യാത്ര തിരിക്കാം എന്നായിരുന്നു കരുതിയിരുന്നെങ്കിലും സമയകുറവ് മൂലം മടക്കയാത്ര നിലമ്പൂർ വഴിയാക്കി. ഓരോ യാത്രയും ഓരോ അനുഭവങ്ങൾ ആണ്, കൈനിറയെ കുറെ നല്ല ഓർമകളുമായി കാടിന്റ പച്ചപ്പിൽ നിന്നും മടങ്ങി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS CORNER
SHOW MORE
FROM ONMANORAMA