ആറു സിംഹങ്ങളെ ഒന്നിച്ചു കണ്ടപ്പോൾ

510240907
SHARE

സമയം ഏകദേശം ഉച്ച 2 മണി.  മി. ഗിഡിയൻ വണ്ടി ഓഫ്-ട്രാക്കിലൂടെ അല്പം മുന്നോട്ടു പോയി, പരന്നു കിടക്കുന്ന മസായ്‌  കാടിന്റെ ഒത്തനടുക്കായി  തോന്നിക്കുന്ന  വലിയ മരത്തണലിൽ നിർത്തി. ഇരയെടുത്തു പള്ളിയുറക്കത്തിലായിരുന്ന കാട്ടിലെ രാജാവിനെ കണ്ട്, വാഹനം നിർത്തിയതിനെക്കാൾ  വേഗത്തിൽ മുന്നോട്ട് എടുത്തു.  ഏകദേശം ഒരു കിലോമീറ്റർ പിന്നിട്ട് വാഹനം നിർത്തി. ഡ്രൈവർ ചുറ്റും നിരീക്ഷിച്ചു, അപകടം ഒന്നുമില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം വാഹനത്തിൽനിന്നു പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു.

masai-mara2

"ഇവിടെയാണ് നമ്മുടെ ഇന്നത്തെ ലഞ്ച് - പിക്നിക് ലഞ്ച്!!!". നെഞ്ചിനകത്ത് ഇടിമിന്നൽ വന്നപോലെ  കുറച്ചു നേരത്തേക്ക് മിണ്ടാട്ടം ഇല്ലാതായി. പെട്ടെന്നു തന്നെ ഉള്ളിലെ 'സാഹസികൻ' സട കുടഞ്ഞെഴുന്നേറ്റു. എന്തായാലും എത്തിയതല്ലേ, ഉൗണ് ഇവിടെത്തന്നെയാവാം എന്നുറപ്പിച്ചു.  മാനുകളും സിംഹവും ഉൾപ്പടെ കാട്ടിലെ താരങ്ങൾ എല്ലാം ഉണ്ട്. ധൈര്യം സംഭരിച്ചു മനസ്സിന് ശക്തികൊടുത്തു. സിംഹത്തെക്കാൾ പേടി പാമ്പിനെയാണ്. ഉഗ്ര വിഷമുള്ള പാമ്പുകളുടെ വിഹാര കേന്ദ്രം കൂടിയാണ് മസായ്‌ മാര.

മൂന്നു വർഷമായി മസായ്‌ മാരയിലേക്കുള്ള യാത്രയ്ക്കായി മനസ്സും കണ്ണും നട്ടിരിക്കുകയായിരുന്നു.  സാഹസിക യാത്രക്കാരുടെയും പ്രകൃതി സഞ്ചാരികളുടെയും പറുദീസയാണ് മസായ്‌ മാര. യാത്രയുടെ തയാറെടുപ്പുകൾ പെട്ടെന്നായതിനാൽ ഫോറസ്റ്റ് സഫാരിക്കു' സാധ്യത കുറവായിരുന്നു. എങ്കിലും  കെനിയയിലെ ഞങ്ങളുടെ കോഓർഡിനേറ്റർ അസീം ഭായിയെ വിളിച്ചു പറ്റുന്ന രീതിയിൽ യാത്രാ പാക്കേജിൽ ഫോറസ്റ്റ് സഫാരി ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടു. നെയ്റോബിയിലെത്തി, മറ്റു പ്രധാന പരിപാടികൾ രണ്ടു ദിവസം കൊണ്ട് പൂർത്തിയാക്കിയ ശേഷം മസായി മാരയുടെ മായക്കാഴ്ചകളിലേക്ക് ഒത്തുകൂടി.  മൂന്നാം ദിവസം രാവിലെ മസായിലേക്കുള്ള യാത്രയ്ക്ക് തയാറായി.  വന്യ മൃഗങ്ങളെ കാണുക എന്നതിലുപരി കന്യകാത്വം തുളുമ്പുന്ന പ്രകൃതിയെ തൊട്ടു തലോടി, 916 ഗുണനിലവാരമുള്ള ശുദ്ധവായു ശ്വസിക്കാം എന്ന പ്രതീക്ഷയോടെ മൂന്ന് ദിവസത്തേക്കുള്ള സാഹസിക യാത്ര.

masai-mara

അതിരാവിലെ തന്നെ സഫാരി യാത്രയ്ക്കായി റൂഫ് മുകളിലേക്ക് ലിഫ്റ്റ് ചെയ്യാൻ പറ്റുന്ന വിധം പ്രത്യേകം തയാറാക്കിയ ഒരു ലാൻഡ് ക്രൂസർ വണ്ടിയുമായി 'ഡ്രൈവർ കം ഗൈഡ്' മി. ഗിഡിയൻ  ഹോട്ടൽ മുറ്റത്ത് കാത്തിരിപ്പുണ്ടായിരുന്നു. വനവാസികളായ മസായ്‌ ഗോത്രത്തിൽ പെട്ടയാളാണ് ഗിഡിയൻ. കാടിന്റെയും കാട്ടു ജീവികളുടെയും എല്ലാ സ്പന്ദനവും കൃത്യമായി അറിയുന്ന വകുപ്പാണ് ലേ ടീംസ്. മൃഗങ്ങൾ വേട്ടയ്ക്കിറങ്ങുന്ന, വിശ്രമിക്കുന്ന, ഉറങ്ങുന്ന സമയമുൾപ്പെടെ അവയുടെ ഒാരോ ചുവടും ഇവിടെയുള്ളവർക്ക്  മനസ്സിലാകും. നെയ്‌റോബിയിൽനിന്നു റോഡ്‌ വഴി ഏകദേശം ആറു മണിക്കൂർ യാത്ര ചെയ്യണം, മസായ്‌ മാരയിലേക്ക്. അതിൽ കാൽഭാഗത്തോളം ഓഫ്‌റോഡ് ആണ്, അസമയത്ത്‌ പെയ്ത മഴയിൽ റോഡ് ശരിക്കും 'ഓഫ്' ആയിരുന്നു.

'റിഫ്റ്റ് വാലി

masai-mara5

പോകുന്ന വഴിയിൽ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ 'റിഫ്റ്റ് വാലി' കൂടി സന്ദർശിച്ചു. ആറായിരത്തിലധികം  കിലോമീറ്ററിൽ പരന്നു കിടക്കുന്ന, ഒരു പാട് മലകളും അഗ്നിപർവതങ്ങളും അടങ്ങിയ ഒരു നിഗൂഢ താഴ്‌വര. മില്യൻ വർഷങ്ങൾക്കു മുമ്പ് മൂന്നു ഭൂപാളികൾ കൂട്ടിയിടിച്ചു രൂപം കൊണ്ടത് എന്ന് അനുമാനിക്കുന്ന ഈ താഴ്‌വര ജോർദാൻ, ഇസ്രയേൽ, മൊസാംബിക്, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിലൂടെ പരന്നു കിടക്കുന്ന ഒരു പ്രതിഭാസം ആണ്.

മസായ്‌ മാരയിലെ വർണക്കാഴ്ചകൾ

ഓഫ് റോഡിൽ കുലുങ്ങി കുലുങ്ങി വൈകുന്നേരം നാലു മണിയോടെ മസായി മാരയുടെ മെയിൻ കവാടത്തിലെത്തി.  നടപടിക്രമങ്ങൾ പൂർത്തിയാക്കി കാട്ടിനുള്ളിലേക്ക് വാഹനം പ്രവേശിച്ചു. ഒാരോ കാഴ്ചയും ഇമ ചിമ്മാതെ നോക്കിയിരുന്നു. വാനോളം ഉയരത്തിലുള്ള ജിറാഫുകളായിരുന്നു കാട്ടിലേക്ക് ഞങ്ങളെ സ്വാഗതം ചെയ്തത്. കുറച്ചു കൂടി മുന്നോട്ടു പോയപ്പോഴാണ് സുന്ദരിക്കൂട്ടങ്ങളായി വരുന്ന വരയൻ കുതിരകളെ കണ്ടത്. എന്തൊരു ഭംഗിയാണ്. ചിത്രങ്ങളിലേക്കാൾ ഏറെ സുന്ദരിയാണ്. പിന്നെയങ്ങോട്ട് കണ്ണും മനസ്സും നിറഞ്ഞ ഒരുപാട് വർണക്കാഴ്ചകൾ ആയിരുന്നു!!! 1500 ചതുരശ്ര കിലോമീറ്ററിലധികം പരന്നു കിടക്കുന്നതാണ് മസായ്‌ മാര നാഷനൽ റിസർവ്.  മാരയുടെ ഹൃദയത്തിലൂടെയുള്ള കന്നി യാത്രയിൽ രണ്ടു മണിക്കൂറോളം എടുത്തു  ഹോട്ടലിൽ എത്താൻ.

masai-mara10

പ്രകൃതിയെ തൊട്ടറിഞ്ഞുള്ള ആ യാത്ര നവ്യാനുഭൂതി പകരുന്നതായിരുന്നു. പച്ചപ്പിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാവുന്ന  വിശാലമായ പുൽമൈതാനിയിൽ  നീലാകാശത്തിന് വട്ടപ്പൊട്ടു പോലെ, ഏകദേശം എല്ലാ സമയത്തും കാണുന്ന ചന്ദ്രൻ,  അങ്ങിങ്ങായി മേഘങ്ങൾക്കിടയിലൂടെ നുഴഞ്ഞിറങ്ങി സ്പോട്ട് ലൈറ്റ് ദൃശ്യവിരുന്നൊരുക്കി സൂര്യൻ, കണ്ണെത്താദൂരത്തിൽ പരന്നു പച്ച വിരിച്ച് കിടക്കുന്ന ഭൂമിക്ക് നീലക്കുട പിടിച്ച പോലെ  നീലാകാശം, രണ്ടിനും ഇടയിൽ കൈയെത്തും ദൂരത്ത്‌  പഞ്ഞിക്കെട്ടുകൾ പോലെ മേഘപാളികൾ. പ്രകൃതി എന്തു മനോഹരിയാണ്. ഒരു അത്യപൂർവ അനുഭവം തന്നെ ആയിരുന്നു. മസായ്‌ മാരയിലെ ഒരു സ്ഥിരം കാഴ്ച കൂടിയാണ് ഈ പച്ചയുടെയും നീലയുടെയും ഇടയിലെ 'പഞ്ഞിക്കെട്ടുകൾ'!

masai-mara11

പുലി, ആന, ബഫലോ, ജിറാഫ്, സീബ്ര, വാട്ടർ ബക്ക്, ടോപ്പി, പലതരത്തിലുള്ള ഗസില്ലകൾ, സിംഹവാലൻ കുരങ്ങ്, കാട്ടുകുറുക്കൻ, പിന്നെ പല രൂപത്തിലും വർണത്തിലുമുള്ള അഴകുള്ള പക്ഷികൾ, അങ്ങിനെ കുറേ കാഴ്ചകൾ സമ്മാനിച്ച യാത്രയായിരുന്നു. കാഴ്ചകൾ കണ്ട് റിസോർട്ടിൽ എത്തി. പ്രകൃതിയെ ഒരു നുള്ളു പോലും വേദനിപ്പിക്കാതെ, കൂടുതലും മരത്തടി കൊണ്ടുള്ള തൂണിൽ നിർത്തിക്കൊണ്ട്, മലയുടെ ചെരിവും വടിവും ചെടിയും കാടുമൊക്കെ അത് പോലെ നിലനിർത്തിക്കൊണ്ട്, 'ടെന്റ്' പോലുള്ള മുറികളാണ് റിസോർട്ടിൽ. മാരയിൽ ഉള്ള എല്ലാ റിസോർട്ടും അതുപോലെ തന്നെയാണ്. പ്രകൃതിയുടെ തനിമ നിലനിർത്തിക്കൊണ്ടും സംരക്ഷിച്ചു കൊണ്ടുമുള്ള അത്യാഡംബര പ്രൗഢിയിലുള്ള റിസോർട്ടുകൾ നിരവധിയുണ്ട്. 

masai-mara3

'കാട്' എന്ന് കേൾക്കുമ്പോൾ

നാട്ടിൽ മസിനഗുഡി, ചിന്നാർ, പറമ്പിക്കുളം, മുതുമല, ബന്ദിപ്പൂർ, സത്യമംഗലം തുടങ്ങിയ കാടുകളിലും റിസർവുകളിലും മുന്നേ സഞ്ചരിച്ചിട്ടുണ്ടെങ്കിലും, 'കാട്' എന്ന് കേൾക്കുമ്പോൾ മനസ്സിൽ ഇതുവരെ വന്നുകൊണ്ടിരുന്ന ചിത്രം ഇപ്പോൾ ആകെ മാറിയിരിക്കുന്നു. മരങ്ങൾ തിങ്ങിക്കൂടിയുള്ള മഴക്കാടുകൾ ഇവിടെയില്ല. വിശാലമായ മസായുടെ വിരിമാറിൽ അങ്ങിങ്ങായി ചെറിയ ദ്വീപുകൾ പോലെ മാത്രം ആണ് കുറച്ചെങ്കിലും കൂട്ടുകുടുംബമായി മരങ്ങൾ ഉള്ളത്, ബാക്കി മുഴുവൻ ഒറ്റയോ ജോഡിയോ ആയ  വൃക്ഷങ്ങളുള്ള കുറ്റിക്കാടുകളാണ്.

'ദ് ബിഗ് ഫൈവ്'

masai-mara4

തീരുമാനിച്ച പ്രകാരം അടുത്ത ദിവസം രാവിലെ  ഗെയിം ഡ്രൈവിനു പുറപ്പെട്ടു. 'ദ് ബിഗ് ഫൈവ്' നെ കാണുവാനുള്ള യാത്രയായിരുന്നു. സിംഹം, പുലി, കണ്ടാമൃഗം, കാട്ടുപോത്ത് , ആന - ഇവരാണ് 'ദ് ബിഗ് ഫൈവ്'. മനസ്സിനെ ഏറെ സന്തോഷിപ്പിച്ച രസകരമായ യാത്രയായിരുന്നു. വൈകിട്ട് ഏഴു വരെയാണ് ഗെയിം ഡ്രൈവിന് അനുമതി. സൂര്യാസ്തമയത്തോടെ ഹോട്ടലിൽ തിരിച്ചെത്തി. കുന്നിൻ ചെരുവിലെ ഹോട്ടലിൽനിന്നു  കെനിയൻ മസാലച്ചായ  നുണഞ്ഞു.  ആകാശക്കാഴ്ച വിസ്മയിപ്പിക്കുന്നതായിരുന്നു. ചുവന്നു തുടുത്ത സൂര്യൻ അസ്തമയ ചക്രവാളത്തിലേക്ക് അലിഞ്ഞു ചേരുന്ന ആ കാഴ്ച, അവർണനീയം തന്നെ.

masai-mara9

' ദ് പ്രൈഡ് ലയൺസ്‌'

 സിംഹരാജനെ  കാണാനുള്ള മോഹം എല്ലാവർക്കുമുണ്ടായിരുന്നു. പ്രൈഡ് ലയൺസിനെ' കാണിക്കാൻ ശ്രമിക്കാം എന്നു ഗിഡിയൻ ഗൈഡ് ഉറപ്പു നൽകി. വലിയ കൂട്ടമായി സിംഹങ്ങൾ സംഗമിക്കുന്നതിനെയാണ് 'പ്രൈഡ് ലയൺസ്‌' എന്നു വിശേഷിപ്പിക്കുന്നത്. ഇരുപതോ മുപ്പതോ വരെ അംഗങ്ങൾ ഉണ്ടാവാറുണ്ടത്രേ അവരുടെ ഈ കുടുംബ സംഗമത്തിന്! ഉള്ളിൽ നേരിയ ഭയം തോന്നിയെങ്കിലും ധൈര്യം മുറുകെ പിടിച്ചു.  പ്രൈഡ് ലയൺസിനെ അന്വേഷിച്ചു നടന്ന് അവസാനം ആറു സിംഹങ്ങൾ ഉള്ള ചെറിയ പ്രൈഡ് മാത്രം കണ്ടു തൃപ്തിപ്പെടേണ്ടി വന്നു. 

masai-mara6

എല്ലാ വർഷവും ജൂലൈ മുതൽ ഒക്ടോബർ വരെ ടാൻസാനിയ (സരംഗറ്റി) വനാന്തരങ്ങളിൽ നിന്നും ഒട്ടു മിക്ക മൃഗങ്ങളും പച്ചപ്പ് തേടി മസായ്‌ മാരയിലേക്ക് കൂട്ടമായി പാലായനം ചെയ്യും. ചിത്രശലഭങ്ങൾ തുടങ്ങി സിംഹങ്ങൾ വരെ നൂറിൽപരം ഇനങ്ങളിൽ പെട്ട ഒന്നര ദശലക്ഷത്തോളം ജീവികളുടെ ഒരുമിച്ചുള്ള യാത്രയാണ് - 'ദ് ഗ്രെയ്റ്റ് മൈഗ്രേഷൻ'!  അതിൽ ഒരു ദശലക്ഷത്തോളം വൈൽഡ് ബീസ്റ്റുകളും ആയിരക്കണക്കിനെണ്ണം സീബ്രകളും ആയിരിക്കുമത്രേ.  തിരിച്ചുള്ള യാത്ര കാടിനകത്തുകൂടിയുള്ള എയർ സ്ട്രിപ്പിൽനിന്ന് 35 സീറ്റുള്ള ചെറിയ വിമാനത്തിലായിരുന്നു. കാടിനും കാഴ്ചകൾക്കും മടക്കയാത്ര പറഞ്ഞു പിറ്റേന്നു രാവിലെ തന്നെ എയർസ്ട്രിപ്പിലേക്ക് യാത്ര തിരിച്ചു. തുറന്ന വാഹനത്തിൽ ശീതക്കാറ്റിന്റെ മൃദുതലോടലിൽ, കണ്ണെത്താ ദൂരത്ത്‌ കണ്ണും നട്ടുള്ള യാത്ര.  

masai-mara13

എയർസ്ട്രിപ്പിൽ  ഒരു തരി കോൺക്രീറ്റ്  കാണാൻ പറ്റില്ല, റൺവേ പോലും ഓഫ് റോഡ് ആണ് !. മണ്ണ് കൊണ്ടു മാത്രം. പ്രകൃതിയെ ശ്രദ്ധയോടെ പരിപാലിച്ചുകൊണ്ടു തന്നെയാണ് അവർ ടൂറിസം നടത്തിക്കൊണ്ട് പോകുന്നത്. വളരെ താഴ്ന്നു പറക്കുന്ന ആ ചെറുവിമാനത്തിൽ  കാട്ടിലെ കാഴ്ചകള്‍  മനസ്സിൽ നെയ്തുകൊണ്ട്, അനുഭവങ്ങളുടെ പറുദീസയായ മസായ് മാരയിൽ ഒരിക്കൽ കൂടി വരുമെന്ന് ഉറപ്പിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS CORNER
SHOW MORE
FROM ONMANORAMA