പതിനാറാം വയസ്സിൽ എവറസ്റ്റ് കീഴടക്കിയ താരത്തിന് ആവേശമായി ഹൃതിക് റോഷൻ

everest-new
SHARE

പർവ്വതങ്ങളോടാണ് അർജുൻ വാജ്‌പേയ് എന്ന ഈ ചെറുപ്പക്കാരന് പ്രണയം. അതുകൊണ്ടു തന്നെ ഓരോ തവണയും ഉയരങ്ങൾ അർജുന് മുന്നിൽ തല കുനിച്ചു. ലോകത്തിലെ ഉയരമേറിയ അഞ്ചുകൊടുമുടികൾ, അവ ഇന്ന് അർജുൻ വാജ്‌പേയ് എന്ന ഈ ഇന്ത്യക്കാരന് മുമ്പിൽ കീഴടങ്ങി കഴിഞ്ഞു. ഇനിയുള്ളത് ഒമ്പതെണ്ണം മാത്രം.. അത്രമേൽ അഭിനിവേശത്തോടെ അർജുൻ ആ കൊടുമുടികളുടെ ഉയരത്തെ സ്‌നേഹിക്കുമ്പോൾ അവയും അര്‍ജുന് മുന്നിൽ അനായാസം പരാജയം സമ്മതിക്കുമായിരിക്കും.. ഓരോ ഇന്ത്യക്കാരന്റെയും പ്രാർത്ഥനയും പ്രതീക്ഷയും അതുതന്നെയാണ്.

everest2

പതിനാറാമത്തെ വയസിലാണ് അർജുൻ ലോകത്തിലെ ഏറ്റവും ഉയരമുള്ള എവറസ്റ്റ് കൊടുമുടി കീഴടക്കുന്നത്. അർജുന്റെ  സ്വപ്നങ്ങളിൽ എന്നുമുണ്ടായിരുന്നത് ലോകത്തിലെ  ഏറ്റവുമുയർന്ന മലനിരകൾക്ക് മുകളിൽ നിന്ന് ഭൂമിയെ കാണുക എന്നതാണ്. ആ സ്വപ്നത്തിന്റെ നേട്ടങ്ങൾക്കായി അർജുൻ  പരിശ്രമിച്ചു. എണ്ണായിരത്തിലധികം മീറ്റർ ഉയരമുള്ള ഗിരിനിരകളെ കീഴടക്കി. ഒന്നല്ല..രണ്ടല്ല..മൂന്നല്ല  അഞ്ചു തവണ. മരണത്തെ മുഖാമുഖം കണ്ട നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടും ആ  പോരാളിക്ക് തളർച്ചയുണ്ടായില്ല. ഏറ്റവും കുറഞ്ഞ പ്രായത്തിൽ എവറസ്റ്റും  ലോട്‌സേയും മണാസ്‌ലുവും മക്കാലുവും ചോ ഒയോയും ആ ധീരനു  മുന്നിൽ തലകുനിച്ചു നിന്നു. ഇനി ലക്ഷ്യം ഇന്ത്യയിലെ ഏറ്റവുമുയരമുള്ള കാഞ്ചൻ ജംഗ മലനിരകളാണ്. ആ ഉയരം അർജുന് മുമ്പിൽ കീഴടങ്ങിയോ എന്നറിയാൻ മെയ് വരെ കാത്തിരിക്കണം.

 ആ വലിയ ഉദ്യമത്തിനു നിരവധിപേരാണ് ആശംസകൾ നേരുന്നത്.   ഇൻസ്റ്റഗ്രാമിലൂടെ ഹൃതിക് റോഷൻ നൽകിയ ആശംസയും അതിലേറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു,  അതിപ്രകാരമായിരുന്നു. '' അർജുൻ, നിങ്ങളുടെ ധൈര്യം, ദൃഢനിശ്ചയം, അശ്രാന്തപരിശ്രമം ഇവയെല്ലാം ഓരോ വ്യക്തികൾക്കും പ്രചോദനമാണ്. ഈ ധീരനായ യുവാവിനു നമുക്ക് വിജയം മാത്രം ആശംസിക്കാം.. കാഞ്ചൻ ജംഗയാണ് ഇനി ആ നായകന്റെ സാഹസികയാത്രയുടെ ലക്ഷ്യം.  അദ്ദേഹത്തിന്റെ ആത്മാർപ്പണവും അഭിനിവേശവും എന്നെ വളരെയധികം പ്രചോദിപ്പിക്കുന്നു. ഈ ഉദ്യമം പൂർത്തിയാക്കിയതിനു ശേഷവും ഇനിയും ഇതുപോലെയുള്ള നിരവധി സാഹസികയാത്രകൾ അദ്ദേഹത്തിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നൂ. ‘അർജുൻ വാജ്‌പേയ്’, സാഹസത്തിനു മുതിരുന്നവന്റെ നാമം എന്നും ഉയർന്നുകേൾക്കും''. എന്നായിരുന്നു  ഹൃതിക് റോഷന്റെ വാക്കുകൾ, കൂടെ അർജുന്റെ ഒരു വിഡിയോയും അതിനൊപ്പം ബോളിവുഡിന്റെ പ്രിയനായകൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.

everest4

ചെറുപ്പത്തിൽ തന്നെ ട്രെക്കിങ്ങിനോട് ഏറെ പ്രിയമുള്ള അർജുൻ, ഉത്തരാഖണ്ഡിലെ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങിൽ നിന്നാണ് പർവതാരോഹണത്തിന്റെ പാഠങ്ങൾ അഭ്യസിക്കുന്നത്. നോയിഡ സ്വദേശിയായ ക്യാപ്റ്റൻ സഞ്ജീവ് വാജ്‌പേയിയുടെയും പ്രിയ വാജ്‌പേയിയുടെയും പുത്രനാണ്. എണ്ണായിരം മീറ്റർ ഉയരമുള്ള പതിനാലു കൊടുമുടികളാണ് ലോകത്തുള്ളത്. ആ പതിനാലെണ്ണവും കീഴടക്കുക എന്നതാണ് അഞ്ചുകൊടുമുടികൾ കീഴടക്കിയ ഈ ഭാരതീയന്റെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവും. ഇനി വരുന്ന നാളുകൾ അർജുന്റെ വിജയത്തിന്റേതാകട്ടെ എന്ന് ഏതൊരു ഭാരതീയനെയും പോലെ നമുക്കും ആശംസിക്കാം  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS CORNER
SHOW MORE
FROM ONMANORAMA