കാട്ടിലൂടെ യാത്രയും താമസം വന്യമ‍ൃഗങ്ങൾക്കൊപ്പം

parambikulam_tiger_reserve_palakkad
SHARE

കേരളത്തിൽ വന്യജീവികളെ കാണാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വനമേഖല എന്ന തിരിച്ചറിവിലാണ് പറമ്പിക്കുളത്തേക്കുള്ള യാത്ര പ്ലാൻ ചെയ്തത്. പുള്ളിമാനും കാട്ടുപോത്തും കരിങ്കുരങ്ങും കാട്ടുപന്നിയും കേഴമാനും മലയണ്ണാനും മയിലും മുതലയും കാട്ടുകോഴിയുമൊക്കെയായി പറമ്പിക്കുളം ഞങ്ങളുടെ പ്രതീക്ഷ തെറ്റിച്ചില്ല! പെരുവാരി ദ്വീപിലെ സ്വപ്നസമാനമായ താമസം കൂടിയായപ്പോൾ അത് ജീവിതത്തിലെ സ്വപ്നയാത്രയായി. പശ്ചിമഘട്ടത്തിന്റെ തെക്കേ ചെരിവിൽ നെല്ലിയാമ്പതി-ആനമല ഭൂവിഭാഗത്തിനിടയിലാണ് പറമ്പിക്കുളം. 2009ൽ ടൈഗർ റിസർവ് ആയി പ്രഖ്യാപിക്കപ്പെട്ട ഈ വനമേഖലയ്ക്ക് 643.66 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഇലപൊഴിയും വനങ്ങളും നിത്യഹരിത വനമേഖലയും ചോലവനങ്ങളും ഒരുമിച്ച ജൈവ വൈവിധ്യത്തിന്റെ കലവറയാണ് പറമ്പിക്കുളം ടൈഗർ റിസർവ്.

peruvari-island

ഞങ്ങൾ അഞ്ച് സുഹൃത്തുക്കൾ (ഹംസ കടവണ്ടി, മുഹ്സിൻ കോട്ടൂർ, ഷാഹുൽ ഹമീദ് എം.ടി, സഹീർ അഹമ്മദ് പിന്നെ ഞാനും) കോട്ടക്കലിൽനിന്നു യാത്ര തിരിക്കുമ്പോൾ സമയം രാവിലെ എട്ട്. കോട്ടക്കൽ -പാലക്കാട് -ഗോപാലപുരം- സേത്തുമട- ടോപ് സ്ലിപ്-പറമ്പിക്കുളം, ഇതായിരുന്നു യാത്രാപഥം. സേത്തുമട പിന്നിട്ട് ആനമല ടൈഗർ റിസർവിന്റെ കവാടത്തിൽ എത്തുമ്പോൾ സമയം 12 മണി. അവിടെ വാഹനം നിർത്തി ടൈഗർ റിസർവിൽ കയറാനുള്ള ടിക്കറ്റെടുത്തു. വാഹനം ഉൾപ്പടെ അഞ്ചു പേർക്ക് 400 രൂപയായി. വാഹന പരിശോധനയ്ക്കുശേഷം യാത്ര തുടർന്നു. അവിടെനിന്ന് ഏതാണ്ട് പത്തു കിലോമീറ്റർ ദൂരമുണ്ട് ടോപ്സ്ലിപ്പിലേക്ക്. വേനലിന്റെ കാഠിന്യം അറിയിച്ചുകൊണ്ട് കാടാകെ വരണ്ട് കിടക്കുന്നു. ടാറിളകി നാശമായ കാനനപാതയിൽ  വളവുകളുള്ള കയറ്റം കൂടിയായതോടെ ഡ്രൈവിങ് തീർത്തും ദുഷ്കരമായിരുന്നു. ടോപ്പ്സ്ലിപ്പ് എത്തിയപ്പോൾ അവിടുത്തെ ചെക്ക്പോസ്റ്റിലും വിവരങ്ങൾ നൽകി ഒപ്പിടേണ്ടതുണ്ടായിരുന്നു. ശേഷം യാത്ര തുടർന്നു.

ആനപ്പാടി

peruvari-island4

ടോപ്പ്സ്ലിപ്പിൽനിന്നു നാല് കിലോമീറ്റർ നിബിഡ വനത്തിലൂടെ സഞ്ചരിച്ചാൽ ആനപ്പാടിയിലെത്താം. ഇവിടെയാണ് പറമ്പിക്കുളം ടൈഗർ റിസർവിന്റെ കവാടവും ഇൻഫർമേഷൻ സെന്ററും. ഇൻഫർമേഷൻ സെന്ററിൽ എത്തി നേരത്തെ ബുക്ക് ചെയ്ത റസീറ്റ് (receipt) കാണിച്ചപ്പോൾ ഞങ്ങൾക്ക് ഒരു ഗൈഡിനെ അനുവദിച്ചു. ആദിവാസി വിഭാഗത്തിൽപ്പെട്ട ശിവകുമാർ ചേട്ടനായിരുന്നു ഞങ്ങളുടെ വഴികാട്ടി. ആനപ്പാടിയിലെ കാന്റീനിൽനിന്ന് ഉച്ചഭക്ഷണം കഴിച്ച് ഇറങ്ങുമ്പോൾ റോഡരികിൽ പുള്ളിമാൻ! യാത്രയിലെ ആദ്യ വന്യജീവി ദർശനം. അത് നോക്കി നിൽക്കെ രണ്ട് പന്നിക്കുട്ടന്മാർ പരസ്പരം പോരടിച്ചുകൊണ്ട് ഞങ്ങളെ കടന്നുപോയി! കുറച്ചപ്പുറത്ത് മയിൽൽക്കൂട്ടം, മരത്തിനു മുകളിൽ മലയണ്ണാൻ... ആദ്യദർശനത്തിലേ പറമ്പിക്കുളം ഞങ്ങളെ അളവറ്റ് അനുഗ്രഹിക്കുകയായിരുന്നു. കുറച്ചുനേരം ആ കാഴ്ചകളിൽ മുഴുകിയ ശേഷം ശിവകുമാർ ചേട്ടനെയു കൂട്ടി ഞങ്ങൾ യാത്ര തുടർന്നു.

Parambikulam10

തൂണക്കടവ്

peruvari-island7

ഇല പൊഴിച്ച തേക്ക് മരങ്ങൾക്കിടയിലൂടെയാണ് ഞങ്ങൾ തൂണക്കടവ് ഡാമിലേക്ക് നീങ്ങിയത്. റിസർവോയറിന്റെ ഭാഗമായ ജലാശയത്തിൽ ആദിവാസികൾ മീൻ പിടിക്കുന്നു. ഗോത്രവിഭാഗത്തിൽ പെട്ടതും അല്ലാത്തതുമായ നാനൂറോളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. ജലാശയത്തിന്റെ ഓരം ചേർന്നുള്ള റോഡിലൂടെ മുന്നോട്ടുപോകുമ്പോൾ ശിവകുമാർ ചേട്ടൻ വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. അദ്ദേഹം വെള്ളത്തിലേക്ക് ചൂണ്ടിക്കാട്ടി. പൊങ്ങിക്കിടക്കുന്ന ഒരു പാറ... അല്ല, സൂക്ഷിച്ചുനോക്കിയപ്പോൾ മനസ്സിലായി മുതലയാണത് ! 

peruvari-island11

പറമ്പിക്കുളം ആളിയാർ പ്രോജക്ടിന്റെ ഭാഗമാണ് തൂണക്കടവ് ഡാം. പറമ്പിക്കുളം നദിയുടെ കൈവഴിയായ തൂണക്കടവ് പുഴയിലാണിത്. ഇവിടെ ഒരു ഫോറസ്റ്റ് റെസ്റ്റ് ഹൗസും ട്രീ ഹട്ടും വയർലെസ് സ്റ്റേഷനുമൊക്കെയുണ്ട്. ഞങ്ങൾ ഡാമിനരികിലും ജലാശയത്തിന്റെ ഓരത്തുമായി ഏറെ നേരം ചെലവഴിച്ചു. അവിടത്തെ പ്രകൃതി ഭംഗി മനം കവരുന്നതായിരുന്നു.

peruvari-island5

കന്നിമരതേക്ക്

peruvari-island2

460 വർഷത്തിലധികം പ്രായമുള്ള തേക്ക് മരത്തിനടുത്തേക്കായിരുന്നു അടുത്ത യാത്ര! കന്നിമര തേക്ക് എന്നറിയപ്പെടുന്ന ഈ മര മുത്തശ്ശിക്ക് 50 മീറ്ററോളം ഉയരവും 6.5 മീറ്ററിലധികം ചുറ്റളവുമുണ്ട്! കന്നിമരതേക്ക് എന്ന പേര് വീഴാൻ കാരണമായ ഒരു കഥ ആദിവാസികൾക്കിടയിലുണ്ട്. വർഷങ്ങൾക്കു മുമ്പ് ഈ തേക്കു മരം വെട്ടാൻ ശ്രമിച്ചപ്പോൾ മഴുവേറ്റ മുറിവിൽ നിന്നു രക്തമൊഴുകിയത്രെ! അതു കണ്ട മരംവെട്ടുകാർ ഭയന്നു പിന്മാറി. അന്നുമുതൽ ആ മരത്തെ കന്നി മരം (Virgin Tree) ആയി കണ്ട് ഇവിടുത്തെ ഗോത്രവർഗ്ഗക്കാർ ആരാധിച്ചു വരുന്നു. ഭാരതസർക്കാർ മരമുത്തശ്ശിക്ക് മഹാവൃക്ഷ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.

peruvari-island10

തൂണക്കടവ് ഡാമിൽനിന്ന് ആറു കിലോമീറ്ററാണ് കന്നിമരതേക്കിനടുത്തേക്കുള്ള ദൂരം. ടാറിടാതെ, മെറ്റൽ ഇളകി കിടക്കുന്ന വഴിയിലൂടെ വാഹനം കൊണ്ടുപോവുക ദുഷ്കരമായതിനാൽ വളരെ പതുക്കെയായിരുന്നു ഞങ്ങളുടെ യാത്ര. അതൊരു തരത്തിൽ ഗുണമായി, കാടിന്റെ വന്യത ശരിക്കും ആസ്വദിച്ചൊരു യാത്ര! ഒരു മരത്തിൽ നിറയെ കറുത്ത വലിയ ഫലങ്ങൾ  തൂങ്ങിക്കിടക്കുന്നതു കണ്ടു. കറുത്ത പഴം എത്നാണെന്നറിയാൻ കൗതുകം തോന്നി വാഹനം നിർത്തി. ശരിക്കു ഞെട്ടിയെന്നുതന്നെ പറയാം, അത് കരിങ്കുരങ്ങുകളായിരുന്നു! ഇരുപതോളം കുരങ്ങുകൾ അടങ്ങുന്ന കൂട്ടം ഞങ്ങളെ കണ്ടെങ്കിലും മരത്തിൽ അനക്കമറ്റിരുന്നു. മുന്നോട്ടുപോകുന്ന വഴിയിൽ കേഴമാൻ! കാടിന്റെ സൗന്ദര്യം നുകർന്നുള്ള യാത്രയിൽ ഒട്ടും മടുപ്പു തോന്നിയില്ല. കാടിനെ അറിഞ്ഞുള്ള ആ യാത്ര കന്നിമരതേക്കിന് മുന്നിലാണ് അവസാനിച്ചത്. തേക്ക് തോട്ടത്തിലെ രാജ്ഞിയായി വിലസുകയാണീ മരമുത്തശ്ശി! ഞങ്ങൾ അഞ്ചു പേർ ചേർന്ന് വട്ടം പിടിച്ച് നോക്കിയെങ്കിലും മരത്തിന്റെ ചുറ്റളവ് കവർ ചെയ്യാനായില്ല! പത്തു വർഷം മുമ്പ് ഈ മരത്തിന്റെ മാർക്കറ്റ് വാല്യൂ കണക്കാക്കിയത് മൂന്നു കോടി രൂപയായിരുന്നു എന്ന് ഗൈഡ് പറഞ്ഞു. കേട്ടപ്പോൾ അതിശയിച്ചു പോയി.

peruvari-island14

ഡാം വ്യൂ പോയിന്റ്

കന്നിമരതേക്കിനടുത്തുനിന്നു തൂണക്കടവ് ഡാമിനരികിൽ തിരിച്ചെത്തിയ ഞങ്ങൾ പറമ്പിക്കുളം ടൗണിലേക്കു യാത്ര തുടർന്നു. വഴിയരികിൽ പലയിടത്തും മാനുകളും കരിങ്കുരങ്ങുകളും കാട്ടുകോഴിയും മലയണ്ണാനും ഞങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. റോഡരികിൽ ഡാം വ്യൂ പോയിന്റ് എന്ന ബോർഡ് കണ്ട് വാഹനം നിർത്തി പുറത്തിറങ്ങി. ഇവിടെനിന്നു നോക്കിയാൽ വനത്തിനു നടുവിൽ തൂണക്കടവ് ഡാമും റിസർവോയറും കാണാം. വേനൽചൂടിൽ വനത്തിന്റെ കാഴ്ച നരച്ചതായി മാറിയിട്ടുണ്ടെങ്കിലും അതിന്റെ നടുവിൽ തിളങ്ങുന്ന നീല നിറത്തിലുള്ള ഡാം റിസർവോയറിന്റെ കാഴ്ച മനോഹരമായിരുന്നു.

peruvari-island13

വാലി വ്യൂ പോയിന്റ്

ഡാം വ്യൂ പോയിന്റിൽ നിന്ന് അല്പം മുന്നോട്ടു പോയാൽ വാലി വ്യൂ പോയിന്റായി. പറമ്പിക്കുളത്തിന്റെ താഴ്‍‍‍‍‍വാരക്കാഴ്ച സമ്മാനിക്കുകയാണ് ഈ വ്യൂ പോയിൻറ്. നോക്കെത്താദൂരത്തോളം പരന്നുകിടക്കുകയാണ് ടൈഗർ റിസർവിന്റെ ഭാഗമായ വനമേഖല. വരണ്ട ഇലപൊഴിയും വനവും നിത്യഹരിത വനങ്ങളും ചോലക്കാടുകളും എല്ലാമടങ്ങുന്ന പറമ്പിക്കുളത്തിന്റെ വൈവിധ്യം ഇവിടെ നിന്നാൽ തിരിച്ചറിയാം. ടൈഗർ റിസർവിലെ ഏറ്റവും ഉയരം കൂടിയ മലയും ഇവിടെ നിന്നാൽ കാണാം.

പറമ്പിക്കുളം ഡാം

peruvari-island15

പറമ്പിക്കുളം ഡാമിലേക്കായിരുന്നു അടുത്ത യാത്ര. വഴിമധ്യേ റോഡിൽനിന്ന് അൽപം അകലെ കാട്ടുപോത്തിൻകൂട്ടത്തെ കണ്ട് ഞങ്ങൾ വാഹനം നിർത്തി. വണ്ടിയിൽ നിന്നിറങ്ങാൻ അനുവാദമില്ലായിരുന്നു. മുന്നോട്ടു പോകവേ കരിങ്കുരങ്ങുകളും കാട്ടുപന്നികളും മയിലുകളും റോഡരികിൽ ദർശനം തന്നു. പറമ്പിക്കുളം ടൗൺ കഴിഞ്ഞ് അൽപം മുന്നോട്ടുപോയാൽ ഡാം സൈറ്റിലെത്താം. പറമ്പിക്കുളം-ആളിയാർ പ്രോജക്ടിന്റെ ഭാഗമായ ഈ ഡാമിൽനിന്നു തമിഴ്നാട് ജലം തുരങ്കം വഴി ആളിയാറിൽ എത്തിച്ച് കൃഷിക്കും കുടിവെള്ളത്തിനുമായി വിതരണം ചെയ്യുകയാണ്. കേരളത്തിലെ പാലക്കാട് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഡാമിന്റെ പരിചരണവും നടത്തിപ്പും തമിഴ്നാടിനാണ്.

peruvari-island8

നയനഹാരിയാണ് ഡാമും പരിസരവും! വിശാലമായ റിസർവോയറും അതിന് അതിരിടുന്ന നിബിഡ വനവും ആരെയും ആകർഷിക്കും. ഈ റിസർവോയറിലാണ് അറിയപ്പെടുന്ന ഇക്കോ ടൂറിസം ഡെസ്റ്റിനേഷനായ വീട്ടിക്കുന്ന് ഐലൻഡുള്ളത്. ഡാമിൽനിന്നു മടങ്ങും വഴി പറമ്പിക്കുളം ടൗണിൽനിന്നു ഭക്ഷണമുണ്ടാക്കാനുള്ള സാധനങ്ങൾ വാങ്ങി. ടൗണെന്ന് പറയാൻ മാത്രം ഒന്നുമില്ല, കാടിന്റെ നടുക്ക് അഞ്ചാറ് കടകൾ മാത്രമുള്ള ചെറിയ ഒരങ്ങാടി. ഇവിടെ വരുന്ന ടൂറിസ്റ്റുകളെയും കോളനികളിലെ ആദിവാസികളെയും ലക്ഷ്യം വെച്ചുള്ളതാണ് ഈ കടകൾ.

peruvari-island9

പെരുവാരിപള്ളം ഡാം

പറമ്പിക്കുളം-ആളിയാർ പ്രോജക്ടിൽപ്പെട്ട മൂന്നാമത്തെ ഡാമാണിത്. പെരുവാരിപള്ളം നദിയിൽ 1535 മീറ്റർ നീളത്തിൽ അണ കെട്ടിയിരിക്കുന്നു. ഡാമിന്റെ റിസർവോയർ ഒരു ഓപ്പൺ കട്ട് കനാൽ വഴി തൂണക്കടവ് റിസർവോയറിനോട് ബന്ധിപ്പിച്ചിട്ടുണ്ട്. പറമ്പിക്കുളം ടൗണിൽനിന്നു തിരിച്ച് ആനപ്പാടി പോകുംവഴി തൂണക്കടവ് കഴിഞ്ഞു അല്പം മുന്നോട്ടു പോയി ഇടത്തോട്ട് തിരിഞ്ഞാൽ പെരുവാരിപള്ളം ഡാമായി. റിസർവോയറിന്റെ ഓരം ചേർന്നുള്ള റോഡിലൂടെ മുന്നോട്ടു പോയി ഞങ്ങൾ ഡാമിനരികിൽ വണ്ടി നിർത്തി.

മനോഹരമാണീ ഭൂപ്രദേശം. ജലാശയവും പച്ചപ്പുനിറഞ്ഞ പരിസരവും അതിനു മാറ്റ് കൂട്ടാനായി റിസർവോയറിൽ 500 മീറ്റർ മാത്രം ചുറ്റളവുള്ള പെരുവാരിദ്വീപും! സ്വർഗ്ഗത്തിൽ നിന്നടർന്ന് വീണ പോലുള്ള ആ ദ്വീപിലായിരുന്നു ഞങ്ങളുടെ താമസം. മുളംചങ്ങാടത്തിൽ ദ്വീപിലെത്തിയ ഞങ്ങൾ മാനും മയിലും വിഹരിക്കുന്ന ദ്വീപിൽ ഒരു രാത്രി അന്തിയുറങ്ങി!

ടോപ്പ്സ്ലിപ്പ്

അടുത്തദിവസം രാവിലെ പറമ്പിക്കുളത്തോട് വിടപറഞ്ഞ് മടങ്ങും വഴി ടോപ് സ്ലിപ്പിൽ വാഹനം നിർത്തി. ഇവിടെ തമിഴ്നാട് വനം വകുപ്പ് സഫാരിയും ഇക്കോടൂറിസവുമെല്ലാം നടത്തുന്നുണ്ട്. പുലിയും കടുവയുമൊക്കെ സ്റ്റഫ് ചെയ്തു വെച്ചിരിക്കുന്ന ചെറിയ മ്യൂസിയവും സന്ദർശിച്ചു. ആനയുടെ ഭ്രൂണവും കാട്ടുപോത്തിന്റെ തലയോട്ടിയും അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. കുറച്ചുനേരം അവിടെ ചെലവഴിച്ച ശേഷം നിറഞ്ഞ മനസ്സോടെ കാടിറങ്ങി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS CORNER
SHOW MORE
FROM ONMANORAMA