Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സത്യങ്ങൾ ഉറങ്ങിക്കിടക്കുന്ന മണ്ണ്

SAUDI/

ചരിത്രങ്ങളുടെ സുഗന്ധം തങ്ങിനിൽക്കുന്ന നാട്: മക്കാ, മദീന. ആ മണലാരണ്യത്തിന്റെ സുഗന്ധം അനുഭവിച്ചറിയാനുളള ഞങ്ങളുടെ യാത്ര തുടങ്ങിയത് മക്കയിലും അവസാന ദിവസങ്ങൾ ചെലവഴിച്ചത് മദീനയിലും ആയിട്ടായിരുന്നു.

മറുനാട്ടിൽ മുറിഭാഷയുമായി ആവേശം നിറഞ്ഞൊരു യാത്ര. യാത്രയിലുടനീളം ഞങ്ങളെ അനുഗമിക്കുംവിധം നിറസാന്നിധ്യമായിരുന്നു പ്രാവുകൾ. എവിടെനോക്കിയാലും പ്രാവുകൾ കുറുകുറു ശബ്ദമുണ്ടാക്കുന്നു. അവയുടെ ഭാഷ നമുക്ക് മനസ്സിലാകുമായിരുന്നെങ്കിൽ ഏറ്റവും മികച്ച കഥകൾ ആ പ്രാവുകളിലൂടെ നമുക്ക് കേൾക്കാമായിരുന്നു. അത്തരത്തിലാണ് ഒാരോ കൂട്ടം പ്രാവുകളും നമുക്കു ചുറ്റും വട്ടമിട്ട് നമ്മെനോക്കി ശബ്ദമുണ്ടാക്കുന്നത്. നിരത്തിലെവിടെയും അവയ്ക്കുളള തീറ്റയും സജീവമാണ്. വല്ലപ്പോഴുമൊക്കെ ഞങ്ങളും അതിനു തീറ്റ വാങ്ങി കൊടുക്കുമായിരുന്നു. പിന്നീട് അത് ഞങ്ങളുടെ എല്ലാ ദിവസത്തെയും ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കാര്യമായി മാറി. അതെ അതങ്ങനെയാണ്, ചിലയിടങ്ങളിൽ മൗനം ഹൃദയത്തിന്റെ ഭാഷ സംസാരിക്കും.

ചില ആത്മബന്ധങ്ങളാണ് ആ നാട്ടിലേക്കു നമ്മെ ആകൃഷ്ടരാക്കുന്നത്. ചരിത്രങ്ങളുടെ വേരു തേടി ഇറങ്ങുന്നവർക്ക് ആ ആത്മബന്ധത്തിൽ എത്തിച്ചേരാം. അല്ലാതെ വലിയ വലിയ കെട്ടിടസമുച്ചയങ്ങളോ മനുഷ്യമനസ്സിനെ കീഴടക്കുന്ന നിറങ്ങളുടെ മാസ്മരികതയൊന്നും ആ നാടിനുളളതായി എനിക്കു തോന്നിയിട്ടില്ല. നിരവധി മലനിരകളും മലമ‌ുകളിലെ കൊട്ടാരങ്ങളും അതിനു പിന്നിലെ ചരിത്രങ്ങളുമൊക്കെ നമ്മുടെ മനസ്സിനെ എവിടെയൊക്കെയോ കൊണ്ടെത്തിക്കും. അവയൊക്കെ പഴയകാല ചരിത്രങ്ങൾ വിളിച്ചോതുന്നവയാണ്. അവയൊക്കെ ആ നാടിന്റെ മിത്താണ്. ദിവസവും ഈ മലകൾ കയറിയിറങ്ങി യാത്ര ചെയ്തവർ നമുക്കു മുന്നേ ജീവിച്ചു മണ്മറഞ്ഞു പോയവരാണ്. ഒരു ചെറിയ മലകയറിയപ്പോൾതന്നെ ക്ഷീണിച്ച് അവശരായ ഞങ്ങൾ ആ ദിവസം പിന്നെ മലയെ കുറിച്ചു ചിന്തിച്ചതേ ഇല്ല. എല്ലാ മലകളിലും കയറണമെന്ന ഞങ്ങളുടെ പ്രതീക്ഷ അവിടെ അസ്തമിച്ചു. ഞങ്ങളുടെ കുട്ടികളുടെ ആരോഗ്യസ്ഥിതിയും കരച്ചിലുമൊക്കെ ഞങ്ങളെ പിന്നോട്ടു വലിച്ചെന്നു പറയുന്നതാവും ശരി. മല വിഴുങ്ങി കെട്ടിടങ്ങൾ നിരവധിയുണ്ട് അവിടെ. കണ്ടാൽ കെട്ടിടങ്ങൾ മല വിഴുങ്ങുന്നതാണെന്നു തോന്നുംവിധത്തിലാണ് അവയുടെ നിർമാണം. എന്നാൽ മല തുരന്നു വളരെ സമര്‍ഥമായി നിർമിച്ച ആ കെട്ടിടങ്ങൾ ഞങ്ങളെ ഒരൽപം അവിടെ പിടിച്ചുനിർത്തി. വളരെ മനോഹരമായിരുന്നു അവകൾ കാണാൻ.

കാണാനുളള കാഴ്ചകൾ നിരവധിയാണ്. കാണാൻ ഞങ്ങൾക്കുളള സമയം ഇന്നിതാ ഇവിടെ തീരുകയാണ്. പലതും പാതിവഴിയിൽ ഇട്ടിട്ട് വരുന്ന ഞങ്ങള്‍ മനസ്സിൽ ഉറച്ചൊരു തീരുമാനം എടുത്തിരുന്നു. ഒന്നുകൂടെ ആ നാട്ടിലേക്കു മടങ്ങി വരാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.