സ്വർഗ്ഗത്തിലെ കാഴ്ചകള്‍ തേടിയുള്ള യാത്രയ്ക്കായി അതിരാവിലെ ആറുമണിക്കെഴുനേറ്റു കാഴ്ചകൾ കണ്ടും ഫോട്ടോകളെടുത്തും ഉരുളൻ കല്ലുകൾ നിറഞ്ഞ പുഴക്കരയിലൂടെ നടന്നു. ഹോട്ടലിലെ പ്രഭാത ഭക്ഷണത്തിനുശേഷം പഹൽഗാമിലെ കാഴ്ചകളിലേക്കാണ് യാത്ര തിരിച്ചത്. പോകുന്നവഴിയിലാണ് പ്രസിദ്ധമായ അമർനാഥ് യാത്രയുടെ സ്റ്റാർട്ടിങ് പോയിന്റ്. സമുദ്രനിരപ്പിൽ നിന്നും 13000 അടി ഉയരത്തിൽ മഞ്ഞുമലകളാൽ ചുറ്റപ്പെട്ട പ്രസിദ്ധമായ ഹിന്ദു ഗുഹാ ക്ഷേത്രമാണ് അമർനാഥ്. വർഷത്തിൽ ജൂലായ്,ഓഗസ്റ്റ് മാസത്തിലാണ് ഇവിടെ നിന്നും പതിനാറു കിലോമീറ്റർ ദൂരേയുള്ള ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടന യാത്ര നടക്കുന്നത്.

പഹൽഗാമിലെ മനോഹരമായ ഒരനുഭവമായിരുന്നു പോണി റൈഡ് (ചെറിയതരം കുതിരപ്പുറത്തുള്ള യാത്ര). കുന്നും മലയും അരുവികളും കടന്നു ഏഴു സ്ഥലങ്ങളിലെ കാഴ്ചകൾ പേറിയായിരുന്നു യാത്ര.

(കശ്മീർ വാലി, ഡബ്യാൻ, ബൈസറൻ, കാനിമർഗ്, വാട്ടർഫാൽ, പഹൽഗം വാലി പിന്നെ ടുൽയാൻ തടാകം ) ആൾക്ക് രണ്ടായിരം രൂപ നിരക്കിൽ മുൻകൂട്ടി പറഞ്ഞുറപ്പിച്ചപ്രകാരമാണ് യാത്ര ആരംഭിക്കുന്നത്. മിൽഖാ സിംഗ്, ടൈഗർ ഖാൻ, സൽമാൻ ഖാൻ, ഹണി സിംഗ്, ബാസന്തി തുടങ്ങിയ ഒാമനപേരുകളുളള ഞങ്ങളുടെ അഞ്ചു പോണികളും നിയന്ത്രിക്കാൻവേണ്ടി രണ്ടുപേർ മാത്രമായിരുന്നുണ്ടായിരുന്നത്. കൂട്ടത്തിലേറ്റവും അനുസരണക്കേടുള്ള എന്റെ മിൽഖാ സിംഗിനെ നിയന്ത്രിക്കാൻ ഞാൻ പലപ്പോഴും പാടുപെട്ടെങ്കിലും മറ്റു പോണികളെ മുന്നിൽ നിന്നു നയിക്കാൻ മിടുക്കനായിരുന്നു.

ഏകദേശം ആറേഴു കിലോമീറ്ററുള്ള ആ യാത്ര ജീവിതത്തിലെന്നും ഓർമിക്കുന്നൊരാനുഭവം തന്നെയായിരുന്നു. മലഞ്ചെരുവിലൂടെ പോകുമ്പോൾ പലപ്പോഴും പോണിയുടെ പുറത്തുനിന്നും വീഴാതിരിക്കാൻ നന്നായി പരിശ്രമിക്കേണ്ടിവന്നു. പോകുന്ന വഴിയിൽ ഒറ്റയായും കൂട്ടമായും പോണി റൈഡ് ചെയ്തു തിരിച്ചിറങ്ങുന്ന സഞ്ചാരികളിൽ യാദൃശ്ചികമെന്നോണം എന്റെ നാട്ടുകാരായ ചില സുഹൃത്തുക്കളെയും കാണാനിടയായി.

ചെളിയിലൂടെയും ചെങ്കുത്തായ മലഞ്ചെരുവുകളിലൂടെയും ഞങ്ങളെയും കൊണ്ടുപോകുന്ന പോണികളുടെ വൈദഗ്ദ്യം ശരിക്കും അദ്ഭുതപ്പെടുത്തി.

പണ്ടുകാലത്തു രാജാക്കന്മാർ വേട്ടയാടാൻ പോയിരുന്ന സ്ഥലങ്ങളിലൂടെ ഞങ്ങളും പോണിയുടെ പുറത്തേറി സഞ്ചരിച്ചു. മണിക്കൂറുകൾ നീണ്ട യാത്രക്കൊരു ഇടവേളയെന്നോണം ഞങ്ങൾ മിനി സ്വിറ്റ്സർലൻഡ് എന്നു പറയുന്ന സ്ഥലത്തെത്തി. ദൂരെ മഞ്ഞുമലകളാലും പൈന്മരങ്ങളാലും ചുറ്റപ്പെട്ട ഒരു വിശാലമായ പുൽമേടാണിവിടെ. ശരിക്കും നമ്മൾ സ്വിറ്റ്സർലൻഡിൽ എത്തിയ ഒരു പ്രതീതി.

സോർബ്ബിങ് അടക്കം നിരവധി വിനോദങ്ങളും സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. ഏകദേശം ഒരുമണിക്കൂറോളം അവിടെ ചിലവഴിച്ചു മടങ്ങുമ്പോൾ ഞങ്ങളേയും കാത്തു ഞങ്ങളുടെ കുതിരക്കുട്ടികൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
പോണി റൈഡ് കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴേക്കും അടുത്തുള്ള പള്ളിയിൽ നിന്നും ബാങ്കുവിളിക്കുന്നുണ്ടായിരുന്നു. ജുമുഅ നമസ്കാരത്തിനുള്ള സമായമായതുകാരണം ഞാനും സുഹൃത്തു ഷെഫീഖും പള്ളിയിലോട്ടു നടന്നു. നമ്മുടെ നാട്ടിലെ പള്ളികളിൽ നിന്നും വിഭിന്നമായി ചെറുതും തേക്കാത്ത കല്ലുകൾ കൊണ്ടും മരങ്ങൾകൊണ്ടും നിർമിച്ച പള്ളിയായിരുന്നത്. ഞങ്ങൾ എത്തിയപ്പോഴേക്കും പള്ളിക്കുള്ളിൽ ആളുകൾ നിറഞ്ഞതുകാരണം ചുറ്റും സുന്ദരമായ പുല്ലുകൾ വിരിച്ചു മനോഹരമാക്കിയ മുറ്റത്തിരിക്കേണ്ടി വന്നു. അത് നന്നായെന്നു തോന്നാൻ അധികം സമയം വേണ്ടിവന്നില്ല. അത്രക്ക് മനോഹരമായിരുന്നു ഖുതുബ കേട്ടുകൊണ്ടിരിക്കുമ്പോൾ കണ്മുന്നിലേ കാഴ്ചകൾ. മുന്നിലൂടെ ഒഴുകുന്ന പുഴയിലെ വെള്ളത്തിന്റെ കളകള ശബ്ദങ്ങൾക്കൊപ്പം പുഴക്കരക്ക് അപ്പുറമുള്ള മലമുകളിലെ മഞ്ഞുപാളികളും ദൈവമൊരുക്കിയ പ്രകൃതിയിലെ വൈവിധ്യപൂര്‍ണമായ സൃഷ്ടിപ്പുകളെക്കുറിച്ചു എന്നെ ഒരിക്കൽകൂടി ഓർമിപ്പിച്ചു.

കാശ്മീരി വിഭവങ്ങൾ പരീക്ഷിക്കാനെന്നവണ്ണം പള്ളിയിൽ നിന്നിറങ്ങി അടുത്തുള്ള പാരഡേസ് റെസ്റ്ററന്റിലേക്കു നടന്നു. ബസുമതി അരികൊണ്ടു തയാറാക്കിയ ചോറിനു കൂടെ തനതായ കാശ്മീരി മട്ടൻ വിഭവങ്ങളും പരീക്ഷിച്ചു. വെളിച്ചെണ്ണക്കു പകരം കടുകെണ്ണയും അതുപോലെ എരിവുകുറഞ്ഞ കാശ്മീരി മുളകുപൊടിയുമാണ് കറികളിൽ ഉപയോഗിച്ചിരിക്കുന്നത്. ഉച്ചഭക്ഷണത്തിനുശേഷം ചെറിയ ഷോപ്പിംങ്ങിനായി കറങ്ങി. നടക്കുന്നതിനിടയിൽകണ്ട ഒരു ചെറിയ ടീസ്റ്റാളിൽ നിന്നും കാശ്മീരി കാവ(ചായപോലുള്ള പാനീയം) പരീക്ഷിക്കാമെന്നുവെച്ചു. ഗ്രീൻ ടീയും, ഏലക്കയും, ബാദമും, കുങ്കുമപ്പൂവും പിന്നെ തേനുമെല്ലാം ചേർത്ത ഉഗ്രൻ കാശ്മീരി കാവ കുടിക്കുന്നതിനിടയിൽ അതുണ്ടാക്കുന്ന രീതിയും ഞങ്ങൾ ചോദിച്ചുമനസ്സിലാക്കി.

പഹൽഗാമിലെ കാഴ്ചകൾ അവസാനിക്കുന്നില്ല

ബേതാബ് വാലി, ആറു വാലി, ഒവേറ ആറു നാഷണൽ പാർക്ക് തുടങ്ങി ഒരുപാടുകാഴ്ചകൾ പഹൽഗാമിലുണ്ട്.

കണ്ടുതീരാത്ത കാഴ്ചകൾക്കുശേഷം ഹോട്ടൽ റൂം ചെക്ക്ഔട്ട് ചെയ്തു ഞങ്ങൾ ഗുൽമർഗ് ലക്ഷ്യമാക്കിനീങ്ങി. വെള്ളിയാഴ്ചയായതുകാരണം റോഡില്‍ വാഹനങ്ങൾ കുറവായിരുന്നു. കടകളൊക്കെ അടഞ്ഞു ഒരു ഹർത്താൽ പ്രതീതി. ടൂറിസ്റ്റ് സ്ഥലങ്ങളൊഴിച്ച് വെള്ളിയാഴ്ചകളിൽ കാശ്മീരിലെവിടെയും കടകളൊന്നും തുറക്കാറില്ല. പഹൽഗാമിലേക്കുള്ള വഴികളിലൊക്കെയും കടുകു പാടങ്ങളായിരുന്നെങ്കിൽ ഇവിടേക്കുള്ള വഴികളിലത്രയും ആപ്പിൾ തോട്ടങ്ങളാണ്. വെളുത്ത പൂക്കൾ നിറഞ്ഞ ആപ്പിൾ തോട്ടങ്ങൾ പുതിയ കാഴ്ച്ചയായയിരുന്നു. ഏപ്രിൽ മാസത്തിൽ വന്ന കാരണം കാഴ്ചയ്ക്ക് നഷ്ടമായത് കായ്ച്ചുനിൽക്കുന്ന ആപ്പിൾ മരങ്ങളായിരുന്നു. സെപ്റ്റംബർ മാസം കടക്കുമ്പോഴെക്കും ഈ വെള്ളപ്പൂക്കളൊക്കെയും ചുവന്നുതുടുത്ത കാശ്മീരി ആപ്പിളുകളായി മാറിയിട്ടുണ്ടാവും. ആ കാഴ്ച്ച കാണാൻ ഒരിക്കൽ കൂടി കശ്മീരിൽ വരണമെന്നുറപ്പിച്ചു. പകലിനെ നോക്കി പുഞ്ചിരിച്ച സൂര്യനെപ്പോഴോ പോയി മറഞ്ഞിരുന്നു. ചുറ്റും ഇരുട്ട് പടർന്നപ്പോഴേക്കും ഇതുവരെ ഉറങ്ങാത്ത എന്റെ കണ്ണുകള്‍ യാത്രാക്ഷീണത്താൽ അടഞ്ഞുപോയിരുന്നു. പാതിമയക്കത്തിൽ തരപ്പെടുത്തിയ ഹോട്ടൽ മുറിലേക്ക് നടന്നകന്നു.