ഒരു രാത്രി കാടിനുള്ളിൽ താമസിക്കാം

wildtrip5
SHARE

തനിച്ചിരിക്കാന്‍ ആരാണ് മോഹിക്കാത്തത്. കാടിനുള്ളിലെ ഏകാന്തവാസമാണെങ്കില്‍ അതിലും വലിയ ആശ്വാസം വേറെയില്ല. അങ്ങനെ ഒരു യാത്രയായിരുന്നു നെല്ലിയാമ്പതിയിലെ പകുതി പ്പാലത്തിലേക്ക്. അവിടുത്തെ സര്‍ക്കാര്‍ വക റിസോര്‍ട്ടില്‍ കാട്ടിനുള്ളില്‍ ഒരു രാത്രി വാസവും. ഫോറസ്റ്റ് ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്‍ സാറിനെ വിളിച്ചു റൂം ബുക്ക് ചെയ്ത് ഉച്ചതിരിഞ്ഞ് പുറപ്പെട്ടു. ഇരുട്ട് വീഴാന്‍ തുടങ്ങിയതോടെ ചുരം കയറി നെല്ലിയാമ്പതിയിലെ പാടഗിരിയില്‍ എത്തി. കഴിഞ്ഞ യാത്രയില്‍ പരിചയപ്പെട്ട സുകേഷ് ജീപ്പുമായി അവിടെ കാത്തുനില്‍പ്പുണ്ടായിരുന്നു. പിന്നീടുള്ള യാത്ര ജിപ്പിലൂടെയായിരുന്നു. പുകുതിപ്പാലത്തേക്ക്. അധികം അറിയപ്പെടാത്ത ടൂറിസ്റ്റ് കേന്ദ്രം ആയതുകൊണ്ട് ബഹളംവെച്ചു നീങ്ങുന്ന സഞ്ചാരികളോ ചപ്പു ചവറുകള്‍ നിറഞ്ഞ പാതയോ കാണാനില്ല. എങ്ങും കാടിന്‍െറ നിശ്ശബ്ദത മാത്രം.

wildtrip4

 കാട് വല്ലാതെ കനത്തപ്പോള്‍ സുകേഷിന്‍െറ വക മുന്‍കരുതല്‍ നിര്‍ദ്ദേശം. ചിലപ്പോ വഴിയില്‍ ഒറ്റയാനെ കാണാന്‍ സാധ്യതയുണ്ട്. ആള്‍ കുറച്ചു അപകടകാരിയാണ്. അതുകൊണ്ട് ഓരോ വളവും സൂക്ഷിച്ചുവേണം തിരിയാന്‍. ഒടുവില്‍ ആനകള്‍ക്കു പകരം ആനപ്പിണ്ടങ്ങള്‍ മാത്രം കണ്ട് 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ആ ജീപ്പ് യാത്ര കെ.പി.ഒ.സി റിസോര്‍ട്ടിന്‍െറ മുന്നില്‍ എത്തി. അവിടെ ഞങ്ങള്‍ക്ക് സ്വാഗതമരുളിയത്  റിസോര്‍ട്ടിന്‍െറ കാവല്‍ക്കാരനായ മനോഹരന്‍ ചേട്ടനാണ്.

മലയാളം നല്ല രീതിയില്‍ സംസാരിക്കുമെങ്കിലും ജന്മംകൊണ്ട് ശ്രീലങ്കക്കാരനാണ്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലത്ത് ഏകദേശം 25 ഓളം ശ്രീലങ്കന്‍ കുടുംബങ്ങളെ ഇവിടെ കൊണ്ടുവന്നു പാര്‍പ്പിച്ചു. കാപ്പിത്തോട്ടങ്ങളില്‍ തൊഴിലും കൊടുത്തു. ഇന്ന് അവരെല്ലാം കെ.പി.ഡി.സിയുടെ കീഴില്‍ ജോലി ചെയ്യുന്നു. ഇവിടെനിന്ന് 10 കി.മീ നടന്നുവേണം കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍. പോകുന്ന വഴിയില്‍ ആനയും പുലിയും പതിവായതുകൊണ്ട് മനോഹരന്‍െറ മകള്‍ പഠിത്തം നിര്‍ത്തി. ജീവനേക്കാള്‍ വലുതല്ലല്ലോ പഠനം എന്നായിരുന്നു മനോഹരന്‍െറ മറുപടി.

wildtrip2

കാട്ടിലെ കള്ളൻ

രാത്രി ഭക്ഷണത്തിനുശേഷം കിടക്കാന്‍ നേരമായപ്പോള്‍ മനോഹരനും സുകേഷും അവരുടെ വീടുകളിലേക്ക് പോയി. പോകാന്‍ നേരം മനോഹരന്‍ ചേട്ടന്‍െറ വിലപ്പിടിപ്പുള്ള ഒരു ഉപദേശവും കിട്ടി. രാത്രി ആരെങ്കിലും വന്നു വാതിലിലോ ജനലിലോ മുട്ടിയാല്‍ ഒരു കാരണവശാലും തുറക്കരുത്. കാട്ടിലും കള്ളന്മാരോ എന്ന് ആലോചിച്ചപ്പോഴാണ് ബാക്കി പറഞ്ഞത്. ഇവിടെ കരടി ശല്യം കൂടുതലാണ്. രാത്രി അവ വന്ന് വാതിലിലും ജനലിലും ഒക്കെ മുട്ടുമെന്ന്. ഇന്നുവരെയുള്ള ഒരു യാത്രയിലും ആരും പറയാത്ത വാക്കുകളായിരുന്നു അത്.

wildtrip1

എത്ര വലിയ ധൈര്യശാലിയും അല്‍പം പേടിച്ചുപോകുന്ന നിമിഷം. ആ വലിയ കാട്ടിനുള്ളിലെ കുഞ്ഞ് കെട്ടിടത്തിനുള്ളില്‍ തനിച്ചുവേണം അന്തിയുറങ്ങാന്‍. എന്തായാലും ഉള്ള ധൈര്യം സംഭരിച്ച് ലൈറ്റ് ഓഫ് ചെയ്ത് കിടന്നു. രാത്രിയുടെ യാമങ്ങളിലെപ്പോഴോ ശബ്ദം കേട്ട് ഉണര്‍ന്നപ്പോള്‍ സംഭവം മനോഹരന്‍ പറഞ്ഞതു തന്നെയായിരുന്നു. ഏകദേശം പതിനഞ്ചു മിനിറ്റോളം ആ ബഹളം കേട്ടു. വാതില്‍ തുറന്നു കരടിയെ നേരിട്ട് കാണണമെന്ന് മനസ്സറിയാതെ മോഹിച്ചുവെങ്കിലും അപകടത്തെ ഓര്‍ത്ത് അതിനു മുതിരാതെ പുതപ്പില്‍ ചുരുണ്ടുകൂടി.

wildtrip6

കാട്ടിലൂടെയൊരു ജീപ്പ് സവാരി

പിറ്റേന്ന് പുലര്‍ച്ചെ വെളിച്ചം വന്നതിനുശേഷം മാത്രമാണ് വാതില്‍ തുറന്ന് പുറത്തിറങ്ങിയത്. അവിടെനിന്നുള്ള പുലര്‍ക്കാല കാഴ്ച അതുവരെയുള്ള പ്രകൃതി സങ്കല്‍പങ്ങളെ പാടെ ഉടച്ചുകളഞ്ഞു. എങ്ങും മഞ്ഞ് വീഴ്ച മാത്രം. മനസ്സിനുള്ളില്‍ മഞ്ഞുപെയ്തിറങ്ങുന്നു. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു നവോന്മേഷം. ശ്വാസം വലിക്കുമ്പോള്‍ നെഞ്ചിനുള്ളിലേക്ക് തണുപ്പ് ഒഴുകി ഇറങ്ങുന്നു. പുറത്ത് നനഞ്ഞ ഇടങ്ങളില്‍ അട്ടകള്‍ തുള്ളിക്കളിക്കുന്നു. റിസോര്‍ട്ടിന്‍െറ വരാന്തയിലിരുന്നു ഈ കാഴ്ചകളൊക്കെ ആസ്വദിക്കവെ പ്രഭാത ഭക്ഷണവുമായി മനോഹരന്‍ ചേട്ടനത്തെി. ഒപ്പം സുകേഷും. ഭക്ഷണത്തിനുശേഷം ഞങ്ങള്‍ മൂന്നുപേരും കൂടി ജീപ്പില്‍ കാടു കാണാന്‍ ഇറങ്ങി. ആ വലിയ കാട്ടിലെ ചെറിയ  ജീപ്പുവഴികള്‍ വല്ലാതെ കൊതിപ്പിച്ചുകൊണ്ടേയിരുന്നു.

കോടമഞ്ഞിന്‍െറ നേര്‍ത്ത പുക പടലം അന്തരീക്ഷത്തില്‍ അലിഞ്ഞുകിടക്കുന്നു. അതിലൂടെ കുറച്ചുദൂരം പിന്നിട്ടപ്പോള്‍ കാപ്പിതോട്ടങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. വിറങ്ങലടിച്ചുനില്‍ക്കുന്ന കാപ്പി കുരുക്കളില്‍ മഞ്ഞുതുള്ളികള്‍ പറ്റിപ്പിടിച്ചിരിക്കുന്നു. അവക്കിടയിലൂടെ ഒരു മയില്‍ വാഹനം പോലെ. കുണുങ്ങികുണുങ്ങി തിളങ്ങികൊണ്ടിരുന്നു ഞങ്ങളുടെ ജീപ്പ്. മനോഹരന്‍ ചേട്ടന്‍െറ കൂടെ ശ്രീലങ്കയില്‍നിന്നുവന്ന ആള്‍ക്കാരാണ് തൊഴിലാളികള്‍. പുറംലോകവുമായി ഒരു ബന്ധവുമില്ലാത്ത കുറച്ചുപേര്‍, നെല്ലിയാമ്പതിലേക്ക് അപ്പുറം മറ്റൊരു വിശാലമായ ലോകം ഉണ്ടെന്ന് അറിയാത്ത കുറെ ജീവിതങ്ങള്‍. കടല്‍ എന്താണന്നൊ ട്രെയിന്‍ എന്താണെന്നൊ അറിയാത്ത യുവ തലമുറ, സത്യത്തില്‍ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണെന്ന് അറിയാതെ തോന്നിപ്പോയ നിമിഷങ്ങള്‍. എന്തായാലും ആ കാപ്പിതോട്ടങ്ങള്‍ക്കിടയിലൂടെ വഴി ചെന്നുനിന്നത് ഒരു ചെറുജലാശയത്തിനരികിലായിരുന്നു.

wildtrip1

മുകളിലത്തെ നീലാകാശത്തിനും ചുറ്റുമുള്ള വൃക്ഷങ്ങള്‍ക്കും മുഖംനോക്കാന്‍ പ്രകൃതി ഒരുക്കിയ ഒരു വലിയ കണ്ണാടി. അതില്‍ ഇറങ്ങാന്‍ ആദ്യം മനസ്സു തുടിച്ചുവെങ്കിലും പ്രകൃതിയുടെ ആ മനോഹര ദൃശ്യത്തിന്‍െറ പ്രതിബിംബത്തെ കളങ്കപ്പെടുത്താതെ അതിന്‍െറ ദൃശ്യചാരുത ക്യാമറയില്‍ പകര്‍ത്തി. നേരെ വാച്ച് ടവര്‍ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.

wildtrip3

മലനിരകള്‍ പിന്നിട്ട് കയറ്റം കയറി മുകളിലത്തൊറായപ്പോള്‍ ഒരു കൊടുംവളവില്‍ ദാ കിടക്കുന്നു റോഡിനു കുറുകെ കാലങ്ങള്‍ക്ക് മുന്നെ കടപുഴകി വീണ ഒരു വന്‍മരം. ഭാഗ്യത്തിന് അവിടെ കുറച്ചു മണ്ണ് തുരന്നാണ് പാത ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ജീപ്പ് കഷ്ടിച്ച് അതിനിടിയിലൂടെ കടന്നുപോയി. ഒടുവില്‍ ഒരുമണിക്കൂര്‍ ദൈര്‍ഘ്യം എടുത്ത ആ ജംഗിള്‍ സഫാരി മലക്കുമുകളില്‍ വാച്ച് ടവറില്‍ എത്തിനിന്നു. മലകള്‍, പച്ചവിരിച്ച താഴ്‍‍‍‍‍വാരങ്ങള്‍, കാടുകള്‍, പുല്‍പ്രദേശങ്ങള്‍, ജീപ്പുവരുന്ന വഴികള്‍, അങ്ങനെ നിരവധി കാഴ്ചകള്‍. ഒപ്പം പറമ്പികുളം വനമേഖലയും.

വാച്ച് ടവറിന്‍െറ മുകളിലിരിക്കുമ്പോള്‍ എവിടെ നിന്നൊ ചൂളം വിളിച്ചുവരുന്ന തണുത്ത കാറ്റ് വേറെ ഏതോ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. എത്രനേരം ഇരുന്നാലും വീണ്ടും ഇരിക്കാന്‍ കൊതിപ്പിക്കുന്ന പ്രകൃതിസൗന്ദര്യം ,ഒളിപ്പിച്ചുവെച്ചിരുന്ന ആ സൗന്ദര്യത്തെ ആസ്വദിക്കാന്‍ പറ്റിയതിന്‍െറ സന്തോഷത്തില്‍ മടക്കയാത്രക്കൊരുങ്ങി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS CORNER
SHOW MORE
FROM ONMANORAMA