ADVERTISEMENT
2phuket4
ഫുക്കറ്റ് യാത്രയിൽ

വിനോദ സഞ്ചാരികളുടെ പറുദീസ എന്ന് വിശേഷിപ്പിക്കാവുന്ന ഫുക്കറ്റിലേക്ക് സുഹൃത്തുക്കളുമായി ചെറിയ ഒരു യാത്ര പ്ലാൻ ചെയ്തു. യൂറോപ്യൻ പര്യടനം കഴിഞ്ഞ് സൂറിക്കിൽ നിന്ന് ആറര മണിക്കൂർ യാത്ര, രാവിലെ ദുബായിൽ എത്തി. ഇനിയുമെത്രനേരം യാത്ര ചെയ്താലാണ് ഫുക്കറ്റിൽ എത്തുക. മർഹബ ലോഞ്ചിൽ ഞങ്ങളെ കാത്തിരുന്ന അജിത്തും ഷാജീവും ആഘോഷങ്ങൾക്ക് തിരി കൊളുത്തിക്കഴിഞ്ഞിരുന്നു. ഞങ്ങളും ചേർന്നപ്പോൾ ആഘോഷങ്ങൾ ഫ്ലൈറ്റിലും തുടർന്നു. ബാങ്കോക്കിൽ മുൻപ് ഒരു തവണ പോയിട്ടുള്ളതിനാൽ ഫുക്കറ്റിലെ വിസ പരിപാടിയൊക്കെ പെട്ടെന്നു പൂർത്തിയാക്കി പുറത്തിറങ്ങാൻ പറ്റി. ശേഷം ടാക്സി പിടിച്ചു ബുക്കുചെയ്ത റിസോർട്ടിലേക്ക് പോയി. റൂമിലെത്തി ഫ്രഷായി. നടന്നെത്താവുന്ന ദൂരത്തുള്ള പത്തൊങ്ങിലെ (Patong) ബംഗ്ലാ സ്ട്രീറ്റിലേക്ക് തിരിച്ചു. കാഴ്ചകൾ ഗംഭീരം.

1phuket1
ഫുക്കറ്റ് യാത്രയിൽ

പട്ടായയിലെ വാക്കിങ് സ്ട്രീറ്റിന്റെ അത്ര ഇല്ലെങ്കിലും പലവിധ ബാറുകളും സ്ട്രീറ്റ് ഷോകളും സംഗീതവുംകൊണ്ട്  സമൃദ്ധമായിരുന്നു ബംഗ്ലാ സ്ട്രീറ്റ്. കാഴ്ചകൾ ആസ്വദിച്ചു അവിടെ അൽപനേരം ചിലവഴിച്ചു. ഒപ്പമുള്ള സുഹൃത്തിന് ഒരേ നിർബന്ധം ഇഷ്ട ഭഗവാനായ ഗണപതിയെ കയ്യിൽ പച്ച കുത്തണമെന്ന് അതും സാധിച്ചു. ബാക്കിയുള്ളവർ മസ്സാജ് സെന്ററുകളിലും കയറി. എല്ലാവരും ഒരുമിച്ചു എത്തിയ ശേഷം റൂമിലേക്ക്‌ തിരിച്ചു. ടൂർ പാക്കേജ് ഏജന്റിന്റെ നിർദ്ദേശപ്രകാരം പിറ്റേന്ന് രാവിലെ 8 മണിക്ക് വാഹനം ഹോട്ടലിൽ എത്തുമെന്ന് അറിയിച്ചു. പാട്ടും മേളവുമായി ആഘോഷവും രാവേറെ നീണ്ടപ്പോൾ ഉറങ്ങൻ വൈകി. അതുകൊണ്ട് തന്നെ പുലർച്ചെ എഴുന്നേൽക്കാൻ മടിച്ചു. അരമണിക്കൂർ വൈകിയെങ്കിലും കാഴ്ചകൾ ആസ്വദിക്കാൻ തക്ക വിധം വാഹനത്തിന്റ സൈഡ് സീറ്റിൽ സ്ഥാനം ഉറപ്പിച്ചു. ഒരു മണിക്കൂർ കഴിഞ്ഞു ടൂറിന്റെ സ്റ്റാർട്ടിങ് പോയിന്റിൽ എത്തി. Panak Island, JB Island, Panyee Island, Hong Island, Lawa Island എന്നിവ ഉൾപ്പെട്ട 5 - 1 പാക്കേജ് ആണ് എടുത്തിരുന്നത്.

3phuket2

ബോട്ടിൽ സെറ്റ് ചെയ്തിട്ടുണ്ടായിരുന്ന രാവിലത്തെ ഭക്ഷണം കഴിച്ചുകൊണ്ട് യാത്ര ആരംഭിച്ചു. ബോട്ടിന്റെ മുൻവശത്തായിരുന്നു കൂടുതലും ചിലവഴിച്ചത്. പനാഗ് ഐലന്റിനടുത്ത് ബോട്ട് നിർത്തിയ ശേഷം കനോയിയിൽ ബാറ്റ് കേവ് എന്നറിയപ്പെടുന്ന ഗുഹകളുടെ അകത്തേക്ക് തുഴഞ്ഞു. ഗുഹയിലൂടെ പോകുമ്പോൾ കാണുന്ന ലഗൂണുകളെയും മത്സ്യങ്ങളെയും മറ്റും ഗൈഡ് പരിചയപ്പെടുത്തുന്നുണ്ടായിരുന്നു. തിരികെ ബോട്ടിൽ വന്ന ശേഷം മുസ്ലിം മത്സ്യ തൊഴിലാളികളുടെ വില്ലേജിൽ (Panyee) എത്തി. വെള്ളത്തിൽ ഊന്നിയ തടിക്കുറ്റികൾക്ക് മുകളിൽ നിർമിച്ച വീടുകളും കടകളുമൊക്കെ നടപ്പാതയിലൂടെ നടന്നു കണ്ടു. വിവിധയിനം ഭക്ഷ്യ ഉത്പന്നങ്ങളും മറ്റു സാധനങ്ങളും ഇവിടെ കച്ചവടം നടത്തുന്നുണ്ട്. അവിടെ നിന്നും ഹോങ് ഐലൻഡിൽ എത്തി മൻഗ്രോവ് (Mangrove) ഫോറസ്റ്റിലേക്ക് കനോയിയിൽ പുറപ്പെട്ടു. പാറകൾക്കിടയിലൂടെയും മരക്കുറ്റികൾക്കിടയിലൂടെയും തുഴഞ്ഞു മരങ്ങൾ വളർന്നു നിൽക്കുന്ന നല്ല പൊക്കത്തിലുള്ള പാറക്കെട്ടിലെത്തി. ഉപ്പുവെള്ളത്തിൽ വളർന്നു നിൽക്കുന്ന മരങ്ങൾ വെള്ളം വലിച്ചെടുത്തു ഇലകളിലൂടെ ഉപ്പിനെ പുറത്ത് കളയുകയും വെള്ളത്തിനടിയിൽ മീനിനെപ്പോലെ ശ്വസിക്കുകയും ചെയ്യും. അധികം ആഴമില്ലാത്ത അവിടെ കുറച്ചു സമയം ചിലവഴിക്കുകയും പിന്നീട് മറ്റൊരു വഴി തുഴഞ്ഞു ബോട്ടിൽ എത്തുകയും ചെയ്തു. ബോട്ടിലൊരുക്കിയ ഉച്ചഭക്ഷണം കഴിഞ്ഞു The Man with the golden gun എന്ന ജെയിംസ്‌ ബോണ്ട്‌ മൂവി ചിത്രികരിച്ച khao phong kan (ജെബി ഐലന്റ്) എന്ന സ്ഥലത്തെത്തി.

KoTa Pu എന്ന താഴേക്കു മെലിഞ്ഞു വരുന്ന 20 ഓളം മീറ്റർ പൊക്കത്തിലുള്ള പാറ വളരെ മനോഹരമായ ദൃശ്യഭംഗി ഒരുക്കിയിരുന്നു. പച്ച നിറത്തിൽ തെളിവാർന്ന വെള്ളവും ക്ലിഫ് സൈഡും എല്ലാം ആഹ്ലാദ നിമിഷങ്ങൾ സമ്മാനിച്ചു. ശേഷം ലാവാ ഐലൻഡിൽ ബോട്ട് നിർത്തി. ആനന്ദലഹരിയിൽ ആഞ്ഞടിക്കുന്ന തിരമാലയുടെ ഇരമ്പലും സൗന്ദര്യവും ആരും  നോക്കി നിന്നുപോകും. ബീച്ചിൽ കുറച്ചു സമയം ചിലവഴിച്ചശേഷം തിരികെ റിസോർട്ടിൽ എത്തി. വലിഞ്ഞുമുറുകിയ ശരീരത്തെ മയപ്പെടുത്താൻ അവിടുത്തെ മസ്സാജ് സെന്ററിൽ നിന്ന് നല്ല ഒരു ഓയിൽ മസാജും നടത്തി ഉഷാറായി. മടക്കയാത്രയിൽ മനസ്സിൽ വല്ലാതെ വിഷമം തോന്നി. തിരികെപോകാതിരിക്കാൻ പറ്റില്ലല്ലോ, സ്വയം സമാധാനിച്ചു. ഫുക്കറ്റിലെ എയർപോർട്ട് ലോഞ്ചിൽ നിന്നും ഭക്ഷണവും തായ് മസാജും ആസ്വദിച്ചശേഷം നേരേ ദുബായിലേക്ക് യാത്ര.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT