ADVERTISEMENT
840514260

സ്വപ്നസമാനമായ വടക്കുകിഴക്കൻ യാത്ര പരിസമാപ്തിയോടടുക്കുകയാണ്. ഉച്ചസമയത്തും കോടമഞ്ഞുള്ള, കുളിരുന്ന കാലാവസ്ഥയിൽ, പേരിനുപോലും കുഴികളില്ലാത്ത മേഘാലയൻ വീഥികളിലൂടെ, ഞങ്ങൾ അഞ്ചു സുഹൃത്തുക്കളെയും വഹിച്ചുകൊണ്ട്, മൗലിന്നോങ്ങ് എന്ന ഉൾനാടൻ ഗ്രാമം ലക്ഷ്യമാക്കി ഇന്നോവ ചലിച്ചുകൊണ്ടേയിരുന്നു, ചെറുതായി മാത്രമുണ്ടായിരുന്ന കോട ഇടയ്ക്കിടെ യാത്ര തടസ്സപ്പെടുത്തുന്ന രീതിയിൽ കാഴ്ചയെ മറക്കുന്നുണ്ട്. പോങ്ടങ് എന്ന സ്ഥലത്തുനിന്ന് പിന്നീടങ്ങോട്ട് ഒറ്റവരിപ്പാതയാണ് - ഇരുവശങ്ങളിൽനിന്നും മരങ്ങളുടെയും ചെടികളുടെയും ചില്ലകൾ തലകുമ്പിട്ടു നിൽക്കുന്ന മനോഹരമായ നാട്ടുവഴി.

മേഘാ‌ലയയുടെ തലസ്ഥാനമായ ഷില്ലോങില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയായാണ് ഇൗ സുന്ദരമായ ഗ്രാമമുള്ളത്. ഏഷ്യയിലെ ഏറ്റവും വൃത്തി‌യുള്ള ‌ഗ്രാമമായി ഡിസ്‌കവര്‍ മാഗസിന്‍ 2003 തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഈ കൊച്ചുഗ്രാമം മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നത്. തനിയെ വളരുന്ന വേര് പാലങ്ങളും സുന്ദരമായ നിരവധി ചിത്ര ശലഭങ്ങളുമാണ് ‌മൗലിന്നോങ്ങിന്റെ ഏറ്റവും പ്രധാന സവി‌ശേഷത. ആരെയും ആകർഷിക്കുന്ന ഭംഗിയാണ് ഇൗ ഗ്രാമത്തിന്.

Mawlynnong-trip

പോകുംവഴിയാണ് മേഘാലയ എന്ന കൊച്ചു വടക്കുകിഴക്കൻ സുന്ദരി ലോകത്തിനു സമ്മാനിക്കുന്ന ലിവിങ് റൂട്ട് ബ്രിഡ്ജ് എന്ന അദ്ഭുതക്കാഴ്ചകളിലൊന്ന്. ഫികസ് എലാസ്ടിക്ക എന്ന ശാസ്ത്രനാമമുള്ള ഇന്ത്യൻ റബർ മരത്തിന്റെ (നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന റബർ അല്ല) വേരുകൾ മുളംകമ്പുകളുടെയും കവുങ്ങിൻ തടിയുടെയുമെല്ലാം സഹായത്തോടെ, നദിക്കു കുറുകെ വളർത്തി, തമ്മിൽ പിണച്ചുകെട്ടി, കമ്പുകളും കല്ലുകളും മണ്ണുമെല്ലാമിട്ട് സുദൃഢമാക്കി പത്തുപതിനഞ്ച് വർഷക്കാലത്തെ അധ്വാനത്തിലൂടെ ഖാസി ജനത നിർമിച്ചെടുക്കുന്നതാണീ വേരുപാലങ്ങൾ. അത്തരത്തിലൊന്നാണ് ഖാസി ജനതയുടെ പുണ്യനദിയായ തൈല്ലോങ്ങിനു കുറുകെയുള്ള പാലം.

പാലത്തിനടുത്തേക്കെത്താൻ താഴേക്ക് കുറച്ചു നടക്കാനുണ്ട്. മനോഹരമായി കെട്ടിനിർമിച്ച കൽപ്പടവുകൾ ഇറങ്ങുമ്പോൾത്തന്നെ താഴെ അരുവിയുടെ ആരവം കേൾക്കാം. നല്ല ജീവസ്സുറ്റ വേരുകളാൽ നിർമിക്കപ്പെട്ട, പതിനഞ്ചു മീറ്ററോളം നീളവും രണ്ടു മീറ്ററോളം വീതിയുമുള്ള പാലമാണ് താഴെയെത്തിയപ്പോൾ കാണാനായത്. പാലത്തിനടിയിലൂടെ തൈല്ലോങ് നദി ശാന്തമായൊഴുകുന്നു. പാലത്തിന്റെ ആകാരഭംഗിയും ക്ഷമതയുമൊക്കെ ആളാംവീതം പരിശോധിച്ച് അരുവിയിലിറങ്ങി മുഖമൊക്കെ കഴുകി പൂർവാധികം ഉന്മേഷത്തോടെ തിരിച്ചു കയറിയപ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു.

അങ്ങനെ സ്വപ്നഭൂമിയായ മൗലിനോങ്ങിലെത്തുമ്പോൾ സമയം ഏതാണ്ട് എട്ടു മണി. ഗ്രാമത്തിന് ഒത്തനടുവിലായി ഒരു മൈതാനം. വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ നിരനിരയായി കിടക്കുന്നു. ചുറ്റിനും  പല ദിശകളിലേക്കുമായി നല്ല വൃത്തിയുള്ള ഇടവഴികൾ. തടിയിലും മുളയിലും കോൺക്രീറ്റിലുമെല്ലാമായി നിർമിച്ചിരിക്കുന്ന കൊച്ചുകൊച്ചു വീടുകൾ. എല്ലാ വീടുകൾക്കും മുറ്റവും ചെറിയ പൂന്തോട്ടങ്ങളും. ആകെ മൊത്തത്തിൽ നല്ല അടുക്കും ചിട്ടയുമുള്ള ഒരു ഗ്രാമം. നെഹ്‌റോയി എന്ന ചേച്ചിയുടെ വീടാണ് താമസത്തിനായി പറഞ്ഞു വെച്ചിരുന്നത്. നാലു മുറികളുള്ള ഒരു കൊച്ചു വീട്, പുല്ലു നിറഞ്ഞു നിൽക്കുന്ന മുറ്റത്തിന് അതിരുനിൽക്കുന്ന മനോഹരമായ പൂന്തോട്ടം. അത്താഴത്തിനുശേഷം ഏതാണ്ട് ഒരു മണിക്കൂറോളം മുറ്റത്തിരുന്നു പാട്ടും മറ്റു വർത്തമാനങ്ങളുമൊക്കെയായി മൗലിനോങ്ങിലെ രാത്രി ഞങ്ങൾ ആസ്വദിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com