അതിരുകളില്ലാത്ത ലോകത്തേക്ക് ഒരു കപ്പൽ യാത്ര

cruise-main
SHARE

ഒരു കപ്പൽ യാത്രയെക്കുറിച്ചാലോചിച്ച് ചെന്നുകയറിയതു നോർവീജിയൻ ക്രൂസിന്റെ ബഹ്റൈനിലെ ഏജൻസിയിലാണ്. ഷെൻഗെൻ വീസ പാസ്പോർട്ടിലുള്ളതുകൊണ്ട് യാത്രാരേഖകൾ എളുപ്പം ശരിയായി. പതിവുപോലെ ബഹ്‌റൈനിൽനിന്ന് ഇസ്തംബുളിലേക്കും അവിടെനിന്നു കാളപ്പോരുകാരുടെ നാടായ സ്പെയിനിലെ ബാർസിലോനയിലെത്തി.

സ്പെയിൻ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണ്. മനോഹരമായ മെഡിറ്ററേനിയൻ കടൽത്തീരങ്ങളാണ് പ്രധാന ആകർഷണം. സ്വാതന്ത്ര്യമാണ് യൂറോപ്യൻ രാജ്യങ്ങളുടെ മുഖമുദ്ര. ജാതിമതഭേദമന്യെ അടുത്തിടപഴകുന്ന ജനങ്ങൾ, അപരിചിതരെപ്പോലും "ഹോള" ( ഹലോ) എന്ന് പുഞ്ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്യുന്നു. വളരെ തുറന്ന ആൺപെൺ സൗഹൃദങ്ങൾ, നാളെക്കുറിച്ചു കൂടുതൽ ചിന്തിക്കാതെ ഇന്നത്തെ ജീവിതം അവർ ആസ്വദിക്കുന്നു. സ്പെയിനിന്റെ തനതായ സംഗിരിയയും  (വൈൻ) രുചികരമായ പേയ്‌ലയും (അരിയും മീനും ചേർന്ന വിഭവം) സ്വാദിഷ്ട ഭക്ഷണത്തിൽ ഒന്നു മാത്രമാണ്.

3cruise-trip

സ്പെയിൻ ഉത്സവങ്ങളുടെ നാടാണ് ‘La Tomatina’ എന്നറിയപ്പെടുന്ന തക്കാളി ഉത്സവവും കാളപ്പോരും പ്രസിദ്ധമാണ്.  രാത്രിയെ പകലാക്കുന്ന ഡിജെ ക്ലബുകളും ബാർസിലോന സ്റ്റേഡിയവും പടുകൂറ്റൻ പള്ളികളും.  ഒരു വർഷം കൊണ്ടു കണ്ടുതീർകേണ്ട കാഴ്ചകൾ ഒരാഴ്ചകൊണ്ട് കണ്ടു മതിവരാതെ നോർവീജിയൻ ഷിപ്പിലേക്കു ചെക്കിൻ ചെയ്യാനായി ബാർസിലോന തുറമുഖത്തേക്കു തിരിച്ചു.

‘നോർവീജിയൻ എപിക്’-  ഒഴുകുന്ന കൊട്ടാരം, 4500 യാത്രക്കാരും 1700 ജീവനക്കാരുമടങ്ങുന്ന പടുകൂറ്റൻ കപ്പൽ. പത്തിലധികം ഭക്ഷണശാലകളും ഒരുപാടു തിയേറ്ററുകളും വാട്ടർ തീം പാർക്കുകളും സ്വിമ്മിങ്‌പൂളുകളും അൺലിമിറ്റഡ് ഭക്ഷണവും മദ്യവും ഒഴുകുന്ന വിസ്മയ ലോകമൊരുക്കി ഞങ്ങളെ സ്വാഗതം ചെയ്തു. സ്പെയിനിൽനിന്ന് ഇറ്റലിയിലേക്കുപോകുന്ന ആദ്യ യാത്രയിൽ യാദൃച്ഛികമായി കപ്പലിലെ റസ്റ്ററന്റ് മാനേജരായ ഒരു സഹപാഠിയെ കണ്ടുമുട്ടിയതുകൊണ്ട് ആ യാത്ര ഞങ്ങൾ ഒരു ഉത്സവമാക്കി മാറ്റി.

00cruise-trip

രാത്രിയിൽ രൗദ്രഭാവം കൈവരുന്ന മെഡിറ്ററേനിയൻ കടലിലൂടെയുള്ള യാത്ര വിവരണാതീതമായ അനുഭവമാണ്. ഒരു ദിവസത്തെ യാത്രയ്ക്കുശഷം രണ്ടാം ദിവസം രാവിലെ ആറിന് ഇറ്റലിയിലെ നേപ്പിൾസിന്റെ തീരത്തടുത്തു.

റോമൻ പട്ടണമായ പോംപെയെ  (Pompeii) നശിപ്പിച്ച, ഇപ്പോഴും സജീവമായ അഗ്നിപർവതം വെസൂവിയസ്  (Mount Vesuvius ) കാണാനായിരുന്നു ആദ്യ യാത്ര . ഷിപ്പിൽനിന്നു ടൂർ ബുക്ക് ചെയ്താൽ അവരുടെ വാഹനത്തിൽ ഇറ്റലിയിലെ പ്രധാന സ്ഥലങ്ങൾ കാണിച്ചു തിരികെയെത്തിക്കും. അതു ചിലവേറിയതിനാൽ ഞങ്ങൾ ടാക്സിയിലാണ് പോംപെയിലേക്കു പോയത്. യൂറോപ്പിൽ എവിടെ ടാക്സിയിൽ യാത്ര ചെയ്യുമ്പോഴും വിലപേശി ‘യൂറോ’ പറഞ്ഞുറപ്പിക്കുന്നത് നല്ലതാണ്. അഗ്നിപർവത സ്ഫോടനത്തിൽ പൂർണമായും നശിച്ചു ചാരം മൂടിപ്പോയ നഗരമാണ് പോംപേയ്. അതിലൂടെയുള്ള യാത്രകൾ ഒരു കാലഘട്ടത്തിന്റെ ജീവിതവും അവരുടെ സംസ്കാരവും നമുക്ക് കാണിച്ചുതരുന്നു. ഇപ്പോഴും മണ്ണുകുഴിച്ച് അവശിഷ്ടങ്ങൾ പരിശോധിക്കുന്ന പുരാവസ്തു ഗവേഷകരെ അവിടെ കാണാം. അവിടയെല്ലാം ചുറ്റിത്തിരിഞ്ഞ് അഞ്ചു മണിക്ക് വീണ്ടും ഷിപ്പിൽ ചെക്കിൻ ചെയ്തു. ഡിജെ പാർട്ടിക്കും ഭക്ഷണത്തിനു ശേഷം വളരെ വൈകിയാണുറങ്ങിയത്.

5cruise-trip

റോമിലെ ചീവിറ്റാവെക്യാ (Civitavecchia) പട്ടണത്തിലാണ് അടുത്ത ദിവസം രാവിലെ ആറിനു കപ്പലടുത്തത്. റോമൻ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാൻ  കാണുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. തിരക്കുപിടിച്ച് പ്രഭാത ഭക്ഷണം കഴിച്ച് ഒരു ടാക്സിക്കാരനുമായി വിലപേശി ഞങ്ങൾ   വത്തിക്കാനിലേക്കു തിരിച്ചു.  കപ്പലിലെ മലയാളി ജോലിക്കാരനായ ഒരു സുഹൃത്ത് ഒപ്പമുണ്ടായത് ഉപകാരമായി. മാർപാപ്പയെ കാണാൻ പറ്റിയില്ല എന്നതൊഴിച്ചാൽ ആ യാത്രയിൽ വത്തിക്കാൻ പള്ളിയും പുരാതന റോമാ സാമ്രാജ്യത്തിലെ മന്ദിരങ്ങളും മറ്റും കാണാനായി. കപ്പൽ ഞങ്ങൾക്കു വേണ്ടി കാത്തുനിൽക്കില്ല എന്ന ബോധ്യമുള്ളതുകൊണ്ട് കൃത്യം 5 മണിക്കു തന്നെ തിരിച്ചെത്തി. എന്നും പുലരുവോളം കപ്പലിൽ ആഘോഷമാണ്. സിനിമയും സർക്കസും ഡിജെ പാർട്ടികളും. എല്ലായിടത്തും വൻതിരക്കാണ്.

അടുത്ത ദിവസം രാവിലെ  പുതിയ തുറമുഖമായ ലിവോർനോവിൽ (Livorno) കപ്പൽ എത്തി. റോമാക്കാർ പതിനാലാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച പിസാ ഗോപുരമാണ്  ഇവിടുത്തെ പ്രധാന ആകർഷണം. സുന്ദരിയായൊരു ഇറ്റാലിയൻ യുവതിയുടെ ടാക്സിയിൽ ഞങ്ങൾ പിസയിലേക്ക്‌ യാത്ര തിരിച്ചു. ചരിത്ര പുസ്തകത്താളുകളിൽ കണ്ട ചരിഞ്ഞ ഗോപുരം നേരിൽ കണ്ടു കുറച്ചു ഫോട്ടോകളും എടുത്തു. സമീപത്തെ കോഫി ഷോപ്പിൽനിന്നു പ്രസിദ്ധമായ ഇറ്റാലിയൻ പീത്‌സയും കഴിച്ച് അടുത്ത ലക്ഷ്യമായ ഫ്ളാവിയൻ ആംഫി തിയേറ്റർ എന്നറിയപ്പെടുന്ന കൊളോസിയത്തിലെത്തി. കരുത്തരായ റോമൻ യോദ്ധാക്കൾ പോരാടിയിരുന്ന സ്ഥലം. ഫ്ളാവിയൻ രാജവംശം AD 72-ൽ നിർമിച്ചിതാണിത് .  ഇവിടെ നിൽക്കുമ്പോൾ ഒരു കാലഘട്ടം മുഴുവൻ ‘ഗ്ലാഡിയേറ്റർ’ സിനിമ പോലെ മുൻപിൽ തെളിയുന്നു. കൊളോസിയത്തിനു സമീപം ഒരുപാടു വൈനറികൾ ഉള്ളത് കൊണ്ട് വൈൻ ടേസ്റ്റിങ്ങും സാധ്യമായി. ലോകത്തിലെ ഏറ്റവും മികച്ച വൈൻ ഉൽപാദകരാണ് ഇറ്റലിക്കാർ. റോമാ ടൂറിന്റെ ഡബിൾ ഡക്കർ ബസിൽ നഗരം ചുറ്റിക്കണ്ടു കപ്പലിലേക്കു തിരിച്ചെത്തി.</p>

6cruise-trip

പിറ്റേന്ന് രാവിലെ ഉറക്കമുണർന്നത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് പേരുകേട്ട ഫ്രാൻസിലെ കാനിന്റെ തീരത്തായിരുന്നു. സമ്പന്ന നഗരമാണ് കാൻ. റോഡിലൂടെ ഓടുന്ന ട്രെയിൻ പോലുള്ള ഒരു വാഹനത്തിൽ (ട്രാമല്ല) കയറി അവിടം ചുറ്റിനടന്നു കണ്ടു. എന്തിനുമേതിനും വില വളരെ കൂടുതലാണിവിടെ. അതുകൊണ്ടു ഷോപ്പിങ് ഒഴിവാക്കാം. മനോഹരമായ സ്ഥലങ്ങളാണ്. നഗരങ്ങൾ കാണാനുള്ള ചിലവുകുറഞ്ഞ മാർഗം സിറ്റി ടൂർ നടത്തുന്ന മുകൾവശം തുറന്ന ഡബിൾ ഡക്കർ ബസ്സാണ്.

തെക്കൻ ഫ്രാൻസിലെ തുറമുഖ നഗരമായ മാർസേയ് ആയിരുന്നു (Marseille) യാത്രയിലെ അവസാന തുറമുഖം. മലമുകളിലെ നോത്ര്‌ദാം ഡെ ല ഗാർഡ് (Notre-Dame de la Garde) പള്ളിയാണ് പ്രധാന ആകർഷണം. അവിടെ നിന്ന് നോക്കിയാൽ ഒരുപാടു ഫ്രഞ്ച് നഗരങ്ങൾ കാണാം. ടൂറിസ്റ്റുകൾക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ വാഹനത്തിൽ കയറി അവിടെയെത്തിച്ചേർന്നു. ഫ്രാൻസിലൂടെയുള്ള യാത്ര വല്ലാത്ത ഒരു അനുഭവമാണ്. വൃത്തിയുള്ള റോഡുകളും ഭംഗിയുള്ള വീടുകളും മനുഷ്യരുമുള്ള നാട്. മറ്റു യൂറോപ്യൻ നഗരങ്ങളെക്കാൾ ജീവിതച്ചെലവു കൂടുതലാണ് എന്നതൊഴിച്ചാൽ ഒരുപാടുനാൾ താമസിക്കാൻ പറ്റിയ സ്ഥലം. കപ്പൽ പുറപ്പെടുമെന്നുള്ള പേടിയുള്ളതിനാൽ ഫ്രാൻസിനോടു യാത്ര പറഞ്ഞു കൃത്യസമയത്ത് കപ്പലിൽ തിരിച്ചെത്തി.

2cruise-trip

ഓരോ ദിവസവും രാവിലെ ഉണരുബോൾ ഓരോ പുതിയ രാജ്യങ്ങൾ; ക്രൂസ് ട്രിപ്പിന്റെ മാത്രം പ്രത്യേകതയാണിത്. കാഴ്ച കണ്ട് വൈകിട്ട് വീട്ടിലേക്കെത്തുന്നതു പോലെ കപ്പലിൽ തിരിച്ചെത്തുന്നു. താമസവും വിശാലമായ ബുഫെയും മറ്റു വിനോദങ്ങളുമൊരുക്കി കപ്പൽ നമ്മെ കാത്തിരിക്കുന്നു. വീണ്ടും രാത്രി മുഴുവൻ സഞ്ചരിച്ച് അതിരാവിലെ അടുത്ത തീരത്തടുക്കുന്നു. 

ക്രൂസ് പാക്കേജ് എടുക്കുമ്പോൾ എല്ലാം ഇൻക്ലൂസിവ് ആയത് തിരഞ്ഞെടുക്കുക അല്ലെങ്കിൽ വൈഫൈയ്ക്കു ചാർജ് നൽകേണ്ടിവരും. അതുപോലെ യൂറോപ്പോ അമേരിക്കയോ സിലക്ട് ചെയ്യുക. ഏഷ്യൻ രാജ്യങ്ങളിലൂടെയുള്ള സർവീസും ഷിപ്പും മോശമാണ്. എട്ടു ദിവസത്തെ ആഘോഷത്തിനു വിരാമമിട്ട് സ്പെയിനിൽ തിരിച്ചെത്തി. കുറച്ചു ദിവസത്തെ വിശ്രമത്തിനുശേഷം മനസ്സില്ലാമനസ്സോടെ ബഹ്റൈനിലേക്കു മടങ്ങി. ഓരോ യാത്രയും ഓരോ അനുഭവമാണ് സ്വയം മറന്നുപോകുന്ന നിമിഷങ്ങൾ, നമ്മൾ പരിചയപ്പെടുന്ന വിഭിന്നസംസ്കാരത്തിൽ നിന്നു വരുന്ന വ്യക്തികൾ, പുതിയ സ്ഥലങ്ങൾ, ഭക്ഷണം അങ്ങിനെ പലതും. കണ്ടുതീരാത്ത കാഴ്ചകളും പറഞ്ഞു തീരാത്ത വിശേഷങ്ങളുമായി ഇനി അടുത്ത യാത്ര.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS CORNER
SHOW MORE
FROM ONMANORAMA