ADVERTISEMENT
Harihar-fort-trip3
വീതി കുറഞ്ഞ പടികളും അപകടം നിറഞ്ഞ താഴ്-വരയും

മഹാരാഷ്ട്രയില്‍ നാസിക് ജില്ലയിലെ ഇഗട്പുരിയിൽ നിന്നും 48 കിലോമീറ്റർ അകലെയാണ് ഹരിഹർ ഫോർട്ട്‌ സ്ഥിതി ചെയ്യുന്നത്. സാഹസികത ഇഷ്ടപെടുന്ന ഏതൊരു സഞ്ചാരിക്കും 80 ഡിഗ്രി ചെരിവിലുള്ള ഈ മലകയറ്റം മനസ്സിൽ പുളകം കൊള്ളിക്കും എന്ന കാര്യത്തിൽ സംശയമില്ല.

ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു ഹരിഹർ ഫോർട്ട്‌ ട്രെക്കിങ്ങ്. പല കാരണങ്ങളാൽ സ്വപ്നയാത്ര മനസ്സിൽ സൂക്ഷിക്കേണ്ടി വന്നു. ട്രെക്കിങ്ങിന് ഏറ്റവും നല്ലത് മഴക്കാലം തന്നെയാണ്. എങ്കിലും മഴപെയ്ത് പാറകെട്ടുകളിൽ വഴുക്കലുണ്ടെങ്കിൽ സൂക്ഷിക്കണം. നമുക്ക് പറ്റിയ ഒരു സഹസഞ്ചാരിയെ കണ്ടുമുട്ടിയതോടു മനസ്സിലെ സ്വപനയാത്രയ്ക്ക് ചിറകുവിരിച്ചു. മഞ്ഞു പെയ്യുന്ന ഡിസംബറിൽ തന്നെ ഹരിഹർ ഫോർട്ട്‌ കയറാൻ തീരുമാനിച്ചു.

Harihar-fort-trip1
വഴിയിൽ കണ്ട മറ്റൊരു സന്യാസി

ഇൗ കഴിഞ്ഞ ഡിസംബർ 17ന് 3 മണിക്കൂർ വൈകിയെത്തിയ കേരള എക്സ്പ്രെസ്സിൽ തൃശ്ശൂരിൽ നിന്ന് യാത്ര തുടങ്ങി. സമയം 8:31 pm

കേരളത്തിനു പുറത്ത് ട്രെയിനിൽ യാത്ര ചെയ്യുന്നത് ആദ്യമായിട്ടായതിനാൽ ജനാലയിലൂടെയുള്ള കാഴ്ചകൾ കാണാൻ ഒട്ടും പിശുക്കു കാണിച്ചില്ല. 

Harihar-fort-trip6
കോട്ടയുടെ ശേഷിക്കുന്ന അവശിഷ്ടങ്ങളിൽ ഒന്ന്

കൂടെ യാത്ര ചെയ്യുന്നവരുമായി വിശേഷങ്ങളോടൊപ്പം ഭക്ഷണം പങ്കുവെക്കുന്നതും അവരുടെ സൗഹൃദവും എല്ലാം ആദ്യ യാത്രയിലെ മറക്കാനാവാത്ത അനുഭവങ്ങളായിരുന്നു. ഒരു പകലും ഒന്നര രാത്രിക്കും ശേഷം വെളുപ്പിന് 3 മണിക്ക് മധ്യപ്രദേശിലെ ഇറ്റാർസിൽ ട്രെയിൻ ഇറങ്ങി. അവിടെ നിന്നും നാസിക്കിലേക്ക് 6.30ന് ആണ് ട്രെയിൻ. യാത്രക്കാരുടെ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ പ്ലാറ്റ്ഫോമിൽ തന്നെ അടുത്ത ട്രെയിനിനായി കാത്തിരുന്നു.

ഗോഡാൻ എക്സ്പ്രസ്സ്‌ എത്തി

ആറരക്ക് തന്നെ ഗോഡാൻ എക്സ്പ്രസ്സ്‌ എത്തി. ഗോരഖ്പൂർ നിന്നു ബോംബയിലേക്കുള്ള ട്രെയിനാണിത്. സൂചി കുത്താൻ സ്ഥലം ഇല്ലാത്ത വണ്ണം യാത്രക്കാരുടെ തിരക്ക്. ബുക്കുചെയ്തിരുന്ന ഇരിപ്പിടം കണ്ടുപിടിച്ചു സുഖമായി ഇരുന്നു. തിക്കും തിരക്കും നിറഞ്ഞ ആറര മണിക്കൂർ യാത്രക്ക് ശേഷം നാസിക് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ സമയം 1:00 pm കഴിഞ്ഞിരുന്നു. അവിടുത്തെ റെയിൽവേ സ്റ്റേഷനിലെ ശുചിത്വം പറയാതിരിക്കാൻ വയ്യ. പ്ലാറ്റ്ഫോം ആയാലും ട്രാക്ക് ആണെങ്കിലും വളരെ നല്ലരീതിയിൽ വൃത്തിയാക്കിയിരിക്കുന്നു.

Harihar-fort-trip4
ഫോർട്ടിന് മുകളിൽ...

റെയിൽവേ സ്റ്റേഷന്റെ തൊട്ടടുത്തു തന്നെയാണ് നാസിക് ബസ്റ്റാന്റ്. അന്വേഷിച്ചപ്പോൾ ത്രയംബകേശ്വറിലേക്ക് പോകുന്നതിന് ഇവിടുന്ന് CBS (Central Bus Stand) ലേക്ക് പോവണമെന്ന് അറിയാൻ കഴിഞ്ഞു. അങ്ങനെ ഞങ്ങൾ ഓട്ടോ ടാക്സിക്കാരുടെ ആക്രമണത്തെ മറികടന്ന് ബസ് കയറി സെൻട്രൽ ബസ്സ്റ്റാന്റിലെത്തി. അവിടുന്ന് മറ്റൊരു ബസ്സിൽ ത്രയംബകേശ്വറിലേക്ക് തിരിച്ചു. നാസിക്കിൽ നിന്നും 36 കിലോമീറ്ററുണ്ട്  ത്രയംബകേശ്വറിലേക്ക്.

ഇവിടെയാണ്‌ പരമശിവന്റെ (Lord Shiva ) ജ്യോതിർലിംഗ പ്രതിഷ്ഠയാൽ പ്രസിദ്ധമായ ത്രയംബകേശ്വർ (Triambakeshwar) ക്ഷേത്രം നിലകൊള്ളുന്നത്.

Harihar-fort-trip2
കവാടത്തിനരികെ ബാബ

അവിടെ അടുത്ത് തന്നെ മിതമായ നിരക്കിൽ (INR 500) ഞങ്ങൾക്ക് താമസിക്കാൻ റൂം തരപ്പെടുത്തി. അന്ന് രാത്രി ഹരിഹർ ഫോർട്ടിൽ പോവുന്നതെങ്ങനെയെന്നു ലോഡ്‌ജുകാരനോട് ചോദിച്ചു മനസിലാക്കി. അതനുസരിച്ച് രാവിലെ തന്നെ ത്രയംബകേശ്വറിൽ നിന്ന് 13 കിലോമീറ്റർ അകലെയുള്ള ഹർഷെവാടി എന്ന ഗോത്ര ഗ്രാമത്തിലേക്ക് റിക്ഷയിൽ പുറപ്പെട്ടു. തികച്ചു വിജനമായ പ്രദേശം. അങ്ങിങ്ങായി ചില കുടിലുകൾ കാണാം. പോവുന്ന വഴിയിലും പരിസരത്തും ഒരു ചായകട പോലും കാണാൻ കഴിഞ്ഞില്ല. നാഗരികത തൊട്ടുതീണ്ടിട്ടില്ലാത്ത ആ ഗോത്ര ഗ്രാമത്തിലെ ചെറിയ വഴിയിലൂടെ കുണ്ടും കുഴിയും കയറ്റിറക്കങ്ങളും പിന്നിട്ട് ഞങ്ങളുടെ റിക്ഷ വണ്ടി നീങ്ങി. കുറച്ചു ദൂരം കൂടി മുന്നോട്ട് പോയി റിക്ഷാക്കാരൻ വണ്ടി നിർത്തി. ഹരിഹർ ഫോർട്ടിലേക്കുള്ള വഴി ചൂണ്ടി കാണിച്ചുകൊണ്ട് അയാൾ മറാത്തിഭാഷയിൽ പറഞ്ഞു.

"വണ്ടി ഇനി മുന്നോട്ട് പോകില്ല, ഇനിയുള്ള ദൂരം നടന്നു പോവണം".

Harihar-fort-trip
കോട്ടയിലേക്കുള്ള വഴിയിലെ ആശ്രമവും കുളവും

അയാൾ കാണിച്ചു തന്ന വഴിയിലൂടെ മുന്നോട്ട് നടന്നു. മനുഷ്യവാസത്തിന്റെ യാതൊരു സൂചനയും കാണാനാവാത്ത തികച്ചും വിജനമായ പ്രദേശം. യാദൃച്ഛികമായാണ് അവിടെവെച്ച് ഒരു സന്യാസിയെ കണ്ടുമുട്ടിയത്. നീട്ടി വളർത്തിയ നരച്ച താടിയും തലയിലെ ചുവന്ന കെട്ടും അവിടുത്തെ പരമ്പരാഗത രീതിയിലുള്ള വസ്ത്രധാരണവും. ഞങ്ങൾ അദ്ദേഹത്തെ ബാബ എന്നാണ് വിളിച്ചത്. ഈ മലമുകളിലെ ഹനുമാൻ സ്വാമിക്ക് വിളക്ക് വെക്കാൻ പോവുന്നതാണ് ബാബ. ബാബക്ക് മറാത്തി കലർന്ന ഹിന്ദി നന്നായി സംസാരിക്കാൻ അറിയാം. ചെറിയൊരു അശ്രദ്ധകൊണ്ട് കാലിടറി ഞാൻ പാറയിൽ കൈകുത്തി വീണു. കയ്യും കാൽമുട്ടും ചെറുതായി മുറിഞ്ഞതല്ലാതെ സാരമായി പരിക്കുകളൊന്നും പറ്റിയില്ല. 

എന്റെ സഹയാത്രിക ഡെറ്റോൾ എടുത്ത് കൈ തുടച്ച് ബാൻഡ് എയ്ഡ് ഒട്ടിക്കാൻ ഒരുങ്ങുമ്പോഴേക്കും എന്തൊക്കെയോ പച്ചമരുന്ന് ആ കുറ്റിക്കാട്ടിൽ നിന്ന് പറിച്ച്‌ ബാബ മുറിവിൽ വെച്ചുതന്നു. സമയം പാഴാക്കാതെ ഞങ്ങൾ വീണ്ടും മുന്നോട്ട് നീങ്ങി. 

Harihar-fort-trip8

നടവഴിയുടെ അരികിൽ വലിച്ചു കെട്ടിയ ടർപോളിൻ കണ്ട് ഞങ്ങൾ അടുത്തേക്ക് ചെന്നു. കുടിവെള്ളവും നിമ്പൂപാനിയും വിൽക്കുന്ന ഗ്രാമവാസിയായ ഒരു യുവാവായിരുന്നു. നിമ്പൂപാനിയും (നാരങ്ങ വെള്ളം) ബിസ്ക്കറ്റും വാങ്ങി കഴിച്ച് എത്ര രൂപയായെന്ന് ചോദിച്ചപ്പോഴാണ് ആ ഗ്രാമത്തിലെ നിരക്ഷരതയുടെ വ്യാപ്തി മനസ്സിലാക്കാനായത്. ഒരു ഗ്ലാസ്‌ വെള്ളത്തിന്റെ വില 15 രൂപയാണെന്നു അറിഞ്ഞിട്ടും 3 ഗ്ലാസിന്റെ വില കൂട്ടി പറയാൻ അയാൾക്ക് അറിയാമായിരുന്നില്ല. ഞാൻ കൊടുത്ത 100 രൂപയ്ക്ക് ബാക്കി എത്ര തിരിച്ചു തരണമെന്നറിയാതെ പത്തിന്റെ നോട്ടുകൾ നീട്ടി എന്നോട് തന്നെ ബാക്കി എടുത്തുകൊള്ളാൻ പറഞ്ഞപ്പോൾ അവരുടെ നിഷ്കളങ്കതയും സത്യസന്ധതയും അയാളിൽ കാണാൻ സാധിച്ചു.

ബാബയുടെ ആശ്രമം പിന്നിട്ട് കുറ്റിച്ചെടികൾക്കും പാറക്കല്ലുകൾക്കും ഇടയിലൂടെ നടന്ന് ഞങ്ങൾ ലക്ഷ്യ സ്ഥാനത്തിനടുത്തെത്തി.

പതിമൂന്നാം നൂറ്റാണ്ടിൽ സേവുന രാജവംശത്തിന്റെ ഭരണ കാലത്താണ് സമുദ്ര നിരപ്പിൽ നിന്നും 3676 അടി ഉയരത്തിൽ ഹരിഹർ ഫോർട്ട്‌ നിർമിച്ചിട്ടുള്ളത്. ശത്രു സൈന്യത്തിനും മറ്റും പെട്ടെന്ന് അതിക്രമിച്ച് കടക്കാൻ സാധിക്കാത്ത വിധത്തിലാണ് ഇതിന്റെ രൂപകൽപന. വീതി കുറഞ്ഞ കുത്തനെയുള്ള പടികൾ ഒരു നിമിഷമെങ്കിലും മരണ ഭയത്തെ ഓർമിപ്പിച്ചു. മനസ്സ് ഒന്ന് പതറിയാൽ മതി അത് നമ്മളെ താഴേക്ക് വലിച്ചിടും. എല്ലാ ധൈര്യവും സംഭരിച്ചുകൊണ്ട് മുകളിലേക്ക് കയറാൻ തുടങ്ങി. കുറച്ചു പടികൾ കയറിയതിനുശേഷം വെറുതെ ഞാനൊന്നു തിരിഞ്ഞ് താഴേക്ക് നോക്കി. 

ആശ്ചര്യവും അതിഭീകരവുമായ, താഴ‌‌‌്‍‍വരകൾ നമ്മളെ മാടി വിളിക്കുന്നതായ കാഴ്ച. അതൊരു വലിയ സാഹസിക അനുഭവം തന്നെയായിരുന്നു. മുകളിലേക്കു കയറുംതോറും പടികളുടെ വീതി കുറഞ്ഞു വരികയാണ്, അപകട സാധ്യത കൂടുന്നു.

കുത്തനെയുള്ള പടികൾ കയറി ചെല്ലുന്നത് മിനാർ ആകൃതിയിൽ പണി തീർത്ത കോട്ടയുടെ പ്രധാന കവാടത്തിലേക്കാണ്. പിന്നീട് പാറ തുരന്ന് ഉണ്ടാക്കിയ വീതി കുറഞ്ഞ അർദ്ധതുരങ്കത്തിലൂടെ നടുവളച്ചു വേണം നടന്നു പോവാൻ. അവിടുന്ന് മുകളിലേക്കു പഴയ കാല ഗോവണികളെ അനുസ്മരിപ്പിക്കുംവിധം വളഞ്ഞു പുളഞ്ഞു കയറി പോവുന്ന ഹെലിക്കൽ പടികളാണ്. ഇതിന് ആദ്യം കയറിയ പടികളേക്കാൾ ചെരിവ് കൂടുതൽ ഉണ്ട്. പാറയിൽ കൊത്തിയ പടികൾക്ക് ഇരു വശവും കൈ പിടിച്ചു കയറാൻ വേണ്ടി പൊഴികൾ നിർമ്മിച്ചിരിക്കുന്നു. ഈ ഹെലിക്കൽ പടികൾ മുകളിലേക്ക് കയറി എത്തുന്നത് ഫോർട്ടിന്റെ സമതലമായ ഉപരിതലത്തിലേക്കാണ്. അവിടെ ശുദ്ധ ജലം ശേഖരിക്കുന്നതിനുവേണ്ടി പാറയിൽ തീർത്ത, ചതുരാകൃതിയിൽ ഉള്ള സംഭരണികൾ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് മലിനമാക്കിയിരിക്കുന്നു. അത് കണ്ട് തല താഴ്ത്തി നിന്ന, പരിഷ്കൃത സമൂഹത്തിന്റെ പ്രതിനിധിയായ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ബാബ അതിൽ നിന്നും വെള്ളം കോരി കുടിച്ചു.

Harihar-fort-trip7
വീതി കുറഞ്ഞ പടികളും അപകടം നിറഞ്ഞ താഴ്-വരയും

കാലപഴക്കം കൊണ്ട് ഭൂരിഭാഗവും നശിച്ചു പോയ കോട്ടയുടെ ആയുധപ്പുരയും കവാടവും മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. അവിടെ നിന്നും കോട്ടയുടെ ഏറ്റവും ഉയർന്ന പാറയിലേക്ക് കയറാൻ പോവുന്നത് കണ്ട് ബാബ പറഞ്ഞു. "സൂക്ഷിക്കണം, അത്ര എളുപ്പമല്ല". കയറിയ കയറ്റങ്ങളിൽ ഉടനീളം പ്രോത്സാഹിപ്പിച്ച ബാബ, ആദ്യമായി നൽകിയ മുന്നറിയിപ്പ് വെറുതെയായിരുന്നില്ല. 

കയറാൻ പടികളോ മറ്റു മാർഗങ്ങളോ ഇല്ല. പാറയിൽ പിടിച്ച് തൂങ്ങി തന്നെ കയറണം. എന്റെ സുഹൃത്ത് പിൻവാങ്ങി. അവൾ തൊട്ടടുത്ത് കണ്ട ഒരു പാറയിൽ കയറി എന്നെയും നോക്കിയിരുന്നു.

ഞാൻ മുകളിലെ പാറയിലേക്കും അഗാധമായ താഴ്ചയിലേക്കും നോക്കി. പിടിവിട്ടാൽ താഴേക്ക് വീണ് ചിന്നി ചിതറും. ഒരു നിമിഷത്തേക്ക് ഞാൻ കയറാൻ മടിച്ചു, തിരിച്ചിറങ്ങിയാലോ എന്നാലോചിച്ചു. ഇവിടെ വരെ വന്നിട്ട് ഇത് പൂർത്തീകരിക്കാതെ പിൻവാങ്ങുന്നത് എന്റെ ഉള്ളിൽ എവിടെയോ എന്നെ തന്നെ ചോദ്യം ചെയ്യാൻ തുടങ്ങി. ഒടുവിൽ കയറാൻ  തീരുമാനിച്ചു. കണ്ണുകൾ മുറുക്കിയടച്ച്, ദീർഘശ്വാസം വലിച്ചു. കയറാൻ തയാറായി പാറയിലേക്ക് അടുത്തു നിന്നു, നീട്ടിയ കൈകൾക്കൊപ്പം ആത്മവിശ്വാസവും മുറുകെ പിടിച്ച് ഞാൻ മുകളിലേക്ക് കയറി.

Harihar-fort-trip5
കോട്ടയുടെ മുകളിലെ ജല സംഭരണി

എന്തൊക്കെയോ പിടിച്ചടക്കിയ ആഹ്ലാദത്തിൽ ഞാൻ കൂവി വിളിച്ചു. വാക്കുകൾകൊണ്ട് വിവരിക്കാനാവാത്ത അത്ര സന്തോഷം. ശക്തമായ തണുപ്പോടെ വീശിയ കാറ്റിൽ, ഹരിഹർ ഫോർട്ടിന്റെ ഏറ്റവും ഉയരത്തിൽ കൈകൾ മുകളിലേക്ക് ഉയർത്തി പിടിച്ചു കൊണ്ട് ഞാൻ നിന്നു. ബോംബൈയിലേക്ക് ജലസേചനത്തിനു വെള്ളം സംഭരിക്കുന്ന Alwand ഡാം കൂടാതെ കുറച്ചു കൃഷിയിടങ്ങളും പുഴകളും അവിടെ നിന്നും കാണാൻ സാധിക്കും.

360 ഡിഗ്രിയിൽയിൽ ചുറ്റുമുള്ള കാഴ്ചകൾ വേണ്ടുവോളം ആസ്വദിച്ചതിനുശേഷം ഞങ്ങൾ താഴേക്ക് ഇറങ്ങാൻ തുടങ്ങി. ആശ്ചര്യമെന്നു പറയട്ടെ, കയറുന്നതിനേക്കാൾ പ്രയാസകരമായിരുന്നു ഇറക്കം. പടികളുടെ ചരിവും താഴ്ചയും ഭീതിപ്പെടുത്തുന്നതായിരുന്നു. പരിഭ്രമവും ഭീതിയും അപകടത്തിലേക്ക് നയിക്കും എന്ന് മനസ്സിലാക്കിയ എന്റെ സുഹൃത്ത് താഴ്ചയിലേക്ക് ദൃഷ്‌ടി പോവാതെ ചുവട് വയ്‌ക്കേണ്ട പടികളിലേക്ക് മാത്രം ശ്രദ്ധിച്ച് പടികളിൽ ഇരുന്നാണ് താഴേക്ക് ഇറങ്ങിയത്.

കയറ്റിറക്കത്തിൽ ഉടനീളം ഞങ്ങളുടെ കൂടെയുണ്ടായ ബാബയോട് നന്ദിയോടെ യാത്ര പറഞ്ഞു 4 മണിക്ക് വഴിയരികിൽ എത്തി. 

ഞങ്ങൾക്ക് വേണ്ടി കാത്തു നിന്ന റിക്ഷയിൽ കയറിയതും അവളെന്റെ കൈകൾ ചേർത്ത് പിടിച്ചു. വന്നവഴിയേ തിരിച്ചു പോവുമ്പോൾ തല ഉയർത്തി നിൽക്കുന്ന ഹരിഹർ ഫോർട്ടിനെ നോക്കി ഞാൻ മനസ്സിൽ യാത്ര പറഞ്ഞു, തകർത്തു പെയ്യുന്ന ഒരു മഴക്കാലത്ത് ഇതേ കൈകൾ ചേർത്തു പിടിച്ച് വീണ്ടും വരാമെന്ന പ്രതീക്ഷയോടെ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com