ADVERTISEMENT
valparai-trip6

ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു വാൽപ്പറയിലേക്ക് കൂട്ടുക്കാരുമൊത്തൊരു ബൈക്ക് യാത്ര. സ്വപ്നം യാഥാർത്ഥ്യമായി. ഞങ്ങൾ നാലുപേർ  2 ബൈക്കിൽ യാത്രയ്ക്ക് തയാറായി. രാവിലെ 5.30 എടപ്പാൾ നിന്നുമായിരുന്നു തുടക്കം. ചാലക്കുടിയിൽ നിന്നും അതിരപ്പിള്ളി റോഡിലേക്ക് തിരിഞ്ഞു. നന്നേ വിശക്കുന്നുണ്ടായിരുന്നു. വഴിയിൽ കണ്ട ഹോട്ടൽ കയറി പൊറോട്ടയും മുട്ട കറിയും അകത്താക്കി വിശപ്പിനു വിരമിട്ടു. യാത്ര തുടർന്നു.

valparai-trip2

സുന്ദരകാഴ്ചകൾ പശ്ചാത്തലമാക്കി ചിത്രങ്ങൾ എടുക്കുവാനും മറന്നില്ല. വെയിൽ ചൂടാകുന്നതിനു മുൻപ് വാഴച്ചാൽ എത്തി മലക്കപ്പാറ റൂട്ട് പിടിക്കണം അതായിരുന്നു പ്ലാൻ. അതിനാൽ തന്നെ അതിരപ്പിള്ളിയും വാഴച്ചാലും കയറാൻ നിന്നില്ല. തിരക്കായി വരുന്നതേയുള്ളൂ. പോകുന്ന വഴിയിലെ വ്യൂപോയിന്റിൽ നിന്നു അതിരപ്പിള്ളിയുടെ വിദൂര സൗന്ദര്യം ആസ്വദിച്ചു. അതിരപ്പിള്ളി വരെയുള്ള കാട് വേനൽ ചൂടിൽ കരിഞ്ഞുണങ്ങിട്ടുണ്ട്‌ അതൊന്നും കാടിന്റെ വന്യതയുടെ ഭംഗി നഷ്ടപ്പെടുത്തിട്ടില്ല. 9 മണിയോട് കൂടി വാഴച്ചാൽ എത്തിച്ചേർന്നു.

valparai-trip4

വാഹനം ഒതുക്കിയ ശേഷം പെർമിഷൻ വാങ്ങാനായി ചെക്ക്പോസ്റ്റിലേക്ക് നടന്നു. അവിടെ ചെന്ന് ഒരു സമ്മതപത്രം എഴുതി കൊടുക്കണം എന്നാലെ അനുവദിക്കുള്ളൂ. ഒരു വെള്ള പേപ്പറിൽ എല്ലാം എഴുതി പെർമിഷൻ തരുമ്പോൾ കൃത്യം 2 മണിക്കൂറിനുള്ളിൽ മലക്കപ്പാറ റിപ്പോർട്ട് ചെയ്യണം എന്ന നിർദേശവും നൽകി. പിന്നീട് അങ്ങോട്ടുള്ള യാത്ര ഒരനുഭൂതി തന്നെയായിരുന്നു. വീതി കുറഞ്ഞ റോഡിലൂടെ കാടിന്റെ വന്യ സൗന്ദര്യം അസ്വദിച്ചുകൊണ്ടുള്ള കിടുക്കൻ യാത്ര. എതിർദിശയിൽ നിന്നും ഒരു വാഹനം വന്നാലായി. അല്ലാതെ ഒരു ആളനക്കം ഇല്ലാത്ത വഴിയിലൂടെ പോകുമ്പോൾ തെല്ലൊരു ഭയം ഉള്ളിലുണ്ട്. ഏതു വളവിലും ആനയുണ്ടാകാം എന്നുള്ള ഭയം. ഇടയ്ക്ക് കാണുന്ന ആനപിണ്ഡം ഞങ്ങളിൽ കുറച്ചൊന്നുമല്ല ഭയപ്പെടുത്തിയത്.

valparai-trip3

ഈ കടുത്ത വേനലിലും പച്ച അണിഞ്ഞു തന്നെയാണ് കാടുനിൽക്കുന്നത്. പോകുന്ന വഴിയിൽ ചിലയിടങ്ങളിൽ റോഡിന്റെ അറ്റകുറ്റ പണികളും നടക്കുന്നുണ്ട്. പ്രളയം തകർത്തതെല്ലാം പഴയപടി ആക്കി വരുന്നു. വീതി കുറഞ്ഞ കാട്ടു വഴിയിലൂടെ പോകുമ്പോൾ ഒരു ചാറ്റൽമഴ കൂടി ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോയി. ചെറുമഴയത്ത് ഇൗ വഴിയിലൂടെയുള്ള യാത്രാനുഭവം പറയാനാവില്ല. വന്യമൃഗങ്ങളെ കാണാൻ പറ്റിയില്ലെങ്കിലും മനസ്സിൽ ഒരനുഭൂതി നൽകാൻ കഴിയുന്നൊരിടം തന്നെയാണ് ഈ കാട്ടു വഴികൾ.

valparai-trip5

ഒടുവിൽ 2 മണിക്കൂർ യാത്രക്ക് ശേഷം മലക്കപറയിൽ എത്തി ചെക്ക്പോസ്റ്റിൽ റിപ്പോർട്ട് ചെയ്ത് വാൽപ്പാറ ലക്ഷ്യമാക്കി നീങ്ങി. പോകുന്ന വഴിയിലാണ് ഷോളയാർ ഡാം. ഡാമിൽ എല്ലാം നടന്നു കണ്ടു കുറെ ഫോട്ടോസ് എടുത്തു നേരെ വെച്ചു പിടിച്ചു. പിന്നീട് അങ്ങോട്ടുള്ള വഴിയിൽ എല്ലാം തേയില തോട്ടങ്ങൾ കൊണ്ട് സമൃദ്ധമാണ്. പച്ചവിരിച്ചു നിൽക്കുന്ന തേയിലത്തോട്ടങ്ങൾ. ഇടക്കൊന്നു നിർത്തി അവയുടെ കാണാകാഴ്ചകൾ മതിവരുവോളം ആസ്വദിച്ചു. 

valparai-trip1

ഉച്ചയായതോടെ വിശപ്പിന്റെ സൈറൻ വീണ്ടും മുഴങ്ങി. വാൽപ്പറ ടൗണിലെ ഹോട്ടലിൽ നിന്നും നല്ല പച്ചരിച്ചോറും കൂട്ടി ഒരടിപൊളി സദ്യ കഴിച്ചു. ശേഷം റോഡ് സൈഡിൽ തണലിൽ വിശ്രമിച്ചു. യാത്ര തിരിക്കാൻ നേരം രണ്ടു പേർ അടുത്ത് വന്നു തമിഴിൽ ചോദിച്ചു എന്താ ഇവിടെ ഇരിക്കുന്നത് ഇവിടെ ഇരിക്കാൻ പാടില്ല, എന്നൊക്കെ. അപ്പോഴാണ് ഞങ്ങളും ശ്രദ്ധിച്ചത് ഞങ്ങൾ ഇരുന്ന തൊട്ടടുത്ത് ഒരു ബോർഡ് Animal crossing zone... പടച്ചോനെ ആന ഒക്കെ ഇറങ്ങുന്ന ഇടത്തണല്ലോ കാറ്റ് കൊള്ളാനിരുന്നത്. ശരിക്കും ഞെട്ടി. പിന്നെ ഒന്നും നോക്കിയില്ല വണ്ടിയും എടുത്ത് ഒറ്റ പൊക്കായിരുന്നു. 

വാൽപ്പാറ ചുരം ലക്ഷ്യമാക്കിയുള്ള യാത്രയായിരുന്നു. പോകുന്ന വഴിയിൽ കുറച്ച് പോലീസ്കാരും ഉദ്യോഗസ്ഥരും കൈ കാണിച്ചു. ഇലക്ഷന്റെ  ഭാഗമായുള്ള ചെക്കിങ്ങായിരുന്നു. അവരുമായി കുറച്ചു നേരത്തെ കുശലം പറച്ചിലിന് ശേഷം വീണ്ടും ഞങ്ങൾ ലക്ഷ്യത്തിലേക്കുള്ള യാത്രതുടർന്നു. മനോഹരമായ റോഡിലൂടെ ശാന്തമായുള്ള യാത്ര ഒടുവിൽ വാൽപ്പാറ ചുരം എത്തി. നല്ല കിടിലൻ ഹെയർപിൻ വളവ് നാൽപതെണ്ണം ഉണ്ട്. ഇവിടെ അതിനേക്കാൾ നല്ല റോഡും. ഇടക്കുള്ള വ്യൂപോയിന്റിൽ ബൈക്കു നിർത്തി. കുറെ ഫോട്ടോസ് എടുത്തു, കുറച്ചു നേരം വിശ്രമിച്ചു. അങ്ങു ദൂരെ ആളിയാർ ഡാം അതിന്റെ വ്യഷ്ടി പ്രദേശവും കാണാമായിരുന്നു. നേരം വൈകുന്നേരത്തെ പ്രകൃതിക്കും കാഴ്ചകൾക്കും പ്രത്യേക ഭംഗിയായിരുന്നു.

valparai-trip

ചുരം നൽകിയ അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറമാണ്. അങ്ങനെ 40 ഹെയർപിൻ വളവുകൾ ഇറങ്ങി ഒടുവിൽ ആളിയാർ ഡാമിന്റെ അടുത്തെത്തി. ഡാം നടന്നുകണ്ടു. ഇനി നേരെ പൊള്ളാച്ചി വഴി നാട്ടിലേക്കുള്ള മടക്കയാത്രയായിരുന്നു. അപ്പോഴാണ് കണ്ടത് റോഡിന്റെ അപ്പുറത്ത് കുറെ പേർ കുളിക്കുന്നത്. ഒന്നും നോക്കിയില്ല ബൈക്ക് നേരെ അങ്ങോട്ടെക്ക്... ഡാമിൽ നിന്നും വെള്ളം ഒഴുകിവരുന്ന പ്രദേശമാണ് ഒരു തടയണ പോലെ. കുറെയധികം പേർ വെള്ളത്തിൽ തിമിർത്തുകുളിച്ചു കൊണ്ടിരിക്കാണ്‌ മലയാളികൾ കുറവാണ് എല്ലാം തമിഴ്നാട്ടിൽ നിന്നുള്ള സഞ്ചരികളായിരുന്നു.

ഒന്നിറങ്ങി കുളിക്കാൻ ഉള്ള സാഹചര്യത്തിൽ അല്ലാത്തതു കൊണ്ട് ഞങ്ങൾ ഇറങ്ങിയില്ല. ഒഴുകി വരുന്ന വെള്ളത്തിൽ കളിച്ചും പാറപ്പുറത്ത് കയറി സെൽഫി എടുക്കലുമായി കുറെ നേരം അവിടെ ചിലവഴിച്ചു. ഇടക്ക് എപ്പോഴോ അശ്രദ്ധകാരണം സുഹൃത് അവന്റെ കയ്യിലുണ്ടായിരുന്ന കൂളിങ്ഗ്ലാസ് വെള്ളത്തിൽ കളഞ്ഞു പിന്നെ അത് തിരയൽ ആയി കുറെ നേരം. നല്ല ഒഴുക്കുള്ളവെള്ളത്തിൽ വീണാൽ പിന്നെ എങ്ങനെ കിട്ടാനാ. അവസാനം പോയതുപോട്ടെ എന്നു കരുതി തിരിച്ചുകയറി.

പൊള്ളാച്ചി ആലത്തൂർ വഴി എടപ്പാളിലേക്കുള്ള മടക്കയാത്രയായിരുന്നു. ഗൂഗിലെ അമ്മായി പറഞ്ഞുതന്ന വഴി പിടിച്ചു വന്നപ്പോ ശരിക്കും പണിപ്പാളിയെന്നു തോന്നി ഏതൊക്കെയോ വഴിയിലൂടെ ആലത്തൂരും പഴയന്നൂർ ചെറുതുരുത്തി വഴി നാട്ടിലെത്തി. കണ്ട കാഴ്ചകൾക്ക് നിറംനൽകി ചങ്ക് കൂട്ടുകാരുമൊത്ത് ഇനിയും പോകണം വാൽപ്പറയിലേക്കെന്ന് മനസ്സിലുറപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com