കോഴിക്കോട്ടിലെ സ്വർഗഭൂമി; ഇവിടെ ഒരു രാത്രി ടെന്റ് അടിച്ച് തങ്ങണം

Karunij-Hill-Koduvally4
SHARE

കോഴിക്കോട് കക്കയവും വയലടയും മാത്രമല്ല, കൊടുവള്ളിയിലും ഉണ്ട് അധികം ആർക്കും അറിയാതെ ഒരു സ്വർഗഭൂമി. കരൂഞ്ഞി എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന കരൂഞ്ഞി മലയെപ്പറ്റിയാണ് പറയുന്നത്.കാഴ്ചകൾ കൊണ്ട് സഞ്ചാരികളെ അതിശയിപ്പിക്കുന്ന ഇൗ മലയിൽ ഒറ്റക്ക് രാത്രി ടെന്റ് അടിച്ച് താമസിക്കണം. കൊടുവള്ളിക്ക് വണ്ടികയറിയ സഞ്ചാരിയുടെ അനുഭവക്കുറിപ്പാണിത്.

Karunij-Hill-Koduvally3

യക്ഷികഥകൾ ഉള്ള ഇൗ മലയുടെ ഏതാണ്ട് മധ്യഭാഗത്ത് ഒരു ഗുഹയുണ്ട്. പ്രദേശവാസികൾ മാത്രമാണ് ഇവിടെ സാധാരണയായി എത്തുന്നത്. വിദ്യാർഥികളടക്കം ധാരാളം പേർ ലഹരി വസ്തുക്കൾ ഉപയോഗിക്കാനായി ഇവിടേക്ക് എത്തുന്നതിനു മാത്രമാണ് നാട്ടുകാർക്ക് പരാതിയുള്ളത്. വരുന്നവർ ആ വക കലാപരിപാടികൾ പൂർണമായും ഒഴിവാക്കണം.

മലമുകളിലെ കാഴ്ചകള്‍ ആസ്വദിക്കുവാനായി മൂന്നു മണിയോടെ മലയുടെ മുകളിലെത്തി. ചെറിയ മലയുടെ മുകളിൽനിന്നുള്ള കാഴ്‌ച്ച അതിശയിപ്പിച്ചു. ഏറ്റവും മുകളിൽ ഒരു വ്യൂ പോയിന്റുണ്ട്. ഇവിടെനിന്നും നോക്കിയാൽ ചുറ്റുപാടുമുള്ള മറ്റ് ചെറിയ മലനിരകളും കാണാം. അങ്ങ് ദൂരെ വയനാടൻ മലനിരകൾ തലയുയർത്തിനിൽക്കുന്നരതും ദൃശ്യഭംഗിയേകുന്നതാണ്.

Karunij-Hill-Koduvally1

നല്ല ചൂടും, വെയിലും, കൂട്ടിന് നല്ല കാറ്റും ഉണ്ടായിരുന്നു. മലയുടെ മുകളിൽ വലിയ വെട്ടുകല്ല് പോലത്തെ കല്ലാണ്. അതിന്റെ ഇടക്ക് പുല്ലും വളർന്നിരിക്കുന്നു. ഒരു രാത്രി പ്രകൃതിയുടെ മടിത്തട്ടിൽ തങ്ങണം അതായിരുന്നു ആഗ്രഹം. അഞ്ചരയോടെ താമസിക്കുവാനുള്ള ടെന്റ് സെറ്റുചെയ്തു. പെട്ടന്നായിരുന്നു കാലാവസ്ഥയുടെ മായാജാലം. മഴ പെയ്യാൻ തുടങ്ങി. ടെന്റിന്റെ അകത്തുകയറിയിരുന്നു. മഴ മെല്ലെ ശക്തി പ്രാപിച്ചു. ടെന്റിന്റെ താഴത്തെ തുന്നലിലൂടെ വെള്ളം അകത്തുകയറാൻ തുടങ്ങി. അല്പനേരത്തിനുശേഷം മഴ തോർന്നു. പുറത്തിറങ്ങി കണ്ട കാഴ്‌ച്ച ശരിക്കും ഞെട്ടി. ഇതുവരെ ഉണ്ടായിരുന്ന സ്ഥലമല്ലായിരുന്നു മഴക്ക് ശേഷം. ഒരു ചെറിയ മഴപ്രകൃതിയെ ഇത്രമാത്രം മാറ്റം വരുത്തുമെന്ന് എനിക്ക് മനസിലായി, മഴയിൽ കുളിച്ച് കരൂഞ്ഞി വേറെ ലെവലായി. ഒപ്പത്തിനൊപ്പം സൂര്യൻ അസ്തമയത്തിന് തയാറെടുത്തുനിൽകുന്നു. കാഴ്ച സുന്ദരമായിരുന്നു.

രാത്രി പലപ്പോഴായി മഴ പെയ്യുന്നുണ്ടായിരുന്നു. ടെന്റ് ചോരുന്നതുകാരണം ടെന്റിന്റെ നടുവിൽ എഴുന്നേറ്റിരിക്കും, മഴ അവസാനിക്കുന്നിടം വരെ. കരൂഞ്ഞിമല എന്തുകാഴ്‌ച്ചയാവും പ്രഭാതത്തിൽ ഒരുക്കിവെച്ചിരിക്കുക എന്ന ആശ്ചര്യത്തോടുകൂടെയാണ് രാവിലെ ടെന്റിന് പുറത്തിറങ്ങിയത്.

കഴിഞ്ഞ രാത്രി അത്യാവശ്യം മഴ പെയ്തതുകൊണ്ട് കരൂഞ്ഞിമലയെന്നെ നിരാശനാക്കിയില്ല. പ്രതീക്ഷക്കൊത്തപോലെ മഞ്ഞിൽ പുതച്ചുകിടക്കുകയാണ് ചുറ്റുപാടുമുള്ള പ്രദേശങ്ങൾ. അല്പനേരത്തിന്റെ കാത്തിരിപ്പിനുശേഷം ഞാൻ നിൽക്കുന്ന പ്രദേശം അടക്കം  കോട പൊതിഞ്ഞു. കരൂഞ്ഞി മലയുടെ കാഴ്ച സൂപ്പറായിരുന്നു. ഇതുപോലെയുള്ള എത്ര സ്ഥലങ്ങൾ നമ്മുടെ നാട്ടിൽ ആർക്കും അറിയാതെ ഒളിഞ്ഞു കിടക്കുന്നുണ്ട്.

ധൈര്യമായി കരൂഞ്ഞി മലയിലേക്ക് വിട്ടോളൂ, നിരാശനാവേണ്ടി വരില്ലാ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS CORNER
SHOW MORE
FROM ONMANORAMA