ADVERTISEMENT

കേട്ടറിഞ്ഞ പഴങ്കഥകളിലൂടെയും വാമൊഴികളിലൂടെയും മലയാളി മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടിയ കള്ളിയങ്കാട്ട് നീലി. വശ്യസൗന്ദര്യത്തിന്റെ മൂർത്തീഭാവമായ നീലി എന്ന രക്തദാഹിയായ യക്ഷിയുടെ വാസസ്ഥലമെന്നു കരുതുന്നയിടത്തേക്കായിരുന്നു എന്റെ യാത്ര. മുട്ടോളമെത്തുന്ന മുടിയും വിടർന്ന കണ്ണുകളും ആരേയും മയക്കുന്ന വശ്യസൗന്ദര്യവും അന്നാട്ടിലെ ചെറുപ്പക്കാരേയും വൃദ്ധരേയും ഒരുപോലെ മോഹിപ്പിച്ചു എന്നതാണ് പഴമൊഴി. സ്ത്രീലമ്പടന്മാരായ പുരുഷന്മാരെ വശീകരിച്ചു കൊണ്ടുപോയി മാറുപിളർന്ന് രക്തം ഊറ്റിക്കുടിക്കുന്ന ഉഗ്രരൂപമുള്ള യക്ഷിയായി കഥകളിലൂടെ മലയാളി മനസ്സുകളിൽ നീലി ഇന്നും ജീവിക്കുന്നു.

ആരായിരുന്നു നീലി?

കഥയും ചരിത്രവും ഇഴചേർന്ന് പറഞ്ഞു പഴകിയതാണ് നീലിയുടെ കഥ. പഴയ തിരുവിതാംകൂറിന്റെ തെക്കേ അറ്റമായ നാഗർകോവിലിനു സമീപം പഴകന്നൂർ എന്ന പ്രദേശത്ത് കാർവേണി എന്നൊരു ദേവദാസി സ്ത്രീ താമസിച്ചിരുന്നു. അവൾക്ക് അല്ലി എന്നു പേരുള്ള അതിസുന്ദരിയായ ഒരു മകളുണ്ടായിരുന്നു. അവൾ അടുത്തുള്ള ശിവക്ഷേത്രത്തിലെ പൂജാരിയായ നമ്പി എന്നയാളുമായി പ്രണയത്തിലാവുകയും തുടർന്ന് അവർ വിവാഹിതരാവുകയും ചെയ്തു. എന്നാൽ ദുർനടപ്പുകാരനും പരസ്ത്രീതൽപരനുമായ നമ്പി പണം മോഹിച്ചു മാത്രമായിരുന്നു അല്ലിയെ വിവാഹം ചെയ്തത്. മരുമകന്റെ ഈ ദുർനടപ്പിനെക്കുറിച്ച് അറിയാനിടയായ കാർവേണി നമ്പിയെ  വീട്ടിൽ നിന്നും പുറത്താക്കി. ഇതുകണ്ട അല്ലി തന്റെ അമ്മയുടെ വാക്ക് കേൾക്കാതെ ഭർത്താവിനോടൊപ്പം വീടുവിട്ടിറങ്ങി. കാർവേണി അല്ലിയെ തടഞ്ഞുവെങ്കിലും അവൾ ചെവിക്കൊണ്ടില്ല. 

Kalliyankadu-temple4-gif

അവിടെ നിന്നും യാത്ര തുടർന്ന അവർ കള്ളിയങ്കാട് എന്ന വനപ്രദേശത്ത് എത്തിയപ്പോൾ ഇരുവരും യാത്ര നിർത്തി അൽപനേരം വിശ്രമിക്കാനിരുന്നു. നടന്നു ക്ഷീണിതയായ അല്ലി ഭർത്താവിന്റെ മടിയിൽ തല വെച്ചുറങ്ങി.  മടിയിൽ തല ചായ്ച്ചുറങ്ങുന്ന അല്ലിയുടെ കഴുത്തിലും കാതിലും കൈയ്യിലും ഉണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ കണ്ട നമ്പിയുടെ മനസ്സിലെ ദുഷ്ടചിന്തകൾ പുറത്തുചാടി. അല്ലി നല്ല ഉറക്കത്തിലാണെന്നു മനസ്സിലാക്കിയ നമ്പി കൈയ്യിൽ കിട്ടിയ കൂർത്ത കരിങ്കല്ല് കൊണ്ട് അവളുടെ തലയിൽ സർവ്വശക്തിയുമെടുത്ത് ആഞ്ഞടിച്ചു ക്രൂരമായി കൊലപ്പെടുത്തി.  തുടർന്ന് ശവശരീരം അവിടെ ഉപേക്ഷിച്ച് അവളുടെ ആഭരണങ്ങളുമായി കടന്നുകളഞ്ഞു.  തുടർന്ന് പ്രതികാരദാഹിയായ അല്ലിയുടെ ആത്മാവ് നീലിയായി പുനർജനിക്കുകയും താൻ കൊലചെയ്യപ്പെട്ട കള്ളിയങ്കാട്ടിൽ വാസമുറപ്പിക്കുകയും ചെയ്തു.  പിന്നീടുള്ള കാലം ഇവിടെയായിരുന്നു നീലിയുടെ വിഹാരകേന്ദ്രം.

Kalliyankadu-temple1-gif

കള്ളിമുൾച്ചെടികൾ നിറഞ്ഞ കുറ്റിക്കാട്, മാനംമുട്ടെ ഉയർന്നു നിൽക്കുന്ന കരിമ്പനകൾ, ആ പരിസരങ്ങളിലൊന്നും ആൾപ്പാർപ്പുമില്ല, നീലിയുടെ വരവോടെ ഇവിടം ദുർമരണങ്ങളുടെ ഇടമായി മാറി. നീലിയെ ഭയന്ന് പകൽ പോലും ആരും ഇതുവഴി പോകാതായി.  ഈ സ്ഥലത്തെക്കുറിച്ചറിയാത്ത ആരെങ്കിലും ഇതുവഴി വന്നാൽ നേരം പുലരുമ്പോൾ കരിമ്പനയുടെ ചുവട്ടിൽ എല്ലും തോലും തലമുടിയും നഖവും മാത്രമാവും അവശേഷിക്കുക. സ്ത്രീലമ്പടന്മാരായ നൂറുകണക്കിന് പുരുഷന്മാരെ അവൾ വശീകരിച്ചു കൊണ്ടുപോയി നെഞ്ച് പിളർന്ന് രക്തം ഊറ്റിക്കുടിച്ച് കൊന്നിട്ടുണ്ടെന്നാണ് ഐതിഹ്യം.  അടങ്ങാത്ത പകയോടെ അലഞ്ഞുനടന്ന നീലിയെ ഒടുവിൽ കടമറ്റത്തു കത്തനാരാണ് തളച്ചതെന്നു വിശ്വസിക്കപ്പെടുന്നു. 

യക്ഷിയുടെ നാട്ടിലേക്ക് ഒരു യാത്ര

കുട്ടിക്കാലം മുതൽ കേട്ട ഈ യക്ഷിക്കഥയിലെ കള്ളിച്ചെടികൾ നിറഞ്ഞ കുറ്റിക്കാടും ഏഴിലംപാലകളും കൂറ്റൻ കരിമ്പനകളും നിറഞ്ഞ ഭീതിപ്പെടുത്തുന്ന കള്ളിയങ്കാട് എന്നെങ്കിലുമൊരിക്കൽ നേരില്‍ കാണാൻ ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം യാഥാർഥ്യമാകുകയും ചെയ്തു. പഴയ വനപ്രദേശം കുറേയേറെ വെട്ടിത്തെളിച്ചു, ഇന്ന് കള്ളിയങ്കാടിനു നടുവിലൂടെയാണ് നാഷണൽ ഹൈവേ കടന്നു പോകുന്നത്.

Kalliyankadu-temple2-gif

നാഗർകോവിലിൽ നിന്ന് 5 കിലോമീറ്റർ മാറി പാർവതിപുരം എന്ന സ്ഥലത്തിനു സമീപത്തായി പണ്ടു നീലിയെ കൊലപ്പെടുത്തിയയിടത്ത് ഇന്ന് കള്ളിയങ്കാട്ട് നീലിയുടെ ക്ഷേത്രവും പ്രതിഷ്ഠയും ഉണ്ട്. അന്വേഷിച്ചപ്പോൾ ഇവിടെ ആഴ്ചയിലൊരിക്കൽ നട തുറന്ന് പൂജ നടത്താറുണ്ടെന്നും അറിയാൻ കഴിഞ്ഞു.  അവിടെ നിന്നും  ഏകദേശം 4 കിലോമീറ്ററോളം ഉള്ളിലേക്കു പോയാൽ കരിമ്പനകളും കള്ളിപ്പാലകളും നിറഞ്ഞ ആ പഴയ കള്ളിയങ്കാടിന്റെ ശേഷിപ്പുകൾ കാണാം.

ഈ 2019 കാലഘട്ടത്തിലും നീലിയെ ഭയക്കുന്ന പഴമക്കാരായ ചില മനുഷ്യർ ഇപ്പോഴും ആ പ്രദേശത്തുണ്ട് എന്നത് യാത്രയ്ക്കിടയിൽ എന്നെ അദ്ഭുതപ്പെടുത്തി. കള്ളിയങ്കാട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ വഴിമധ്യേ ഒരു പ്രായമായ മനുഷ്യനെ കണ്ടു.. എവിടെ പോകുന്നുവെന്ന് അദ്ദേഹം തമിഴിൽ ഞങ്ങളോടു ചോദിച്ചു, കള്ളിയങ്കാട്' എന്ന് മറുപടി പറഞ്ഞപ്പോൾ "ഇന്ത നേരത്ത് അന്തപക്കം പോകക്കൂടാത്" എന്നു പറഞ്ഞു.. കാരണമൊന്നും ചോദിക്കാൻ നിൽക്കാതെ മുന്നോട്ടുതന്നെ നടന്നു.  പൂർവികർ അവരോടു ചെയ്ത വഞ്ചനയും ചതിയും സൗകര്യപൂർവം മറക്കാൻ വേണ്ടി നമ്മൾ തന്നെ മന:പൂർവം അവരുടെ മുകളിൽ ചാർത്തിക്കൊടുത്തതല്ലേ യക്ഷിയെന്നും രക്തദാഹിയെന്നുമുള്ള പദങ്ങൾ.

Kalliyankadu-temple3-gif

കള്ളിയങ്കാട് വനപ്രദേശം അടുക്കുന്തോറും കഥകളിൽ കേട്ട പോലുള്ള കരിമ്പനകളും കള്ളിച്ചെടികളും പലയിടത്തും തിങ്ങിനിറഞ്ഞു നിൽപ്പുണ്ട്... ഞങ്ങൾ വനത്തിനുള്ളിലേക്കു കയറി.  കുറച്ചു ദൂരം മുന്നോട്ടു നടന്നപ്പോൾ ഒരു കാര്യം മനസ്സിലായി. അവിടെ ഭയക്കേണ്ടത് നീലിയെ അല്ല, അവിടെയുള്ള ക്ഷുദ്രജീവികളെയാണ്. അതിമനോഹരമായ കാടാണെങ്കിലും അവിടം മുഴുവൻ വിഷപ്പാമ്പുകളുടെ ആവാസകേന്ദ്രമാണ്.  നിരവധി മൂർഖൻ പാമ്പുകളെയാണ് ഇത്തിരിനേരം കൊണ്ട് ഞങ്ങൾക്ക് അവിടെ കാണാൻ സാധിച്ചത്.  

വന്യജീവികളുടെ ആവാസവ്യവസ്ഥയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റം അത്ര സുഖകരമാവില്ലായെന്നു മനസ്സിലാക്കിയ ഞങ്ങൾ കള്ളിയങ്കാടിനോടു പതിയെ വിട പറയാൻ തീരുമാനിച്ചു. പണ്ടുകാലത്ത് ഈ കള്ളിയങ്കാട് പ്രദേശം പഞ്ചവൻകാട് എന്നും ഗന്ധർവ്വൻകാട് എന്നും പല പേരുകളിൽ അറിയപ്പെട്ടിരുന്നു. 1971-ൽ പുറത്തിറങ്ങിയ പഞ്ചവൻകാട് എന്ന സിനിമയിൽ വയലാർ രാമവർമ്മയുടെ വരികൾക്ക് ദേവരാജൻ മാഷ് ഈണമിട്ട് യേശുദാസ് പാടിയ ആ മനോഹരഗാനം ആ സമയത്ത് എന്റെ മനസ്സിലേക്ക് ഓടിയെത്തി..

"കള്ളിപ്പാലകൾ പൂത്തു...

കാടൊരു വെള്ളിപ്പൂക്കുട തീർത്തു...

ആരിലുമാരിലുമവയുടെ സൗരഭം

ആളിപ്പടരുമൊരുന്മാദം.......

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com