ADVERTISEMENT

 ലോകത്തിലെതന്നെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നെന്ന ഖ്യാതിയുണ്ട് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിന്. വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഈ നഗരം ആകർഷകമായ കാഴ്ചകൾ നിറഞ്ഞതാണ്. ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട കേപ് ടൗണിലെ കാഴ്ചകൾ എന്തൊക്കെയെന്നറിയേണ്ടേ?

ആഫ്രിക്കയുടെ തെക്കു പടിഞ്ഞാറു ഭാഗത്ത് അറ്റ്ലാന്റിക് സമുദ്രത്താലും ഇന്ത്യൻ മഹാസമുദ്രത്താലും ചുറ്റപ്പെട്ടതാണ് കേപ് ടൗൺ. സുഖകരമായ കാലാവസ്ഥ, മനോഹരമായ ഭൂപ്രകൃതി, വികസിതവും സൗകര്യങ്ങൾ നിറഞ്ഞതുമായ നഗരം എന്നിവയെല്ലാം കേപ് ടൗണിന്റെ സവിശേഷതകളാണ്. വൈൽ‍ഡ് സഫാരികളും പാർക്കുകളുമടക്കം കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാനുള്ള വക ധാരാളം ഇവിടെയുണ്ട്.

ദക്ഷിണാഫ്രിക്കയിലെ പ്രശസ്തമായ വൈൻ ഫാമുകളെല്ലാം ഈ നഗരത്തിന്റെ ഹൃദയ ഭാഗത്താണ്. രാജ്യത്തെ ഏറ്റവും പഴക്കമേറിയ വൈൻ ഫാമായ ഗ്രൂട്ട് കോൺസ്റ്റാന്റിയ കേപ് ടൗണിൽ തന്നെയാണ്. നഗരത്തിൽനിന്ന് അരമണിക്കൂർ യാത്ര ചെയ്താൽമതി പ്രശസ്തമായ വൈൻ ഫാമുകളിലേക്ക്. രാജ്യത്തെ ഏറ്റവും മികച്ച വൈൻ ഉൽപാദിപ്പിക്കുന്ന മൂന്നു മുന്തിരിത്തോട്ടങ്ങൾ കാണാള്ള സൗകര്യം കേപ് ടൗൺ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. ഫാമുകളുടെ പ്രവർത്തനം മനസ്സിലാക്കാനും രുചികരമായ വൈനും മികച്ച ഭക്ഷണവും ആസ്വദിക്കാനും ഈ മുന്തിരിത്തോട്ടങ്ങളിൽ സൗകര്യമുണ്ട്.

സൈക്കിൾ സഫാരിയിൽ താൽപര്യമുള്ള സഞ്ചാരികൾക്കു സാഹസികമായ അനുഭവമായിരിക്കും കേപ് ടൗണിലെ മൗണ്ടൻ ബൈക്ക് സഫാരി. ആ നാടിന്റെ സൗന്ദര്യം മുഴുവൻ ആസ്വദിക്കാൻ ഈ സൈക്കിൾ യാത്രയിൽ കഴിയും. പർവതങ്ങളുടെ താഴ്‌വരകളിൽ കൂടിയും മുന്തിരിത്തോട്ടങ്ങളുടെ മനോഹാരിത കണ്ടും മുന്നോട്ടു നീങ്ങുന്ന ആ യാത്ര, ഹെർമാനുസ് എന്ന തീരദേശ പട്ടണത്തിലെത്തുമ്പോൾ കടലിന്റെ സൗന്ദര്യവും സഞ്ചാരികൾക്കു മുമ്പിൽ വെളിപ്പെടുത്തും. സ്രാവുകൾ അടക്കമുള്ള വലിയ മത്സ്യങ്ങളെയും മറ്റു ജലജീവികളെയും ഇവിടെ കാണാൻ കഴിയും. കേപ് പോയിന്റ് നേച്ചർ റിസർവ്, കാടിന്റെ വന്യത സഞ്ചാരികൾക്കു വിവരിച്ചു തരും. വൻവൃക്ഷങ്ങളും സസ്യജാലങ്ങളും മൃഗങ്ങളും ഈ യാത്രയിൽ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. 

സാഹസികപ്രിയർക്കായി ഈ നാട് ഒരുക്കിയിരിക്കുന്ന മറ്റൊരു വിനോദമാണ് വമ്പൻ സ്രാവുകൾക്കൊപ്പമുള്ള ഡൈവിങ്. ഗ്യാൻസ്ബായ്‌ തീരത്തെ ഷാർക്‌ കേജ്‌ ഡൈവിങ് ഡെസ്റ്റിനേഷൻ ലോകത്തിലെ തന്നെ ഇത്തരം ആദ്യത്തേതാണ്. സ്രാവുകളെ മുഖാമുഖം കാണുവാൻ സാധിക്കുന്ന ഈ ഡൈവിങ് ഹരംപിടിപ്പിക്കുന്നതാണ്. ധാരാളം ബീച്ചുകൾ, ബാറുകൾ, ക്ലബ്ബുകൾ, ചരിത്രത്തെ അടയാളപ്പെടുത്തി നിൽക്കുന്ന ഗുഡ് ഹോപ്പ് മുനമ്പ്, ക്രിസ്റ്റൻബോഷ് ദേശീയ സസ്യോദ്യാനം, റോബൻ ദ്വീപ് തുടങ്ങിയവയെല്ലാം ഇവിടുത്തെ വേറിട്ട കാഴ്ചകളാണ്.

സെപ്റ്റംബർ മുതൽ ഏപ്രിൽ വരെ ഇവിടെ വേനൽക്കാലമാണ്. അതാണ് നല്ല സന്ദർശന സമയം. തണുത്തതും അൽപം വരണ്ടതുമായ കാലാവസ്ഥ മേയ് മുതൽ ഓഗസ്റ്റ് വരെ നീളും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT